മലയാളികളുടെ സ്വന്തം SBT (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ) ഓർമ്മയായത് 2017 ഏപ്രിൽ 1-നായിരുന്നു. അന്ന് SBT, ഭാരതീയ സ്റ്റേറ്റ് ബാങ്കി (SBI) ൽ ലയിച്ചതോടെ ഇല്ലാതായത് ബാങ്കിങ്ങിലെ മലയാളിയുടെ പ്രിയപ്പെട്ട ട്രാവൻകൂർ ലെഗസിയാണ്. മലയാളിയെ സംബന്ധിച്ച് ഒരു പ്രത്യേക ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന പേരിൽ തുടങ്ങപ്പെട്ട ഒരു സ്ഥാപനമോ ഒരു സുപ്രഭാതത്തിൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിൽ രൂപം കൊണ്ട് കാലക്രമത്തിൽ എസ്.ബി.ഐ. ആയി മാറിയ ഒന്നിൽ ചുമ്മാ ലയിച്ച ഒരു സ്ഥാപനമോ അല്ല അത്; മറിച്ച് കേരളത്തിനും മലയാളിക്കും ബാങ്കിങ്ങുമായി ബന്ധപ്പെട്ട് ഗൃഹാതുരതയേറ്റുന്ന ഒരുകൂട്ടം ഓർമ്മകൾ കൂടിയാണ്.
സ്വാതന്ത്ര്യലബ്‌ധിക്ക് മുൻപ് രാജഭരണത്തിലായിരുന്നു തിരുവിതാംകൂർ സംസ്ഥാനത്ത് ഒരു കോടി രൂപ മൂലധനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ തുടങ്ങിയ ധനകാര്യ സ്ഥാപനമാണ് SBT യുടെ പ്രാഗ്‌രൂപം. കമ്പനി കാര്യ വകുപ്പിന്റെ പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 1945 സെപ്തംബർ 12-നാണ് ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിതമായത്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ ബാങ്ക് എന്നത്. ഇതിന് മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ ആണ് അനുമതി നൽകിയത്. തിരുവനന്തപുരത്ത് അന്നത്തെ സെക്രട്ടറിയേറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഹജൂർ കച്ചേരി കെട്ടിടമാണ് ബാങ്കിന്റെ പ്രധാനപ്രവർത്തനങ്ങൾക്കായി ലഭിച്ചത്. ആന കച്ചേരി എന്നും ഈ കെട്ടിടത്തിന് വിളിപ്പേരുണ്ടായിരുന്നു. തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമായിരുന്ന രണ്ട് ആനകൾ ഉൾപ്പെട്ട ഒരു എംബ്ളമായിരുന്നു ട്രാവൻകൂർ ബാങ്കിന്റേതും എന്ന് കരുതപ്പെടുന്നു. ട്രാവൻകൂർ ബാങ്ക് ആരംഭിക്കുന്ന കാലത്ത് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ദേശീയ ബാങ്കുകൾ മാത്രമായിരുന്നു തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്നത്. പിന്നെ ഉണ്ടായിരുന്നത് അടൂർ ബാങ്ക് പോലെയുള്ള പ്രാദേശിക ബാങ്കുകളായിരുന്നു.
1946-ൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായി. ശേഷം, ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ SBI Subsidiary Banks Act, 1959 പ്രകാരം 1960-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ സബ്സിഡിയറി ബാങ്കായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ട്രാവൻകൂർ ബാങ്ക്, അതോടെ കേരളത്തിലെ ബാങ്കിങ് മേഖലയുടെ നെടുംതൂണായി മാറി. തുടർന്ന് ഒട്ടേറെ പ്രാദേശിക ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ലയിപ്പിക്കപ്പെട്ടു. 1961-ൽ മോറട്ടോറിയത്തിലായിരുന്ന ട്രാവൻകൂർ ഫോർവേഡ് ബാങ്ക്, കോട്ടയം ഓറിയന്റ് ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ എന്നിവ റിസർവ് ബാങ്ക് നിർദേശ പ്രകാരം എസ്‌ബിടിയിൽ ലയിപ്പിക്കുന്നു. തുടർന്ന് അടൂർ ബാങ്ക്, വാസുദേവ വിലാസം ബാങ്ക്, കൊച്ചിൻ നായർ ബാങ്ക്, ലാറ്റിൻ ക്രിസ്‌ത്യൻ ബാങ്ക്, ചമ്പക്കുളം കാത്തലിക്ക് ബാങ്ക്, ബാങ്ക് ഓഫ് ആൽവേയ് (ആലുവ), കാൽഡിയൻ സിറിയൻ ബാങ്ക്, ഇന്റോ-മർക്കന്റയിൽ ബാങ്ക് തുടങ്ങിയവയൊക്കെ SBT-യിൽ ലയിച്ചു. 1975-ൽ SBT-ക്ക് എസ്‌ബിഐയുടെ അനുബന്ധ ബാങ്ക് (അസോഷ്യേറ്റ് ബാങ്ക്) എന്ന പദവി ലഭിച്ചു. 1992-ൽ NRI ഡിവിഷനും NRI ശാഖകളും ആരംഭിച്ചു. 1997-ൽ SBT-ക്ക് സ്വന്തമായി വെബ്സൈറ്റ് ഹോം പേജ് നിലവിൽ വന്നു. അതേ വർഷം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ് ജയ്‌പൂർ എന്നിവയ്‌ക്കൊപ്പം എസ്‌ബിടിക്കും സ്വയംഭരണാവകാശവും ലഭിച്ചു. 1998-ൽ എസ്‌ബിടി ഓഹരികളുടെ പ്രഥമ പൊതു വിൽപന (IPO) നടന്നു. 100 രൂപ മുഖവിലയുള്ള ഓഹരികൾ 500 രൂപ പ്രീമിയത്തോടെ ആയിരുന്നു IPO യ്ക്ക് വച്ചത്. 2000 - ൽ നെറ്റ് ബാങ്കിങ് സേവനം ആരംഭിച്ച ബാങ്ക് തൊട്ടടുത്ത വർഷം മൊബൈൽ ബാങ്കിങ് സൗകര്യവും കൊണ്ടു വന്നു. 2004 -ൽ ടോൾ ഫ്രീ ഇൻഫോലൈൻ സേവനവും ഇന്റർനെറ്റ് അധിഷ്ഠിത പണം കൈമാറ്റ സേവനവും തുടങ്ങി. 2016-ൽ 2016: എസ്‌ബിടി ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും എസ്‌ബിഐയിൽ ലയിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. വളരെയേറെ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ചെറുത്തു നിൽപ്പുകൾക്കും ശേഷം 2017 ഏപ്രിൽ ഒന്നിന് ബാങ്കിങ് രംഗത്ത് മലയാളിയുടെ അഭിമാനസ്തംഭമായ SBT ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ലയിച്ചു.
ടൈറ്റിലിൽ പറഞ്ഞിരിക്കുന്ന "മലയാളിക്ക് ആനയെ വാങ്ങാൻ ആദ്യമായി ലോൺ അനുവദിച്ച ബാങ്കാണ് SBT" എന്നത് പലരും പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ്. അതിന്റെ സത്യം എന്ത് തന്നെയായാലും, ജനക്ഷേമം ലക്ഷ്യമിട്ട് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് സ്ഥാപിച്ച SBT-യുമായി ബന്ധപ്പെട്ട ഒട്ടേറെ അറിവുകൾ നമുക്കും വരും തലമുറകൾക്കും പകർന്നു നൽകാൻ കഴിയുന്ന ഒരിടം തിരുവനന്തപുരത്തുണ്ട്. കവടിയാറിലെ ഗോൾഫ്ക്ലബിലേക്കുള്ള വഴിയിൽ ടെന്നീസ് ക്ലബിന് സമീപത്താണ് "ഫൂട്ട്പ്രിന്റ്സ്" എന്ന പേരിലുള്ള ബാങ്കിംഗ് മ്യൂസിയമുള്ളത്. നിലവിൽ സമീപവാസികൾക്ക് പോലും ഏറെ പരിചിതമല്ലാത്ത ഈ സ്ഥാപനം ഓരോ മലയാളിയും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന SBT ഇന്ന് ഓർമ്മയാണെങ്കിലും SBT വഴി നമുക്ക് സ്വന്തമായ ബാങ്കിങ്ങിന്റെ കേരള പാരമ്പര്യം ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നാണ്.
(ബാങ്ക് കൗണ്ടറിൽ ഇടപാടുകൾക്ക് എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിച്ച് കൊണ്ടിരുന്ന ടോക്കൺ)
(സർ സി പി രാമസ്വാമി അയ്യരും ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും)
(ആന കച്ചേരിയുടെ മാതൃക)