ഞാൻ വെറും പോഴൻ

Friday, 29 December 2017

ഊർജ്ജിത സന്താനോൽപ്പാദനവും മതരാഷ്ട്രീയ നേതാക്കളും....

ഉത്തമസന്തതികളെ എങ്ങനെ ഗര്‍ഭം ധരിക്കാം എന്ന പദ്ധതി മുന്നോട്ടു വച്ച് കൊണ്ടുള്ള ആര്‍എസ്എസിന്റെ ആരോഗ്യവിഭാഗമായ ആരോഗ്യഭാരതിയുടെ ശില്പശാലകളെപ്പറ്റി വാർത്തകൾ വന്നിട്ട് അധിക കാലമായില്ല. "ഗര്‍ഭ സംസ്‌കാര പദ്ധതി" എന്ന പേരില്‍, വെളുത്ത, ഉയരം കൂടിയ, ബുദ്ധിയുള്ള കുട്ടികളെ എങ്ങനെ ഉണ്ടാക്കാമെന്ന് നിര്‍ദേശിക്കുന്ന ശില്‍പശാലകള്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാന്‍ പോകുന്ന സാഹചര്യത്തിൽ അതിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടതായിരുന്നു വാർത്തയ്ക്ക് നിദാനം....(http://www.reporterlive.com/2017/05/07/383147.html)

ജീവകാരുണ്യ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന സഭയുടെ പോഷക സംഘടനകളുടെ, "വലിയ കുടുംബങ്ങൾക്ക്" വേണ്ടിയുള്ള പദ്ധതികളുടെ വിജയത്തിന് വ്യക്തിയും കുടുംബവും ഇടവകകളും മത്സരബുദ്ധിയോടെ മുന്നോട്ടു വരണമെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആഹ്വാനം ചെയ്തത് ചർച്ചാവിഷയമായിരുന്നു. ക്രിസ്തുമസ്സിന് മുന്നോടിയായി പള്ളികളില്‍ വായിക്കാനുള്ള ഇടയലേഖനത്തിലൂടെയാണ് ബിഷപ്പ് വിശ്വാസികളെ ഇത്തരത്തിൽ ഉദ്ബോധിപ്പിച്ചത്. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനം പറയുന്നു. സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുള്ള അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താല്‍ക്കാലികമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കുമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. വലിയ കുടുംബങ്ങള്‍ക്കായി സഭയുടെ പല പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുന്നുണ്ട്.
ഇതിനോട് സഹകരിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. "വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരേയും വിവാഹം കഴിപ്പിക്കുവിന്‍. അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്" എന്ന ബൈബിള്‍വാചകം പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇടയലേഖനം അവസാനിപ്പിച്ചത് .

കുറച്ച് കാലമായി, ഹിന്ദു ജനവിഭാഗത്തിന്റെ ജനസംഖ്യാ അനുപാതം കൂട്ടുന്നതിനു വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു കൂടുതലും കേട്ട് കൊണ്ടിരുന്നത്. അതിന് വേണ്ട വിവിധ പരിപാടികൾ ഹിന്ദു ധർമ്മ പോഷക സംഘടനകൾ മുറയ്ക്ക് ആവിഷ്കരിച്ചു നടപ്പാക്കി നടപ്പാക്കിക്കൊണ്ടുമിരുന്നു. ഘർ വാപസി, മത പുന:പരിവർത്തനം മുതലായ പരിപാടികൾക്ക് ശേഷം അടുത്ത ആഹ്വാനം സന്തനോല്പ്പാദന അനുപാതം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാണ് നടന്നിരുന്നത്. 


ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആഗ്രയില്‍ ആർ  എസ് എസിന്റെ ചതുര്‍ദിന സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോൾ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചത് ഈയടുത്ത നാളുകളിലാണ്. രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിക്കരുതെന്ന് പറയുന്ന നിയമം ഏതാണെന്നും അങ്ങനെയൊന്നില്ലെന്നും  മറ്റുള്ളവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നതില്‍ നിന്ന് എന്താണു ഹിന്ദുക്കളെ തടയുന്നത് എന്നുമൊക്കെയായിരുന്നു മോഹന്‍ ഭഗവതിന്റെ ആശങ്ക കലർന്ന വാക്കുകള്‍.  ഹിന്ദു ദമ്പതിമാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കണമെന്ന ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ, ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതിനു മുന്‍പ് മോഹന്‍ ഭാഗവത് പത്തു കുട്ടികളെ നന്നായി വളര്‍ത്തി കാണിക്കുകയാണ് വേണ്ടതെന്ന രൂക്ഷ പ്രതികരണമാണ് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ നടത്തിയത്. നരേന്ദ്ര മോദിയെ  ലക്‌ഷ്യം വച്ച് കൊണ്ട്, മോഹന്‍ ഭാഗവത് ആദ്യം സ്വന്തം നേതാവിനോട് സന്തതികളെ സൃഷ്ടിക്കാന്‍ പറയണമെന്നാണ് അസംഖാന്‍ പറഞ്ഞത്. യുപിയിലെ പ്രതിപക്ഷ നേതാക്കളും ഭാഗവതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഹിന്ദുക്കള്‍ പ്രത്യുത്പാദനം വര്‍ധിപ്പിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് ബി.ജെ.പി. സര്‍ക്കാര്‍ ജോലി നല്‍കുമോ എന്നാണ് ബി.എസ്.പി. നേതാവ് മായാവതി ചോദിച്ചത്. എപ്പോഴും മതത്തെ മാത്രം കൂട്ടുപിടിക്കുന്ന ഭാഗവത് ഇതല്ലാതെ വേറെന്ത് പറയാന്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം. എല്ലാ പ്രസ്താവനകളിലും വര്‍ഗ്ഗീയത പരത്താറുള്ള ഭഗവത് തൊഴിലില്ലായ്മയെ കുറിച്ചും വിലവര്‍ദ്ധനവിനെ കുറിച്ചും ഒരിക്കലും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാണ്ട് പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് പ്രവീൺ തൊഗാഡിയ 'അഷ്ട പുത്രോ ഭവ' (എട്ടു കുട്ടികളുണ്ടാവട്ടെ) എന്നത് ഹിന്ദുക്കള്‍ മുദ്രാവാക്യമായി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. രണ്ട് വർഷം മുൻപും തൊഗാഡിയ ഈ ലൈനിൽ ആഹ്വാനം നടത്തിയിട്ടുണ്ട്. എന്നാൽ അന്ന്, ഒരു ഡോക്ടറുടെ ബുദ്ധിവൈഭവം അത്രയും തന്നെ പ്രകടിപ്പിച്ചു കൊണ്ടാണ് പ്രവീണ്‍ തൊഗാഡിയ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത്. കൂടുതൽ സന്താനങ്ങൾ എന്ന ആഹ്വാനം ചെവിക്കൊള്ളാൻ ആളുകൾ മടിക്കും എന്ന തോന്നലിൽ ഊന്നി നിന്ന് കൊണ്ട് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നും അത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും മറ്റുമാണ് അന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ കഴിഞ്ഞ ദിവസവും അദ്ദേഹം ഇക്കാര്യത്തിൽ വീണ്ടും ചില നിർദ്ദേശങ്ങൾ  മുന്നോട്ട് വച്ചു. ഹിന്ദുക്കള്‍ സന്താനോത്പാദനത്തില്‍ പിറകിലാണെന്നും മുസ്ലീം ജനസംഖ്യ കൂടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലൗ ജിഹാദും ക്രിസ്തു മതത്തിലേക്കുള്ള മതപരിവര്‍ത്തനവും ഹിന്ദുക്കളുടെ എണ്ണം കുറയാന്‍ കാരണമാണെന്നും തൊഗാഡിയ നിരീക്ഷിക്കുന്നു. ഹിന്ദുക്കളില്‍ വന്ധ്യത കൂടുകയാണെന്ന് പറഞ്ഞ അദ്ദേഹം അത് പരിഹരിയ്ക്കാന്‍ ചില നിര്‍ദ്ദേശങ്ങളും നല്‍കി. വന്ധ്യതയ്ക്ക് കാരണമാകുന്ന പുകയില ഉപയോഗത്തിൽ നിന്ന് ഹിന്ദുക്കൾ വിട്ടു നില്ക്കണം എന്നും അദ്ദേഹം ഉപദേശിച്ചു. ഒരു ക്യാൻസർ സർജൻ കൂടിയായ തൊഗാഡിയ സന്താനോത്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഒരു മരുന്നും കണ്ടെത്തിയിട്ടുണ്ടത്രെ. അത് ഹിന്ദുക്കള്‍ക്ക് വിലക്കുറവില്‍ നല്‍കാമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. 

