1973 ഏപ്രിൽ 3...
മോട്ടറോള കമ്പനിയിലെ എൻജിനീയറും ഗവേഷകനുമായിരുന്ന മാർട്ടി കൂപ്പർ ന്യൂയോർക്കിലെ സിക്സ്ത് അവന്യൂ കെട്ടിടത്തിന്റെ ഒരു മൂലയിൽ ഒരു വിജയിയുടെ ശരീരഭാഷയിൽ നിന്നു കൊണ്ട് തന്റെ പോക്കറ്റിൽ നിന്നൊരു ഫോൺബുക്ക് പുറത്തെടുത്തു. അതിൽ നോക്കി ക്രീം നിറത്തിലുള്ള ഒരു ഉപകരണത്തിന്റെ കീപാഡിൽ തങ്ങളുടെ ബിസിനസ് എതിരാളികളായ ബെൽ ലബോറട്ടറീസിലെ ഡോക്ടർ ജോയലിന്റെ ഫോൺ നമ്പർ കുത്തി. ഫോണെടുത്ത ജോയലിനോട് "ഞാൻ ഒരു personal, handheld, portable cell phone"-ൽ നിന്നാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു. ഇത് സംഭവിക്കുമ്പോൾ കാണികൾ അദ്ദേഹത്തെയും ഈ ഉപകാരണത്തെയും അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ഇന്നത്തെ മൊബൈൽ ഫോണിന്റെ ആദ്യരൂപമായ മോട്ടോറോള സെല്ലുലാർ ഫോൺ പ്രോട്ടോടൈപ്പ് അദ്ദേഹം അവതരിപ്പിച്ചത് ഇത്തരത്തിലായിരുന്നു. കൂപ്പറിന്റെ ഈ വാക്കുകൾ കേട്ടതോടെ ഡോക്ടർ ജോയലിന്റെ സൈഡിൽ ഒരു നിശബ്ദത വന്നുവെന്നും ഞാൻ ഊഹിച്ചതനുസരിച്ച് അയാൾ അയാളുടെ പല്ല് കടിച്ചു ഞ്ഞെരിക്കുകയായിരുന്നെന്നും 94-കാരനായ കൂപ്പർ ഒരു കുസൃതിച്ചിരിയോടെ ഓർത്തെടുക്കുന്നു. അക്കാലത്ത് ബെൽ ലബോറട്ടറീസ് സഞ്ചരിക്കുന്ന കാറുകളിൽ ഉപയോഗിക്കുന്ന ഫോണുകൾ രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലായിരുന്നു. നൂറ് വർഷത്തോളം വീടുകളിൽ ചെമ്പുകമ്പിയിൽ കുരുങ്ങിക്കിടന്ന നമ്മളെ ഒരു കാറിനുള്ളിൽ കുടുക്കിയിടാനാണ് ബെൽ ലബോറട്ടറീസ് ശ്രമിച്ചു കൊണ്ടിരുന്നതെന്ന് കൂപ്പർ പരിഹസിക്കുന്നു. എന്നാൽ ഇതല്ല മുന്നോട്ടുള്ള വഴിയെന്ന് മിസ്റ്റർ കൂപ്പറും മോട്ടറോളയും പിന്നീട് തെളിയിച്ചു എന്നെടുത്ത് പറയേണ്ടതില്ലല്ലോ.
ആ ആദ്യ കോളിന് 11 വർഷത്തിന് ശേഷമാണ് മാർട്ടി കൂപ്പറിന്റെ പ്രോട്ടോടൈപ്പിന്റെ വാണിജ്യ പതിപ്പായ മോട്ടറോള ഡൈനാറ്റക് 8000X പുറത്തിറങ്ങിയത്. ഇന്നതിന്റെ മൂല്യം ഏകദേശം 11,700 അമേരിക്കൻ ഡോളറിനടുത്താണെന്ന് മൊബൈൽ ഫോൺ മ്യൂസിയം നടത്തുന്ന ബെൻ വുഡ് പറയുന്നു. ഇത് നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാൻ മാത്രം സാധിക്കുന്ന അടിസ്ഥാന ഉപകരണമായിരുന്നു. മെസേജിംഗ് ഇല്ല, ക്യാമറയില്ല, മുപ്പത് മിനിറ്റ് സംസാര സമയം, ബാറ്ററി ചാർജ് ചെയ്യാൻ 10 മണിക്കൂർ, ഏകദേശം 12 മണിക്കൂർ സ്റ്റാൻഡ്-ബൈ സമയം, മുകളിൽ 6 ഇഞ്ച് (15 സെ.മീ) ആന്റിന... ഇത്രയുമൊക്കെയേ ഉണ്ടായിരുന്നുള്ളു. ഒരു ഇഷ്ടികയുടെ രൂപമുള്ള ഇതിന്റെ ഭാരം 790 ഗ്രാം ആയിരുന്നു.
ആദ്യ മോട്ടോറോള ഫോണിനെയും ഇന്നത്തെ മൊബൈൽ ഫോണുകളെയും രൂപത്തിന്റെയോ വലിപ്പത്തിന്റെയോ തൂക്കത്തിന്റെയോ അത് തരുന്ന സൗകര്യങ്ങളുടെയോ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യാൻ കഴിയുകയേ ഇല്ല. എന്നലും, അന്നത്തെ ആദ്യ കോൾ എങ്ങനെ പ്രവർത്തിച്ചു എന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ ഇപ്പോഴും കാര്യമായി മാറിയിട്ടില്ല. ഹാൻഡ്‌സെറ്റ് നിങ്ങളുടെ ശബ്‌ദത്തെ ഒരു ഇലക്ട്രോമാഗ്നെറ്റിക്ക് സിഗ്നലാക്കി മാറ്റുന്നു, അത് റേഡിയോ തരംഗമായി മോഡുലേറ്റ് ചെയ്യപ്പെടുന്നു. ഈ റേഡിയോ തരംഗം ഒരു മാസ്റ്റിലേക്ക് പോകുന്നു; നിങ്ങൾ വിളിക്കുന്ന വ്യക്തിക്ക് മാസ്റ്റ് ഈ റേഡിയോ തരംഗത്തെ അയയ്‌ക്കുന്നു. അയാളുടെ കയ്യിലെ ഹാൻഡ് സെറ്റ് റേഡിയോ തരംഗത്തെ വീണ്ടും ശബ്ദമാക്കുമ്പോൾ ആ വ്യക്തിക്ക് നിങ്ങളുടെ സംസാരം കേൾക്കാനാകും. ഇതേ പ്രക്രിയ അയാൾ സംസാരിക്കുമ്പോൾ തിരിച്ചും സംഭവിക്കുന്നു.
2023 - ലെ ഹാൻഡ്‌സെറ്റുകളുടെ രൂപകൽപ്പനയിൽ പോലും കൂപ്പർക്ക് കാര്യമായ മതിപ്പില്ല. പല തലത്തിലും ഫോണിന്റെ ഇന്നത്തെ രൂപം പോലും അത്ര നല്ലതല്ല എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. ഭാവിയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓരോരുത്തരുടെയും വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച്, ആപ്പുകൾ സൃഷ്ടിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു ദിവസം ഈ ഉപകരണം നമ്മുടെ ആരോഗ്യം നിരീക്ഷിക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. “ഞങ്ങൾ ഇപ്പോഴും സെൽ ഫോൺ വിപ്ലവത്തിന്റെ തുടക്കത്തിലാണ്” എന്നാണ് അദ്ദേഹം പറയുന്നത്.
അര നൂറ്റാണ്ട് മുൻപ്, രൂപ കൽപ്പന ചെയ്യപ്പെട്ട് 1984-ൽ വിൽപ്പനക്കെത്തിയ മൊബൈൽ ഫോൺ എന്ന വിപ്ലവകരമായ ഉപകരണവും സാങ്കേതികതയും ഇന്ത്യയിൽ എത്തിയത് 1995-ൽ മാത്രമാണ്. പിന്നെയും ഒരു വർഷ കഴിഞ്ഞാണ് അത് കേരളത്തിൽ എത്തിയത്... ആ കഥ വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...
വിവരങ്ങൾക്ക് കടപ്പാട് : ബിബിസി ന്യൂസ്