ഞാൻ വെറും പോഴൻ

Thursday, 17 September 2020

പെണ്ണിന്റെ ഉടുപ്പിന്റെ ഇറുക്കവും ഇറക്കവും എന്തിനാണ് നമ്മളെ അസ്വസ്ഥരാക്കുന്നത് ?


























(ഇത് പുതിയൊരു കുറിപ്പല്ല; അല്പവസ്ത്രധാരണത്തിന്റെ പേരിൽ യുവനടി അനശ്വര രാജന് നേരെ നടക്കുന്ന സദാചാര ഓഡിറ്റിങ് കണ്ടപ്പോൾ പഴയൊരു കുറിപ്പ് റീ പോസ്റ്റ് ചെയ്യുന്നതാണ് )

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി വിദ്യാർത്ഥിനികൾ ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയ ശേഷം വൻ എതിർപ്പിനെത്തുടർന്ന് ഉത്തരവ് രായ്ക്ക് രാമാനം പിൻവലിച്ചിട്ട് ഒരുപാട് കാലമൊന്നുമായില്ല. ഏതാണ്ട് അതേ കാലയളവിലാണ് കായംകുളത്തുനിന്നുള്ള സി പി എമ്മിന്റെ വനിതാ എം എല്‍ എ ആയ പ്രതിഭാ ഹരി ലെഗ്ഗിൻസ് ധരിച്ചു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നു എന്ന "ആക്ഷേപം" മാധ്യമങ്ങൾ വെണ്ടക്കയാക്കിയത്. 

സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് നടത്തിയ പരാമർശം രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രമുഖരായ പലരെയും പ്രകോപിതരാക്കിയ സംഭവം എല്ലാവർക്കും ഓർമ്മ കാണും. പ്രാദേശിക മാധ്യമങ്ങൾ മുതൽ ദേശീയ മാദ്ധ്യമങ്ങളായ എൻ.ഡി.ടി.വി, ഐ.ബി.എൻ. ലൈവ്, ഇന്ത്യൻ എക്‌സ്‌പ്രസ് തുടങ്ങിയവയെക്കൂടാതെ അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി. വരെ ആ സംഭവം മത്തങ്ങയും വെണ്ടക്കയും ഒക്കെ ആക്കിയിരുന്നു. ജീൻസ് ധരിച്ച് പിൻഭാഗം പ്രദർശിപ്പിച്ചു നിൽക്കുന്ന യുവതിയുടെ വലിയ പോസ്റ്ററിന് സമീപത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ബി.ബി.സി അന്ന് വാർത്ത നൽകിയത്. യേശുദാസിന്റെ പരാമർശവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ബി.ബി.സി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്കിലും ട്വിറ്ററിലും യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പരാമർശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചു. മരുമകളോട് വേണം ഇക്കാര്യം ആദ്യം ഉപദേശിക്കേണ്ടിയിരുന്നത് എന്ന് ചിലർ പ്രതികരിച്ചപ്പോൾ, യേശുദാസ് പാടാൻ മാത്രമല്ലാതെ മൈക്ക് കൈ കൊണ്ട് തൊടരുത് എന്നായിരുന്നു ചിലരുടെ പ്രതികരണം. 