എന്നാൽ മോഡി ഭരണം തുടങ്ങിയ ശേഷം, ഊർജ്ജിത സന്താനോൽപ്പാദന സിദ്ധാന്തം, ആദ്യമായി മുന്നോട്ട് വച്ചത്  ബി.ജെ.പി. നേതാവും എം.പി.യുമായ സാക്ഷി മഹാരാജ് ആയിരുന്നു.  ഹിന്ദു മതത്തെ രക്ഷിക്കാനായി  ഹിന്ദു സ്ത്രീകള്‍ക്ക് നാല് മക്കളെങ്കിലും വേണമെന്നായിരുന്നു അദ്ദേഹം മുന്നോട്ടു വച്ച നിർദ്ദേശം. പ്രസ്താവന വിവാദത്തിലായതോടെ പാർട്ടി ആദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിനു പിന്തുണയുമായി വി.എച്ച്.പി.യുടെ വനിതാ നേതാവ് സാധ്വി പ്രചി രംഗത്ത് വന്നു. "നാം രണ്ട് നമുക്ക് രണ്ട്" പോലുള്ള പ്രചാരണ മുദ്രാവാക്യങ്ങള്‍ തെറ്റാണെന്നും നാലുമക്കള്‍ വേണമെന്നത് പ്രധാനപ്പെട്ട് സംഗതിയാണെന്നും അവര്‍ പറഞ്ഞു. നാല് കുട്ടികളുണ്ടെങ്കില്‍ അതിര്‍ത്തി കാക്കാന്‍ ഒരാളെ അയയ്ക്കാം. മറ്റൊരാളെ സമൂഹത്തെ സേവിക്കാന്‍ വിടാം. ഒരാളെ സന്ന്യാസിയാക്കാം. രാഷ്ട്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ ഒരാളെ വി.എച്ച്.പി.യില്‍ അംഗമാക്കാം. അതു കൊണ്ടു തന്നെ രാഷ്ട്ര പുരോഗതിക്ക് നാലു മക്കളെങ്കിലും വേണമെന്നും രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന യോഗത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു. അതിനു പിന്നാലെയാണ്, ബംഗാളിലെ ബിജെപി നേതാവായ ശ്യാമൾ ഗോസ്വാമി ഒരു പടി കൂടി കടന്ന ആഹ്വാനവുമായി രംഗത്തെത്തിയത്.  തിങ്കളാഴ്ച നടന്ന ഒരു പൊതു ചടങ്ങിൽ വച്ച് ഹിന്ദുക്കൾക്ക് അഞ്ച് കുട്ടികൾ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗോസ്വാമി പറഞ്ഞത് ഇപ്രകാരമാണ് ; "എനിക്ക് എന്റെ ഹിന്ദു അമ്മമാരോടും സഹോദരിമാരോടും പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് അഞ്ച് മക്കൾ വീതം ജനിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യക്ക് സന്തുലിതാവസ്ഥ ഉണ്ടാകില്ല. എന്നെ ആരും തെറ്റിദ്ധരിക്കരുത്. എന്റെ ഹിന്ദു അമ്മമാർക്കും സഹോദരിമാർക്കും അഞ്ച് മക്കൾ ഇല്ലെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കൾ ഉണ്ടായിരിക്കില്ല. ഹിന്ദു മതത്തെയും സനാതന ധർമ്മത്തെയും സംരക്ഷിക്കാനായി എല്ലാ ഹിന്ദുക്കളും അഞ്ച് കുട്ടികൾക്ക് വീതം ജന്മം കൊടുക്കേണ്ടത് ആവശ്യമാണ്''. 

എന്നാൽ എതിർ വിഭാഗക്കാരുടെ ഉൽപ്പാദനം കുറയ്ക്കണമെന്ന തിയറിക്കാരും ഇവിടെ ഉണ്ട്. സാധ്വി ദേവ ഠാക്കുർ - റൂഷും മസ്കാരയും മിൽക്ക് ക്രീമും പൂശിയ വെണ്ണ തോല്ക്കുന്ന തൊലിയും ബോയ്‌ കട്ട്‌ ചെയ്തു ഷാംപുവിട്ടു മിനുക്കിയ മുടിയും രോമം പറിച്ചു ഷേപ്പ് ചെയ്ത വിൽപ്പുരികവും ഒക്കെ കൂടി ഒരു ഹൈടെക് പോസ്റ്റ്‌ മോഡേണ്‍ സ്വാമിനി എന്നാണു ഇവരെപ്പറ്റി ധരിച്ചിരുന്നത്. പക്ഷെ വായിൽ നിന്ന് വരുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള വാക്കുകൾ.....മുസ്ലിംകളെയും ക്രിസ്ത്യാനികളെയും പിടിച്ചു നിർബന്ധമായി വരിയുടക്കണമത്രേ....ആലോചിക്കുമ്പോൾ അതും സൂപ്പർ ഐഡിയ തന്നെ. നമ്മുടെ ആളുകൾ ഊർജിത ഉൽപ്പാദനത്തിന് മുതിരുന്നില്ലെങ്കിൽ വേണ്ട. മറ്റവന്മാരുടെ ഉൽപ്പാദന മിഷ്യൻ ഇല്ലാണ്ടാക്കിയാലും അവരുടെ എണ്ണം കുറയുകയും തദ്വാരാ നമ്മുടെ എണ്ണം കൂടുകയും ചെയ്യുമല്ലോ.

മുൻപൊരിക്കൽ ആര്‍.എസ്.എസ് മുഖവാരികയായ കേസരിയിൽ സാരസ്വതന്‍ എഴുതിയ ഒരു ലേഖനം വന്നിരുന്നു. ‘എന്‍െറ മുല്ലപ്പൂക്കള്‍ ആരാണ് ഇറുത്തെടുത്തത്’ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. രണ്ടിലധികം കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന ന്യൂനപക്ഷ കുടുംബങ്ങളെല്ലാം തന്നെ മത-വര്‍ഗീയ ലക്ഷ്യങ്ങളുള്ളവരാണെന്നായിരുന്നു ലേഖനത്തിലെ ഒരു കണ്ടെത്തൽ. മത-വര്‍ഗീയ താല്പര്യങ്ങളുള്ള ന്യൂനപക്ഷ കുടുംബങ്ങളുടെ ഒരു പൊതു പ്രത്യേകതയായി ലേഖനം കണ്ടെത്തുന്നത് അത്തരം കുടുംബങ്ങളിലെ സന്താനങ്ങളുടെ എണ്ണത്തിലുള്ള ബാഹുല്യമാണ്. 

മറ്റു മതക്കാർ അവരുടെ  ജനസംഖ്യ വര്‍ധിപ്പിക്കാനായി വ്യാപകമായി ബോധപൂര്‍വം കുട്ടികളെ പെറ്റു കൂട്ടൂന്നു, ഇന്ത്യയിൽ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു എന്നത് കാലങ്ങളായി തീവ്ര ഹിന്ദു പക്ഷ സംഘടനകള്‍ ഉയര്‍ത്തുന്ന ആശയമാണ്. സാധാരണയായി സെന്‍സസ് കാലത്താണ് ഇത്തരം പ്രചാരണങ്ങള്‍ അതിന്റെ മൂർധന്യത്തിൽ എത്താറുള്ളത്. മറ്റു പല വിഷയങ്ങളിലെന്ന പോലെ അന്യമതസമൂഹങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ പ്രധാന ആയുധമായി ഉപയോഗിക്കാനാണ് അവര്‍ ശ്രമിക്കാറുള്ളത്. അറപ്പുളവാക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനു വേണ്ടി ജനസംഖ്യാ വിഷയത്തെ അവര്‍ എടുത്ത് ഉപയോഗിക്കാറുമുണ്ട്.

പക്ഷെ പറയുമ്പോൾ ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും പറയുന്നതല്ലേ അതിന്റെ ശരി. സാമാന്യമായി പറഞ്ഞാൽ ഇന്ത്യൻ സാഹചര്യത്തിൽ "മറ്റു മതക്കാർ" എന്ന് പറഞ്ഞാൽ പ്രയോഗത്തിൽ അത് ക്രൈസ്തവരും മുസ്ലിംകളും ആണ്. അവർ ജനസംഖ്യാ വിഷയത്തിൽ പൊതുവെ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്താണ്. മത അനുശാസനകളുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ തന്നെ സന്താനപുഷ്ടിയുടെ പിൻബലത്തിൽ പെരുകാൻ നിയോഗിക്കപ്പെട്ട മതാനുയായികൾ ആണ് ഈ രണ്ടു വിഭാഗത്തിലും ഉള്ളത്.  ഇസ്ലാമിക വീക്ഷണത്തില്‍ സന്താനം എന്നത് ദൈവത്തിന്റെ വരദാനവും സര്‍വ്വോപരി ദാമ്പത്യ ജീവിതത്തിലെ അനുപേക്ഷണീയമായ ഘടകവുമാണ്. സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്നത് പുണ്യ കര്‍മ്മമായിട്ടാണ് ഇസ്ലാം ഗണിക്കുന്നത്. ഇവര്‍ തന്നെയാണ് ഭാവിയില്‍ കുടുംബശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളായി മാറേണ്ടത്. മാത്രവുമല്ല സല്‍കര്‍മ്മികളായ സന്താനങ്ങള്‍ പരലോകത്തേക്കുള്ള മുതല്‍കൂട്ടാണെന്നാണ് ഇസ്ലാമിക പക്ഷം. ബൈബിളിലെ ഉല്പ്പത്തി പുസ്തകം അനുസരിച്ചു ദൈവം ആദ്യമായി മനുഷ്യന് നല്കുന്ന നിർദ്ദേശവും അതിനു വേണ്ട അനുഗ്രഹവും ഇതുമായി ബന്ധപ്പെട്ടതാണ്. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ". മതഗ്രന്ഥങ്ങളിലെ ഈ അനുശാനങ്ങൾ പോരാത്തതിന്, ഈ മതങ്ങളിലെയും മത നേതാക്കന്മാർ പലരും നാഴികയ്ക്ക് നാൽപ്പത് വട്ടം ഒളിഞ്ഞും തെളിഞ്ഞും രഹസ്യത്തിലും പരസ്യത്തിലും തങ്ങളുടെ മതങ്ങളുടെ അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉപദേശിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ക്രൈസ്തവരുടെ ജനസംഖ്യ ആനുപതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ഇടയലേഖനങ്ങൾ പലവട്ടം നമ്മുടെ പള്ളികളിൽ കേട്ടിരുന്നു.  "കൂടുതൽ മക്കൾ, കൂടുതൽ ഭദ്രത" എന്ന ആശയ പ്രചാരണവും സഭ നടത്തിയിരുന്നു. ഈ ശ്രേണിയിൽ ഒടുവിലത്തേതാണ് ഇപ്പോൾ മാർ ആനിക്കുഴിക്കാട്ടിൽ പിതാവ് ഇറക്കിയ ഇടയലേഖനം. "മക്കളിലൂടെ സമ്മാനിതരാകുന്ന മാതാപിതാക്കള്‍" എന്ന പേരിൽ ഒരു ലേഖനം അടുത്തിടെ കത്തോലിക്കാ സഭയുടെ വാരികയായ സത്യദീപത്തിൽ അച്ചടിച്ച്‌ വന്നിരുന്നു. സന്താനോൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനങ്ങളും കൂടുതൽ സന്താനങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക ആനുകൂല്യങ്ങളും പ്രലോഭനങ്ങളും ഒക്കെ വിവിധ സഭാ വിഭാഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വിശ്വാസികൾക്ക് വെച്ച് നീട്ടാറുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. 

മനുഷ്യത്വ രഹിതമായ രാഷ്ട്രീയ അജണ്ടകൾ  ഉള്ളിൽ വച്ചു കൊണ്ട് യാതൊരു ഉത്തരവാദിത്തവും സത്യസന്ധതയും ഇല്ലാതെ നടത്തുന്ന ഈ വക പ്രചാരണങ്ങളും ആഹ്വാനങ്ങളും ഉപദേശങ്ങളും, തങ്ങളുടെ ജാഥകളിലും സമ്മേളനങ്ങളിലും ആളെ നിറക്കാനുള്ള തന്ത്രം മാത്രമാണെന്ന് ആർക്കാണറിയാത്തത്. പൊതുവേദികളിലും ചാനൽ മൈക്കിന്റെ മുന്നിലും അധര വ്യായാമം ചെയ്യുന്ന മത രാഷ്ട്രീയ നേതാക്കൾക്ക് എന്ത് വേണമെങ്കിലും ആഹ്വാനിക്കാം. ആഹ്വാനവും ഉൽപ്പാദനവും വലിയ ചിലവും ബുദ്ധിമുട്ടും ഇല്ലാത്ത കാര്യങ്ങളാണ്. രണ്ടിനും ചില്ലറ സുഖങ്ങളും ഉണ്ടാവും. ഇവരൊക്കെ ആഹ്വാനിക്കുന്നത് കേട്ട് പിള്ളേരെ ഉൽപ്പാദിപ്പിച്ചാൽ പിന്നെ വളർത്താനുള്ള ചെലവ് ഇവര് വഹിക്കുമോ ? അത് പോട്ടെ, പ്രസവം കഴിഞ്ഞു ആശുപത്രി വിടുന്നത് വരെ ഉള്ള ചിലവെങ്കിലും വഹിക്കുമോ ?ഭൂരിപക്ഷം വരുന്ന പൊതുജനത്തിന്, ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവം, അതിനെ വളർത്തൽ, ചികിത്സ, വിദ്യാഭ്യാസം നൽകൽ തുടങ്ങി അതിനെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയിൽ എത്തിക്കുന്നത് വരെ ഉള്ള സാമ്പത്തികവും അല്ലാത്തതുമായ ഭാരിച്ച ഉത്തരവാദിത്തത്തെ സംബന്ധിച്ചു നല്ല തിരിച്ചറിവുണ്ടെന്ന് തന്നെ വേണം കരുതാൻ. അല്ലെങ്കിൽ ഇവരൊക്കെ ആഹ്വാനിച്ചു തുടങ്ങിയപ്പോൾ മുതൽ അവർ പരിശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ 200-250 കോടിയെങ്കിലും കവിഞ്ഞേനെ. 

സന്താനോൽപ്പാദനവും സന്താന നിയന്ത്രണം ആയാലും അത് പൌരന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ പെട്ട വിഷയമാണ്; അതിനു ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം എന്നൊന്നും മാറ്റമില്ല. അതിൽ കയറി ഇടപെടാൻ നിങ്ങൾക്കൊക്കെ ആരാണ് അനുവാദം തന്നത് ??? ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര റിപബ്ലിക്കിൽ ജീവിക്കുന്ന പൌരന്മാർ എന്ന നിലയിൽ ഒരു കാര്യം യാചിക്കുകയാണ്;  "പൊന്നു നേതാക്കന്മാരെ, കുറഞ്ഞ പക്ഷം ഞങ്ങളുടെ കിടപ്പറയിലും പ്രത്യുൽപ്പാദനത്തിലും എങ്കിലും ഞങ്ങൾ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം അനുഭവിച്ചോട്ടെ....." 

അടിവരയിട്ട് ഇൻവെർട്ടഡ് കോമക്കുള്ളിൽ ==>>  

"പൗരന്റെ പ്രത്യുൽപ്പാദനത്തിൽ ഇടപെടുന്ന എല്ലാവരെയും പറ്റിയാണ് എന്റെ പോസ്റ്റ്. അല്ലാതെ മതമോ രാഷ്ട്രീയമോ അടിസ്ഥാനമാക്കിയുള്ളതല്ല. ഒരു വ്യക്തിയുടെ പ്രത്യുൽപ്പാദനത്തിന്റെ കാര്യത്തിൽ അയാളും പങ്കാളിയുമല്ലാത്ത മറ്റൊരാളും, അത് മാതാപിതാക്കളോ മക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ ആരായാലും ഇടപെടാൻ പാടില്ല എന്നാണെന്റെ നിലപാട്. അത് വിട്ട് കുട്ടികളെ കൂടുതൽ ഉൽപ്പാദിപ്പിക്കാനോ ഉൽപ്പാദനം നിയന്ത്രിക്കാനോ ആര് പറഞ്ഞാലും അവരെ കവളം മടല് വെട്ടി അടിക്കുകയാണ് വേണ്ടത്. അത്, ബിഷപ്പോ അച്ചനോ കന്യാസ്ത്രീയോ മുക്രിയോ മുല്ലാക്കയോ സ്വാമിയോ സാധ്വിയോ ആരായാലും...."

വാൽക്കഷണം : 2011- ൽ സംസ്ഥാനത്ത്‌ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്കരണ സമിതി ജനസംഖ്യാ നിയന്ത്രണത്തിനു നിയമം നിര്‍മിക്കണമെന്നു സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്തിരുന്നു. കേരള ഫാമിലി പ്ലാനിംഗ്‌ ആന്‍ഡ്‌ ബര്‍ത്ത്‌ കണ്‍ട്രോള്‍ എന്ന പേരില്‍ നിയമം നടപ്പാക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശിപാര്‍ശ. രണ്ടു കുട്ടികള്‍ മാത്രം മതിയെന്നും കുട്ടികള്‍ രണ്ടില്‍ കൂടുതലായാല്‍ പതിനായിരം രൂപ സര്‍ക്കാരിലേക്ക്‌ പിഴ അടയ്ക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദേശം. ഈ കുട്ടികള്‍ക്ക്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിദ്യാഭ്യാസ സഹായങ്ങളോ മറ്റ്‌ ആനുകൂല്യങ്ങളോ നല്‍കരുതെന്നും നിര്‍ദേശമുണ്ട്‌. എന്നാല്‍, ആദ്യ കുട്ടികള്‍ക്ക്‌ പരമാവധി സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില സമുദായങ്ങള്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന നിര്‍ദേശം നല്‍കി അംഗസംഖ്യ വര്‍ധിപ്പിച്ചു പലതും കൂട്ടായി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്‌ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിക്കുമെന്നതിനാലാണ്‌ ഇത്തരമൊരു നിയമ നിര്‍മാണത്തിന്‌ ശിപാര്‍ശ ചെയ്യുന്നതെന്നായിരുന്നു സമിതിയുടെ വിശദീകരണം. ജാതി, മതം, ഉപവിഭാഗങ്ങള്‍, വര്‍ഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍, വ്യക്തികളോ സംഘടനകളോ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെ നിരോധിക്കണമെന്നും കരട്‌ രേഖയില്‍ പറഞ്ഞിരുന്നു. ഈ നിർദ്ദേശങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്തരാണോ എന്തോ ??? 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക