ഞാൻ വെറും പോഴൻ

Tuesday, 3 November 2020

നാട് തേടിയിറങ്ങുന്ന കാടിന്റെ മക്കൾ


"പുലിമുരുകൻ" എന്ന ബ്ലോക്ക് ബസ്റ്റർ സിനിമ പലവുരു കണ്ട് സുഖജീവിതം നയിക്കുന്ന (അല്ലാത്തവരും ഇല്ലെന്ന് ഇതിനർത്ഥമില്ല) കേരളത്തിന്റെ സമാധാനജീവിതത്തിത്തിലേക്ക് വീണ്ടും വീണ്ടും പുലികളും കടുവകളും ഇറങ്ങുന്നു. മുൻ കാലങ്ങളിൽ കാട്ടാനകളും കാട്ടുപന്നികളും ഒക്കെയായിരുന്നു കാടിറങ്ങി വന്നിരുന്നത്. കാട്ടാനകൾ നാട്ടിലിറങ്ങി തിരിച്ചു പോകാൻ കൂട്ടാക്കാതെ നാട്ടിൽ അലഞ്ഞു തിരിയുന്നു. കാട്ടുപന്നി ശല്യത്തിന്റെ വാർത്തകൾ അപൂർവ്വമേ അല്ലാതായി. പിന്നെ പിന്നെ അത്യപൂർവ്വമായി കാടിറങ്ങി വന്നിരുന്ന പുലികൾ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടി പിടിക്കാൻ തുടങ്ങി. ഒടുവിൽ അവ നാട്ടിലിറങ്ങുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന വാർത്തകളും മനുഷ്യനെപ്പോലും കൊന്നു തിന്നുന്ന വാർത്തകളും  തീരെ അപൂർവ്വമല്ലാതാകാൻ തുടങ്ങി. 

2015 ഫിബ്രവരിയിലാണ് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ ഭാസ്‌കരന്‍ എന്ന അറുപതുകാരനെ കര്‍ഷകനെ കടുവ നിഷ്കരുണം കൊന്നു തിന്നത്. തിരച്ചിലിനു പോയവർക്ക് തലയൊഴികെ മറ്റൊന്നും കിട്ടിയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ  വീണ്ടും ചെതലയത്ത് കുറിച്യാട് വനത്തിനരികില്‍ ബാബുരാജ് എന്ന യുവാവിനെ നരഭോജിക്കടുവ കൊന്നത്. ഏതാനും ദിവസങ്ങൾക്കു ശേഷം ചോലക്കടവില്‍ മഹാലക്ഷ്മി എന്ന തൊഴിലാളിയെ കടുവ ഭക്ഷിച്ചു. ഇതിന്റെ ഭീതി വിട്ടൊഴിയുന്നതിന് മുമ്പേ സന്ധ്യക്ക് വീട്ടിനു പുറത്തിറങ്ങിയ ജാര്‍ഖണ്ഡ് സ്വദേശിയായ മബുബോറയെന്ന തൊഴിലാളിയെക്കൂടി  പുലി കൊലപ്പെടുത്തി. പിന്നീടങ്ങോട്ട് നരഭോജിക്കടുവ ജനങ്ങളുടെ ജീവനും സ്വൈരജീവിതത്തിനും ഭീഷണിയാവുകയാണെന്നും നരഭോജിക്കടുവയെ കൊല്ലണം എന്നുമാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടങ്ങി. ഇത്രയുമൊക്കെയായതോടെ, സാഹചര്യങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ അധികാരികളും ജന്തു ശാസ്ത്രജ്ഞരും വിലയിരുത്തി. ഇപ്പോൾ വീണ്ടും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവയിറങ്ങുന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു. 

മനുഷ്യ മാംസത്തില്‍ ഉപ്പുരസം ഉള്ളതിനാൽ അതൊരിക്കല്‍ ഭക്ഷിച്ചാൽ  ആ മൃഗത്തിന് പിന്നീടതിനോട് ആസക്തി കൂടുമെന്നും സ്വാഭാവിക ശീലത്തിന് വിപരീതമായി മനുഷ്യ മാംസം ഭക്ഷിച്ച കടുവയെ മറ്റു കടുവകള്‍ കൂടെ കൂട്ടുകയില്ലെന്നും അതിനാല്‍ മടകളിൽ ഒറ്റപ്പെട്ടുന്ന കടുവ പിന്നീട് നിത്യനരഭോജിയായി മാറുകയും ചെയ്യുമെന്നൊക്കെ അഭിപ്രായപ്പെടുന്ന വിദഗ്ധരുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കുറെയൊക്കെ ധാരണയുള്ള ഒരാൾ പറഞ്ഞതനുസരിച്ച്, കടുവകൾ സാധാരണയായി പ്രായാധിക്യത്താൽ ശക്തിക്ഷയം സംഭവിക്കുമ്പോഴോ പരിക്കുകൾ കൊണ്ടോ മറ്റ് കാരണങ്ങൾ കൊണ്ടോ ശാരീരിക വൈകല്യങ്ങൾ സംഭവിക്കുമ്പോഴോ ആണ് നരഭോജികളായി മാറാറുള്ളത്. മേൽ പറഞ്ഞ കാരണങ്ങൾ സാധാരണ രീതിയിലുള്ള ഇരവേട്ടയ്ക്ക് അവയെ അപ്രാപ്തരാക്കുന്നു എന്നതാണ് അതിനു കാരണം. മനുഷ്യ മാംസത്തിന്റെ രുചി ഇഷ്ടപ്പെടുന്നതിനേക്കാൾ മനുഷ്യൻ പെരുമാറുന്ന സ്ഥലങ്ങളിൽ അവനെ വേട്ടയാടുന്നത് എളുപ്പമാണെന്ന് അവർ മനസ്സിലാക്കുന്നതിനാലാണ്. മനുഷ്യവാസ പ്രദേശങ്ങളിൽ തന്നെ വളർത്തുമൃഗങ്ങളെ ഭക്ഷിച്ചായിരിക്കും സാധാരണ ഗതിയിൽ കടുവകൾ വേട്ട തുടങ്ങുക. കടുവകളുടെ തനത് സ്വഭാവ സവിശേഷതകൾ കൊണ്ട് തന്നെ വീണ്ടും കാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ വരുന്ന അവ പതുക്കെ മനുഷ്യനെ പിടിക്കാൻ തുടങ്ങും. കടുവകൾ പൊതുവെ സാമൂഹ്യ ജീവികൾ അല്ല; സാധാരണയായി 100- 200 ചതുരശ്ര മൈലിന് 3 - 4 പെൺകടുവകൾക്കൊപ്പം ഒരു ആൺ കടുവ എന്ന നിലയിലാണ് അവ ജീവിക്കാറുള്ളത്. ആ സംഘത്തിന്റെ അധികാര മേഖലയിൽ മറ്റൊരു കടുവ അതിക്രമിച്ചു കയറിയാൽ സാധാരണയായി അവർ തമ്മിൽ പോരാടും. ആ പോരാട്ടത്തിൽ തോറ്റാൽ അവൻ പിന്നെ അടുത്ത താവളം കണ്ടെത്തുകയേ നിവൃത്തിയുള്ളൂ. ആ രീതിയിൽ മനുഷ്യവാസപ്രദേശം കണ്ടെത്തിയ കടുവ എളുപ്പത്തിൽ കാട്ടിലേക്ക് മടങ്ങിപ്പോകില്ല. അതിനാല്‍ ഇത്തരത്തില്‍ വന്ന് പെടുന്ന മൃഗങ്ങളെ കൊലപ്പെടുത്തുകയാണ് മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള അവസാന മാര്‍ഗമെന്ന് ചില വിദഗ്ധർ പറയുന്നു. 

സംരക്ഷിത മൃഗമായ കടുവയെ വെടിവച്ചു കൊല്ലണമെങ്കില്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ അനുമതി വേണമെന്നാണ് ചട്ടം. ആക്രമണകാരിയായ കടുവ നരഭോജിയാണെന്ന് അതത് സംസ്ഥാന സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി ആ കടുവയെ കൊലപ്പെടുത്താന്‍ അനുമതി നല്‍കും. അതാണതിന്റെ ഔദ്യോഗികരീതി. മുൻപ് വ്യാപക കടുവയിറക്കം ഉണ്ടായപ്പോൾ മുല്ലപ്പെരിയാര്‍ വിഷയത്തോടെ ഉടലെടുത്ത വൈരം പോലും മറന്ന് കേരള-തമിഴ്‌നാട് ദൗത്യസംഘങ്ങള്‍ നരഭോജിക്കടുവയ്ക്കായി കാട് അരിച്ചുപെറുക്കി. പിന്നീടങ്ങോട്ട് ഏതാനും കടുവകളെ വെടിവെച്ചു കൊന്നു; ചിലതിനെ മയക്കുവെടി വച്ച് പിടിച്ചു മൃഗശാലകൾക്ക് കൈമാറി; ഏതാനും കടുവകളെ വനത്തിൽ ചത്ത നിലയിലും കണ്ടെത്തി. 

ഇടക്കൊക്കെ, സ്ഥിരീകരിക്കപ്പെടാത്ത ഒറ്റപ്പെട്ട പുലിയിറക്ക വാർത്തകൾ കേട്ടെങ്കിലും, ഒരു കണക്കിന് മനസമാധാനം കഴുത്തിലാക്കി പുലിമുരുഗൻ വീണ്ടും വീണ്ടും കണ്ടു രസിച്ചിരിക്കുമ്പോഴാണ് പല ദിക്കിൽ നിന്ന് വീണ്ടും പുലിയിറക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്; അതും നഗരത്തോടടുത്ത പ്രദേശങ്ങളിലും പകൽ വെളിച്ചത്തിലുമൊക്കെ.... കാടുകള്‍ക്കുള്ളില്‍ കഴിയുന്നവരും കാടിനു സമീപ പ്രദേശങ്ങളില്‍ ജീവിക്കുന്നവരും, എന്തിന് കാടിന് അകലെ ജീവിക്കുന്നവർ പോലും അടുത്ത് വരുന്ന വന്യമൃഗങ്ങളുടെ പദചലനങ്ങളെ ഭീതിയോടെ പ്രതീക്ഷിച്ചു തുടങ്ങുന്നു. ഓരോ നിമിഷവും കടന്നുവരാന്‍ സാധ്യതയുള്ള വന്യമൃഗത്തേപ്പറ്റി അവര്‍ ചിന്തിക്കുന്നു, പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നു. മോഹൻലാലിന്റെ പുലിമുരുകൻ ചെയ്യുന്ന പോലെ പുലി പിറകെ വരുമ്പോൾ ഓടി മരത്തിൽകയറിയിട്ട് സമ്മർസോൾട്ട് അടിച്ചു പുലിയുടെ പിറകിൽ ലാൻഡ് ചെയ്തിട്ട് വേലെറിഞ്ഞു കൊല്ലുന്ന അത്രയ്ക്ക് ലാഘവമുള്ളതല്ല കാര്യങ്ങൾ. കടുവ എന്ന് വിളിക്കപ്പെടുന്ന വരയൻ പുലി പുള്ളിപ്പുലിയേക്കാൾ വലിയ ജീവിയാണ്. ചില കടുവകൾക്ക് സിംഹങ്ങളേക്കാൾ വലിപ്പമുണ്ടാവാറുണ്ട്. കടുവയെ കൊല്ലാൻ ഉയർന്ന കാലിബർ തോക്കും പലകുറി നിറയൊഴിക്കാവുന്ന തോക്കും ആവശ്യമാണ്. സാധാരണയായി കടുവയെ കൊല്ലാൻ ഒന്നിലധികം ഷോട്ടുകൾ ആവശ്യമായി വരാറുമുണ്ട്. നരഭോജിമൃഗത്തെ കൊല്ലാൻ അനുമതി ലഭിച്ചാൽ തന്നെ അത് നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് സൂചിപ്പിക്കാൻ ശ്രമിച്ചത്. 

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തു വിടുന്ന കണക്കുകള്‍ ഞെട്ടലുളവാക്കാൻ പോന്നതാണ്. അത് രാജ്യത്തെ മുഴുവൻ ചേർത്തുള്ള കണക്കാണ്. 2014 ഏപ്രില്‍ മുതല്‍ ആനയുടേയോ കടുവയുടേയോ മറ്റ് വന്യമൃഗങ്ങളുടെയോ ആക്രമണത്താല്‍ കൊല്ലപ്പെട്ടത് ആയിരക്കണക്കിന് മനുഷ്യരാണ്. ഇന്ത്യയില്‍ ശരാശരി ഒരു ദിവസം ഒരാൾ ആനയുടേയോ കടുവയുടേതോ മറ്റ് വന്യമൃഗങ്ങളുടെയോ ആയ ആക്രമണങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ടത്രേ. ഇതില്‍ കൂടുതൽ കൊലകൾ ചെയ്യുന്നത് ആനകളും ബാക്കി കടുവകളും മറ്റ് മൃഗങ്ങളും ആണ്.  

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ചില"വായീ"പ്പോകുന്നുണ്ടെങ്കിലും  വന്യജീവി ആക്രമണം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. പരിസ്ഥിതി സംരക്ഷണത്തെ വികസന വിരോധമായി ചിത്രീകരിച്ച് കാടും പ്രകൃതി വിഭവങ്ങളും നക്കിത്തുടയ്ക്കുന്ന ഭൂമാഫിയയെ നിയന്ത്രിക്കാത്തിടത്തോളം ജലക്ഷാമവും പരിസ്ഥിതിശോഷണവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രണാതീതമായി കാടും പ്രകൃതിയും രോഗാതുരമാകും. രോഗാതുരമായ കാടിന്റെ ഉപോല്പ്പന്നമാണ് നരഭോജിയായി മാറിയ കടുവ എങ്കില്‍ അത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന വൻ വിപത്തിന്റെ തുടക്കം മാത്രമായിരിക്കും. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നേരിടുന്ന പരിമിതിയുടെയും പ്രതിസന്ധിയുടെയും പ്രതിഫലനമാണ് വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും മനുഷ്യനെ ആക്രമിച്ച് തുടങ്ങുന്നതും. നാൾക്കു നാൾ കുറയുന്ന കാടിന്റെ വിസ്തൃതി, പാറ, മണ്ണ്, തടി എന്നിവയ്ക്ക് വേണ്ടി കാടിളക്കി നടത്തുന്ന യന്ത്രവല്കൃത പ്രവർത്തനങ്ങൾ, കാടിനടുത്ത പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ജനസാന്ദ്രത, കാടിനെ ചൂഷണം ചെയ്യരുതെന്ന ഗോത്ര നിയമങ്ങള്‍ തെറ്റിച്ചു കൊണ്ട് ആദിവാസികളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ, വന്യ മൃഗങ്ങളുടെ എണ്ണത്തിൽ വരുന്ന വർദ്ധന ഇങ്ങനെയുള്ള വിവിധ കാരണങ്ങൾ കാടും നാടും തമ്മിലുള്ള ആരോഗ്യകരമായ സംതുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നു എന്ന് സാമാന്യമായി ചിന്തിച്ചാൽ മതി കടുവ - ആന ആക്രമണങ്ങൾക്ക് തടയിടാനുള്ള പദ്ധതികൾ എവിടെ നിന്ന് തുടങ്ങണം എന്ന കാര്യത്തിൽ ഒരു ദിശാബോധം കിട്ടാൻ. മനുഷ്യനും വന്യജീവികളും തമ്മിലുള്ള നേർ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നത് തീർച്ചയായും ഒരു നല്ല സൂചനയല്ല; അതൊരു മുന്നറിയിപ്പ് കൂടിയാണ്. അതില്ലാതാക്കാൻ സാമൂഹ്യപ്രതിബദ്ധമായ ഇടപെടലുകൾ അനിവാര്യമാണ്‌; വ്യക്തിതലത്തിൽ നിന്നും ഭരണകൂടതലത്തിൽ നിന്നുമെല്ലാം. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുണ്ടാകേണ്ട ജൈവബന്ധം ആരോഗ്യകരമായി നിലനിർത്തിക്കൊണ്ട് മാത്രമേ മനുഷ്യസമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള സുഗമപ്രയാണം സാധ്യമാവുകയുള്ളൂ. അല്ലാതെ, ഒരു കടുവയെ വെടിവച്ചു കൊന്നാൽ വേറെ നാല് കടുവകൾ ഇറങ്ങും... ഒരു കാട്ടാനയെ ഓടിച്ചാൽ വേറെ പത്തെണ്ണം വരും....

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമുഖം ചുട്ടുപൊള്ളുന്ന രാത്രിപകലുകൾ സമ്മാനിച്ചു കൊണ്ട് മുന്നേറുന്നു. അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപനിലയും മഴയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവും കൊണ്ട് മുൻപെങ്ങുമില്ലാത്ത വിധം വരണ്ടുണങ്ങുന്ന കേരളം; വന്യമൃഗങ്ങൾ വെള്ളത്തിന് വേണ്ടി കാടിറങ്ങാതിരിക്കാൻ കാട്ടിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കുക, വരള്‍ച്ചാ ഭീഷണി നേരിടാന്‍ ആവശ്യമെങ്കില്‍ കരിമേഘങ്ങളെ കണ്ടെത്തി രാസപ്രയോഗത്തിലൂടെ കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിങ് പ്രയോഗിക്കുക തുടങ്ങിയ ഘടാഘടിയൻ പദ്ധതികൾ അവതരിപ്പിച്ച്‌ മുന്നേറുകയാണ് ഭരണസംവിധാനങ്ങൾ. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയും ജലക്ഷാമത്തെയും ആഗോളതാപനത്തെയും ചെറുക്കാന്‍ നിലവിലുള്ള വനം സംരക്ഷിക്കുക മാത്രമാണ് പോംവഴി....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/