ഞാൻ വെറും പോഴൻ

Thursday, 13 September 2018

പള്ളീലച്ചന്മാർ ലൈംഗികാപവാദ കേസുകളിൽ പെട്ടാൽ ആർക്ക്, എന്താണ് കുഴപ്പം ???

(ഇത് മുൻപെഴുതിയ ഒരു കുറിപ്പാണ്; പക്ഷെ, ഇപ്പോഴും വളരെ പ്രസക്തമാണ്). കേരളത്തിലെ ക്രൈസ്തവ സഭകളിലെ വൈദികരുടെ ലൈംഗിക പീഡന വാർത്തകളും വൈദികർ ഉൾപ്പെടുന്ന ലൈംഗികാപവാദ കഥകളും വിശ്വാസികളെയും സഭകളെയും ഒന്നാകെ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയിട്ടു കൊണ്ടേയിരിക്കുന്നു.

ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനെത്തുടർന്ന് കുറ്റാരോപിതനായി ജയിലിൽ പോകേണ്ടി വന്നത് നിസ്സാരക്കാരനല്ല. കത്തോലിക്കാ സഭയിലെ പ്രബലനായ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കനായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാമായിരുന്നു കേസ്. ബിഷപ്പിന്റെ പീഡനം സഹിക്കാനാവാതെ ഏറെ കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ച് പോയിട്ടുണ്ടെന്ന ആരോപണവും നിലനിൽക്കുന്നു. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ തീ പാറുന്ന ചർച്ചകൾക്ക് വിഷയമായിരുന്ന ഈ കേസ് ഇപ്പോൾ കോടതി നടപടികളിലാണ്. ഫ്രാങ്കോ കേസിൽ തങ്ങൾക്ക് നീതി വേണമെന്ന ആവശ്യമുയർത്തി കുറച്ച് കന്യാസ്ത്രീകൾ കൊച്ചി നഗരമധ്യത്തിൽ പരസ്യപ്രതിഷേധവുമായി സമരം ചെയ്തത് ഭാരതസഭയുടെ ചരിത്രത്തിൽ മുൻപ് കേട്ടിട്ടില്ലാത്തതായിരുന്നു. ലൈംഗികാപവാദവുമായി ബന്ധപ്പെട്ട് ഭാരതസഭയും പൊതുസമൂഹവും ഇന്നേ വരെ കണ്ടിട്ടില്ലാത്ത രീതിയിൽ വിപ്ലവകരമായ ഒരു പ്രതിഷേധത്തിനും പ്രതിരോധത്തിനും കാരണമാക്കിയ കേസായിരുന്നു ഇത്..


പൊതുവെ കത്തോലിക്കാ സഭയിലെ അച്ചന്മാരാണ് ലൈംഗിക പീഡന ആരോപണങ്ങളിൽ പെടാറുള്ളത്. എന്നാൽ 2018-ൽ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരാണ് ലൈംഗിക പീഡന പരാതിയുടെ പേരില്‍ സഭാ നടപടികൾക്കും ക്രിമിനൽ നിയമനടപടികൾക്കും വിധേയരാകേണ്ടി വന്നത്, രഹസ്യകുമ്പസാരത്തിൽ ഒരു യുവതി പറഞ്ഞ വിവരങ്ങൾ പുറത്തു പറയുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്തായിരുന്നു ഈ പീഡനപരമ്പര അരങ്ങേറിയത്.  പ്രതികളുടെ എണ്ണം ഇതിൽ കൂടുതൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേസിൽ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. സംഭവത്തിൽ പോലീസ് അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. Atmost Confidentiality കാത്തു സൂക്ഷിക്കപ്പെടുന്നു എന്ന് വിശ്വസിച്ചു പോരുന്ന ഈ ശുശ്രൂഷയിൽ നിന്നാണ് "കുമ്പസാരരഹസ്യം പോലെ' എന്ന പ്രയോഗം തന്നെ ഭാഷയിലുണ്ടായത്. ഏതാനും ഞരമ്പ് രോഗികളുടെ ഈ പ്രവൃത്തി കൊണ്ട് വിശ്വാസികൾ അതിവിശുദ്ധമായി കരുതുന്ന ഒരു കൂദാശ പോലും ഇപ്പോൾ സംശയത്തിന്റെ നിഴലിലും പരിഹാസത്തിന്റെ കൊടുമുടികളിലും ആയിത്തീർന്നിരിക്കുന്നു.  



ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ
കേരളത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പാലാ രൂപതയ്ക്ക് കീഴിലെ കല്ലറ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നി നില്‍ക്കുംതടത്തിൽ പിടിയിലായതായിരുന്നു ഒടുവിൽ പുറത്തു വന്ന വാർത്ത.

ലൈംഗിക പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ, കണ്ണൂർ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ അറസ്റ്റ് ചെയ്തതായിരുന്നു അതിന് മുൻപ് സഭയെയും വിശ്വാസികളെയും നാണം കെടുത്തിയത്. അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൃശ്ശൂര്‍ ചാലക്കുടിയില്‍ നിന്നാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. സംഭവം ഒതുക്കിത്തീർക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിന് വേറെയും അച്ചന്മാരും കന്യാസ്ത്രീകളും ഈ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു.

കേവലം പതിനാലുകാരിയായ ഇടവകാംഗത്തെ പള്ളിമേടയിൽ വച്ച്
പീഡിപ്പിച്ചതിന് ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക്  കീഴിലുള്ള പുത്തൻവേലിക്കര പറങ്കി നാട്ടിയ കുരിശ് ലൂർദ്ദ്മാതാ പള്ളി വികാരിയായിരുന്ന ഫാ.എഡ്‌വിൻ ഫിഗറസ് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. അറിയപ്പെടുന്ന ധ്യാനഗുരുവും ഗായകനും എഴുത്തുകാരനും പ്രഭാഷകനുമായ, വിദേശങ്ങളിലുൾപ്പടെ ധ്യാനിപ്പിക്കാൻ പോകുന്ന ഈ "അച്ചൻ" മാസങ്ങളോളം ഒളിവിൽ പോയതിനു ശേഷമാണ് നിയമത്തിന് കീഴടങ്ങിയത്.   

2013 ജൂലൈയിൽ വാളയാര്‍ ചന്ദ്രാപുരത്തെ സ്റ്റെന്‍സിലാസ് പള്ളിക്കടുത്തുള്ള വികാരിയുടെ വസതിയിൽ ഫാത്തിമ സോഫിയ എന്ന 17കാരിയെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട കേസില്‍
പള്ളിയിലെ വികാരിയായിരുന്ന ഫാദര്‍ ആരോഗ്യരാജിനെ പോലീസ് അറസ്റ്റ് ചെയ്തത് 2015 ഡിസംബറിലാണ്. ആദ്യമെല്ലാം ആത്മഹത്യയായി കണക്കാക്കപ്പെട്ടിരുന്ന കേസിൽ, കുട്ടിയുടെ മാതാവ് സ്വന്തം നിലയിൽ നടത്തിയ ചില അന്വേഷണങ്ങളാണ് സംഭവം കൊലപാതകമായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടിയത്. കേസിനെപ്പറ്റി അറിവുണ്ടായിരുന്നിട്ടും വിവരം പോലീസില്‍ അറിയിക്കാതെ മറച്ചുവച്ചുവെന്ന കേസില്‍ ഒളിവിലായിരുന്ന നാല് പുരോഹിതര്‍ കൂടി അറസ്റ്റിലായിട്ട് ഒരുപാട് കാലമൊന്നും കഴിഞ്ഞിട്ടില്ല. 


2014-ൽ, ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ്‌ പള്ളി ഇടവകയിലെ ദരിദ്ര ബാലികയെ ആദ്യ കുർബാന സ്വീകരണ വസ്ത്രം വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനം നല്കി പീഡിപ്പിച്ചിട്ട്‌ മുങ്ങിയ "വൈദികന്‍" രാജു കൊക്കൻ ഇപ്പോൾ എവിടെയാനിന്നോ ആ കേസ് എന്തായെന്നോ പൊതുസമൂഹത്തിന് അജ്ഞാതമാണ്.  


ആഢംബര വാഹനങ്ങളിൽ വിനോദയാത്രയും മുന്തിയ ഹോട്ടലുകളിൽ അത്താഴവിരുന്നും നൽകി ആകർഷിച്ച് ആൺ​കു​ട്ടി​ക​ളെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച പള്ളി വികാരി മുങ്ങിയത് ഏറണാകുളം നഗര മധ്യത്തിൽ നിന്നാണ്. പള്ളിയിൽ ഭക്ത സംഘടനകളിലും വേദ പഠനത്തിനും എത്തുന്ന ആണ്‍കുട്ടികളെ ​സ്ഥി​ര​മാ​യി​ ​വൻ​കി​ട​ ​ഹോ​ട്ട​ലു​ക​ളിൽ​ ​അ​ത്താ​ഴ​വി​രു​ന്നി​നും മറ്റും കൊണ്ട് പോയിട്ടായിരുന്നു ഇയാൾ കുട്ടികളെ തന്റെയടുത്തേക്ക് വലവീശിപ്പിടിച്ചിരുന്നത്. ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2014-ൽ ആണ്. 

ഒരു വൈദീകന്റെ ലൈംഗീക ഇംഗിതത്തിന് വഴങ്ങാതിരുന്ന കാരണം പറഞ്ഞ് തന്നെ കോണ്‍വന്റില്‍ നിന്ന് പുറത്താക്കി എന്നും പീഡന ശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സഭാ കോണ്‍വെന്റില്‍ നിന്നും പുറത്താക്കപ്പെട്ട തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഒരു  കന്യാസ്ത്രീ പൊലീസിന് പരാതി നല്‍കിയതും പത്രവാർത്തയായിരുന്നു. ആലുവയിലെ സഭാ കോണ്‍വെന്റില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവനില്‍ അഭയം തേടിയ കന്യാസ്ത്രീ, സിസ്റ്റര്‍ അഭയയ്ക്ക് സംഭവിച്ചതു പോലെ തനിക്കും നേരിടേണ്ടിവരുമോ എന്ന ആശങ്ക പ്രകടിപ്പിച്ചതും മദ്ധ്യപ്രദേശിലെ ഒരു കോണ്‍വെന്റില്‍ സേവനം അനുഷ്ടിച്ചു വരവെ കോണ്‍വെന്റിനോട് ചേര്‍ന്നുള്ള പള്ളിയിലെ ധ്യാനഗുരുവും ഇടുക്കി സ്വദേശിയുമായ വൈദികന്‍ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചതും ഒരു വൈദികന്റെ അനാശാസ്യം താന്‍ കണ്ടതിനെത്തുടര്‍ന്ന് വികാരി മദര്‍ സൂപ്പീരിയറെ സ്വാധീനിച്ച് തന്നെ ഇറ്റലിയിലേക്ക് പറഞ്ഞുവിട്ടുവെന്ന് വെളിപ്പെടുത്തിയതുമെല്ലാം ഞെട്ടലോടെയാണ് വിശ്വാസി സമൂഹവും പൊതുസമൂഹവും ശ്രവിച്ചത്. 

ഇതിനൊക്കെ പുറമെ കുഞ്ഞാടുകളുടെ ദാമ്പത്യജീവിതത്തിനിടയിൽ പല വിധേന കടന്നു കയറി അവരുടെ കുടുംബസമാധാനവും ദാമ്പത്യഭദ്രതയും നശിപ്പിക്കുന്ന തരത്തിലുള്ള അവിഹിതബന്ധങ്ങൾ പോലുള്ള ലൈംഗികാപവാദകേസുകൾ വേറെയും.

അഭയ കേസും സമാന കേസുകളും ഇപ്പോഴും നീതിപീഠങ്ങളുടെ മുന്നിലും വിശ്വാസികളുടെ മനസ്സിലും തീ കെടാതെ നീറി നീറി അവശേഷിക്കുന്നു. ഇടയ്ക്കിടെ ഒറ്റക്കും തെറ്റക്കും ഓരോ അറസ്റ്റ് വാർത്തകൾ കേൾക്കുന്നുണ്ടെന്നത് ഒഴിച്ച് നിർത്തിയാൽ, ഈ കേസുകളുടെ എല്ലാം ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും ഇതിലെ ആരോപിതർക്കെതിരെ അതത് സഭകൾ എന്ത് നടപടി എടുത്തു എന്നതും പൊതുജനത്തിനും, വിശിഷ്യാ വിശ്വാസികൾക്കും അജ്ഞാതമാണ്.

കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനമേറ്റ ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയിലെ വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ സംബന്ധിച്ചെടുത്ത ഒരു സുപ്രധാന നടപടിയായിരുന്നു, അത്തരം കുറ്റവാളികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന്, ഇതു സംബന്ധിച്ചുള്ള കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡോക്റ്ററിന്‍ ഓഫ് ഫെയ്ത്ത് മേധാവി ബിഷപ് ജെറാള്‍ഡ് മുള്ളര്‍ക്കു മാര്‍പ്പാപ്പ നല്കിയ നിര്‍ദേശം. സഭയിലെ പുരോഹിതര്‍ ഉള്‍പ്പെട്ട ബാല പീഡന കേസുകളില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാർപ്പാപ്പയുടെ ഈ നിർദ്ദേശം വന്ന് ഏറെ കഴിഞ്ഞാണ്,  കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കത്തോലിക്കാ സഭയിലെ പുരോഹിതരെ ഉടന്‍ പുറത്താക്കണമെന്ന് ഐക്യരാഷ്ട്രസഭ കത്തോലിക്കാ സഭയോട് ആവശ്യപ്പെട്ടത്. അത്തരക്കാരെ ഉടന്‍ പോലീസിന് കൈമാറണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള യു.എന്‍. സമിതി വത്തിക്കാനോട് ആവശ്യപ്പെട്ടു. പുരോഹിതര്‍ക്കെതിരായ ആരോപണം പരിശോധിക്കുന്നതിന് ഐക്യരാഷ്ട്രസഭ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഭയ്‌ക്കെതിരെ കടുത്ത വിമര്‍ശവുമായി യു.എന്‍. രംഗത്തെത്തിയത്. ലോകവ്യാപകമായി പതിനായിരക്കണക്കിന് കുട്ടികളെ കത്തോലിക്കാ പുരോഹിതര്‍ പീഡിപ്പിച്ചതായി പറയുന്ന റിപ്പോര്‍ട്ടില്‍, ഇതിന്റെ വ്യാപ്തി മനസ്സിലാക്കുന്നതില്‍ സഭയ്ക്ക് തെറ്റുപറ്റിയതായി കുറ്റപ്പെടുത്തിയിരുന്നു. ആരോപിതരായ പുരോഹിതരെ വിവിധ ഇടവകകളിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്;  ചുരുക്കം ചിലരെ മാത്രം രാജ്യത്തിന് പുറത്തേക്ക് മാറ്റി; ഇത്തരക്കാരില്‍ പലരും ഇപ്പോഴും സ്വതന്ത്രരായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനെത്തിയ യു.എന്‍. കമ്മീഷന് മുമ്പാകെ ഇത്തരം പാരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ വത്തിക്കാന്‍ വിസമ്മതിച്ചിരുന്നു. നിയമനടപടികളുടെ ഭാഗമായി മറ്റൊരു രാജ്യം ആവശ്യപ്പെട്ടാല്‍ മാത്രമേ, ഇത്തരം വിവരങ്ങള്‍ നല്കൂവെന്നാണ് അന്ന് സഭ സ്വീകരിച്ച നിലപാട്. കുറ്റം ചെയ്ത പുരോഹിതരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സഭയുടെ നിലപാടിനെതിരെ അന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ സഭ കാര്യമായ ഇടപെടലുകള്‍ നടത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളിലും അധികാര കേന്ദ്രങ്ങളിലും സ്വാധീനം ഉപയോഗിച്ച് സംഭവം പൊതു ചർച്ചക്ക് വരാതെ സൂക്ഷിക്കാൻ സഭ എന്നും ശ്രമിച്ചിട്ടുമുണ്ട്. 

ഇന്ന് ഏത് പത്രമെടുത്താലും മാധ്യമം ഓണ്‍ ചെയ്താലും ജാതി മത ഭേദമില്ലാതെ പുരോഹിതരും ദിവ്യന്മാരും ഉൾപ്പെട്ട ലൈംഗികാപവാദ കേസുകൾ കാണാം. പക്ഷെ കത്തോലിക്ക പുരോഹിതന്മാർ ഉൾപ്പെടുമ്പോൾ മാത്രം അതിനെന്ത്‌ പ്രത്യേകത ആണെന്നല്ലേ ? മറ്റൊരു മതത്തിലും പുരോഹിതരുടെ നിർദ്ദേശങ്ങളും കൽപ്പനകളും അണുവിട തെറ്റാതെ ജീവിക്കേണ്ട ബാധ്യത അനുയായികൾക്കില്ല എന്നത് കൊണ്ട് തന്നെ. മറ്റു മതസ്ഥർക്ക്, തങ്ങൾക്കു താൽപ്പര്യമില്ലെങ്കിൽ അവരുടെ ആരാധനാലയങ്ങളിൽ പോകാതിരിക്കാം; മത നേതാക്കളുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കാം...പക്ഷെ അതിന്റെ പേരിൽ അവരുടെ കുടുംബത്തിൽ നടക്കേണ്ട ചടങ്ങുകൾ നടത്തിക്കൊടുക്കില്ല എന്ന് പറയാൻ തക്ക അധികാരം അവരുടെ മത സംവിധാനങ്ങൾക്കില്ല എന്നതാണ് വസ്തുത. മറ്റേതു മത വിഭാഗങ്ങളെക്കാളും പൌരോഹിത്യ അധികാര ശ്രേണിയോട് കീഴ് വഴങ്ങി ജീവിക്കാൻ നിർബന്ധിതതരായ ഒരു വിശ്വാസി സമൂഹം എന്ന നിലയിൽ കത്തോലിക്കാ വിശ്വാസികൾക്ക് വേണ്ടത്ര സുരക്ഷിതത്വ ബോധം പകർന്നു നൽകാൻ സഭയ്ക്ക് ഭാരിച്ച ഉത്തരവാദിത്തമുണ്ട്.

ക്രൈസ്തവ സമൂഹം വളരെയധികം പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തിലാണ്. ആയിരക്കണക്കിന് കണക്കിന് വിശ്വാസികള്‍ക്ക് സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അത് വഴി ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീക്ഷ്ണതയും കുറഞ്ഞു കൊണ്ടിരിക്കുന്നു. "ഘർ വാപ്പസി" പോലുള്ള വെല്ലുവിളികൾ സജീവമായി നിൽക്കുന്നു. ഈ സ്ഥിതിയിൽ, ചുറ്റും നടക്കുന്ന കൊള്ളരുതായ്മകളെ കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ട് "ഇതങ്ങു നടന്നു പൊയ്ക്കൊള്ളും" എന്ന മട്ടില്‍ തുടർന്നാൽ, സഭ അധിക നാള്‍ ഈ രീതിയിൽ മുന്‍പോട്ടു പോകാൻ സാധ്യതയില്ല. കുഞ്ഞാടുകളുടെ മേൽ കൈ വയ്ക്കാൻ മുതിരുന്ന ഇടയന്മാരെ ചുമ്മാ സ്ഥലം മാറ്റി സംരക്ഷിക്കുന്നതിനു പകരം നിയമത്തിനു വിട്ടു കൊടുത്ത് മാതൃക കാണിക്കണം. അച്ചന്‍മാരും മനുഷ്യരാണ് എന്നും അവരുടെ പ്രവൃത്തി നോക്കണ്ട വചനം നോക്കിയാൽ മതി എന്നും ഓർമ്മ വച്ച കാലം മുതൽ ഞാനടക്കമുള്ള എല്ലാ നസ്രാണികളും കേട്ടിട്ടുണ്ടാവണം. ഈയൊരു ലൂപ് ഹോളിൽ തൂങ്ങി നിന്ന് കൊണ്ട്, പരക്കെ വൈദികരെ മൊത്തത്തിൽ കുറ്റപ്പെടുത്തുകയോ പ്രതിക്കൂട്ടിൽ നിർത്തുകയോ തിരുസഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നാണ് മേൽപ്പറഞ്ഞ ഉപദേശത്തിന്റെ വിവക്ഷ. മനുഷ്യൻ എന്ന നിലയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ആവാത്തവ തന്നെയാണ്. പക്ഷെ അവയെ മൂടി വയ്ക്കാനും നിസ്സാരവല്ക്കരിക്കാനും ശ്രമിക്കുമ്പോഴാണ് അതെല്ലാം കൊടിയ അപരാധങ്ങൾ ആവുന്നത്. മൂടി വയ്ക്കാൻ ശ്രമിച്ചിട്ട് വാർത്തയാകുമ്പോൾ ഉണ്ടാകുന്ന അഴുകിയ നാറ്റത്തോളം വലുതല്ല ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ സ്വീകരിക്കുന്ന മാതൃകാപരമായ നടപടികൾ മൂലം ഉണ്ടാകുന്ന നാറ്റം. തെറ്റ് ചെയ്യുന്നവർ ആരായാലും അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം; അത് ആടായാലും ഇടയനായാലും...


STOP PRESS : യൂണിഫോം ഇട്ട എല്ലാ വിഭാഗങ്ങളുടെയും ഒരു ഗതി കേടുണ്ട്. ഒരാൾ കാണിക്കുന്ന മോശം കാര്യത്തിനും ആ കുപ്പായം ഇട്ട മറ്റുള്ളവരും അടച്ചു പഴി കേൾക്കും. അത് പൊലീസോ പട്ടാളമോ പള്ളീലച്ചനോ കന്യാസ്ത്രീയോ ആരായാലും.... വിരലിൽ എണ്ണാവുന്ന കുറച്ച് പേർ ചെയ്യുന്ന നെറികേടുകൾ മൂലം, ഇതേ കുപ്പായമിട്ട് തെറ്റ് ചെയ്യാതെ യഥാർത്ഥ ത്യാഗ ജീവിതം നയിക്കുന്ന പാവം പിടിച്ച മനുഷ്യജന്മങ്ങൾ അനുഭവിക്കുന്ന അവഹേളനവും മനോവ്യഥകളും മാത്രം മതി, ഈ വഴിതെറ്റിയ ഇടയന്മാരും അവരെ പൊതിഞ്ഞു പിടിക്കുന്നവരും, കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള ഭീകരനരകത്തിൽ നിപതിക്കാൻ....

ഇതേ വിഷയത്തിൽ ഇതിനു മുൻപെഴുതിയ പോസ്റ്റ്‌ വായിക്കാൻ താഴെ ക്ലിക്ക് ചെയ്യുക... ഇടയന്മാര്‍ കുഞ്ഞാടുകളുടെ ഇറച്ചിയുടെ രുചി നോക്കുമ്പോള്‍....



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

8 comments:

  1. I do agree with your arguments, and it is very true that the church was and is wrong in covering up these kinds of issues. I am a religious myself, do feel very bad about these happenings.

    But we must always see why the church and the priest are attacked more than anyone... may be your last argument is one of the reasons and i feel that is not the only reason but there are many more, from the point of view of morality and the from the hidden agendas to attack the church.

    But, today i feel things are made more transparent and clear. It the church does not cover up the issues any more and it is made clear to every religious that the congregation or the diocese will stand with the victim (the person affected), and the accused will be taken to the law.

    ReplyDelete
    Replies
    1. But to my best understanding, it happens only after exerting maximum possible pressure to hush up the news by influencing the victims.

      Delete
  2. talparyamillathe sabhayil cherunnavarakam inganeyokke cheyyunnavar,...,ithupole cheyyunna swamimarum anavadhiyanu...madrasakalile usthadmaril palarum swavargarathiyude vakthakkalanu...ivareyonnum aarum sikshikkarilla...aalukal manushyarekkal mathathinu pradhanyam kodukunnathanu ithinte karanam...palarum purohithanmarkko swamimarkko ethire samsarichal daivakopam varum enna midhya dharana ullavaranu..madrasakalile karyam pinne parayukayum venda.. pinne panam oru factor aanu ...vella chuttiya ammachi 100 kodi koduthu thante ithuvareyulla paapangalellam kazhuki kalanjille ?

    ReplyDelete
    Replies
    1. വിശ്വാസികളുടെ അറിവില്ലായ്മയും ഭയവും ചൂഷണം ചെയ്താണിവർ അവരുടെ തന്നെ ചിലവിൽ തിന്നു കൊഴുക്കുന്നതും അവരെ തന്നെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും...

      Delete
  3. Religion is not for followers but for priests.

    ReplyDelete
  4. I agree but think priests should be allowed to marry and women should also be allowed to become priests. Let women priests deal with their own gender and vice versa.
    Finally if someone errs then they should face the music and must be handed over to Police Immediately.

    ReplyDelete
  5. നന്നായിട്ടെഴുതിയിട്ടുണ്ട്.

    ReplyDelete