തിരുവന്തപുരത്ത് സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയിൽ പങ്കെടുക്കവേ കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്ന വിഷയം കടന്നുവന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്റെ അഭിപ്രായങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ കരഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ചയുണ്ടായി. അദ്ദേഹത്തിൻറെ പരാമർശത്തിന്റെ ഏകദേശ മുഴുവൻ രൂപം താഴെക്കൊടുക്കുന്നു. 'പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ 18 വയസ് പ്രായമാകുമ്പോഴേക്കും സ്വന്തമായി അധ്വാനിക്കാന്‍ തുടങ്ങും. സ്വന്തം അധ്വാന ഫലം കൊണ്ടാണ് ഓരോകുട്ടിയും തങ്ങളുടെ കാര്യങ്ങള്‍ നിറവേറ്റുന്നത്. തണുപ്പേറിയ സ്ഥലമായതിനാല്‍ പാശ്ചാത്യനാടുകളില്‍ ആ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. സ്വന്തം അധ്വാനഫലമായതിനാല്‍ വസ്ത്രം അല്‍പ്പം കീറിയാലും അവരത് ഉപയോഗിക്കും. എന്നാല്‍ കേരളത്തിലോ.... സ്വന്തം മാതാപിതാക്കളുടെ അധ്വാനഫലമാണ് പ്രായമായ മക്കളെപ്പോലും തീറ്റിപ്പോറ്റുന്നത്. എത്ര വളര്‍ന്നാലും സ്വന്തം വസ്ത്രം സ്വയം കഴുകാത്തവരാണ് കേരളത്തിലെ കുട്ടികള്‍. അവര്‍ക്ക് വസ്ത്രം വാങ്ങുന്നതും അത് അലക്കി കൊടുക്കുന്നതും പ്രായമായ അമ്മമാരാണ്. കേരളത്തില്‍ സന്ദര്‍ഭത്തിനോ കാലാവസ്ഥയ്‌ക്കോ യോജിക്കാത്ത വസ്ത്രങ്ങളാണ് കുട്ടികള്‍ ധരിക്കുന്നത്. മരണവീട്ടിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പോകുമ്പോഴും ഇറുകിയ ജീന്‍സും ശരീര പ്രദര്‍ശനവും നടത്തുന്നത് നമ്മുടെ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. ശരീരം പ്രദര്‍ശിക്കുന്ന തരത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ വേഷം ധരിച്ചെത്തുന്നത് നമ്മുടെ പെണ്‍കുട്ടികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍തന്നെ സ്ത്രീകള്‍ എന്തിനാണ് ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്? സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം". 

യേശുദാസിന്റെ ഈ പ്രസ്താവന സ്ത്രീ വിരുദ്ധം എന്നതിലുപരി പുരുഷ വിരുദ്ധം ആയിട്ടാണ് എനിക്ക് തോന്നിയത്. സ്ത്രീയുടെ അശ്രദ്ധമായ വസ്ത്രധാരണം കണ്ടാലുടനെ വേണ്ടാതീനം ചെയ്യാൻ പാകത്തിൽ നഷ്ടപ്പെടുന്ന ദുർബലമായ കണ്ട്രോളാണ് അദ്ദേഹവും ഞാനും ഉൾപ്പെടുന്ന പുരുഷ സമൂഹത്തിനുള്ളത് എന്നാണു ആദ്ദേഹം പറഞ്ഞതിന്റെ യഥാർത്ഥ പൊരുൾ. അങ്ങിനെ നോക്കുമ്പോൾ സ്ത്രീകൾക്ക് മുൻപേ വാളെടുക്കേണ്ടത് പുരുഷന്മാരായിരുന്നു. തല്ക്കാലം യേശുദാസ് എന്ന വ്യക്തിയും അങ്ങേരുടെ അഭിപ്രായങ്ങളെയും അതിന്റെ പാട്ടിനു വിടാം... 

ഇതിനൊക്കെ പുറമെ, പെൺകുട്ടികൾ ജീൻസ് ധരിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും ദുരന്തങ്ങളെയും പറ്റി ആത്മീയ-മത വീക്ഷണകോണിൽ നിന്ന് പ്രഭാഷണം നടത്തുന്ന കുറെ ഉപദേശിമാരും നല്ലാങ്ങളമാർ കൂടിയാവുമ്പോൾ ജീൻസും ഇറുക്കം കൂടിയ വസ്ത്രങ്ങളും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ഒക്കെ സമൂഹത്തിൽ ഉണ്ടാക്കുന്ന പിരിമുറുക്കം വല്ലാതെ കൂടുകയാണ്.

നമ്മുടെ മാധ്യമ സാമൂഹ്യ രംഗത്ത് കുറെയധികം കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീയുടെ വസ്ത്രധാരണം. ഏതു ടി വി ചാനല്‍ എടുത്തു നോക്കിയാലും സ്ത്രീയുടെ വേഷവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പരിപാടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. കേരളത്തിലെ സ്ത്രീ വസ്ത്രധാരണത്തിനു നേരെ പുരുഷ സമൂഹത്തിന്റെ നിയന്ത്രണങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. സ്വന്തം ശരീരം എപ്രകാരം ആവിഷ്‌ക്കരിക്കണം എന്നതിനുമേല്‍ യാതൊരു സ്വാതന്ത്ര്യവും അവകാശവും ഇല്ലാത്ത ഒരു വിഭാഗമായി കേരള സ്‌ത്രീ തരം താഴ്ത്തപ്പെട്ടിരുന്ന ഒരു നീണ്ടകാലത്തെ ചരിത്രം നമുക്കുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ കീഴ് ജാതിയില്പ്പെട്ട സ്ത്രീകൾ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരം വളരെക്കാലത്തോളം കേരളത്തിൽ നില നിന്നിരുന്നു. തിരുവിതാംകൂറില്‍ ക്രിസ്‌തുമതം സ്വീകരിച്ച ചാന്നാര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരെ കാണുമ്പോള്‍ മാറത്തുനിന്ന് വസ്‌ത്രം നീക്കണമെന്ന ദുരാചാരവുമായി ബന്ധപ്പെട്ടും 'ചാന്നാര്‍ ലഹള' എന്നറിയപ്പെടുന്ന ഒരു സമരം പോലും നടന്നിട്ടുണ്ട്. ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ഈ സമരം നടന്ന് അനേകവര്‍ഷങ്ങൾക്ക് ശേഷമാണ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍, നാടാര്‍/ചാന്നാര്‍ സ്‌ത്രീകള്‍ക്ക് മാറ് മറയ്‌ക്കാനുള്ള അവകാശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അരയ്‌ക്ക് മുകളില്‍ അനാവൃതങ്ങളായ സ്‌ത്രീശരീരങ്ങള്‍ വീടിനകത്താണെങ്കിലും പൊതു ഇടങ്ങളിലാണെങ്കിലും പ്രദർശിപ്പിക്കാൻ നിർബന്ധിതരാവുന്നതിലെ ആഭാസതയും നികൃഷ്‌ടതയും ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. 

എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം, ലോകം ഇന്റർനെറ്റിന്റെ അദൃശ്യവലയിലും മാധ്യമ വിസ്ഫോടനത്തിന്റെ ചിറകിലും ഏറി, ഒറ്റ നഗരമെന്ന സങ്കല്പ്പത്തിലേക്ക് ചുവടു വച്ച് നീങ്ങുമ്പോൾ മേല്പ്പറഞ്ഞ മേല്മുണ്ട് സമരത്തിനു കടക വിരുദ്ധമായ "മാറ് പ്രദർശിപ്പിക്കാനുള്ള അനുമതിയ്ക്ക് വേണ്ടി" ന്യൂ യോർക്കിൽ നടന്ന ഒരു സമരത്തിന്റെ വാർത്തയും അടുത്തിടെ വായിക്കാനിടയായി. സ്‌കോട്ട് വില്ലിസ് എന്ന യുവതി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ മാറു മറയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്ന് പ്രതിഷേധിച്ചപ്പോള്‍ അതൊരു ഒറ്റപ്പെട്ട സമരമായിരുന്നു. എന്നാൽ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഫ്രീ ദി നിപ്പിള്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘം കൂടിയെത്തിയിരിക്കുന്നു. സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. കൂടുതല്‍ ആളുകളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാനും അവര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; അത് വ്യക്തിപരമായ ആഗ്രഹവും തീരുമാനവുമാണ്; സമൂഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ല; സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും ലജ്ജിപ്പിക്കരുത്; ഇതൊക്കെയാണ് സ്‌കോട്ടിന്റെ വാദം. ഇതു തന്നെയാണ് ഫോര്‍ ദി നിപ്പിള്‍ പ്രചരിപ്പിക്കുന്നതും.

ലോകത്തിന്റെ വിവിധ കോണുകളിൽ നൂറ്റാണ്ടുകളുടെ ഇടയിൽ സംഭവിച്ച മാറ്റം വളരെ വലുതാണ്‌. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സാധ്യതകള്‍ മറ്റു പ്രദേശങ്ങളിലെ സ്ത്രീകളെപ്പോലെ മലയാളി സ്ത്രീകളും തീർച്ചയായും സ്വാംശീകരിക്കുന്നുണ്ട്. ആഗോള ദേശീയ വസ്ത്രധാരണ സങ്കൽപ്പത്തിൽ വരുന്ന മാറ്റത്തിന്‌ അനുസരിച്ച്‌ നമ്മുടെ സ്ത്രീകളുടെ വസ്ത്ര ധാരണ സങ്കല്‍പ്പങ്ങളും മാറുന്നു എന്ന രീതിയിൽ അതിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. നല്ല രീതിയിൽ വസ്ത്രം ധരിക്കുക വഴി നഗ്നതയെയും സ്വകാര്യ ശരീര ഭാഗങ്ങളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട്, തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുക എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. സാഹചര്യത്തിന് അനുയോജ്യമായ വസ്ത്ര ധാരണത്തിലൂടെ ഒരാളുടെ ആത്മവിശ്വാസം നല്ല പരിധി വരെ വര്‍ദ്ധിക്കുന്നു എന്നാണു അനുഭവ പാഠം. വസ്ത്ര ധാരണത്തെ നല്ലത് - ചീത്ത എന്ന് വേർ തിരിക്കൽ ഒട്ടും എളുപ്പമോ പ്രായോഗികമോ അല്ല.സന്ദർഭത്തിന് യുക്തമായ വസ്ത്രം ധരിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. ഉദാഹരണത്തിന്, ഇന്റർവ്യൂവിനോ ജോലിക്കോ പോകുമ്പോൾ "അവരവർക്ക് കംഫർട്ടബിൾ ആയ" ഡ്രസ്സ്‌ മാത്രമേ ധരിക്കൂ എന്ന നയം അനുവദിക്കപ്പെടാൻ സാധ്യതയില്ല. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും അവിടെ നിഷ്കർഷിച്ചിട്ടുള്ള വസ്ത്രമേ ധരിക്കാൻ അനുവദിക്കാറുള്ളൂ. ഒരാൾ ജനിച്ചു വളർന്നു ജീവിച്ചു പോരുന്ന സംസ്ക്കാരത്തിനും സർവ്വോപരി സഭ്യതക്കും നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കേണ്ടി വരുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കൈ കടത്തലല്ലേ എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉയരാം. എന്ത് ധരിക്കുന്നു എന്നതിനേക്കാൾ എവിടെ എങ്ങനെ ധരിക്കുന്നു എന്നതാണ് കുറച്ചു കൂടി യുക്തി സഹമായ വിലയിരുത്തൽ എന്നാണെന്റെ പക്ഷം. ഒരു വിവാഹ സൽക്കാരത്തിലോ മറ്റ് ആഘോഷവേളകളിലോ ധരിക്കുന്ന വേഷഭൂഷകൾ ഒരു ദുരന്തമുഖത്തോ മരണവീട്ടിലോ കാണുന്നവരിൽ ഉണ്ടാക്കുന്ന പ്രതികരണം ഒരു പോലെ ആവാൻ വഴിയില്ല. കേരളത്തിലെ ചില കൌമാരക്കാരായ പയ്യന്മാരുടെ ലോ വെയിസ്റ്റ് ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടു എന്ന പേരിൽ പോലീസ് കേസെടുത്തതായി പത്ര വാർത്ത വന്നിരുന്നു. സ്ട്രീക്കിംഗ് നടത്തിയത്തിനു ഒരു പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു കസ്റ്റഡിയിൽ എടുത്തത് കേരളത്തിലെ ഏറ്റവും പുരോഗമനം പറയുന്ന കൊച്ചി നഗരത്തിലാണ്. അപ്പോൾ വസ്ത്ര ധാരണത്തിലെ മാന്യതയ്ക്കും സംസ്കാരത്തിനും സ്ത്രീ പുരുഷൻ എന്ന വ്യത്യാസം പൊതുസമൂഹം കല്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ സ്ത്രീകളുടെ കാര്യം വരുമ്പോൾ ഓഡിറ്റിങ്ങുകാരുടെ എണ്ണവും തീക്ഷ്‌ണതയും കൂടുതലാണ് സമ്മതിക്കാതെ തരവുമില്ല. ലെഗ്ഗിൻസിനൊ ടൈറ്റ് ജീൻസിനൊ ഷോർട്ട്സിനോ അതിൽത്തന്നെ ഒരു കുഴപ്പവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ, സമപ്രായക്കാരും സമാന സ്വഭാവക്കാരുമായ ആളുകളുടെ ഒരു ഗ്രൂപ്പിലോ അത്തരം വസ്ത്രം ധരിച്ചു ഒത്തിരി ആളുകൾ വരുന്നിടത്തോ അവ ധരിക്കുന്നത് പോലെ തന്നെ വളരെ തിരക്കേറിയ ഒരുത്സവ സ്ഥലത്തോ പൊതു വാഹനത്തിലോ അത് ധരിക്കുമ്പോൾ ആദ്യം പറഞ്ഞ ഇടങ്ങളിൽ ലഭിക്കുന്ന പരിഗണനയോ സുരക്ഷിതത്വമോ രണ്ടാമത് പറഞ്ഞ സ്ഥലത്ത് ലഭിക്കണം എന്നില്ല എന്നൊരു സാധ്യത ഉണ്ട്. അത് കൊണ്ടാണ് എപ്പോൾ എവിടെ എങ്ങിനെ ധരിക്കണം എന്നതിൽ ഒരു ജാഗ്രത പുലർത്തേണ്ടത് പലപ്പോഴും ആവശ്യമായി വരുന്നത് (എന്ത് ധരിക്കണം എന്നല്ല). പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് ഉണ്ടോ ഇല്ലയോ എന്ന നൈതികവിചാരത്തിനപ്പുറം വസ്ത്രധാരണം ഓഡിറ്റ് ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും പ്രശംസിക്കപ്പെടും ഒക്കെ ചെയ്തു കൊണ്ടേയിരിക്കും; അതിനെയൊക്കെ അതിന്റെ പാട്ടിനു വിടുകയേ തല്ക്കാലം മാർഗമുള്ളൂ എന്നാണെന്റെ പക്ഷം; എന്നാൽ വസ്ത്രധാരണം ഓഡിറ്റ് ചെയ്യപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യാത്ത ഒരേയൊരു ഇടം ഒരു പക്ഷെ ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങളുടെയും ഇന്റൻസീവ് കെയർ യൂണിറ്റുകളുടേയും പരിസരം മാത്രമായിരിക്കും.   

പരിപൂർണ്ണ നഗ്നയായി ഒരു സ്ത്രീ പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ അവൾക്കു മാത്രമേ അധികാരമുള്ളൂ എന്നതാണ് വസ്തുത. ഒരു വ്യക്തിക്കും അയാളെ തൊടാൻ പോയിട്ട് പാളി നോക്കാൻ പോലും അവകാശമില്ലെന്നത്തിൽ ഒരു തർക്കത്തിനും ഇടയില്ല. പക്ഷെ, ഇതൊക്കെ സാമാന്യം സാംസ്കാരിക നിലവാരത്തിലും മാന്യതയിലും ജീവിക്കുന്നവർക്കെ ഗ്രഹിക്കാനാവൂ എന്ന യാഥാർഥ്യം അവശേഷിക്കുന്നു. സാഹചര്യവും വേണ്ടത്ര ധൈര്യവും ഒത്തു കിട്ടാത്തത് കൊണ്ട് ഗോവിന്ദച്ചാമിയും അമീറുൽ ഇസ്‌ലാമും ആയിപ്പോകാതെ മാന്യന്മാരായി ജീവിക്കുന്നവർക്ക് ഇതൊക്കെ മനസിലാകാൻ ബുദ്ധിമുട്ടാണ്. സ്ഥാനം തെറ്റിയ വസ്ത്രഭാഗങ്ങൾക്കുള്ളിലൂടെയും ഇറുകിച്ചേർന്ന വസ്ത്രങ്ങളിലൂടെയും തുറന്നു കാട്ടപ്പെടുന്ന സ്ത്രീ ശരീര ഭാഗങ്ങൾ നൂറു കണക്കിന് കാമക്കണ്ണുകൾക്കും ക്യാമറക്കണ്ണുകൾക്കും നിത്യം ഇരയാകുന്നു‌ എന്നത് നഗ്നമായ ഒരു സത്യമായി അവശേഷിക്കുന്നുണ്ട്. പേപ്പട്ടികൾ വാഴുന്ന ഇടവഴികളിൽ കാത്തിരിക്കുന്ന അപകടങ്ങളെപ്പറ്റിയും നമ്മുടെ സ്ത്രീകൾ ബോധവതികളാകേണ്ടത് ആവശ്യമാണ്. മുലപ്പാൽ മണം മാറാത്ത പിഞ്ചു കുഞ്ഞു മുതൽ എണീറ്റ്‌ നില്ക്കാൻ ത്രാണിയില്ലാത്ത വൃദ്ധയെ വരെ; മൃഗങ്ങളെ മുതൽ മോർച്ചറിയിൽ നിന്നും കല്ലറയിൽ നിന്നും എടുക്കുന്ന ശവശരീരത്തെ വരെ കാമപൂർത്തിക്കായുപയോഗിക്കുന്ന പുരുഷൻ എന്ന ജന്തുവിനെ വളരെ ശ്രദ്ധയോടും ജാഗ്രതയോടും കൂടി സമീപിക്കേണ്ടതുണ്ട്. 

ലൈംഗിക ശാസ്ത്രപരമായി സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക വൈകാരിക പ്രവർത്തനങ്ങൾ വളരെ വ്യത്യസ്തമാണെന്നും ദർശനമാത്രയിൽ വികാരം ഉണരുന്ന ടൈപ്പ് ക്ഷിപ്രവികാരിയാണ് പുരുഷുക്കൽ എന്നുമുള്ള തിയറിയിലാണ് വികാരമുണർത്തുന്ന "വസ്ത്രങ്ങൾ" പൊതുവെ ആരോപണങ്ങൾ നേരിടുന്നത്. അതിന് സപ്പോർട്ടിങ് ആയ "ശാസ്ത്രീയ പഠനങ്ങൾ" ഉണ്ടെന്നാണ് ഈ തിയറിക്കാർ മുന്നോട്ട് വയ്ക്കുന്നത്. പെണ്ണിന്റെ നഗ്നതയും അർദ്ധ നഗ്നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയം തന്നെയാണ് എന്ന കാര്യത്തിൽ എനിക്കും എതിരഭിപ്രായമൊന്നുമില്ല. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോൾ അവരുടെ കണ്ണുകള്‍ പലപ്പോഴും സ്ത്രീ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ ഉഴിഞ്ഞു നടക്കുന്നുണ്ട് എന്ന വസ്തുതയെ കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇല്ലാതാക്കാനാവില്ല. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളിൽ സ്കാനിംഗ് നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എക്‌സ്‌റേ തോൽക്കുന്ന ഈ നോട്ടത്തിൽ ചൂളിച്ചുരുങ്ങാത്ത അപൂർവ്വം സ്ത്രീകളേ നമ്മുടെ നാട്ടിൽ ഉണ്ടാകാൻ വഴിയുള്ളൂ. സ്ത്രീ വെറുമൊരു ചരക്കല്ല, മറിച്ചു തന്നോളം പോന്ന ഒരു പൂർണ്ണ വ്യക്തിത്വം ഉള്ള ഒരാളാണ് എന്ന തിരിച്ചറിവ് ഓരോ പുരുഷനും ഉണ്ടായാൽ മാത്രമേ ഇറുക്കം കൂടിയ വസ്ത്രമോ ഇറക്കം കുറഞ്ഞ വസ്ത്രമോ ഇട്ട പെണ്ണുടൽ കാണുമ്പോൾ ഉണ്ടാകുന്ന പിരിമുറുക്കം കുറയൂ എന്നാണെനിക്ക് തോന്നുന്നത്. അത് വരെ വേഷഭൂഷകളുടെ കെട്ടുകാഴ്ചകൾക്കപ്പുറത്ത് സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന പുരുഷന്മാരുടെ എണ്ണം പുറംമോടികളിൽ ഭ്രമിച്ചു സ്ത്രീ ഉടലിന് വട്ടമിട്ട് കറങ്ങുന്ന പുരുഷന്മാരുടെ എണ്ണത്തെ അധികരിക്കുന്ന കാലം വരെ സ്ത്രീകൾക്ക് ജാഗ്രത കുറയാനും പാടില്ല. 

മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം സംവാദ വിഷയങ്ങൾ ആണ്. സംവാദങ്ങൾ സാധാരണയായി സമവായത്തിൽ എത്താറും ഇല്ല. പിന്നെ ആകെ ഉരുത്തിരിയാറുള്ളത് ചില നീക്ക് പോക്കുകൾ മാത്രമാണ്... അതിലേക്കായി ചില നിർദേശങ്ങൾ... പുതിയ കാര്യം ഒന്നും അല്ല.... മുകളിൽ പറഞ്ഞതിൽ നിന്ന് ചിലത് അടിവരയിട്ടു പറയുന്നു എന്ന് മാത്രം... 

സാഹചര്യത്തിനനുസരിച്ച് മാന്യമായ രീതിയിൽ വസ്ത്രം ധരിക്കണം എന്നത് പുരുഷന്മാര്‍ക്കും സ്ത്രീകൾക്കും ഒരു പോലെ ബാധകമാണ്. 

ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുത്ത് ധരിക്കാൻ പുരുഷനുള്ളത് പോലെ തന്നെ സ്ത്രീക്കും 101% സ്വാതന്ത്ര്യം ഉണ്ട്. 

ഒരു സ്ത്രീ, അർദ്ധനഗ്നയോ പരിപൂർണ്ണ നഗ്നയോ ആയി പൊതു സ്ഥലത്ത് ഇറങ്ങിയാൽപ്പോലും അവളുടെ ശരീരത്തിൽ തൊടാൻ പോയിട്ട് ഒന്ന് പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ല. 

ഏത് സാഹചര്യത്തിലാണെങ്കിലും ബാലാൽസംഗം, സ്ത്രീപീഡനം മുതലായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവന് ഒട്ടും തന്നെ കാലതാമസമില്ലാതെ പരമാവധി ശിക്ഷ നിർദാഷണ്യം നല്കാൻ ഈ നാട്ടിലെ നിയമങ്ങൾക്ക് ശക്തിയും വേഗതയും ഉണ്ടാകണം. 

ബലാൽസംഗത്തിന് വധശിക്ഷ ചെറിയ ശിക്ഷയായിട്ടാണ് തോന്നുന്നത്; യാതൊരു ഇളവുകളില്ലാത്ത ജീവപര്യന്ത ജയിൽവാസം, അവയവഛേദനം ഒക്കെ തന്നെയാണ് ഉത്തമശിക്ഷകൾ എന്ന് തോന്നുന്നു. 

മാറേണ്ടത് പുരുഷകേന്ദ്രീകൃതമായി മാത്രം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ ചിന്താഗതികൾ തന്നെയാണ്; ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക്‌ നേരെയും അതിക്രമം നടക്കുന്ന നാട്ടിൽ ജീവിച്ചു കൊണ്ട് വസ്ത്രധാരണ രീതിയിലെ പോരായ്മകളെ വിമര്‍ശിക്കുന്നതിന് പകരം സ്വന്തം ശരീരത്തിൽ തളക്കപ്പെട്ടിട്ടുള്ള പൊട്ടൻഷ്യൽ റേപ്പിസ്റ്റിനെ ഇല്ലായ്‌മ ചെയ്യേണ്ടിയിരിക്കുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in 

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 
https://www.facebook.com/groups/224083751113646/