ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി മൂന്നാമൂഴത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നേടുമ്പോൾ ഞാൻ ഇന്ന് വളരെയധികം സന്തോഷവാനാണ്...
കേജ്രിവാൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം, കേജ്രിവാൾ എന്ന വ്യക്തിയോടുള്ള വോട്ടർമാരുടെ താൽപ്പര്യം, ജനപ്രിയ ഭരണത്തിന് ഡൽഹി ജനത നല്കിയ അംഗീകാരം എന്നീ നിലയിൽ നിന്ന് നോക്കിക്കാണുന്നതിനേക്കാൾ ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി ഒരിക്കൽക്കൂടി വെളിപ്പെട്ട ധർമ്മയുദ്ധം എന്ന നിലയിൽ ആണ് ഞാൻ AAP-ന്റെ ഈ തിരഞ്ഞെടുപ്പ് വിജയത്തെ നോക്കിക്കാണാൻ ആഗ്രഹിക്കുന്നത്...
കേന്ദ്രത്തിൽ രണ്ടാം വട്ടം ലഭിച്ച മൃഗീയ ഭൂരിപക്ഷം നൽകിയ സർവ്വാധികാരത്തിന്റെ പ്രിമത്തതയിൽ മതി മയങ്ങി, മുൻകാലങ്ങളിലെ UPA സർക്കാരിന്റെ നയങ്ങളിൽ ഒട്ടും തന്നെ വെള്ളം ചേർക്കാതെ, കോർപ്പറേറ്റ് - സാമ്രാജ്യത്വ ശക്തികൾക്ക് വേണ്ടി മാത്രം ഭരണം നടത്തുന്ന, ജനദ്രോഹത്തിന്റെ കാഠിന്യം ദിനം പ്രതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന, മത സാമുദായിക ധ്രുവീകരണം മുൻപെങ്ങുമില്ലാത്ത വിധം ആയുധമാക്കിയ അധമ രാഷ്ട്രീയത്തിന് ഒരു ജനത നല്കുന്ന താക്കീതും മുന്നറിയിപ്പും ആണിത്.....
ഏതാണ്ടെല്ലാ എക്സിറ്റ് പോളുകളും അഭിപ്രായ വോട്ടെടുപ്പുകളും ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി വിജയിക്കുമെന്ന് പ്രവചിക്കുമ്പോഴും എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും ചൊവ്വാഴ്ച്ച വരെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി. നേതാക്കൾ പ്രകടിപ്പിച്ചിരുന്ന ആത്മവിശ്വാസം വെറും പ്രകടനമായിരുന്നു എന്നും ബി ജെ പി ഈയൊരു തിരിച്ചടി മുന്നിൽ കണ്ടിരുന്നു എന്നുമാണ് ഞാൻ കരുതുന്നത്. ചരിത്രത്തിൽ രാഷ്ട്രീയപരീക്ഷണങ്ങളോട് ഒരിക്കലും വൈമുഖ്യം കാട്ടാത്ത ഡൽഹിയുടെ രാഷ്ട്രീയ മനസ്സ് ഇങ്ങനെയായതിൽ ഒട്ടും തന്നെ അതിശയിക്കാനില്ല. ദേശീയരാഷ്ട്രീയത്തിന്റെ ദിശ 180 ഡിഗ്രി തിരിച്ചു വിട്ട കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യം മുഴുവൻ ഉറ്റു നോക്കിയിരുന്ന ഒരു തിരഞ്ഞെടുപ്പാണ് ഈ ഡൽഹി തിരഞ്ഞെടുപ്പും. 1951 മുതൽ കേന്ദ്രഭരണപ്രദേശം എന്ന രീതിയിൽ തിരഞ്ഞെടുപ്പ് നടന്നിരുന്ന ഒരു പ്രദേശമാണ് ഡൽഹി. 1991 ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഡൽഹിയ്ക്ക് സംസ്ഥാന പദവി കൈവന്നെങ്കിലും ഈ ദേശീയ തലസ്ഥാന മേഖലയ്ക്ക് ഇപ്പോഴും പൂർണ്ണ സംസ്ഥാന പദവിയില്ല. ഇപ്പോഴും ക്രമസമാധാനമടക്കം പ്രധാനപ്പെട്ട പല വകുപ്പുകളുടെയും ചുമതല കേന്ദ്ര ഗവണ്‍മെന്റിനു തന്നെയാണ്.
രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പുചരിത്രം പരിശോധിച്ചാൽ ചില അപൂർവ്വ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ, ദേശീയ രാഷ്ട്രീയത്തിനൊപ്പമായിരുന്നു എന്നും ഡൽഹിയുടെ പ്രാദേശിക രാഷ്ട്രീയ ചായ്‌വും എന്ന് കാണാനാകും. എന്നാൽ 2013 - ലെ തിരഞ്ഞെടുപ്പ് വേറിട്ടൊരു പാതയാണ് വെട്ടിത്തുറന്നത്. തുടർച്ചയായ വൻ അഴിമതി ആരോപണങ്ങളിൽ മുങ്ങി വീർപ്പ് മുട്ടുന്ന കോണ്‍ഗ്രസ്സും മോഡിയെ കേന്ദ്രീകരിച്ചു ഒരു കുതിപ്പിനൊരുങ്ങുന്ന ബി ജെ പിയും. ഇതിനിടെയാണ് യു.പി.എ. ഗവണ്മെന്റിനെതിരെ അണ്ണ ഹസാരെ അഴിച്ചു വിട്ട അഴിമതിവിരുദ്ധസമരവും ഡൽഹി കൂട്ട ബലാൽസംഗത്തിനെതിരായി ഉയർന്നു വന്ന വൻ ജനകീയ മുന്നേറ്റവും നടന്നത്. ഈ, രണ്ടു സംഭവങ്ങളുടെ പരോക്ഷമായ സംഭാവനയായിരുന്നു ആം ആദ്മി പാർട്ടി ഉണ്ടാക്കിയ രാഷ്ട്രീയമാറ്റത്തിന്റെ തരംഗം. അഴിമതി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി മാറിയ ഡൽഹിയിൽ കോണ്‍ഗ്രസ്സിനെ നാണം കെടുത്തിക്കൊണ്ട് ബി ജെ പിയെ ഒന്നാം കക്ഷിയായും രാഷ്ട്രീയ ശിശുവായ AAP യെ രണ്ടാം കക്ഷിയായും ഡൽഹി ജനത തിരഞ്ഞെടുത്തു. ചേരികൾ, ഗ്രാമപ്രദേശം, നഗരപ്രദേശം എന്നിവയെല്ലാം ഉൾപ്പെട്ട, തദ്ദേശീയരും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വന്നു പാർക്കുന്നവരുമായ വിവിധ മത ജാതി സമുദായ അംഗങ്ങളായ അധിവസിക്കുന്ന ഡൽഹി ഒരു "മിനി" ഇന്ത്യ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ ജീവിക്കുന്ന ദരിദ്രർ, വിവിധ തരത്തിലുള്ള മധ്യ വർഗ്ഗം, സമ്പന്നർ, വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർ, അധികാരകേന്ദ്രങ്ങൾ തുടങ്ങിയവരുടെ ഒരു സമ്മിശ്ര സംസ്കാരമാണ് ഡൽഹിയുടേത്. മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ അതി സങ്കീർണ്ണവും ആണതിന്റെ രാഷ്ട്രീയ മനസ്സ്.
പൊതുവിൽ രാജ്യത്താകമാനം ബിജെപിയുടെ നേതൃത്വത്തിൽ എൻ ഡി എ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ മുന്നേറ്റത്തിന്റെ ബലത്തിലും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും മുത്തലാക്ക് നിർത്തലാക്കിയതും CAA-NRC പരിഷ്കാരങ്ങളും അടക്കം മത സാമുദായികമായ ധ്രുവീകരണ സാധ്യതയുള്ള നീക്കങ്ങളുടെ സാധ്യതകളിലും ഊന്നി ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ അമിത് ഷായ്ക്കും മോദിക്കും അഭിമാനിക്കത്തക്ക നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഡൽഹി തിരഞ്ഞെടുപ്പ് വിധിയിൽ യഥാർത്ഥ ജനാധിപത്യ സ്നേഹികൾക്ക് സന്തോഷിക്കാൻ വക നൽകുന്നത്. ഭരണഘടനയുടെ നിലനിൽപ്പ് അപകടാവസ്ഥയിലാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ മതനിരപേക്ഷസ്വഭാവത്തിന് മങ്ങലേൽക്കുന്നു എന്നുമുള്ള ആശങ്കയിൽ ഉലയുന്ന ജനാധിപത്യവ്യവസ്ഥക്ക്, ആപ്പിന്റെ ഈ വിജയം പുതിയ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ജീവവായു പകർന്നു നൽകുന്നു.
രാജ്യതലസ്ഥാനത്തെ ആം ആദ്മികളും മധ്യവർഗ്ഗവും ഏതാണ്ട് മുഴുവനായിത്തന്നെ അരവിന്ദ് കെജ്രിവാളിന് പിന്നിൽ ഒരിക്കൽക്കൂടി അണി നിരന്നു എന്നാണ് നിരീക്ഷിക്കാൻ കഴിയുന്നത്. മോഡിയുടെ നിലവിലുള്ള ജനപ്രീതിയും എൻ ഡി എ ക്കനുകൂലമായ പൊതു രാഷ്ട്രീയകാലാവസ്ഥയും തിരിച്ചറിഞ്ഞ് നേരിട്ട് മോഡി എന്ന വ്യക്തിയെ യാതൊരു വിധത്തിലും ക്രൂരമായി ആക്രമിക്കാതിരിക്കുക എന്ന തന്ത്രമാണ് അരവിന്ദ് കെജ്‌രിവാളും കൂട്ടരും പൊതുവെ സ്വീകരിച്ചത്. മറുപക്ഷം വ്യക്തിപരമായ അധിക്ഷേപം കൊണ്ട് കേജ്രിവാലിനെയും കൂട്ടരെയും തലങ്ങും വിലങ്ങും ആക്രമിക്കുമ്പോഴും കെജ്‌രിവാളും സംഘവും പരമാവധി സംയമനം പാലിച്ചു. എൻ ഡി എ, CAA NRC മുതലായ വിഷയങ്ങൾ വലിയ ആയുധമാക്കിയപ്പോൾ AAP അതിനെ പരിധിയിൽ കവിഞ്ഞൊരു ചർച്ചാവിഷയമാക്കിയില്ല. വെറുപ്പിന്റെയും ഭിന്നിപ്പിക്കലിന്റെയും രാഷ്ട്രീയത്തിന് മറുപടിയെക്കാൾ അവഗണനയാണ് കൂടുതൽ ഗുണം ചെയ്യുക എന്ന് കെജ്രിവാൾ എന്ന ഈ മനുഷ്യൻ തെളിയിച്ചു. ആപ്പിനെ ലാക്കാക്കി എതിരാളികൾ വച്ച ഒരു കെണിയിലും തലവച്ചു കൊടുക്കാതെ കയ്യടക്കത്തോടെ തങ്ങളുടെ അജണ്ടയിൽ ഊന്നി നിന്നാണ് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ട് പോയത്. CAA NRC വിരുദ്ധ സമരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കെജ്രിവാൾ എത്താതെ പോയത് വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളെക്കാൾ താൻ നടപ്പാക്കിയ ജനോപകാരപ്രദമായ ഭരണപരിഷ്കാരങ്ങളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും തുടർന്ന് എത്തിപ്പിടിക്കേണ്ട ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചും ചിട്ടയായി നടത്തിയ തിരഞ്ഞെടുപ്പ് പ്രവർത്തനം അർഹിക്കുന്ന വിജയം ഒരിക്കൽക്കൂടി അദ്ദേഹത്തിന് സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെങ്കില്‍ മാത്രം വോട്ട് ചെയ്യുക എന്നാണ് പൊതുവെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എത്രത്തോളം സ്വയം തൃപ്തനാണെന്നും സ്വന്തം ജനതയില്‍ ഒരു നേതാവിനുള്ള ആത്മവിശ്വാസം എത്രത്തോളമുണ്ടെന്നും തെളിയിക്കുന്നതായിരുന്നു ആ വാക്കുകള്‍.
അഴിമതി കുറച്ചു കൊണ്ടു വരാനുള്ള പ്രതിജ്ഞാബദ്ധത സർക്കാരിന്റെ മിക്കവാറും നടപടികളിലും മുഴച്ചു നിന്നിരുന്നു. AC സൗകര്യത്തോടു കൂടിയ മൊഹല്ല ക്ലിനിക് സ്ഥാപിക്കാൻ ചിലവായത് 20 ലക്ഷം രൂപ മാത്രമായിരുന്നു. സമാന പദ്ധതികൾക്ക് മറ്റു സർക്കാരുകൾ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ആയിരത്തോളം കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിച്ച 3 മേൽപ്പാലങ്ങൾ 600 കോടി രൂപക്ക് പൂർത്തീകരിച്ച് മൂന്നിലൊന്ന് തുക ഖജനാവിലേക്ക് മിച്ചം പിടിച്ചു. മറ്റൊരു ഓവർ ബ്രിഡ്ജ് പണിയിൽ മിച്ചം വെച്ചത് 125 കോടി രൂപയായിരുന്നു. അഴിമതി തുടച്ചു നീക്കാനായി ജൻ ലോക്പാൽ ബിൽ പാസാക്കി. MLA മാർക്ക് മാന്യമായ ശമ്പളം ഏർപ്പെടുത്തി. മന്ത്രിസഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ മന്ത്രിയെ പുറത്താക്കിയത് അഴിമതി കാണിക്കാൻ പ്രവണതയുള്ളവർക്ക് ശക്തമായ മുന്നറിയിപ്പായി. അഴിമതി കാണിച്ച നിരവധി ഉദ്ദ്യോഗസ്ഥരെ പുറത്താക്കിഎത്തും ധീരമായ നടപടി ആയിരുന്നു.
സേവനങ്ങൾ വീട്ടുപടിക്കൽ, സർട്ടിഫിക്കറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ, സേവനം അവകാശമാക്കൽ, ഉദ്ദ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ തുടങ്ങിയ നടപടികളും ജനപ്രിയമായി. സൗജന്യ വൈദ്യുതി, സൗജന്യ കുടിവെള്ളം, സ്ത്രീകൾക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര, സുരക്ഷക്കായി ബസ് മാർഷൽമാർ, നിരീക്ഷണത്തിന് ബസുകളിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് CCTV-കൾ, ഓരോ മുക്കിലും മൂലയിലും സ്ട്രീറ്റ് ലൈറ്റുകൾ, മൊഹല്ല ക്ലിനിക്കുകൾ, ആം ആദ്മി പോളി ക്ലിനിക്കുകൾ എന്നിവ വഴി സൗജന്യ ചികിത്സ, കുറഞ്ഞ വിലക്ക് ഭക്ഷണം കൊടുക്കുന്ന കാന്റീനുകൾ, തെരുവിൽ കിടക്കുന്നവന് അന്തിയുറങ്ങാനുള്ള സംവിധാനങ്ങൾ, കർഷകർക്ക് നഷ്ടപരിഹാരം, യമുന ശുചീകരണ പരിപാടി, 1984 ലെ സിക്ക് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം എന്ന് തുടങ്ങി എണ്ണിയെടുക്കാനാവാത്തത്ര ജനപ്രിയ പദ്ധതികളാണ് ഒരിക്കൽക്കൂടി കെജ്രിവാളിനെ ഭരണം ഏൽപ്പിക്കാൻ ഡൽഹിക്കാരെ പ്രേരിപ്പിച്ചത്. പൊതു വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതും സൗജന്യ വൈഫൈയുമെല്ലാമടങ്ങിയ ഭരണനേട്ടങ്ങളെ ജനങ്ങളിലേക്കെത്തിക്കാനുള്ള കെജ്രിവാളിന്റെ ശ്രമങ്ങൾ ഏറെക്കുറെ പൂർണ്ണമായും വിജയിച്ചു എന്ന് പറയാം.
എന്തായാലും കേജ്രിവാൾ എന്ന സാധാരണക്കാരൻ വെറും ആം ആദ്മികളുടെ പിൻബലത്തിൽ രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ നേടിയെടുത്ത മിന്നുന്ന വിജയം മോദി അമിത്ഷാ അച്ചു തണ്ടിന്റെ ജൈത്രയാത്രക്ക് ഒരിക്കൽക്കൂടി തടസമായിരിക്കുന്നു. ഡൽഹിയിൽ തോറ്റെങ്കിലും സീറ്റ് കൂടി, വോട്ട് ഷെയർ കൂടി എന്നൊക്കെ ആശ്വാസം കണ്ടെത്താമെങ്കിലും, ഡല്‍ഹി പരാജയം ബി ജെ പി ക്ക് ഉണ്ടാക്കുന്ന പ്രഹരം കേവലം പ്രതീകാത്മകം മാത്രമല്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്ന ഡൽഹിയിൽ കോണ്‍ഗ്രസ് ചിത്രത്തിൽ വരുന്നേയില്ല എന്നതാണ്. ഇനിയുള്ള കാലം ബി ജെ പി യെയും AAP യെയും ഇവിടത്തെ ജനങ്ങൾ എത്രത്തോളം വെറുക്കുന്നു അനുസരിച്ചായിരിക്കും ഡൽഹിയിൽ ഇനി കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത. ഒരു പക്ഷെ, രാജ്യത്തെ പ്രതിപക്ഷ ബദൽ രാഷ്ട്രീയത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമായി മാറാനുള്ള സാധ്യത AAP യുടെ ഈ മുന്നേറ്റത്തിലുണ്ട്. പ്രതിപക്ഷകക്ഷികൾ എത്രത്തോളം ആത്മാർത്ഥമായും യാഥാർഥ്യബോധത്തോടും കാര്യങ്ങളെ സമീപിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ സാധ്യതയുടെ ഗുണപരമായ പരിണതി.
ആരൊക്കെ എന്തൊക്കെ വിശദീകരണങ്ങൾ നൽകിയാലും ന്യൂസ് ഡസ്കിൽ ഉരുണ്ടു കളിച്ചാലും ഈ തിരഞ്ഞെടുപ്പ് രണ്ടു കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്....
1. ആദ്യം കിട്ടിയ അവസരം ഇടയ്ക്ക് വച്ച് രാജി വച്ച് നഷ്ടപ്പെടുത്തിയെങ്കിലും, ആദ്യം കിട്ടിയ 49 ദിവസങ്ങളിലും കഴിഞ്ഞു പോയ അഞ്ചു വർഷങ്ങളിലും നിങ്ങൾ എടുത്ത നിലപാടുകളെ ജനം മുഖ വിലയ്ക്കെടുത്തു..... അവർ കേജ്രിവാളിനു കൊടുത്ത അംഗീകാരമാണ് ഈ തകർപ്പൻ ജനവിധി...
2. രാഷ്ട്രീയം സേവനമാണ്, പണമുണ്ടാക്കാനുള്ള ഉപാധിയല്ല എന്ന് കരുതി യഥാർത്ഥ ജനസേവനം ലക്ഷ്യമാക്കി രാഷ്ട്രീയത്തിൽ വരുന്നവർക്ക് ഇപ്പോഴും മോശമല്ലാത്ത സ്വീകാര്യത ഉണ്ട്.
കെജ്രിവാളിന് ആദ്യ ഊഴം രാജിവച്ചൊഴിയേണ്ടി വന്നത് ഒരു വാലന്റൈൻ ദിനത്തിലാണ്; അടുത്ത ഊഴത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതും ഒരു ഒരു വാലന്റൈൻ ദിനത്തിലാണ്; വീണ്ടുമിതാ താങ്കൾ അധികാരമേൽക്കുന്നതും കാത്ത് ഒരു വാലന്റൈൻ ദിനം കൂടി.....അരവിന്ദ് കെജ്രിവാൾ.....ആപ് ആം ആദ്മി കാ വാലന്റൈൻ ഹേ.....
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക