ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം ഭക്ഷിച്ചുവെന്ന പേരില്‍ മുഹമ്മദ് ഇഖ്‌ലാഖ് എന്നയാളെ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തോടുള്ള പ്രതിഷേധ സൂചകമായി രാജ്യവ്യാപകമായി പല തരം പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ഇതേ സംഭവത്തിലുള്ള പ്രതിഷേധം എന്ന നിലയിലാണ്, തൃശൂർ കേരള വർമ്മ കോളേജിൽ എസ്എഫ് ഐ സംഘടനയിൽ പെട്ട വിദ്യാർഥികൾ ബീഫ് ഫെസ്റ്റ് നടത്തിയത്. എസ്എഫ് ഐ വിദ്യാര്‍ഥികളുടെ ഈ സമരത്തെ പേശീബലവും ആയുധബലവും ഉപയോഗിച്ച് തടയാൻ ശ്രമിച്ച ഏ ബി വി പി ക്കാരും എസ്എഫ് ഐ കാരും തമ്മിൽ ഉശിരൻ പോരാട്ടം തന്നെ കാമ്പസ്സിൽ നടന്നിരുന്നു. എന്നാൽ കാമ്പസ്സിൽ നടന്ന കാര്യങ്ങളെ പറ്റി കോളേജിലെ ഒരു പൂര്‍വവിദ്യാര്‍ഥി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായി അവിടത്തെ യുവ അധ്യാപികയായ ദീപ നിഷാന്ത് ഇട്ട മറുപടിയാണ് ചില തൽപ്പരകക്ഷികൾ ചേർന്ന് ഇപ്പോൾ വൻ വിവാദമാക്കിയിരിക്കുന്നത്.
ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ, നാം ജീവിക്കുന്ന സമൂഹത്തിൽ ഒരു തെറ്റോ അനീതിയോ സംഭവിച്ചാൽ പ്രതികരണശേഷി നഷ്ടപ്പെടാത്ത ഏതൊരു വ്യക്തിയും അതിനെതിരെ പ്രതികരിക്കുക എന്നത് സ്വാഭാവികം മാത്രമായ ഒരു കാര്യമാണ്. ഈ വിവാദം ഉണ്ടാകുന്നതിനും വളരെ വളരെ മുൻപേ ഞാനിവരെ ശ്രദ്ധിച്ചിട്ടുണ്ട്. കുറെ കാലമായി ഞാൻ ഫോളോ ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ വ്യക്തിത്വമാണ് ഈ ടീച്ചർ. ലളിതഗംഭീരമായ മലയാള ഭാഷയിൽ സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ് ചെയ്യാറുള്ള കൊച്ചു കൊച്ചു കുറിപ്പുകൾ വളരെ താല്പര്യത്തോടെയാണ് ഞാൻ വായിക്കാറുള്ളത്. ഓർമ്മക്കുറിപ്പുകൾ അടക്കമുള്ള ഇവരുടെ പോസ്റ്റുകൾ മിക്കവയും മനുഷ്യപക്ഷത്തു നിൽക്കുന്നവയായിരുന്നു. ആനുകാലികമായ വിഷയങ്ങളോട് അവരുടെതായ ശൈലിയിൽ അവർ പരതികരിക്കുന്നതും കാണാറുണ്ട്. സാമൂഹ്യവിമർശനവും സ്വയം വിമർശനവും എല്ലാം ഇവരുടെ പോസ്റ്റുകളിൽ കാണാറുണ്ട്. ഒരിക്കൽ പോലും തരം താണ സോഷ്യൽ മീഡിയ ചർച്ചകളിൽ ഇവർ ഭാഗമാകുന്നത് കണ്ടിട്ടില്ല. ഞാൻ മനസ്സിലാക്കുന്നിടത്തോളം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണി വർക്ക് ഈ ജോലി ലഭിച്ചത്. ഭൂരിഭാഗം വിദ്യാർഥികൾക്കും ഇവരെ പറ്റി നല്ല അഭിപ്രായം മാത്രമാണുള്ളത്. ഇത് കേരളവർമ്മയിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ പറഞ്ഞുള്ള അറിവാണ്. ഇപ്പോൾ, ഏതോ ഒരു വ്യക്തി ഇട്ട ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ അവർ അവരുടെ സുചിന്തിതമായ സ്വന്തം അഭിപ്രായം സധീരം പോസ്റ്റ് ചെയ്യുന്നു. ഈ നാട്ടിൽ മത സാമുദായിക സൗഹാർദ്ദം നിലനിൽക്കണമെന്നും സമാധാന അന്തരീക്ഷം പുലരണമെന്നും ആഗ്രഹിക്കുന്ന, സ്വയം ചിന്തിക്കാന്‍ ശേഷിയുള്ള ഏതൊരാളും പ്രകടിപ്പിക്കുന്ന ഒരു അഭിപ്രായം മാത്രമാണ് ഇവരും പറഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമായുള്ള ഒരു രാജ്യത്താണ് ഞാനും നിങ്ങളും ആ ടീച്ചറും ജീവിക്കുന്നത്. ആ അഭിപ്രായം തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരുന്നില്ല എന്ന ഒരേയൊരു കാരണത്താല്‍ ചില ആളുകൾ അവരുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോൾ ഇവിടെ താലിബാന്റെയും ഐ എസിന്റെയും ഒക്കെ സ്വരം തന്നെയാണ് കേൾക്കുന്നത്. ഈ നല്ല അധ്യാപികയെ പുറത്താക്കേണ്ടത് ഇപ്പോള്‍ ഹിന്ദു സംഘടനകളുടെ ദുരഭിമാന സംരക്ഷണത്തിനു അത്യന്താപേഷിതമായി വന്നിരിക്കുന്നു. താനെഴുതിയ ആ കമ്മന്റ് തന്റെ സ്വന്തം അഭിപ്രായം ആണെന്ന് അർത്ഥശങ്കക്കിടയില്ലാതെ ആവർത്തിച്ച് വ്യക്തമാകുന്ന ഈ ടീച്ചറെ സംരക്ഷിച്ചു നിർത്തേണ്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കല്പ്പിക്കുന്ന ഏതൊരാളുടെയും കർത്തവ്യമാണ്. ഇവരുടെ കോളേജിലെ തുടർന്നുള്ള നില നില്പ്പിനു വേണ്ടി പോരാടാൻ ഏറ്റവും സാധ്യതയുള്ളത് അവരുടെ സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും തന്നെയാണ്. ഈ കടുത്ത സമ്മർദ്ദങ്ങൾടയിലും താൻ ഇട്ട കമ്മന്റ് ഡിലീറ്റ് ചെയ്യാന്‍ കൂട്ടാക്കാതെ സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നില്ക്കുന്ന ഈ ടീച്ചർ പഠിപ്പിക്കുന്ന വിദ്യാർഥികൾക്ക് അഭിമാനിക്കാൻ വകയുണ്ട്. മലർ മിസിന്റെയും ശശികല ടീച്ചറിന്റെയും ആരാധകർക്ക് ഈ ടീച്ചറുടെ തെളിഞ്ഞ നിലപാടുകൾ മനസിലാകുമോ ആവോ...
ഫാസിസത്തിനും അനാചാരങ്ങൾക്കും എതിരെ ഉയരുന്ന ശബ്ദങ്ങളെ തോക്ക് കൊണ്ടും കുറുവടി കൊണ്ടും നിശബ്ദരാക്കുന്ന ഈ കെട്ട കാലത്ത്, നിവർന്ന നട്ടെല്ലും ഉറച്ച വാക്കുകളുമായി നക്ഷത്ര ശോഭയോടെ തന്റെ നിലപാടുകളിൽ ഉറച്ചു നില്ക്കുന്ന ഈ അധ്യാപികയ്ക്ക് അച്ചായത്തരങ്ങളുടെ വക ഒരായിരം അഭിവാദ്യങ്ങൾ...
ഒരു കാര്യം കൂടി : ദീപ ടീച്ചർക്കുള്ള അതേ മൗലികാവകാശം തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ രാഹുൽ ഈശ്വറിനും ഉള്ളത്. അയാൾ അയാളുടെ അഭിപ്രായം പറഞ്ഞതിന് അയാളുടെ കാറും മണ്ടയും എറിഞ്ഞു പൊട്ടിക്കുന്നതും ഫാസിസം തന്നെയാണ്.
ഒരു കാര്യം കൂടി : ദീപ ടീച്ചർക്കുള്ള അതേ മൗലികാവകാശം തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ രാഹുൽ ഈശ്വറിനും ഉള്ളത്. അയാൾ അയാളുടെ അഭിപ്രായം പറഞ്ഞതിന് അയാളുടെ കാറും മണ്ടയും എറിഞ്ഞു പൊട്ടിക്കുന്നതും ഫാസിസം തന്നെയാണ്.
റിവേഴ്സ് ഗിയർ : ഏതാനും വർഷങ്ങൾക്ക് മുൻപ് ചില വർഗീയ അജണ്ടകളുടെ പേരിൽ വർഗീയവാദികൾ തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ജോസഫ് സാറിന്റെ കൈവെട്ടിയ സംഭവം ഇവിടെ ഓർമ്മ വരുന്നു. അന്ന് ക്രൂരമായ അച്ചടക്ക നടപടികളിലൂടെ കോളേജ് മാനെജ്മെന്റ് സംഭവത്തിലെ യഥാർത്ഥ പ്രതികളോട് ഐകദാർഡ്യം പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ദീപ ടീച്ചറിന് നേരെ പ്രയോഗിക്കാനുള്ള കൊടുവാളും അവരുടെ മാനേജ്മെന്റ്റ് രാകി മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്.
ഗോമാംസ വിലക്കും ഗോവധ നിരോധനവും വിഷയമാക്കി എഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...==>>> "വിശുദ്ധ പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......
ഗോമാംസ വിലക്കും ഗോവധ നിരോധനവും വിഷയമാക്കി എഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...==>>> "വിശുദ്ധ പശു" ഉയർത്തുന്ന ചില ചോദ്യങ്ങൾ......
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക