ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരുംഭാരം താങ്ങിത്തളരുന്നവരേ ഭാഗ്യം നിങ്ങളെത്തേടി നടപ്പൂ..
വരുവിന്‍ - നിങ്ങള്‍ വരുവിന്‍.. മായമില്ല മന്ത്രമില്ല ജാലവുമില്ല...
ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും...
എന്ന് തുടങ്ങുന്ന സിനിമാപ്പാട്ട് ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ ഹിറ്റായിരുന്നു; പ്രേം നസീറും ഷീലയും കെ പി ഉമ്മറും അടൂർഭാസിയുമെല്ലാം അഭിനയിച്ച "ലോട്ടറി ടിക്കറ്റ്" എന്ന സിനിമയിലെ ഗാനമായിരുന്നു അത്.
നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകളാണിപ്പോൾ വിൽപ്പന നടന്നു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ നിരവധി അനവധി സമ്മാനങ്ങൾ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. 2023 സെപ്റ്റംബർ ഇരുപതാം തിയതിയുടെ പൊൻ പ്രഭാതം വിടരുമ്പോൾ ഭാഗ്യദേവത നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുടെയും പ്രാർത്ഥന. കേവലം 500 രൂപയാണ് ടിക്കറ്റ് വില. നാളിത് വരെ നിരവധി ഭാഗ്യവാന്മാരെ കണ്ടെത്തിയ സി വിദ്യാധരൻ മഞ്ജുള ബേക്കറി ആലപ്പുഴ എന്ന അംഗീകൃത ഏജൻസിയുടെ പ്രചരണ വിതരണ വാഹനമാണ് നിങ്ങളെ സമീപിക്കുന്നത്. നാളെയാണ് നാളെയാണ് നാളെയാണ്. ഭാഗ്യദേവത നിങ്ങളെ മാടി വിളിക്കുന്നു. അറക്കാതെ മടിക്കാതെ കടന്നു വരൂ. ഒരു ടിക്കറ്റെടുക്കൂ. ഭാഗ്യമൊന്നു പരീക്ഷിക്കൂ. ഇത് കേരളമാകെ മുഴങ്ങിക്കേട്ടിരുന്ന ഒരു ലോട്ടറി പരസ്യത്തിന്റെ ഏകദേശ രൂപമാണ്.
ഒരു എളുപ്പത്തിൽ വലിയ പണക്കാരനാകാൻ ആഗ്രഹിക്കാത്ത എത്ര ആളുകൾ ഉണ്ടാകും !? പണക്കാരനാകുക എന്നാഗ്രഹമുള്ള ഏതൊരുവനെയും പ്രലോഭിപ്പിക്കുന്നതാണ് ആദ്യമേ പറഞ്ഞ ഗാനത്തിലെയും പരസ്യത്തിലേയും വാഗ്ദാനങ്ങൾ.
വെറും അരലക്ഷം രൂപ സമ്മാനത്തുകയുമായി 1968 ജനുവരി 26-ന് ആദ്യ നറുക്കെടുപ്പ് തുടങ്ങിയ കേരളം സർക്കാർ ഭാഗ്യക്കുറി 50 വർഷം കഴിഞ്ഞ് ഒരു തളർച്ചയുമില്ലാതെ മുന്നേറുകയാണ്. ഇന്ന് ഇരുപത്തഞ്ച് കോടി രൂപ ഒന്നാം സമ്മാനമായി കൊടുക്കുന്ന നിലയിലേക്ക് നമ്മുടെ ഭാഗ്യക്കുറി എത്തിനിൽക്കുമ്പോൾ, തീർത്തും അത്ഭുതം തോന്നാം. കഴിഞ്ഞ ഓണം ബംബറായിരുന്നു ഇരുപത്തഞ്ച് കോടിയുമായി നമ്മുടെ ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം കൊടുത്തത്.
രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലത്ത് സോഷ്യലിസ്റ് നേതാവ് പി കെ കുഞ്ഞ് ധനമന്ത്രിയായിരിക്കുമ്പോഴാണ് കേരള ലോട്ടറി ആരംഭിച്ചത്. കായംകുളത്തെ എംഎസ്എം ട്രസ്റ്റിന്റെ ചെയർമാനായിരിക്കെ എംഎസ്എം കോളേജിന്റെ ധനശേഖരണാർഥം ഭാഗ്യക്കുറി നടത്തിയുള്ള മുൻ പരിചയമാണത്രെ സർക്കാർ തലത്തിൽ ലോട്ടറി തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരു രൂപ ടിക്കറ്റ് വിലയിൽ 1967 ജൂലൈയിൽ നടത്തിയ ഈ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 20,000 രൂപയും ഒരു അംബാസഡർ കാറും ആയിരുന്നത്രെ. കായംകുളത്തു മാത്രമല്ല, കൊച്ചിയിൽ വരെ ആ ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ വിറ്റതായി പറയപ്പെടുന്നു.
തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമമെന്ന നിലയിൽ മറ്റു പല പദ്ധതികളും ആലോചിച്ചെങ്കിലും അവസാനം ലോട്ടറി പദ്ധതിയിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, ഭാഗ്യക്കുറി നടത്തിയാൽ തൊഴിലില്ലാത്തവർക്ക് അതൊരു തൊഴിലും സർക്കാരിന് സാമ്പത്തികലാഭവും ആകുമെന്ന വിലയിരുത്തലിലാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യ നടപടി എന്ന നിലയിൽ 1967 സെപ്തംബറിൽ ലോട്ടറി വകുപ്പ് തുടങ്ങി. പി കെ സെയ്ദ് മുഹമ്മദായിരുന്നു ആദ്യ ലോട്ടറി ഡയറക്ടർ. 1967 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ആദ്യ ടിക്കറ്റിന്റെ വിൽപ്പന തുടങ്ങിയത്. 1968 ജനുവരി 26-നായിരുന്നു ഈ ടിക്കറ്റിന്റെ നറുക്കെടുപ്പ്. ആ ലോട്ടറിക്ക് ഇന്നത്തെപ്പോലെ പ്രത്യേകിച്ച് പേരില്ലായിരുന്നു. കേരള സർക്കാർ ഭാഗ്യക്കുറിയുടെ ആദ്യത്തെ സമ്മാനത്തിനുടമ ആരായിരുന്നു എന്ന് സർക്കാർ രേഖകളിൽപ്പോലും ഇല്ലെന്നതാണ് വാസ്തവം. 1991 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തിൽ വന്ന ലോട്ടറിക്ക് "കൈരളി" എന്ന പേര് കൊടുത്തത് മുതലാണ് ലോട്ടറിക്ക് പേര് കൊടുക്കുന്ന രീതി തുടങ്ങുന്നത്.
പക്ഷെ, ലോട്ടറിയുടെ കഥ തുടങ്ങുന്നത് കേരളത്തിൽ നിന്നൊന്നുമല്ല. ക്രിസ്തുവിനും മുൻപ് റോമാ സാമ്രാജ്യത്തിലെ ചില പ്രഭുക്കന്മാർ നടത്തിയ ലോട്ടറിയെപ്പറ്റി ബ്രിട്ടാനിക്കയിൽ വിവരങ്ങൾ ഉണ്ട്. ആ ലോട്ടറിയുടെ സമ്മാനം ഒരടിമയായിരുന്നു. 1530-ൽ ഇറ്റാലിയൻ സർക്കാർ നേരിട്ട് ലോട്ടറി നടത്തിയതായും രേഖകൾ ഉണ്ട്. പിന്നീട് ഫ്രാൻസും ബ്രിട്ടനും ഈ പാത പിന്തുടർന്ന് സർക്കാർ മേൽനോട്ടത്തിൽ ലോട്ടറി നടത്തി. ഇന്ത്യയിൽ ആദ്യമായി ലോട്ടറി നടത്തിയത് 1850-ൽ മദ്രാസ് ഗവർണറായിരുന്ന ചാൾസ് ട്രെവലിയനായിരുന്നു. ഇന്നത്തെ മദ്രാസിലെ മൂർ മാർക്കറ്റും മറ്റും തുടങ്ങിയത് ഈ ലോട്ടറിയുടെ ലാഭം കൊണ്ടായിരുന്നത്രെ. പഴയ തിരുവിതാകൂറിനും ലോട്ടറി നടത്തിയ ചരിത്രമുണ്ട്. ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരം പുനർനിർമിക്കാനുള്ള ധനസമാഹരണത്തിനായി ആയില്യം തിരുനാൾ രാജാവ് "ലാട്ടർ ചിട്ടി" എന്ന പേരിൽ ഒരു ഭാഗ്യക്കുറി തുടങ്ങിയാതായി പറയപ്പെടുന്നു. അന്നത്തെ കൊട്ടാരം വൈദ്യനും ചരിത്രകാരനുമായ പാച്ചുമുത്തിന്റെ ആശയമാണിതെന്ന് കരുതപ്പെടുന്നു. കേരള കലാമണ്ഡലം സ്ഥാപിക്കാനായി ധനശേഖരണാർഥം 1927-ൽ മഹാകവി വള്ളത്തോൾ ഒരു ഭാഗ്യക്കുറി നടത്തിയിരുന്നതായും രേഖകളിലുണ്ട്.
ലോട്ടറികൾ ആൾക്കൂട്ട ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഒരു സർക്കാർ തന്നെ ചൂതാട്ടം നടത്തി പണമുണ്ടാക്കുന്നു എന്നുമുള്ള വിമർശനം ലോട്ടറിയെപ്പറ്റി ഉണ്ട്. ലോട്ടറി എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയാം. എനിക്ക് ഒരു പശു ഉണ്ടെന്ന് വിചാരിക്കുക. അതിന് 50 റൂബിളാണ് വില. ഞാന്‍ ലോട്ടറി വഴി ഈ പശുവിനെ വില്‍ക്കാന്‍ തീരുമാനിക്കുന്നു. ഞാന്‍ ആളുകള്‍ക്ക് ഒരു റൂബിള്‍ നിരക്കില്‍ ഈ പശു ലോട്ടറി വിതരണം ചെയ്യുന്നു. വെറും ഒരു റൂബിള്‍ നിരക്കില്‍ ഏതൊരാള്‍ക്കും പശുവിനെ സ്വന്തമാക്കാന്‍ അവസരമുണ്ട്. ആളുകള്‍ പ്രലോഭിതരാകും. റൂബിള്‍ വാരി വിതറും. എനിക്ക് ഒരു നൂറ് റൂബിള്‍ കിട്ടുമ്പോള്‍ ഞാന്‍ ലോട്ടറി നറുക്കെടുക്കും. ആരുടെ നമ്പറാണോ അടിക്കുന്നത് അയാള്‍ക്ക് ഒരു റൂബിള്‍ ചെലവില്‍ പശുവിനെ കിട്ടും. ബാക്കിയാര്‍ക്കും ഒന്നും ലഭിക്കില്ല. ചുളുവിലക്ക് ആളുകള്‍ക്ക് പശുവിനെ കിട്ടിയോ? ഇല്ല. പശുവിന്റെ യഥാർത്ഥ മൂല്യത്തെക്കാള്‍ ഇരട്ടിയാണ് അവരെല്ലാവരും കൂടി മുടക്കിയത്. എന്നാൽ, രണ്ടേ രണ്ടുപേര്‍; ലോട്ടറി നടത്തിയ ആളും ലോട്ടറി അടിച്ച ആളും ഒരു പണിയുമെടുക്കാതെ നേട്ടം കൊയ്തു. പണം നഷ്ടമായ 99 ശതമാനം പേരുടെ ചിലവിലാണ് ഈ നേട്ടമുണ്ടാക്കല്‍. അതിനാല്‍ ലോട്ടറി ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് പറയുന്നവര്‍ ലളിതമായി പറഞ്ഞാല്‍ ജനങ്ങളെ ചതിക്കുകയാണ്. ഇത് ഞാൻ പറയുന്നതല്ല. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് സഖാവ് ലെനിൻ ലോട്ടറിയെ വിമർശിച്ച് കൊണ്ട് പറഞ്ഞതാണ്.
വിമർശനങ്ങളെ അതിന്റെ വഴിക്ക് വിട്ടാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ലോട്ടറി എന്ന നിലയിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. കേരളത്തിന്റെ മാതൃക അനുകരിച്ച് പല സംസ്ഥാനങ്ങളും ഒന്നിനു പുറകെ ഒന്നെന്ന നിലയിൽ ലോട്ടറി നടത്തിത്തുടങ്ങി. അര നൂറ്റാണ്ടിനു മുകളിൽ മലയാളികൾ ഭാഗ്യം തേടി നടത്തിയ യാത്രയിൽ പതിനായിരക്കണക്കിന് ലക്ഷാധിപതികളെയും നൂറ് കണക്കിന് കോടീശ്വരന്മാരെയും സൃഷ്ടിച്ചു. തൊഴിലില്ലാത്ത ആളുകൾക്ക് വലിയൊരു ആശ്വാസമായിരുന്നു സർക്കാർ ഭാഗ്യക്കുറി. എണ്ണിയാലൊടുങ്ങാത്തത്ര ആളുകൾക്ക് തൊഴിൽ ഉണ്ടാക്കിക്കൊടുക്കാൻ ലോട്ടറി കൊണ്ട് സാധിച്ചു. ദാരിദ്ര്യത്തിലും ആശ്രയമില്ലായ്മയിലും പെട്ട് ജീവിതം വഴിമുട്ടിപ്പോയ സ്ത്രീകൾ, അംഗപരിമിതർ, രോഗികൾ തുടങ്ങി ഒട്ടേറെ ആളുകൾക്ക് ജീവിതമാർഗം കാട്ടിക്കൊടുക്കാൻ ലോട്ടറി സംവിധാനത്തിന് കഴിയുന്നുണ്ട്.
ഉപഭോക്താക്കൾ എന്ന നിലയിൽ അധികപക്ഷം ആളുകളും സമ്മാനം പ്രതീക്ഷിച്ചാണ് ടിക്കറ്റെടുക്കുന്നതെങ്കിലും, ബൃഹത്തായ ഈ ഉപഭോക്‌തൃ സമൂഹത്തിന്റെ കാരുണ്യമാണ് ഭാഗ്യക്കുറി ലോട്ടറിത്തൊഴിലാളികളെ നിലനിർത്തുന്നത്. ലോട്ടറിത്തൊഴിലാളികൾ, മാത്രമല്ല, ലോട്ടറി വകുപ്പും അതിലെ ജീവനക്കാരും സർക്കാരും ലോട്ടറിയെടുക്കുന്നവരുടെ വിയർപ്പിന്റെ ഫലം അനുഭവിക്കുന്നവരാണ്. പരസ്യങ്ങൾ വഴി മാധ്യമ സ്ഥാപനങ്ങളും സമ്മാനത്തുകകൾ നിക്ഷേപിക്കപ്പെടുന്ന ബാങ്കുകളും സമ്മാനത്തുക വിപണിയിൽ ചിലവഴിക്കപ്പെടുന്നതിലൂടെ പൊതുസമൂഹവും ഇതിന്റെ ഗുണം അനുഭവിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ലോട്ടറിസംവിധാനം ചെയ്യുന്ന സാമ്പത്തികവിതരണവും സഹായങ്ങളും ചെറുതല്ല.
വൽക്കഷണം : ലോട്ടറിയെടുക്കുന്നവരോടാണ്. ചെറിയ ഒരു തുക ചിലവാക്കി വലിയ പണം സമ്പാദിക്കാനുള്ള ശ്രമം എന്ന നിലയിൽ വല്ലപ്പോഴും ഒരു ഭാഗ്യക്കുറി എടുക്കുന്നതിൽ വലിയ കുഴപ്പമൊന്നുമില്ല. പക്ഷെ സ്വന്തം വരവിനും ചിലവിനും ആനുപാതികമല്ലാതെയും കടം വാങ്ങിയും ലോട്ടറി എടുക്കുന്നതും ലോട്ടറിയെടുക്കൽ ഒരു അടിമത്തം (അഡിക്ഷൻ) ആയിപ്പോകുന്നതും ഒരു വ്യക്തിയുടെയും അയാളെ ആശ്രയിച്ചു കഴിയുന്നവരുടെയും സാമ്പത്തിക ഭദ്രതയെ തന്നെ അപകടത്തിലാക്കുന്ന കാര്യമായതിനാൽ വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഒന്നാണ് ലോട്ടറി പരിപാടി എന്നാണ് എന്റെ അഭിപ്രായം