ഞാൻ വെറും പോഴൻ

Saturday, 3 February 2024

"ബോൺസായ്" എന്ന "വൻ"മരം വീണു... ഇനി "വാമൻ വൃക്ഷ" !!???

"ബോൺസായ്" എന്ന് പേരുള്ള ഉദ്യാന കലയെപ്പറ്റി മിക്കവാറും കേട്ടിട്ടുണ്ടാകും. ജപ്പാനുമായി ബന്ധപ്പെടുത്തിയാണ് പൊതുവെ ബോൺസായിയെ പറ്റി പറയാറുള്ളത്. വൻ‌ മരങ്ങളുടെ രൂപ ഭംഗി നഷ്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടിച്ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഉദ്യാന പാലന രീതിയാണിത്. ആഴം കുറഞ്ഞ പാത്രം എന്നർത്ഥം വരുന്ന 'ബോൺ' എന്ന വാക്കും സസ്യം എന്നർത്ഥം വരുന്ന 'സായ്' എന്ന വാക്കും ചേർന്നാണ് 'ബോൺ സായ്' എന്ന പദം ഉണ്ടായിരിക്കുന്നത്. ഉദ്യാന കൃഷിയിൽ താൽപ്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഭാവനവിലാസവും കലാബോധവും വെളിവാക്കാൻ പറ്റിയ ഒരു മേഖല കൂടിയാണിത്. ഏ ഡി 200-നോട് അടുപ്പിച്ച് ചൈനയിലെ പെൻ‌ജിങ്ങിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം. ഒൻപതാം നൂറ്റാണ്ടോടെ ജപ്പാനിലേക്ക് കുടിയേറിയതോടെയാണ് ഈ കലാരൂപത്തിൽ നൂതനവിദ്യകൾ ചേർക്കപ്പെട്ട് ജനകീയമായിത്തുടങ്ങിയത്. വൻവൃക്ഷങ്ങളുടെ ചെറു ചട്ടികളിൽ വളരുന്ന കുഞ്ഞൻ രൂപങ്ങളെ ഇപ്പോൾ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‍ കാണാൻ സാധിക്കും.

എന്നാൽ ബോൺസായിയുടെ ഉത്ഭവം ഭാരതത്തിൽ ആയിരുന്നു എന്നും ഈ  ഉദ്യാനകലയുടെ യഥാർത്ഥ പേര്  "വാമൻ വൃക്ഷ കല" എന്നായിരുന്നുവെന്നുമാണ് പുതിയ അവകാശവാദം. കേരളത്തിൽ നിന്നുള്ള മുതിർന്ന ബി ജെ പി നേതാവും സീനിയർ ക്രിമിനൽ വക്കീലും ഗോവാ ഗവർണറുമായ ശ്രീധരൻ പിള്ളയുടെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഈ അവകാശവാദം ഉള്ളത്. ഈ മാസം 9-ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗോവ രാജ്ഭവനിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ശ്രീധരൻപിള്ള എഴുത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിലാണ് ഇരുന്നൂറാമത് പുസ്തകം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ബോൺസായി എന്നറിയപ്പെടുന്ന കുഞ്ഞൻ വൃക്ഷങ്ങളുടെ ഉത്ഭവ സ്ഥാനവും ഇനങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ പേര് "വാമൻ വൃക്ഷ കല" എന്നാണ്.

ബോൺസായി എന്ന് ജപ്പാൻകാർ വിളിക്കുന്ന ചെറുവൃക്ഷത്തിന്റെ യഥാർത്ഥ നാമം വാമൻ വൃക്ഷ കല എന്നായിരുന്നുവെന്നും 15,000ത്തോളം ഇനങ്ങളിൽ കാണപ്പെട്ടിരുന്ന ഈ വൃക്ഷത്തിന്റെ ഉത്ഭവ സ്ഥാനം ഇന്ത്യയായിരുന്നുവെന്നും പുസ്തകത്തിൽ ശ്രീധരൻപിള്ള പറയുന്നു. ഗോവയിലെ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകൾക്കിടെ പരിചയപ്പെട്ട ചില സംസ്കൃത പണ്ഡിതന്മാരിൽ നിന്നാണത്രെ ഇന്ത്യയിൽ പരിപാലിക്കപ്പെട്ടിരുന്ന കുഞ്ഞൻ വൃക്ഷങ്ങളുടെ കഥ പിള്ള മനസ്സിലാക്കിയത്. ആയുര്‍വേദ മരുന്നുകൾ ഉണ്ടാക്കാനും മറ്റും ആവശ്യമുള്ളപ്പോൾ കാട്ടിൽ പോയി ഇലകളും വേരുകളും കൊണ്ടു വരുന്നത് ബുദ്ധിമുട്ടായതിനാൽ ഇന്ത്യയിലെ ബുദ്ധ സന്യാസിമാരായിരുന്നത്രെ ആശ്രമങ്ങളോട് ചേർന്ന് കുഞ്ഞൻ വൃക്ഷങ്ങളെ പരിപാലിച്ചിരുന്നത്. പിന്നീട് കാലക്രമത്തിൽ ബുദ്ധ സന്യാസികൾ ജപ്പാനിലേക്കും ചൈനയിലേക്കും കുടിയേറിയതോടെ ഇത്തരം വൃക്ഷങ്ങൾ അവിടെയും നട്ട് പരിപാലിക്കുകയും ക്രമേണ അത് അവരുടേതായി മാറുകയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. 12 തരം ആല്‍മരങ്ങളെ ഉൾപ്പെടെ നാൽപ്പതിൽ പരം കുഞ്ഞൻ വൃക്ഷങ്ങളെ കുറിച്ചാണത്രെ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. 

എന്തായാലും ക്ലോണിംഗും പ്ലാസ്റ്റിക്ക് സർജറിയും വൈമാനിക ശാസ്ത്രവും ഒക്കെ പോലെ ബോൺസായിയും നമ്മൾ തുടങ്ങി വച്ചതാണെന്ന അറിവ് ഏറെ കൗതുകം ഉണ്ടാക്കുന്നു...