ഞാൻ വെറും പോഴൻ

Thursday, 28 May 2020

"മദ്യ" കേരളത്തിന്റെ ലഘു ചരിത്രം

എന്താണ് "മദ്യ" കേരളത്തിന്റെ ചരിത്രം ? മലയാളി എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് ? ഉത്തരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരം പോലെ തന്നെ കുഴയ്ക്കുന്നതാണ്. ഒരു മാതിരിപ്പെട്ട ഇതിഹാസങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും വേദ പുസ്തകങ്ങളിലും മദ്യത്തെപ്പറ്റിയും മദ്യ സേവയെപ്പറ്റിയും പരാമർശമുണ്ട്.

കുടിക്കുന്നത് ഏതു മദ്യമായാലും, അത് കുടിക്കുന്നവരെ മലയാളികൾ പൊതുവെ, കള്ള് കുടിയൻ എന്ന് വിളിക്കുന്നതിൽ നിന്ന് കേരളത്തിന്റെ പരമ്പരാഗത മദ്യം കള്ളായിരുന്നു എന്ന് അനുമാനിക്കാം. തെങ്ങ്, പന എന്നിവയില്‍ നിന്നെടുക്കുന്ന കള്ള് ആയിരുന്നിരിക്കണം പ്രാചീന മലയാളിയുടെ പ്രിയമദ്യം. പിന്നെ പിന്നെ അതിനു ലഹരി പോരാ എന്ന് തോന്നിയ ഏതെങ്കിലും വിരുതന്മാർ ആയിരിക്കും കള്ളോ പഴങ്ങളോഅത് പോലുള്ള മറ്റു വസ്തുക്കളോ പുളിപ്പിച്ച് വാറ്റി പട്ടച്ചാരായം ഉണ്ടാക്കാം എന്ന് കണ്ടു പിടിച്ചതെന്നും കരുതാം. പഴമക്കാർ ഔഷധമായിപ്പോലും മദ്യം ഉപയോഗിച്ചിരുന്നത്രേ.

തെങ്ങ്, പന എന്ന അടിസ്ഥാന വർഗീകരണത്തിൽ ഒതുങ്ങാത്ത കള്ളുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. മൂക്കാത്ത നെല്ല് കൊയ്ത് എടുത്ത് പുളിപ്പിച്ചുണ്ടാക്കുന്ന 'നെങ്കള്ള്' വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മദ്യമായിരുന്നത്രേ. വനവാസികൾക്കും കർഷകർക്കും വളരെ പ്രിയപ്പെട്ട സാധനമായിരുന്നത്രേ നെങ്കള്ള്. കരിമ്പ് നീരിൽ നിന്ന് ഉരുത്തിരിച്ചെടുക്കുന്ന 'കുന്തക്കള്ള്', ശര്‍ക്കര കലക്കി പല തരം ഔഷധങ്ങളും സാധനങ്ങളും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന 'മധുരക്കള്ള്', സോമതല എന്ന ഔഷധ സസ്യത്തിൽ നിന്നും ഉണ്ടാക്കുന്ന 'പിറമ്പരണ്ടക്കള്ള്', നെല്ലിൽ നിന്നും ഉണ്ടാക്കുന്ന മലർ പൊടിച്ചെടുത്ത് ചില കിടു പിടി സാധനങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'പൊരിങ്കള്ള്', കൂടുതൽ ലഹരിയ്ക്ക് വേണ്ടി കഞ്ചാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയിരുന്ന 'രാമരസം' തുടങ്ങിയവയായിരുന്നത്രേ  പ്രാചീന മലയാളിയുടെ പ്രധാന മദ്യങ്ങള്‍.

എന്നാല്‍ ഏതോ മിടുക്കന്മാർ, കൂടുതൽ ലഹരിക്ക്‌ വേണ്ടി, കള്ള് എന്ന താരതമ്യേന അസംസ്കൃതമായ ലഹരി പാനീയത്തെ വാറ്റി എടുത്ത് ചാരായമാക്കാന്‍ തുടങ്ങിയതോടെ മദ്യത്തിന്റെ അടുത്ത കാലഘട്ടം ആരംഭിച്ചിരിക്കണം. പിന്നീട് ഇവിടെ കച്ചവടത്തിന് വന്നു ഇവിടെ കീഴടക്കി ഭരിച്ച വിദേശികളുടെ കൈയിലൂടെ വിദേശ മദ്യങ്ങൾ ഇവിടെ എത്തിക്കാണണം. പതുക്കെ പതുക്കെ വിദേശി സമ്പര്‍ക്കത്തിൽ നിന്ന് മലയാളിക്ക് വിദേശമദ്യത്തോടുള്ള താല്പ്പര്യം കൂടിക്കാണണം. ഇതെല്ലാം ചരിത്രകാരന്മാരുടെ ഊഹങ്ങളാണ്. വിദേശികൾ ക്ളബ്ബുകൾക്കും അതിലെ മദ്യ സൽക്കാരങ്ങൽക്കും കൊടുത്ത പ്രാധാന്യം ക്രമേണ തദ്ദേശീയരായ ആളുകൾക്കും ഇത്തരം കാര്യങ്ങളോട് താല്പ്പര്യം വളർത്തി. വിദേശ ഭരണത്തിന്റെ വ്യാപ്തി നാട്ടിൻ പുറങ്ങളിലേക്കും എത്തിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും വിദേശമദ്യത്തിന് കൂടുതല്‍ പ്രചാരം കിട്ടിഎന്നും കരുതാം. കേരള ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ മദ്യവില്പനയും മദ്യം നിര്‍മാണവും വിദേശമദ്യവും സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചെത്തുകാരെ സംരക്ഷിക്കാന്‍ 1817 ല്‍ സ്വാതിതിരുനാളിനുവേണ്ടി ഭരണം നടത്തിയ റാണി പാര്‍വതിഭായി കള്ള് എടുക്കാനുള്ള തെങ്ങുകളുടെ കരം പിന്‍വലിച്ചു. ആ വര്‍ഷം തന്നെയാണ് കള്ള്, ചാരായം എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത്. ഇതോടെ മദ്യവില്പനയ്ക്ക് ആദ്യം നിയന്ത്രണം വന്നു. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യത്തിനും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മദ്യത്തിനുമെല്ലാം തിരുവിതാംകൂറില്‍ മാറി മാറി വന്ന രാജക്കന്മാര്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

സ്വാതന്ത്ര്യസമരകാലത്ത്  മദ്യഷാപ്പുകള്‍ക്ക് എതിരെ  വ്യാപകമായി  സമരം നടന്നിരുന്നു. ഇവിടത്തെ മദ്യാസക്തിയെ സാക്ഷാൽ ഗാന്ധിജി വരെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെയാണ് കേരളത്തിലെ മദ്യ മേഖല ശക്തി പ്രാപിച്ചത്. കള്ളിനും ചാരായത്തിനുമൊപ്പം വൈനും ബിയറും ഇന്ത്യൻ നിർമ്മിത വിദേശമദ്യങ്ങളും മലയാളികൾക്കിടയിൽ പ്രിയങ്കരമായിത്തുടങ്ങി. എന്നാൽത്തന്നെയും, തൊണ്ണൂറുകളുടെ പകുതി വരെ കള്ളും ചാരായവും തന്നെയായിരുന്നു കൂടുതൽ മലയാളികളും ഉപയോഗിച്ചിരുന്നത്.

അങ്ങനെയിരിക്കെയാണ്, ഉണ്ണാനിരുന്ന നായർക്കൊരു വിളി വന്നു എന്ന ചൊല്ലിനെ ഓർമ്മിപ്പിച്ചു കൊണ്ട്, 1996 - ൽ നിയമസഭാതെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി കേരളത്തിൽ ചാരായം നിരോധിച്ചത്. ഭർത്താവിന്റെ മുഴുക്കുടി മൂലം കണ്ണീര് കുടിച്ച് ജീവിക്കുന്ന "കള്ള് കുടിയന്മാരുടെ" ഭാര്യമാരുടെ കണ്ണിലുണ്ണിയായി അടുത്ത ഭരണം പിടിക്കാമെന്ന ആന്റണിയുടെ മോഹം നടന്നില്ല എന്ന് മാത്രമല്ല ചാരായനിരോധനം "മദ്യ"കേരളത്തിന്റെ കുടിശീലങ്ങളെ മാറ്റി മറിച്ചു എന്നതാണ് സത്യം. കേരളത്തിലെ ‘സാധാരണക്കാരന്റെ’യും പാവപ്പെട്ടവന്റെയും ജീവിതം ചാരായമടിച്ച് നശിച്ചു പോകുന്നത് തടയാനെന്ന പേരിൽ നടത്തിയ ഈ അഭ്യാസം മലയാളിയുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. ചാരായ നിരോധത്തിന് ശേഷം പാവപ്പെട്ട പട്ടയടിക്കാരുടെ സാമ്പത്തിക സംതുലനമാണ് അട്ടിമറിക്കപ്പെട്ടത്. പകലന്തിയോളം പണി ചെയ്തിട്ട് 10 രൂപയ്ക്ക് ചാരായം കുടിച്ച് ഒരു താറാമുട്ടയും കഴിച്ച് ബാക്കി കാശുമായി വീട്ടിൽ പോയിരുന്ന മലയാളി ഉയർന്ന വിലയുള്ള വിദേശമദ്യം കുടിക്കുന്നത് പരിചയിച്ചു. ഒറ്റക്കു ഒരു കുപ്പി വാങ്ങാൻ പാങ്ങില്ലാത്തവർ ഷെയർ ഇട്ടടിച്ചു. അപ്പോഴും പോക്കറ്റ് ഒട്ടയാവുമെന്ന യാഥാർത്ഥ്യം നില നിന്നു. അത്യാവശ്യം കിന്റാവാൻ പാകത്തിന് കഴിച്ചാൽ കുടുംബത്തിന് അരിയും സാമാനങ്ങളും വാങ്ങാൻ പണമുണ്ടാവില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. 1984 മുതല്‍ ചാരായ വില്‍പ്പനയും നിയന്ത്രണവും കയ്യാളിയിരുന്ന, കേരള സ്റ്റേറ്റ് ബീവറെജസ് കോര്‍പറേഷന്‍ എന്ന സ്ഥാപനം ചാരായ നിരോധനത്തോടനുബന്ധിച്ചുണ്ടായ കച്ചവട സാധ്യത പരമാവധി ചൂഷണം ചെയ്തു സംസ്ഥാനത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ലോ ക്ളാസ്സിന്റെ പ്രതിനിധിയായി ജീവിച്ചിരുന്ന ചാരായം കുടിക്കുന്നവൻ അഥവാ പട്ടയടിക്കുന്നവന്‍, ക്രമേണ ‘സ്ഥിരമായി രണ്ട് സ്മോള്‍ വിദേശമദ്യം വിടുന്ന’ ആള്‍ മാന്യനും ആയി പരിവർത്തനം ചെയ്യപ്പെട്ടു. കള്ളിന് വേണ്ടത്ര വീര്യവും മാന്യതയും വിശ്വാസ്യതയുമില്ലാത്തതിനാൽ നാടുനീളെ ബാറുകളും ബെവ്കോ ഔട്ട്‌ ലെറ്റുകളും കൊണ്ട് നിറഞ്ഞു. ബാറുകൾ സമൂഹത്തിലെ മുന്തിയവരുടെ ഡെസ്റ്റിനേഷൻ എന്ന നിലയിൽ നിന്ന് എല്ലാ വിഭാഗം ആളുകളുടെയും അവശ്യസർവീസ് പ്രൊവൈഡർ എന്ന നിലയിലേക്ക് മാറി. മദ്യം പാർസൽ വേണമെങ്കിൽ വളരെ ഉയർന്ന വിലക്ക് ബാറിൽ നിന്നോ "ന്യായവിലക്ക്" ബെവ്‌കോ ഔട്‍ലെറ്റുകളിൽ ക്യൂ നിന്നോ വാങ്ങണമെന്ന സ്ഥിതി വന്നു. അടിസ്ഥാനസൗകര്യങ്ങളുടെയും വൃത്തിയുടെയും കാര്യത്തിൽ നിലവാരമില്ലാത്ത ബിവറേജസ് ഔട്ട്ലെറ്റുകളെ ലജ്ജിപ്പിച്ചു കൊണ്ട് കെട്ടിലും മട്ടിലും മനോഹരമായ പ്രീമിയം സെല്ഫ് സർവീസ് ഔട്ട്ലെറ്റുകൾ ബെവ്‌കോ ആരംഭിച്ചു. കേരള സംസ്ഥാനം രൂപവല്ക്കരിച്ച സമയത്തെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 32 വിദേശമദ്യ മൊത്തക്കച്ചവടക്കാരും, 24 ചെറുകിട കച്ചവടക്കാരും വിദേശമദ്യം വിളമ്പുന്ന 16 ക്ളബ്ബുകളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് കാണാം. അവിടെ നിന്നാണ് മുക്കിലും മൂലയിലും വിദേശമദ്യം കിട്ടുമെന്ന നില വന്നത്. രാഷ്ട്രീയത്തേയും അധികാരകേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന വൻ ശക്തിയായി മദ്യലോബി മാറി.

പിന്നെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത്, ഒറ്റനോട്ടത്തിൽ ഐതിഹാസികമെന്നു തോന്നാവുന്ന മദ്യനയം പ്രഖ്യാപിക്കപ്പെട്ടു. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കും; ബാറുകളെല്ലാം അടക്കും; ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം ഓരോ വർഷവും 10 ശതമാനം വീതം കുറയ്ക്കും; പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല; കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കും; ഞായറാഴ്ച്ചകളില്‍ മദ്യവില്‍പ്പന അനുവദിക്കില്ല; ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കും; ബിവറേജസ് കോര്‍പ്പറേഷന്‍റെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം ഇതിനായി നീക്കിവെക്കും; ബാര്‍ തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തും; ഫൈവ് സ്റ്റാര്‍ ഹോട്ടലുകളല്ലാത്ത മറ്റു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ല; പത്തു വര്‍ഷത്തിനകം കേരളത്തെ മദ്യരഹിതമാക്കും; മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും; സമ്പൂര്‍ണ മദ്യനിരോധനത്തിലുപരി മദ്യ വര്‍ജ്ജനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; ഇതിനായി മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുക, ഡ്രൈ ഡെകളുടെ എണ്ണം വര്‍ധിപ്പിക്കുക, വീര്യം കൂടിയവയ്ക്ക് പകരം വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് യുഡിഎഫിന്റെ ലക്‌ഷ്യം.... ഹൌ ഹൌ...ഓർത്താൽ തന്നെ കോൾമയിർ കൊണ്ട് പോകാവുന്ന ഈ പ്രഖ്യാപനങ്ങൾ കേട്ട് മധുര മനോജ്ഞ മദ്യ രഹിത കേരളം സംജാതമാകുമോ എന്ന് പോലും  ശുദ്ധഹൃദരും നിഷ്കളങ്കമാനസറും ഒരു വേള ശങ്കിച്ച് പോയി. പക്ഷെ, സ്വസ്ഥമായോ അസ്വസ്ഥമായോ ഇരുന്നോ നിന്നോ മദ്യം കഴിക്കാനുള്ള കുറച്ച് ഇടങ്ങൾ മാത്രമാണ് പൂട്ടിയതെന്നും മറ്റൊന്നും പ്രയോഗത്തിൽ വരാൻ പോകുന്നില്ലെന്നും ചിന്തിക്കുന്ന അൽപ്പബുദ്ധികൾക്ക് പോലും മനസിലാകുമായിരുന്നു.

മറ്റു പല കാരണങ്ങൾക്കുമൊപ്പം ഊജ്വലമായ മദ്യനയം കൂടിയായപ്പോൾ "മഹത്തായ" ഉമ്മൻ‌ചാണ്ടി സർക്കാർ മാറി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി സർക്കാർ അധികാരത്തിൽ വന്നു. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ പ്രഖ്യാപിത നിലപാടുകൾ പലതും മറന്നു. ഒട്ടേറെ ബാറുകൾ അനുവദിക്കപ്പെട്ടു. പ്രീമിയം സെല്ഫ് സർവീസ് ലിക്കർ സെയിൽ കൗണ്ടറുകളുടെ എണ്ണം വർധിച്ചു. ഒടുക്കം പബ്ബുകൾക്കും മൈക്രോ ബ്രൂവറികൾക്കും അനുമതി നൽകാനും അത്യാധുനിക സൗകര്യമുള്ള കള്ളുഷാപ്പുകള്‍ക്കും അനുമതി നൽകാനും പദ്ധതിയുണ്ടെന്ന് കേട്ടിരുന്നു. ഇതിനിടെയാണ് ഒരശനിപാതം പോലെ കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി മനസില്ലാമനസോടെ സർക്കാരിന് മദ്യവിൽപ്പന നിർത്തി വെക്കേണ്ടി വന്നു. ഇതിനിടെ ഓൺലൈൻ  ആയി മദ്യം വിൽക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ആൾക്ക് മദ്യം ആവശ്യവസ്തുവല്ലാതിരിക്കെ ഇക്കാര്യം പറഞ്ഞ് കോടതിയുടെ സമയം മെനക്കെടുത്തിയതിന് അര ലക്ഷം രൂപ പിഴയടിച്ചു. മാസങ്ങൾ നീണ്ട ലോക്ക് ഡൗണിനൊടുവിൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ മദ്യം വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി കൊടുത്തു. ഓൺലൈൻ വഴി മദ്യം വിൽക്കാൻ സംവിധാനമൊരുക്കിക്കൂടെ എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ചോദിക്കുകയും ചെയ്തു. സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കാൻ, ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തിയതും ശ്രദ്ധേയമായി. ലോക്ക് ഡൗൺ ഇളവുകളുടെ ആദ്യഘട്ടത്തിൽ മറ്റ് പല സംസ്ഥാനങ്ങളും മദ്യവിൽപ്പന പുനരാരംഭിച്ചെങ്കിലും കേരളം അത് ചെയ്തില്ല. ഇപ്പോൾ Bev Q എന്നൊരു മൊബൈൽ ആപ്പിന്റെ സഹായത്തോടെ വെർച്യുൽ ക്യു സിസ്റ്റത്തിൽ മദ്യവിൽപ്പന പുനരാരംഭിച്ചു. കേരളത്തിന്റെ മദ്യ ചരിത്രത്തിൽ പുതിയൊചുവട് വയ്പ്പാണ് Bev Qവഴിയുള്ള മദ്യവിൽപ്പന.

കാലാകാലങ്ങളിൽ മദ്യവർജ്ജനബോധവൽക്കരണ പ്രസ്ഥാനങ്ങളും ക്രൈസ്തവസഭകളും മറ്റ് സമുദായ നേതാക്കളും നിരവധി ഘട്ടങ്ങളിൽ എന്നപോലെ ഇപ്പോഴും സമ്പൂർണ്ണ മദ്യനിരോധനം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും മധ്യധനം സർവ്വധനാൽ പ്രധാനം എന്ന തത്വത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സർക്കാർ ആ ആവശ്യം അവഗണിച്ചു എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമേയില്ല.

ഇതിൽക്കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല. ഈ ചരിത്രത്തിൽ നിന്ന് മനസിലാക്കി അംഗീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

1. മദ്യം നിരോധിക്കാം; പക്ഷെ, മനുഷ്യന്റെ  ശീലങ്ങളും സന്തോഷങ്ങളും നിരോധിക്കാനാവില്ല.
2. അടിക്കുന്നവർ ഉള്ളിടത്തോളം ഇവിടെ സാധനം സുലഭമായി കിട്ടും; അത് ചിലപ്പോ വ്യാജനോ കടത്തിയതോ ഒക്കെ ആയിരിക്കും. സാധനം കിട്ടാനുണ്ടെങ്കിൽ അടിക്കാൻ ആളും ഉണ്ടാകും. ഈ പരസ്പര പൂരകത്വം നിലനിൽക്കുന്നിടത്തോളം ഇത് മുഴുവൻ ഇല്ലാതാക്കാൻ ഏതു ഭരണാധികാരി ആണേലും ഇച്ചിരി  ബുദ്ധിമുട്ടും
3. മദ്യലഭ്യത കുറയുന്നതോടെ കഞ്ചാവോ മയക്ക് മരുന്നോ പോലുള്ള ലഹരി വസ്തുക്കളുടെ ഉപഭാഗം കൂടും
4. കേരളത്തിലെ മദ്യ മേഖല ഈ നിലക്കെത്തിച്ചതിൽ ഇത് വരെ മാറി മാറി ഭരിച്ച രണ്ട് പക്ഷങ്ങൾക്കും ഒരു പോലെ പങ്കുണ്ട്. 

മദ്യത്തിന്റെ ലഭ്യത കുറച്ചാല്‍ മദ്യപാനം കുറയുമെന്ന വാദം ഒരു വിധത്തിലുള്ള പഠനത്തിന്റെയോ അനുഭവത്തിന്റെയോ അടിസ്ഥാനത്തിൽ ആണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സമൂഹത്തിന്റെ കപട ധാര്‍മ്മിക-സാന്മാര്‍ഗിക മനോഭാവത്തിന്റെ മുൻവിധികളിൽ നിന്ന് ഉയരുന്നതാണ്. ധാര്‍മ്മിക-സാന്മാര്‍ഗിക വിദ്യാഭ്യാസം നടത്തേണ്ടത് മതവും ആത്മീയതയും കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണ്. ഭരണാധികാരികള്‍ക്ക് ചെയ്യാവുന്നതും ചെയ്യേണ്ടതും പരമാവധി ബോധവല്‍ക്കരണം നടത്തുക എന്നതാണ്. മദ്യം കുടിക്കണോ, എത്ര കുടിക്കണം, അതില്‍ എത്ര നിയന്ത്രണങ്ങള്‍ വേണം എന്നൊക്കെയുള്ളത് വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെ വിഷയമാണ്. മദ്യോപഭോഗം ക്രമസമാധാനത്തെയും പൊതു സുരക്ഷയെയും പൗരന്റെ സ്വൈര്യജീവിതത്തെയും ബാധിക്കാതെ നോക്കുക മാത്രമാണ് ഭരണകൂടത്തിന്റെ കർത്തവ്യം.

(**ചരിത്ര രേഖകൾക്ക് മാതൃഭൂമി പത്രത്തിൽ മുൻപ് വന്ന ഒരു ലേഖനത്തോടു കടപ്പാട്)

ഇതേ വിഷയത്തിൽ മുൻപ് എഴുതിയ ലേഖനം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക ==>  മദ്യത്തോടും മദ്യം കഴിക്കുന്നവരോടും കേരളം എന്താണ് ഇങ്ങനെ പെരുമാറുന്നത്.......!!!!???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 25 May 2020

ഇത് ചെയ്തത് ഞങ്ങളല്ല; കാലടിക്കാർ ഇത് ചെയ്യില്ല...

ഞാൻ കാലടി സ്വദേശിയാണ്‌. ഹൈസ്ക്കൂൾ കോളേജ് പഠനകാലമത്രയും കാലടിപ്പുഴയും മണൽപ്പുറവും സ്വന്തം വീട്ടുമറ്റം പോലെ തന്നെയായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് പെരിയാറിൽ നൂറുകണക്കിന് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ടാകും. പക്ഷെ, എന്റെ അറിവിൽ കാലടി മണൽപ്പുറത്ത് ചിത്രീകരിച്ച ഏക സിനിമ 1979-ൽ പുറത്തിറങ്ങിയ "മാമാങ്കം" ആയിരുന്നു. പിന്നീടിപ്പോഴാണ് ഒരു സിനിമ പെരിയാറിന്റെ കാലടി ഭാഗത്ത് ചിത്രീകരിക്കുന്നത് (ഇതിനിടയിൽ ഷെവലിയർ മിഖായേൽ എന്ന ചിത്രത്തിലെ നദി നിളാ നദി എന്ന ഗാനം ചിത്രീകരിച്ചിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്). സിനിമാ ചിത്രീകരണ ചരിത്രം അവിടെ നിൽക്കട്ടെ; വിഷയത്തിലേക്ക് വരാം.
ഇന്ന് കാലടിയും പെരിയാറും കാലടി മണൽപ്പുറവും വാർത്തകളിൽ വൈറൽ ആണ്. ഏതാനും ചില സാമൂഹ്യദ്രോഹികൾ 'മിന്നൽ മുരളി' എന്ന സിനിമക്ക്
വേണ്ടി കാലടി മണൽപ്പുറത്ത് നിർമ്മിച്ചിരുന്ന ഒരു പൗരാണിക ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് നശിപ്പിച്ച വാർത്തയാണ് വൈറൽ ആയത്. രാഷ്ട്രീയ ബജ്‌രംഗ് ദളിന്റെയും AHP എന്നൊരു സംഘടനയുടെയും പ്രവർത്തകരാണത്രെ ഇതിന് നേതൃത്വം നൽകിയത്.
കാലടി ടൗണിൽ ഒന്ന് കണ്ണോടിച്ചാൽ എളുപ്പത്തിൽ നിരീക്ഷിക്കാവുന്ന ഒന്നുണ്ട്. നിത്യവും ആരാധന നടക്കുന്ന അമ്പലവും ക്രിസ്ത്യൻപള്ളിയും മസ്ജിദും ഏതാനും മീറ്ററുകളുടെ ദൂരത്തിൽ നേർരേഖയിലാണിവിടെ സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസിക്കുന്നവരും ഇവിടെ കച്ചവടം നടത്തുന്നവരും പ്രത്യേകിച്ച് ഒരു മതവിഭാഗത്തിൽ പെട്ടവരല്ല. എല്ലാ മതവിഭാഗക്കാരും ഏകോദരസഹോദരങ്ങളെപ്പോലെ പരസ്പര സൗഹൃദ സഹകരണങ്ങളോടെ ജീവിക്കുന്ന ഒരു ചെറുപട്ടണമാണ് കാലടി; തിരക്കുള്ള ഗ്രാമമെന്നു വിളിച്ചാൽ പോലും തെറ്റില്ലാത്ത ഇടം. ഇന്നേ വരെ മതത്തിന്റെ പേരിൽ ഇവിടെ ഒരു ചെറിയ അസ്വസ്ഥത പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ പ്രശ്നമുണ്ടായ മണൽപ്പുറത്ത് നടക്കുന്ന ശിവരാത്രി പോലും ഒരു മതത്തിന്റെ ഉത്സവമായല്ല ഈ നാട്ടുകാർ ആഘോഷിച്ചിരുന്നത്. ജാതി മത ഭേദമില്ലാതെ എല്ലാവരും ശിവരാത്രി മണപ്പുറത്തെ ആഘോഷങ്ങൾ ആസ്വദിച്ചിരുന്നു.

ഇപ്പോൾ ചിലർക്ക് മതവികാരം വ്രണപ്പടാൻ കാരണം കാലടി മണൽപ്പുറത്തെ
ശിവക്ഷേത്രത്തിനടുത്ത് പള്ളിയുടെ മാതൃകയിൽ സെറ്റിട്ടതാണല്ലോ; ഈ മണൽപ്പുറത്ത് ഒരു സ്ഥിരം ശിവക്ഷേത്രം വന്നിട്ട് കാൽ നൂറ്റാണ്ടിനടുത്ത് മാത്രമേ ആയിട്ടുള്ളു. അതിന് മുൻപ് ഓരോ വർഷവും ശിവരാത്രിക്ക് വേണ്ടി താൽക്കാലികമായി ശിവക്ഷേത്രം നിർമ്മിക്കുകയായിരുന്നു പതിവ്; "മണൽപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിൽ വിവിധ വഴിപാടുകൾക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്" എന്ന അനൗൺസ്‌മെന്റ് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. ഈ താൽക്കാലിക ശിവക്ഷേത്രം ശിവരാത്രിക്ക് ശേഷം പൊളിച്ചു നീക്കപ്പെടുകയോ തുടർന്ന് വരുന്ന മഴയിൽ ഒലിച്ചു പോവുകയോ ചെയ്യുകയായിരുന്നു പതിവ്.

എന്തായാലും ഇപ്പോൾ കാലടി മണൽപ്പുറത്ത് നടന്ന ഈ അതിക്രമത്തിൽ കാലടിക്കാർക്ക് ആർക്കും പങ്കുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; കാരണം കാലടിയിലെ കുറെയേറെ സംഘപ്രവർത്തകരെയും ഹിന്ദു സഹോദരന്മാരെയും അവരുടെ സഹിഷ്ണുതാ മനോഭാവവും എനിക്ക് വ്യക്തിപരമായി അറിയാം എന്നത് തന്നെ. എങ്ങ് നിന്നോ വന്ന ചില സാമൂഹ്യദ്രോഹികളാണ് ഈ കിരാത പ്രവൃത്തിയിലൂടെ അദ്വൈതത്തിന്റെയും അതിന്റെ ആചാര്യന്റെയും ജന്മഭൂമിയായ കാലടിയുടെ പേരിനും പെരുമയ്ക്കും ഖ്യാതിക്കും മങ്ങലേൽപ്പിച്ചത്.
സിനിമ സെറ്റ് തകർത്തെന്ന് അവകാശപ്പെടുന്നവർ തന്നെ ഇതു ചെയ്തത് അവരാണ് എന്നു വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വർഗീയതയുടെ കണ്ണിലൂടെ എല്ലാം കാണുന്ന ഇത്തരക്കാർ ഒരു സിനിമാ സെറ്റാണ് എന്നു പോലും ആലോചിക്കാതെ കാട്ടിക്കൂട്ടിയ ഭ്രാന്തമായ ഈ കുറ്റകൃത്യത്തിന് നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും കിട്ടട്ടെ. നൂറു കണക്കിന് കലാകാരന്മാരും തൊഴിലാളികളും അഹോരാത്രം പരിശ്രമിച്ചു കെട്ടിപ്പൊക്കിയ മനോഹരമായ സെറ്റ് തല്ലിപ്പൊളിച്ച് തരിപ്പണമാക്കിയപ്പോൾ ഒരു വ്യവസായി എന്ന നിലയിൽ ആ സിനിമ നിർമ്മാതാവിന്റെ ലക്ഷക്കണക്കിന് രൂപ കൂടിയാണ് നഷ്ടപ്പെടുത്തിയത്. എന്റെ നാട്ടിൽ വച്ച് ഉണ്ടായ ഈ അനിഷ്ട സംഭവത്തിൽ ഇതിൽ നഷ്ടം സംഭവിച്ച എല്ലാവരോടും ധാർമ്മികതയുടെ പേരിൽ ആത്മാർഥമായി മാപ്പു ചോദിക്കുകയാണ്.

കീർത്തിസ്തംഭമണ്ഡപം ഫോട്ടോ കടപ്പാട് : Rejeesh Raveendran


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക
അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 18 May 2020

ഹനാൻ എന്ന പെൺകുട്ടിയുടെ അനുഭവം വിളിച്ചു പറയുന്നതെന്താണ് !!???

ജീവിതം വച്ച് നീട്ടിയ അപ്രതീക്ഷിതവും അസാധാരണവുമായ പ്രതിസന്ധികളില്‍ തളരാതെ മനക്കരുത്തോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെപ്പറ്റി മീഡിയയിലും സോഷ്യൽ മീഡിയയിലും വന്ന വാർത്തകൾ നിറഞ്ഞ മനസോടെയായിരുന്നു ഭൂരിപക്ഷം മലയാളികളും സ്വീകരിച്ചത്. പഠനത്തിനും കുടുംബം പോറ്റാനുമായി കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടി എന്ന നിലയിൽ വന്ന റിപ്പോർട്ടിനെ തുടർന്ന് ആ കുട്ടിയെ സഹായിക്കാന്‍ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി പേര്‍ രംഗത്തെത്തി. സാമ്പത്തികമായും അല്ലാതെയുമുള്ള വളരെയേറെ സഹായങ്ങൾ അവള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾ കൊണ്ട് അവൾ സോഷ്യൽ മീഡിയയിലെ മിന്നും താരമായി. 

വളരെ ചെറിയ ജീവിത കാലയളവിൽ അവൾ താണ്ടിയ ദുരിതജീവിതയാത്രകളെക്കുറിച്ച് കേട്ടറിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖരുമൊക്കെ അവളെ നേരിട്ടും ഫോണിലൂടെയും ഐകദാർഢ്യവും പിന്തുണയും സഹായവും അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രത്യേക അഭ്യർത്ഥനയിൽ ഒരു പ്രവാസി ഹനാന് വീട് വച്ച് നൽകാൻ തയ്യാറായി എന്ന് ചെന്നിത്തല തന്നെ അദ്ദേഹത്തിന്റെ FB-പേജിൽ അക്കാലത്ത് അറിയിച്ചിരുന്നു. പാട്ടെഴുതിയും പാട്ട് പാടിയും അഭിനയിച്ചുമെല്ലാം അവൾ അനേകരുടെ മനസ്സിൽ ഇടം നേടി. ഇടക്കാലത്തെപ്പോഴോ ഒരു വാഹനാപകടത്തിൽ പെട്ട് പരിക്കേറ്റ് ആശുപതിയിലാണെന്നും കേട്ടിരുന്നു.

എന്നാൽ ആദ്യഘട്ടത്തിലെ ആ  മിന്നിത്തിളക്കം ഏറെ സമയം നീണ്ടു നിന്നില്ല. പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹനാന്‍റെ മീന്‍ കച്ചവടം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത വീഡിയോ പ്രോഗ്രാം ആണെന്നും അതൊരു സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്നും ആർക്കോ തോന്നിയ വെളിപാട് സോഷ്യൽ മീഡിയ വഴി പരന്നൊഴുകി. അതോടെ മിന്നും താരത്തെ മോശം കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ആ കുട്ടിയേയും അയാളെ സപ്പോർട്ട് ചെയ്ത ചുരുക്കം ആളുകളെയും ആൾക്കൂട്ടനീതി തേജോവധം ചെയ്തു. കള്ളി എന്ന വിളിയിൽ തുടങ്ങി അഴിഞ്ഞാട്ടക്കാരി, അഭിസാരിക എന്ന നിലയിൽ വരെ ആ കുട്ടിയെ വിശേഷിപ്പിക്കാൻ ഇവിടത്തെ സൈബർ പോരാളികൾക്ക് ഒരു മടിയുമുണ്ടായില്ല. ഒടുക്കം, വളരെ പ്രസന്നവതിയായി തലേന്ന് ചാനൽക്യാമറകളെ അഭിമുഖീകരിച്ചവൾ പിറ്റേന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചാനൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യത്വത്തിന്‌ വേണ്ടി കരയുന്നതും കാണേണ്ടി വന്നു സാക്ഷര പ്രബുദ്ധ കേരളത്തിന്.....

ഇന്നിപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഹനാൻ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം തന്റെ FB-വാളിൽ ഇങ്ങനെ കുറിച്ചിരുന്നു; "ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം..." അവൾ ഇതേ വാക്കുകൾ തന്നെ ഒരു ടിക് ടോക്ക് വീഡിയോയായും പോസ്റ്റ് ചെയ്തു. ഇതോടെ ഈ രണ്ട് പോസ്റ്റുകൾക്കും താഴെ വന്ന് അധിക്ഷേപ കമന്‍റുകള്‍ ഇടാൻ മത്സരിക്കുകയാണ് ചില പ്രത്യേക വിഭാഗക്കാർ. ഹനാന്‍റെ പ്രശ്നങ്ങളും ബുദ്ധിമുട്ടികളും 2018-ൽ ചര്‍ച്ചയായ സമയത്ത് പ്രവാസി സഹായത്തോടെ ഹനാന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന രമേശ് ചെന്നിത്തലയുടെ വാഗ്ദാനം ഓർമ്മിപ്പിച്ചാണ് അധിക്ഷേപം മുഴുവനും നടക്കുന്നത്.

ഇടത് ചേരിയിലെ  സൈബര്‍ ഗുണ്ടകളെപ്പറ്റി പരാതിയും പരിഭവവും ആശങ്കയും രേഖപ്പെടുത്തുന്നവർ പലരും ഈ സൈബർ തെമ്മാടികൂട്ടത്തിലുണ്ട്. ഇടതുപക്ഷക്കാരുടെ സൈബറാക്രമണത്തെ ശക്തമായി നേരിടാൻ കെ പി സി സി തീരുമാനിച്ചെന്ന് ഇന്ന് രാവിലെ വായിച്ചതേയുള്ളൂ. വി ഡി സതീശന്റെ വെരിഫൈഡ് FB-അക്കൌണ്ടില്‍ നിന്ന് പബ്ലിക് സ്പേസിൽ വന്ന ചീത്തവാക്കുകള്‍ ഒക്കെ ഹാക്കിങ്ങ് ആണെന്ന് പറയുമ്പോൾ എങ്ങനെ വിശ്വസിക്കാനാകും. മനസിലാവുന്നത് ഇതാണ്.... സൈബറിടത്തിലെ ശരാശരി വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും അക്രമാസക്തമായ ആൾക്കൂട്ടങ്ങളാണ്; അവർ ചോര തറയിലൊഴുക്കുന്നില്ല എന്നെ ഉള്ളൂ; അവർക്ക് വസ്തുതകളോ നിലപാടുകളോ പൊളിറ്റിക്കൽ കറക്ട്നെസോ ഒന്നും പ്രധാനമല്ല; ഊഹങ്ങളിലും നിഗമനങ്ങളിലും താല്പര്യങ്ങളിലും രാഷ്ട്രീയത്തിലും ഊന്നി മാത്രമാണ് അവരുടെ പ്രതികരണങ്ങളും പ്രതികാരവുമെല്ലാം......

എന്തായാലും ഹനാൻ ഒരുപകാരം ചെയ്തു. വലിയ പുരോഗമനവും പൊളിറ്റിക്കൽ കറക്ട്നെസും ഇരവാദവും  പറയുന്ന പലരുടെയും ഉള്ളിലിരുപ്പ് തിരിച്ചറിയാൻ നിന്റെ രണ്ട് FB-പോസ്റ്റുകൾ കൊണ്ട്  സാധിച്ചു. 

PS : "ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല. നേരിൽ വന്നാൽ കാണാം. ഞാൻ ഇപ്പോഴും കളമശ്ശേരിയിൽ 5000 രൂപ മാസം നൽകി വാടക വീട്ടിൽ
ആണ് താമസിക്കുന്നതെന്ന്" ഹനാൻ പറയുന്നത് വിട്ടു കളഞ്ഞേക്കൂ...
ചെന്നിത്തല വാഗ്ദാനം ചെയ്തത് പോലെ ആ കുട്ടിക്ക് വീട് വച്ച് കൊടുത്തു എന്ന് തന്നെ സങ്കൽപ്പിച്ചോളൂ... എന്തെങ്കിലുമൊക്കെ ഗതികേടുകൾ ഉള്ളവർക്ക് അവർ ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ പോലും ചെയ്യാതെ കുറച്ച് സഹായങ്ങൾ കൊടുത്തു കഴിഞ്ഞിട്ട്, പിന്നീടവർ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേ ചിന്തിക്കാനും ജീവിക്കാനും പാടുള്ളു എന്ന് ശഠിക്കുന്നത് തികച്ചും ഫ്യൂഡൽ മനോഭാവമാണ്; സാഡിസ്റ്റിക്ക് ആയ നിലപാടാണ്. നിവൃത്തികേട്‌ കൊണ്ട് സഹായം സ്വീകരിക്കുന്നവർക്ക് ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയോ രാഷ്ട്രീയനിലപാടുകൾ തുറന്നു പറയുകയോ ചെയ്യുമ്പോൾ തെറിവണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിക്കുന്നവരുടെ ധാർമ്മികബോധവും ചിന്താമണ്ഡലവും ഏത് നിലവാരത്തിലാണ് വ്യാപരിക്കുന്നത്...!!???

ആ കുട്ടിയെ ഇകഴ്ത്തിയും അധിക്ഷേപിച്ചും നിർവൃതിയടയുന്നവരോട് ഒരു അഭ്യർത്ഥന.... ഇത്ര കഷ്ടപ്പെട്ട് നിങ്ങൾ ആർക്കും ഒരു ഉപകാരവും ചെയ്യരുത്.  നിങ്ങളുടെ ഒരു സഹതാപവും കാരുണ്യവും അനുഭാവവും ഒന്നും ആ കുട്ടിക്ക് വേണ്ടെന്ന് ആ കുട്ടിയുടെ ഉറച്ച വാക്കുകൾ വിളിച്ചു പറയുന്നുണ്ട്; അത് അദ്ധ്വാനിച്ച് ജീവിച്ചോളും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. അതെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ....മാനിഷാദ.....ലോകാ സമസ്താ സുഖിനോ ഭവന്തു...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 12 May 2020

സഭ കൂടെക്കൂടെ പ്രതിക്കൂട്ടിലാകുന്നത് എന്ത് കൊണ്ടാണ്...!!???

കുന്തിരിക്കമണവും ജപമണിക്കിലുക്കവും സങ്കീർത്തനഗീതങ്ങളും ഉയരേണ്ട ആവൃതിയുടെ ഇടനാഴിയിൽ നിന്നും വീണ്ടും സാധാരണമല്ലാത്ത ഒരു മരണവാർത്ത വന്നിരിക്കുന്നു. കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന യുവതി തിരുവല്ല പാലിയേക്കരയിൽ കിണറിൽ വീണു മരിച്ച ആ വാർത്ത ഉയർത്തി വിട്ട അലകൾ ഇനിയും ഒടുങ്ങിയിട്ടില്ല. കത്തോലിക്കാ സഭയിലെ മലങ്കരവിഭാഗത്തിന്റെ തിരുവല്ല രൂപതയിലെ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ്‌ കോൺവെന്റിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള കിണറ്റിൽ വീണ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപ്പറമ്പില്‍ ജോണ്‍ പീലിപ്പോസിന്റെ മകളായ ദിവ്യ പി ജോണ്‍ (21) ആണ് മരണമടഞ്ഞ സന്യാസാർത്ഥിനി. വ്യാഴാഴ്ച പകല്‍ പകൽ പതിനൊന്നര മണിയോടെ ക്ലാസ് കഴിഞ്ഞയുടനെ കിണറിന്റെ ഭാഗത്തു നിന്ന് നിലവിളി കേട്ട് മഠത്തിലെ സിസ്റ്റര്‍മാരിലൊരാള്‍ ഓടിയെത്തി. തിരച്ചിലിനിടയിൽ ദിവ്യയെ കിണറിൽ കണ്ട് തൊട്ടിയിട്ടു കൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  ദിവ്യയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ രണ്ടു ഫോറന്‍സിക് സര്‍ജന്മാരുടെ മേല്‍നോട്ടത്തിൽ നടന്ന  പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോർട്ടനുസരിച്ച്, ഇത് സാധാരണ നിലയിലുള്ള മുങ്ങിമരണമാണ്. പ്രാഥമിക പരിശോധനയില്‍ മറ്റു അസ്വാഭാവികതകള്‍ കണ്ടെത്താനായിട്ടുമില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്റെയോ മറ്റോ ലക്ഷണങ്ങളില്ല. കാലില്‍ കാണപ്പെട്ട ചെറിയ മുറിവ് കിണറ്റിലേക്ക് വീണപ്പോള്‍ ഉണ്ടായതാകാമെന്നാണ് നിഗമനം.

എന്നാൽ, പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. അത് പ്രചരിപ്പിക്കുന്നവർ പലരും സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. വീഡിയോയിൽ, കിണറ്റിൽ നിന്ന് ശവശരീരം പുറത്തെടുക്കുന്നയാളുടെ നെഞ്ചിനു താഴെ വരെ മാത്രം വെള്ളം ഉള്ളതായാണ് കാണപ്പെടുന്നത്. വീഡിയോയി ശ്രദ്ധിച്ചാൽ, പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രമുള്ളൂ എന്നതും സംശയങ്ങൾക്ക് കാരണമാകുന്നു. ചുരിദാറിന്റെ ബോട്ടം മൃതദേഹത്തിൽ ഇല്ലാത്തത് പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. പക്ഷെ, സ്വാഭാവികമായും കന്യാസ്ത്രീ പരിശീലനത്തിനുള്ള യുവതി സാരി ധരിച്ചിരിക്കാനാണ് സാധ്യത. കിണറിൽ നിന്ന് പുറത്തെടുക്കുന്ന അവസരത്തിൽ അത് മുട്ട് വരെ കയറിയിരിക്കാനുള്ള സാധ്യതയുള്ളത് കൊണ്ട് അർദ്ധനഗ്നതാവാദത്തെ തള്ളിക്കളയേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ഇതിനെപ്പറ്റിയും കിണറിലെ ജലനിരപ്പിന്റെ ഉയരത്തെപ്പറ്റിയും ഔദ്യോഗികമായ സ്ഥിരീകരണവും വിശദീകരണവും വരേണ്ടതുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയാതായി അറിയുന്നു. ആരോപണങ്ങൾ സംബന്ധിച്ച് കോൺവെന്‍റ് അധികൃതരോ സഭയുമായി ബന്ധപ്പെട്ടവരോ പരസ്യമായ വിശദീകരണത്തിന് തയ്യാറായിട്ടില്ല എന്നതും ദിവ്യയുടെ മരണം ഉറപ്പായ ശേഷം സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതും വിരലടയാള വിദഗ്ദ്ധരോ പൊലീസ് നായയോ മരണം നടന്ന ദിവസം എത്താത്തതും സംശയം ബലപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ച് അഭയ കേസ് ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻപുരക്കൽ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ഈ പ്രചാരണങ്ങൾ വ്യാജവും വാസ്തവവിരുദ്ധവുമാണെന്നും സഭയുടെ നടപടികളിലും പോലീസിന്റെ അന്വേഷണത്തിലും തൃപ്തിയുണ്ടെന്നും ദിവ്യയുടെ കുടുംബാംഗങ്ങൾ പരസ്യ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ദിവ്യയുടെ മരണത്തിൽ കഥകൾ മെനഞ്ഞു സഭയേയും സന്യാസത്തേയും മരിച്ചു പോയ സന്യാസാർഥിനിയെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനും അന്വേഷണത്തെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്നും, സത്യസന്ധമായ അന്വേഷണം നടത്താൻ പോലീസിനെ അനുവദിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു കൊണ്ട് രൂപതയും പത്രക്കുറിപ്പുമായി വന്നിട്ടുണ്ട്. 

കലർപ്പില്ലാത്ത നടപടികളും പഴുതടച്ച അന്വേഷണവും ഉണ്ടാകട്ടെ എന്നും സത്യം വ്യക്തതയോടെ വെളിവാകട്ടെ എന്നും പ്രത്യാശിക്കുകയേ തല്ക്കാലം നിവൃത്തിയുള്ളൂ. പക്ഷെ, സോഷ്യൽ മീഡിയയിലെയും പൊതുസമൂഹത്തിന്റെയും ഭൂരിപക്ഷം പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ അനുമാനിക്കാവുന്ന ഒരു കാര്യമുണ്ട്; പൊതുസമൂഹത്തിന്റെ ഗണ്യമായ ഒരു ഭാഗം ദിവ്യയുടേത് കൊലപാതകമാണെന്ന കടുത്ത സംശയത്തിലാണ്; ചെറുതല്ലാത്ത ഒരു വിഭാഗം ഇത് കൊലപാതകമാണെന്ന് തീർച്ചപ്പെടുത്തിയും കഴിഞ്ഞു.

സഭയിലോ കന്യാസ്ത്രീമഠങ്ങളിലോ സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന സാധാരണമല്ലാത്ത ഒരു സംഭവം പോലും ക്രൈമാണെന്നും മരണം ഒരു കൊലപാതകമാണെന്നും എളുപ്പത്തിൽ ചിന്തിക്കുന്ന നിലയിൽ പൊതുസമൂഹം എത്തി എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. സഭ എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ സംബന്ധിച്ച് ആപൽക്കരവും സഭയിലെ അംഗങ്ങൾ എന്ന നിലക്ക് വിശ്വാസികൾക്ക് ഏറെ അപമാനകരവും ആയ "വിശ്വാസ്യതാ നഷ്ടം" (Credibility Loss) എന്ന ഈ ദയനീയാവസ്ഥ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ വന്നു ഭവിച്ചതല്ല; മറിച്ച് കാലാകാലങ്ങളായി സഭാനേതൃത്വത്തിൽ ഇരുന്നവരും അവരോട് ഒട്ടി നിന്നവരും മറ്റു ചില അഭ്യുദയകാംക്ഷികളും എല്ലാം തോളോട് തോൾ ചേർന്ന് അത്യദ്ധ്വാനം ചെയ്‌ത്‌ ആർജ്ജിച്ചെടുത്തതാണെന്ന് ഇതെന്ന് പറയേണ്ടി വരും.

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ലൈംഗികാരോപണങ്ങൾ, അസ്വാഭാവിക മരണങ്ങൾ, സാമ്പത്തികക്രമക്കേടുകൾ തുടങ്ങി അനവധി ക്രിമിനൽ കേസുകളിലെ അട്ടിമറികളുടെയും തേച്ചുമായ്ക്കലുകളുടെയും മൂടിവയ്ക്കലുകളുടെയും കഥകൾ കേട്ട് ബോധ്യത്തിലെത്തിയ സാധാരണക്കാർ, ഉന്നയിക്കപ്പെടുന്ന ഏത് ആരോപണവും വഴിയേ പോകുന്ന ഏത് അപവാദവും സത്യമാണെന്ന് ധരിച്ചു പോകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഓരോ കേസ് വരുമ്പോഴും സഭയുടെ പേരിലും സഭക്കെന്ന പേരിലും ന്യായീകരണത്തൊഴിലുമായി ഇറങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഒരു ക്രെഡിബിലിറ്റിയും ഉണ്ടാകാറില്ലെന്ന് മാത്രമല്ല അവരിൽ പലരും ക്രിമിനൽ ആരോപണങ്ങളും കേസുകളും നേരിടുന്നവർ പോലുമാകാറുണ്ട്. ആരോപണങ്ങൾ ഉയരാൻ ഉണ്ടായ കാരണം അന്വേഷിച്ച് അതിന്റെ സത്യാവസ്ഥ പൊതുസമൂഹത്തിന് ബോധ്യപ്പെടണം എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ഇരവാദവും വോട്ട് ബാങ്ക് ബേസ്‌ഡ് ബ്ലാക്ക് മെയിലിംഗും ന്യായീകരണങ്ങളും സൈബർ ഗുണ്ടായിസവുമായി കുറെ വിശ്വസ്ത വിധേയരും കളം നിറയും. വാസ്തവഭദ്രമായ ആരോപണങ്ങൾ പോലും ഡിഫൻഡ് ചെയ്യാൻ വസ്തുതകളെ തമസ്കരിക്കുകയും സഭയ്ക്ക് വേണ്ടി വാസ്തവവിരുദ്ധതയിൽ ആത്മാർഥമായി ഊന്നി നിന്ന് വാദിക്കുന്ന വക്കീലന്മാർ, അടുത്തൂൺ പറ്റിയ ഉന്നത പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഇവരെയൊക്കെ അണി നിരത്തി സഭാനേതൃത്വം കളിക്കുന്ന ചതുരംഗം കളി തികഞ്ഞ പരാജയത്തിൽ അവസാനിക്കാനേ സാധ്യത കാണുന്നുള്ളൂ. സഭയ്ക്കും സഭയിലെ പ്രമുഖർക്കുമെതിരെ ക്രിമിനൽ ആരോപണങ്ങൾ വരുമ്പോൾ അത് സാത്താൻ സേവകർ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്നത് കൊണ്ടാണെന്നും അഥവാ സഭാനാഥന്മാർക്ക് വീഴ്ച പറ്റിയാൽ അതെല്ലാം പുതപ്പിട്ട് മൂടണമെന്നും പഠിപ്പിക്കുന്ന ധ്യാനഗുരുക്കൾ കൂടിയാവുമ്പോൾ അധഃപതനം പൂർത്തിയാകുന്നു.

മലബാർ സഭയിലെ പ്രബലനായ റോബിൻ അച്ചൻ ഇടവകയിൽപ്പെട്ട കൗമാരക്കാരിയെ ഗർഭിണിയാക്കിയിട്ട് ആ ഗർഭം ആ പെൺകുട്ടിയുടെ തന്നെ പിതാവിന്റെ തലയിൽ കെട്ടി വക്കാൻ ശ്രമിച്ച നൃശംസ്യതയും അവൾ പ്രസവിച്ച കുഞ്ഞിനെ മുലപ്പാൽ പോലും നിഷേധിച്ച് രായ്ക്ക് രാമാനം കിലോമീറ്ററുകൾ അകലെയുള്ള അനാഥാലയത്തിൽ എത്തിക്കാൻ വിശുദ്ധവസ്ത്രം ധരിച്ചവർ കാണിച്ച ശുഷ്കാന്തിയും കേസിൽപ്പെട്ട റോബിനെ വർഷങ്ങളോളം തിരുവസ്ത്രത്തിൽ തന്നെ പൊതിഞ്ഞു പിടിച്ച ഉളുപ്പില്ലായ്മയും കണ്ട് ശീലിച്ച പൊതു സമൂഹം പലതും ഊഹിക്കുന്നു, വിശ്വസിക്കുന്നു, ബോധ്യത്തിലെത്തുന്നു.... അഭയക്കേസ് ദേഹത്ത് തട്ടാതെ അവസാനിപ്പിച്ചെടുക്കാൻ സഭ ശതകോടികൾ മുടക്കിയെന്നും കേസ്‌ രേഖകളും തെളിവാധാരങ്ങളും തിരുത്താൻ സഭ ശ്രമിച്ചു എന്നും ബലാല്സംഗക്കേസിൽ ഫ്രാങ്കോ കുറ്റക്കാരൻ തന്നെ ആണെന്നും ഇന്നലെ കഴിഞ്ഞ ദിവ്യയുടെ മരണം കൊലപാതകമാണെന്നും സമൂഹം വിശ്വസിച്ചാൽ ആരാണ് അതിനുത്തരവാദി....!?? 

ദിവ്യ കേസുമായി ബന്ധപ്പെട്ട്, ഇപ്പോഴേ ന്യായീകരണത്തൊഴിലാളികളും വ്യാഖ്യാനപടുക്കളും സഭയ്ക്ക് വേണ്ടി കളം നിറഞ്ഞു കഴിഞ്ഞു. ഈ കേസിലെങ്കിലും സഭാനേതൃത്വം മനസാക്ഷിയുടെ അടിക്കോണിലെവിടെയോ മയക്കുമരുന്ന് കഴിച്ച് ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണർത്തിയെടുത്ത്, നിയമത്തെ അതിന്റെ വഴിക്കു പോകാനും എന്തെങ്കിലും അഹിതമായത് നടന്നിട്ടുണ്ടെങ്കിൽ അത് പുറത്ത് വരാനും അനുവദിക്കണം. കേസ്‌ അന്വേഷണം ഒരു തരത്തിലും തടസ്സപ്പെടുന്നില്ലെന്നും അതിന് വേണ്ടി ഉന്നതതലങ്ങളിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും ആത്മാർത്ഥമായി ഉറപ്പ് വരുത്തണം. 

കർത്താവിന്റെ മണവാട്ടിയാകാൻ വേണ്ടി 
വീട് വിട്ടിറങ്ങി ആവൃതിയിലെത്തി 
നിത്യവ്രത വാഗ്‌ദാനത്തിനു മുൻപേ 
ദിവ്യമണവാളന്റെ അടുത്തേക്ക് പോകേണ്ടി വന്ന 
ദിവ്യയുടെ ആത്മാവിനു ശാന്തി നേരുന്നു.😢

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 5 May 2020

ആരെങ്കിലും മെത്രാന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ചോ..!!???



അന്തരിച്ച
ഇടുക്കി രൂപത മുൻ ബിഷപ്പ്
മാർ ആനിക്കുഴിക്കാട്ടിലിന് ആദരാഞ്ജലികൾ....





"മാർ ആനിക്കുഴിക്കാട്ടിലിന് ജനകീയ ആദരം നിഷേധിച്ചു" എന്ന തലക്കെട്ടിൽ ദീപികയിൽ വന്ന ഒരു ലേഖനമാണ് ഇപ്പോൾ ഇതെഴുതാൻ കാരണം. 

ഇ​തു കൊ​ടും​ച​തി​യാ​ണ് എന്നാണ് അതിന്റെ ആദ്യവാചകം. 

ഒ​രു ആ​ത്മീ​യാ​ചാര്യന് അ​ന്ത്യ​യാ​ത്ര ന​ൽ​കാ​ൻ​ പോ​ലും ജ​ന​ത​യെയും വി​ശ്വാ​സി​ക​ളെ​യും അ​നു​വ​ദി​ക്കാ​ത്ത ച​തിയാണ് സർക്കാരുകൾ ചെയ്യുന്നതെന്നും ഇ​തി​ന്‍റെ പി​ന്നിൽ ഗൂ​ഢ​ത​ന്ത്രം ഉണ്ടെന്നും അത് ഇ​പ്പോ​ൾ ജ​യിച്ചാലും മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​നെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ​നി​ന്നു തു​ട​ച്ചു​മാ​റ്റാ​ൻ ഒ​രു ഗൂ​ഢ​ത​ന്ത്ര​ത്തി​നു​മാ​കി​ല്ലെന്നും പൊ​തു ആ​ദ​ര​വ് നി​ഷേ​ധി​ക്കാ​ൻ ആ​രു ​ശ്ര​മി​ച്ചാ​ലും ല​ക്ഷ​ങ്ങ​ളു​ടെ ഉ​ള്ളി​ൽ ദി​വ്യ​ തേ​ജ​സാ​യി ഇ​ടു​ക്കിയു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ എന്നും കു​ടി​ കൊ​ള്ളുമെന്നുമൊക്കെ എണ്ണിപ്പെറുക്കുന്ന ഒരു ലേഖനം. ഇ​ടു​ക്കി രൂ​പ​ത​യെ​യും കു​ടി​യേ​റ്റ ജ​ന​ത​യെ​യും പ​തി​റ്റാ​ണ്ടു​ക​ളോളം ജീ​വ​ൻ​ ന​ൽ​കി പ​രി​പാ​ലി​ച്ച രൂ​പ​താ​ധ്യ​ക്ഷ​ന് അ​ർ​ഹ​മാ​യ വി​ട​വാ​ങ്ങ​ൽ ന​ൽ​കാ​ൻ അ​നു​വ​ദി​ക്കാ​തെ ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ​നി​ന്നും ക​രു​ക്ക​ൾ നീ​ക്കിയ​വ​രെ ഒ​രി​ക്ക​ൽ പൊ​തു​ജ​നം തി​രി​ച്ച​റി​യുമെന്ന ഭീഷണിയും ലേഖനത്തിലുണ്ട്. 

ലേഖനം പറയുന്നതനുസരിച്ച്, മെത്രാന്റെ മുതസംസ്കാരത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭൗ​തി​കശ​രീ​രം വച്ച് ലോക്ക് ഡൗൺ ലംഘനങ്ങളൊന്നുമില്ലാതെ സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് വിലാപയാത്രയും പൊതുദർശനവും ഒക്കെ നടത്താനുള്ള എല്ലാ ഹോം വർക്കുകളും ക്രമീകരണങ്ങളും നടത്തിയിരുന്നത്രെ. ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ​ ക​ള​ക്ട​ർ, ജി​ല്ല പോ​ലീ​സ് ചീ​ഫ്, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​രു​മാ​യി ദീ​ർ​ഘ​മാ​യി ച​ർ​ച്ച​ന​ട​ത്തി​യാ​ണ് രൂപതാ നേതൃത്വം ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി​യ​തെന്നും ഇതിൽ പറയുന്നുണ്ട്. റോ​ഡു​വ​ക്കി​ൽ ആ​ൾ​ക്കൂട്ടം ഒ​ഴി​വാ​ക്കി, പൊ​തു​ദ​ർ​ശ​ന ഇ​ട​ങ്ങ​ളി​ൽ ഒ​രു​സ​മ​യം അ​ഞ്ചു​പേ​രി​ൽ കൂ​ടാ​തെ എ​ത്തി വ​ലി​യ ​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​തത്രേ.

പിന്നെയങ്ങോട്ട് കുറ്റപ്പെടുത്തലുകളുടെ ധാരാളിത്തമാണ് ലേഖനത്തിലുടനീളം. പി​താ​വി​ന്‍റെ ഭൗ​തി​ക​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കില്ലെന്നും സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ൽ അ​ഞ്ചി​ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ഫോ​ണ്‍ വ​ഴി​ ഉ​ത്ത​ര​വിട്ടത്രേ. ഇ​തി​നു​ പിന്നാ​ലെ ജി​ല്ലാ ​ക​ള​ക്ട​റു​ടെ ഔദ്യോഗിക ഉ​ത്ത​ര​വും വന്നു. ഒടുക്കം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ലി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ൽ 20 പേ​രെ ​വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കിയെങ്കിലും പിതാവ് അ​ർ​ഹ​മാ​യ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങാ​നാ​വാ​തെയാണ് നി​ത്യ​ത​യി​ലേ​ക്കു മ​ട​ങ്ങേണ്ടി വരുന്നതെന്ന് ലേഖനം പറഞ്ഞു വക്കുന്നു. 

അടുത്ത ഭാഗത്തിന്റെ തലക്കെട്ടാണ് ഗംഭീരം. "നി​രോ​ധ​നം വ​ന്ന​ത് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ?". ഒരു ചോദ്യ ചിഹ്നത്തിന്റെ ആനുകൂല്യത്തിൽ, പി​താ​വി​ന് ആ​ദ​ര​മ​ർ​പ്പി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​സ​രം സംസ്ഥാന സർക്കാർ തടഞ്ഞത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നും ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും ല​ഭി​ച്ച പ​രാ​തി​യെത്തുട​ർ​ന്നാ​ണെന്ന് ലേഖകൻ അനുമാനിക്കുന്നു. ലേഖനത്തിൽ ആ ഉത്തരവിന് കൊടുക്കുന്ന വിശേഷണവും കലക്കി : "ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ഭൗ​തി​ക ദേ​ഹ​ത്തോ​ടു​ള്ള അ​നാ​ദ​ര​വി​ന്‍റെ ഉ​ത്ത​ര​വ്"

ലേഖകന്റെ ഭാഷ്യമനുസരിച്ച്, ഹൈ​റേ​ഞ്ചി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വി​ച്ചു, പ്ര​വ​ർ​ത്തി​ച്ചു കാ​ലം​ ചെ​യ്ത ഒ​രു വ​ലി​യ മ​നു​ഷ്യ​ന് ലോക​ത്തി​ൽ ഒ​രാ​ൾ​ക്കും ഉ​ണ്ടാ​കാ​ത്ത ക്രൂ​ര​മാ​യ അ​വ​ഗ​ണ​ന സം​ഭ​വി​ച്ചതിന് ഉത്തരം പറയാൻ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ളവരുടെ ലിഷ്ട്ട് ചെറുതല്ല.... കേ​ന്ദ്ര​സർക്കാർ, സം​സ്ഥാ​ന സ​ർ​ക്കാർ, സംസ്ഥാനത്തെ ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​, പ്രതി​ക്ഷ പാ​ർ​ട്ടി​ക​ൾ; ഇവരൊക്കെയാണവർ. സാ​ധാ​ര​ണ പൗ​ര​നു ല​ഭി​ക്കു​ന്ന പ​രി​ഗ​ണ​ന​ പോ​ലും ന​ൽ​കാ​തെ​യാ​ണ് ഇ​ടു​ക്കി​യു​ടെ ആ​ത്മീ​യ പി​താ​വി​ന്റെ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന​ത്തെ ആ​ദ​രവ് കൊ​ട്ടി​യ​ട​ച്ച് യാ​ത്ര​യാ​ക്കേ​ണ്ടി വന്ന നി​ന്ദ്യ​മാ​യ ചെ​യ്തി ഇ​ടു​ക്കി​യി​ലെ മാ​ത്ര​മ​ല്ല സ​മ​സ്ത ജ​ന​ങ്ങ​ളെ​യും ക​ണ്ണീ​ർ​ക്ക​യ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാണെന്നും ലേഖകൻ പറയുന്നു. ഈ നടപടികൾ തിരുത്തിക്കാൻ ​ ഒ​രു രാ​ഷ്‌ട്രീയ പൊ​തു സേ​വ​ക​നെ​യും ക​ണ്ടി​ല്ല എന്ന പരാതിയും ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒ​രു മു​ന്ന​ണി​യും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ത​യാ​റാവാത്തത് ​എന്ത് രാ​ഷ്‌ട്രീയ​ലാ​ഭം ഉ​ണ്ടാ​ക്കാ​നാണാവോ എന്ന അതിശയപ്പെടുന്നതോടൊപ്പം മൃ​ത​ദേ​ഹ​ത്തി​നു പൊ​തു​ദ​ർ​ശ​നം അ​നു​വ​ദി​ക്കാ​ത്ത ക്രൂ​ര​മാ​യ ന​ട​പ​ടി ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹ​വും സ​ഹി​ക്കു​ന്ന​ത​ല്ലെന്നു കൂടി പ്രസ്താവിക്കുന്നു. 

പ​രാ​തി എ​ന്താ​ണെ​ന്നോ പ​രാ​തി​ക്കാ​ര​ൻ ആ​രാ​ണെ​ന്നോ ലേഖനം എഴുതും ​വ​രെ പു​റ​ത്താ​രും അ​റി​ഞ്ഞി​ട്ടില്ലെന്നും കേന്ദ്രത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭൗ​തി​ക​ദേ​ഹ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ൾ​ക്കൂട്ടം ഉ​ണ്ടാ​യാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ചീഫ് സെക്രട്ടറി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ നി​ന്നു കൈ​ക​ഴു​കി​യ​തോ​ടെ ജി​ല്ലാ​ ക​ള​ക്ട​ർ പ്ര​തി​സ​ന്ധി​യി​ലാവുകയും ചെയ്തതാണ് ജ​ന​ല​ക്ഷ​ങ്ങ​ൾ ആ​ദ​രി​ക്കു​ന്ന ഒ​രു ആ​ത്മീ​യ നേ​താ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് ഇ​ത്ര വ​ലി​യ അ​നാ​ദ​ര​വു സംഭവിക്കാൻ കാരണമത്രേ. 

പിന്നെ കുറെ മുന വച്ച സംശയങ്ങളും ഭീഷണി കലർന്ന മുന്നറിയിപ്പുകളുമാണ്; 

ഇത്രയുമൊക്കെ കാ​ട്ടി​യി​ട്ടും മൗ​നം പാ​ലി​ക്കു​ന്ന വി​വി​ധ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ഉ​ത്ത​രം ന​ൽ​കേ​ണ്ടി​ വരും..
അ​രു​താ​ത്ത​ത് ഉ​ണ്ടാ​കു​മ്പോൾ തി​രു​ത്തേ​ണ്ട​വ​രു​ടെ മൗ​നം വ​രു​ത്തി​യ ദു​ര​ന്തം ഒ​രി​ക്ക​ലും മാ​യാ​ത്ത ക​ള​ങ്ക​മാ​യി ന​മ്മു​ടെ​ മേ​ൽ പ​തി​യും...
ലോ​ക്ക്ഡൗ​ണ്‍ നാ​ളു​ക​ളി​ൽ മ​രി​ക്കു​ന്ന ഏ​ക വ്യ​ക്തി​യ​ല്ല മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ; മുമ്പ് മ​രി​ച്ച​വ​രു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കൊ​ന്നും ഇ​ല്ലാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​ന​ങ്ങ​ളും മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്രം എ​ങ്ങ​നെ​യു​ണ്ടാ​യി..!?
സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ൽ 20 പേ​രെ വ​രെ പ​ങ്കെ​ടുപ്പി​ക്കാ​ൻ വ്യ​വ​സ്ഥ​യു​ള്ള​പ്പോ​ൾ അ​ഞ്ചു​പേ​രി​ൽ ചു​രു​ക്കാ​ൻ ഉ​ത്ത​ര​വു​ണ്ടാ​യ​തെ​ങ്ങ​നെ‍..!!???
പി​ന്നീ​ട് വി​കാ​രി ജ​ന​റാ​ളി​ന്‍റെ് അ​പേ​ക്ഷ മാ​നി​ച്ച് 20 ആ​യി ഉ​യ​ർ​ത്തി​യ​തെ​ങ്ങനെ..!!???
മൃ​ത​ദേ​ഹം വ​ച്ചി​രി​ക്കു​ന്ന ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്കു​ചു​റ്റും പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർ​പ്പി​ക്കാ​നെ​ത്തി​യ​വ​രെ ത​ട​ഞ്ഞ​തെ​ന്തി​ന്...!?? 
120 പോ​ലീ​സു​കാ​രെ ഒ​രേ​സ​മ​യം വി​ന്യ​സി​ച്ച് ജ​ന​ങ്ങ​ളെ ത​ട​യാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ടു പോ​ലീ​സ് നീ​യ​ന്ത്ര​ണ​ത്തി​ൽ പൊ​തു ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​ല്ല‍...!!???
 ഒ​രു ആ​ത്മീ​യ നേ​താ​വി​ന്‍റെ മൃ​ത​ദേ​ഹ വാ​ഹ​ന​ത്തി​നു ചു​റ്റും റ​വ​ന്യൂ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​പ്പി​ച്ച് ആ​ളു​ക​ളു​ടെ നോ​ട്ടം ത​ട​ഞ്ഞ​തെ​ന്തി​ന്...!!??? 

"ക​ണ​ക്കു​പ​റ​യേ​ണ്ടി​വ​രും പ​ല​രും"

ഒരു കണക്കും പറയേണ്ടി വരില്ല സഹോ; ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ മുൻകരുതലുകളിൽ ഒരു തെറ്റുമില്ല. ഒരു കാരണവശാലും ഒരു ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം അനുവദിക്കരുത്.

50 പേരിൽ കൂടാതെ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിച്ച് കുർബാന നടത്തണം എന്ന് നിർദ്ദേശിച്ച ബിഷപ്പുമാരുടെ സർക്കുലർ നിലനിൽക്കെ മാർച്ച് 15 ഞായറാഴ്ച എന്റെ പരിസരത്തുള്ള എല്ലാ പള്ളികളിലും ആയിരവും ആയിരത്തിഅഞ്ഞൂറും പേര് പങ്കെടുത്ത കുർബാനകൾ നടന്നു; ഇടദിവസങ്ങളിലെ കുർബാനകൾക്കും നൂറു കണക്കിന് ആളുകൾ ഉണ്ടായിരുന്നു. കേരളത്തിലെമ്പാടും അത് തന്നെയായിരുന്നു സ്ഥിതി എന്നാണ് വ്യക്തമായ ധാരണ. പേരിന് പോലും ഇത്തരം ആൾക്കൂട്ടം അനുവദനീയം അല്ലെന്ന് പോലും മൊഴിഞ്ഞില്ല ഈ വേഷമിട്ടവർ. യാത്രാവിലക്ക് നിലനിൽക്കുന്ന സമയത്ത്, അഞ്ചു പേര് മാത്രം പങ്കെടുക്കാവുന്ന തിരുക്കർമ്മങ്ങൾ നടത്താൻ അനുമതി ഉള്ളപ്പോൾ ഓശാനക്ക് പന്ത്രണ്ട് കിലോമീറ്റർ കാറിൽ യാത്ര ചെയ്ത് അഞ്ചിലധികം പേർ (എട്ടു പേർ ഉള്ള ഫോട്ടോ എന്റെ പക്കലുണ്ട്) സന്നിഹിതരായിരുന്ന ബലിയർപ്പിച്ച തലവൻ ഉള്ള സഭയാണ്. കർശനമായ ലോക്ക് ഡൗൺ നിർദ്ദേശങ്ങളും മെത്രാന്മാരുടെ സർക്കുലർ നിർദ്ദേശങ്ങളും ലംഘിച്ച് തിരുക്കർമ്മങ്ങളും ഭക്ത്യഭ്യാസങ്ങളും ധ്യാനപരിപാടികളും നടത്തിയതിന് വൈദികരും വിശ്വാസികളും കേരളത്തിൽ അങ്ങിങ്ങ് അറസ്റ്റ് ചെയ്യപ്പെട്ട പത്രവാർത്തകളും ഓൺലൈനിൽ തന്നെ ലഭ്യമാണ്.

ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായവർ വലിയ കാര്യങ്ങളിലും വിശ്വസ്തർ ആയിരിക്കും; ഒരുവന്റെ പ്രവൃത്തിയാൽ അവൻ വിധിക്കപ്പെടും; പിതാക്കന്മാരുടെ സർക്കുലറും സർക്കാരിന്റെ കർശന നിർദ്ദേശങ്ങളും ലംഘിച്ചവരെ പരസ്യമായി അപലപിക്കാൻ പോലും ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായിക്കണ്ടില്ല.

ചുരുക്കത്തിൽ സൂചി കടത്താൻ ഇട കൊടുത്താൽ തൂമ്പ കയറ്റുന്ന അനുഭവങ്ങൾ മുന്നിലുള്ളപ്പോൾ ഒരു ഇളവും കൊടുക്കരുത്. അറിവ് കുറവ് കൊണ്ടാണോ അറിവ് കൂടുതൽ കൊണ്ടാണോ എന്നറിയില്ല; തീർച്ചയായും ഇവർ ആടുകളെ നയിക്കുന്നത് സുരക്ഷിതതീരങ്ങളിലേക്കല്ല...

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന് ഒരിക്കൽ കൂടി ആദരാജ്ഞലികൾ

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക