ഞാൻ വെറും പോഴൻ

Friday, 2 February 2018

പോണിന് മുൻപേ നിരോധിക്കേണ്ടത് ഇത്തരം മാധ്യമങ്ങളെയാണ്‌....

യുവനടി സനുഷക്ക് ട്രെയിൻ യാത്രക്കിടെ നേരിട്ട അപമാനം റിപ്പോർട്ട് ചെയ്ത മനോരമ ഓൺലൈനിന്റെ തലക്കെട്ട് കണ്ടപ്പോൾ എന്തെന്നില്ലാത്ത രോഷമാണ് തോന്നിയത്. "‘ചുണ്ടിൽ അയാളുടെ കൈവിരൽ’; ട്രെയിനില്‍ ഉണ്ടായ അതിക്രമത്തെ കുറിച്ച് സനുഷ...". പിന്നീടങ്ങോട്ട് കടുത്ത ധാർമ്മിക രോഷവും കദനക്കടലും ലോഡ് ചെയ്ത പീഡനശ്രമ റിപ്പോർട്ട്. ഇര തന്നെ മാധ്യമങ്ങളോട് സംഭവം തുറന്നു പറഞ്ഞത് കൊണ്ട് പേര് വെളിപ്പെടുത്തിയതിന്റെ പുകിൽ പേടിക്കാതെയുള്ള വാക്കും വരിയും വിടാതെയുള്ള കിടിലൻ സ്റ്റോറി. ഒരു പയിനായിരം ക്ലിക്കെങ്കിലും കൂടുതൽ കിട്ടും. മനോരമ അതിന്റെ തനിക്കൊണം കാണിച്ചു എന്ന് പറഞ്ഞാൽ മതി...

ഇനി, മനോരമ മാത്രമാണ് ഈ നിലവാരം പ്രകടിപ്പിക്കുന്നതെന്നൊന്നും ചിന്തിക്കേണ്ട. പൊതുവെ മനോഹരവും കുറിക്കു കൊള്ളുന്നതും വായനക്കാരനെ തലക്കെട്ടിനപ്പുറത്തേക്ക് വായിക്കാൻ പ്രേരിപ്പിക്കുന്നതുമായ തലക്കെട്ട്‌ എഴുതുന്നതിൽ ഒരു പ്രത്യേക വൈഭവം പ്രകടിപ്പിക്കാറുള്ള പത്രമാണ് മാതൃഭൂമി. പത്രത്തോടൊപ്പം ഒരു സംസ്കാരവും വളർത്തുന്നു എന്നാണു മാതൃഭൂമി അവകാശപ്പെടാറുള്ളത്. എന്നാൽ ഒരു ഹർത്താൽ പിറ്റേന്ന് കണ്ട ഒരു തലക്കെട്ട്‌ വെറുപ്പിച്ചു കളഞ്ഞു എന്ന് പറയാതെ വയ്യ.  .

സംഭവം ഇതായിരുന്നു; വയനാട്ടില്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ പരിചരിക്കാൻ വിസമ്മതിക്കുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ യുവതി പ്രസവിക്കുന്നു. ഗര്‍ഭപാത്രത്തില്‍ മൂന്നു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു കുഞ്ഞുങ്ങള്‍ ആംബുലന്‍സില്‍ വെച്ചുതന്നെ പുറത്തു വരികയും മരിച്ചു പോവുകയും ചെയ്തു. ആശുപത്രിയിലെത്തിയപ്പോള്‍ മൂന്നാമത്തെ  കുഞ്ഞു പുറത്തു വന്നു. പരിഷ്കൃതർ എന്ന് മേനി നടിക്കുന്ന പൊതുസമൂഹം ആകമാനം തലകുനിക്കേണ്ടുന്ന ഒന്നായിരുന്നു മാനന്തവാടിയില്‍  നടന്ന ഈ സംഭവം. കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം മൂലം ആ യുവതിക്ക് നഷ്ടപ്പെട്ടത്, മനസ്സിൽ താലോലിച്ചു, മാസങ്ങളെണ്ണി കാത്തിരുന്ന തന്റെ മാലാഖക്കുഞ്ഞുങ്ങളെയാണ്. ഈ കുട്ടികളുടെ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയായിരുന്നു. യുവതിയുടെ പോലും ജീവന്‍ അപകടത്തിലായിരുന്നു. 

വാർത്ത ശ്രദ്ധേയമാക്കാൻ തുനിഞ്ഞിറങ്ങിയ ലേഖകൻ കൊടുത്ത തലക്കെട്ടാണ് ക്രൂരം. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസിയുവതിക്ക് വഴിനീളെ പ്രസവം’. ഈ തലക്കെട്ട്‌ വച്ച് നോക്കുമ്പോൾ യുവതിയെ പരിചരിക്കാതെ പറഞ്ഞുവിട്ട സർക്കാർ ആശുപത്രിക്കാർ ചെയ്തതിനേക്കാൾ ക്രൂരമായ റിപ്പോർട്ടിംഗ് ക്രൂരത. ആദിവാസികളെ പീഡിപ്പിച്ചു എന്ന വസ്തുത ഉയർത്തിക്കാണിക്കാൻ മാതൃഭൂമി കൊടുത്ത നാലാം കിട അശ്ലീലമെഴുത്ത്. വിമർശകർ ആഘോഷിച്ചത് റിപ്പോർട്ടിങ്ങിലെ ആദിവാസി വിരുദ്ധത മാത്രമാണ്. ഇത് ആദിവാസി വിരുദ്ധം മാത്രമല്ല; സ്ത്രീ വിരുദ്ധമാണ്; സർവ്വോപരി മനുഷ്യത്വവിരുദ്ധമാണ്. മാതൃത്വം, ജനനം, നിസ്സഹായത, മരണം, ദുഃഖം, അപമാനം തുടങ്ങി എണ്ണമറ്റ വികാരനിർഭര മുഹൂർത്തങ്ങൾ ഒരുമിച്ചു അഭിമുഖീകരിക്കേണ്ടി വന്ന ഒരു പാവം പെണ്ണിന്റെ അത്മാഭിമാനത്തെയാണ് ഈ തലക്കെട്ടിലൂടെ മാതൃഭൂമി ചതച്ചരച്ചത്. ജനിച്ചയുടന്‍ മരിച്ചു പോകാൻ വിധിക്കപ്പെട്ട അവരുടെ പിഞ്ചുകുഞ്ഞുങ്ങളുടെ നിസഹായതയെയാണ് നിങ്ങൾ ഉത്തരവാദിത്തബോധമില്ലാതെ സമീപിച്ചത്. 

ഈ പാവം സ്ത്രീയുടെ സ്ഥാനത്ത് ഇവന്റെയൊക്കെ അമ്മയോ പെങ്ങളോ കെട്ടിയവളോ ആയിരുന്നു എങ്കിൽ അവർ ഈ രീതിയിൽ എഴുതുമായിരുന്നോ...? ഇല്ല എന്ന് മാത്രമാണ് ഉത്തരം; കാരണം ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ മാത്രമേ കണ്ടു നില്ക്കാൻ രസമുള്ളൂ. ഇനി, ഈ ഗതികെട്ട പെണ്ണിന്റെ സ്ഥാനത്ത് ഉമ്മഞ്ചാണ്ടിയുടെയോ പിണറായിയുടെയോ വീട്ടിലെ പണിക്കാരിയായിരുന്നെങ്കിൽ പോലും ഒരു പത്രക്കാരനും ഇത് പോലെ നെറികെട്ട എഴുത്ത് എഴുതുമായിരുന്നില്ല. അതിനു കാരണങ്ങൾ രണ്ടാണ്; ഒന്ന് : സർക്കാർ ആശുപത്രിക്കാർ അവരെ  ഇങ്ങനെ നിഷ്കരുണം കയ്യൊഴിയില്ലായിരുന്നു... രണ്ട് : ഇത് പോലൊരു എഴുത്ത് എഴുതുന്നതിനു മുൻപ് സ്വന്തം ജോലിയുടെ നിലനില്പ്പിനെക്കുറിച്ചും ഇപ്പോഴുള്ള സുന്ദരമായ മുഖത്തിന്റെ വികൃതമായ ഷേപ്പിനെക്കുറിച്ചും രണ്ടോ മൂന്നോ വട്ടം ആലോചിക്കുമായിരുന്നു.  ഇതിപ്പോ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരുടെ കാര്യമാകുമ്പോൾ എന്ത് തരവഴിയും എഴുതിപ്പിടിപ്പിക്കാം. 

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. എന്നാൽ വാർത്തകൾ കൊടുക്കുമ്പോൾ അവ മനുഷ്യത്വവിരുദ്ധമാവാതിരിക്കാൻ എങ്കിലും ശ്രമിച്ചു കൂടെ. സെൻസേഷണലിസത്തിലടിസ്ഥാനപ്പെടുത്തി മികച്ച ABC റേറ്റിങ്ങും TAM റേറ്റിങ്ങും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശശുദ്ധി ഒട്ടും തന്നെ പിടികിട്ടാതെ പോകുന്നു. 

അഭിനേത്രിയും സാമൂഹ്യപ്രവർത്തകയുമായ മാല പാർവതി ഫേസ്‌ബുക്കിൽ കുറിച്ചത് വളരെ ശ്രദ്ധേയമാണ്. പെൺ ശബ്‌ദമുപയോഗിച്ച് മന്ത്രിയെ കുടുക്കി, സ്ത്രീ സുരക്ഷ ചർച്ച ചെയ്യുന്നത് പോലെ തന്നെ അപലപനീയമാണ് പീഢന ശ്രമത്തിന്റെ സൂക്ഷ്മ വിവരണങ്ങൾ നൽകി ഇരയോട് സഹതപിക്കുന്നത്. "ചുണ്ടിൽ അയാളുടെ കൈവിരൽ " എന്ന് തലക്കെട്ട് കൊടുക്കുമ്പോൾ വാർത്തയുടെ, ഉദ്ദേശ ശുദ്ധിയെ സംശയിച്ച് പോകുന്നു. എന്തൊരു നാട് ? എന്ത് കിട്ടിയാലും വിൽക്കും !!! 

(ഇത് പൂർണ്ണമായി പുതിയൊരു പോസ്റ്റ് അല്ല; മാതൃഭൂമിയുടെ റിപ്പോർട്ടിങ് നെറികേടിനെ കുറിച്ചെഴുതിയ കുറിപ്പ് പുതിയ സംഭവത്തിന്റെ വെളിച്ചത്തിൽ അപ്ഡേറ്റ് ചെയ്തതാണ് )


മാധ്യമപ്രവർത്തനമെന്ന പേരിൽ അരങ്ങേറിയ ഒരു നെറികേടിനെപ്പറ്റി എഴുതിയ ഒരു പോസ്റ്റ്; വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യാം....==>>>> ഇത് മാധ്യമപ്രവർത്തനമല്ല; ഒളിഞ്ഞു നോട്ടമാണ്; സദാചാരഗുണ്ടായിസമാണ്; സർവ്വോപരി ക്രൈം ആണ്.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 1 February 2018

കെട്ടുപ്രായം കഴിഞ്ഞിട്ടും മുട്ടിലിഴയുന്ന ശബരി റെയിൽ പദ്ധതി

ശബരി റെയില്‍ പദ്ധതി പ്രഖ്യാപിച്ച വര്‍ഷം ജനിച്ച കുട്ടികള്‍ക്ക് നിയമപ്രകാരം പ്രായപൂർത്തിയായി; പലരും വിവാഹം കഴിച്ച് അവർക്ക് കുട്ടികളുണ്ടായി; അന്ന് ജനിച്ച എല്ലാ മനുഷ്യരും ഇന്ന് വോട്ടർമാരാണ്; അവരിൽ ചിലർ ഇന്ന് പഞ്ചായത്ത് മെമ്പർമാരാണ്. എന്നാല്‍, പദ്ധതി ഇപ്പോഴും മുട്ടിലിഴഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ. ഓരോ വര്‍ഷവും ബജറ്റുകൾ വരുമ്പോള്‍ പദ്ധതി പ്രദേശത്തുള്ളവര്‍ വാർത്തകൾ സൂക്ഷ്മമായി പരിശോധിക്കും. ഓരോ വർഷവും മാറ്റി വയ്ക്കുന്ന തുകയ്ക്ക് ഇവിടെ 10 സെന്റ് ഭൂമി വാങ്ങി ഒരു വീട് വയ്ക്കാൻ പോലും തികയില്ല. പദ്ധതിയുടെ ഓരോ ഘട്ടത്തിലും നമ്മുടെ ചില രാഷ്ട്രീയനേതാക്കള്‍ പാതയുടെ അലൈന്‍മെന്റിനെതിരെ രംഗത്തെത്തികൊണ്ടിരുന്നു. അവരവരുടെ സ്വകാര്യ നേട്ടത്തിനനുസരിച്ച് പാത വളയ്ക്കാനും നിവര്‍ത്താനും ശ്രമിച്ചു. തമിഴ്‌നാട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിച്ചു നിന്ന് പാത പണി തീർത്ത് വണ്ടി ഓടിച്ചു തുടങ്ങിയേനെ. പല തരം തര്‍ക്കങ്ങള്‍, വേണ്ടത്ര ഫണ്ട് അനുവദിക്കായ്ക, രാഷ്ട്രീയഇച്ഛാശക്തി ഇല്ലായ്‌മ തുടങ്ങി വിവിധ കാരണങ്ങൾ കൊണ്ട് 'ശബരി റെയില്‍' എന്ന സ്വപ്‌നപദ്ധതി റെയിൽപ്പാളം പോലെ കൂട്ടിമുട്ടാതെ അനന്തമായി മുന്നോട്ടു പോകുന്നു. 

111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു റെയില്‍വേ പദ്ധതിയില്‍ രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് ഭാഗികമായെങ്കിലും പണി നടത്തിയിട്ടുള്ളത് ആകെ 8 കിലോമീറ്ററിൽ; അങ്കമാലി മുതല്‍ കാലടി വരെ. ഒരു പക്ഷേ ലോക റെയില്‍ നിര്‍മാണ ചരിത്രത്തില്‍ ഇത് ഒരിക്കലും ഭേദിക്കാനാവാത്ത റെക്കോഡായിരിക്കണം. 1997-98 ൽ പദ്ധതിക്ക് അംഗീകാരം കിട്ടിയ സമയത്ത് 517 കോടിയായിരുന്നു പദ്ധതിക്ക് പ്രതീക്ഷിച്ച ചെലവ്. ഇപ്പോളത് ആയിരക്കണക്കിന് കോടികൾ ആയിട്ടുണ്ടാവും. കേന്ദ്ര റെയില്‍ മന്ത്രാലയം പണം മുടക്കി നടത്തുന്ന നിര്‍മാണത്തിന് സ്ഥലമേറ്റെടുത്ത് കൊടുക്കുക എന്ന ഉത്തരവാദിത്വം മാത്രമേ സംസ്ഥാന സര്‍ക്കാറിനുണ്ടായിരുന്നുള്ളു. ഭൂമിയുടെ വിലയും മറ്റ് ആനുകൂല്യങ്ങളും റെയില്‍വേ കൊടുക്കുമായിരുന്നു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 416 ഹെക്ടര്‍ ആണ് ഏറ്റെടുക്കേണ്ടിയിരുന്നത്. പാതയുടെ റൂട്ടും സ്ഥലം വിട്ടു നല്‍കലും സംബന്ധിച്ച് ഏറെക്കുറെ ധാരണയുണ്ടാകാൻ തന്നെ ഏറെ വർഷങ്ങളെടുത്തു. വലിയ സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ സ്വാധീനവുമില്ലാത്ത പാവപ്പെട്ടവരും സാധാരണക്കാരുമായ കുറെപ്പേര്‍ സ്വന്തം കിടപ്പാടം വരെ തര്‍ക്കങ്ങളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറായപ്പോള്‍ വലിയ ഭൂവുടമകള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥലമെടുപ്പ് അട്ടിമറിച്ചു. അലൈന്‍മെന്റ് പലവട്ടം മാറ്റി മറിച്ചു. പദ്ധതിക്കുവേണ്ടി കല്ലിട്ടുപോയ സ്ഥലങ്ങള്‍ വില്‍ക്കാനോ, പണയപ്പെടുത്താനോ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയില്ല. ഈ സ്ഥലങ്ങളുടെ ഏറ്റെടുക്കൽ നടപടിക്രമങ്ങൾ എന്ന് പൂർത്തിയാകും എന്ന് ഒരുറപ്പും ഭൂവുടമകൾക്ക് ലഭിച്ചില്ല. കൃഷിസ്ഥലങ്ങളില്‍ ദീര്‍ഘകാലവിളകള്‍ വച്ചു പിടിപ്പിക്കാനും അനുവാദമില്ല. ഈ കുരുക്കില്‍ പാവങ്ങളും സാധാരണക്കാരും ശരിക്കും പെട്ടു പോവുകയും ചെയ്തു. 

ഇരുപതോളം പഞ്ചായത്തുകൾക്കും ആറോളം മുനിസിപ്പാലിറ്റികൾക്കും നേരിട്ട് ഗുണം ലഭിക്കേണ്ട പദ്ധതിയാണിത്. 10.1 കിലോമീററര്‍ ദൈര്‍ഘ്യമുളള 21 തുരങ്കങ്ങള്‍, 3 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങള്‍, 25 മേല്പാലങ്ങള്‍, 85 ലെവല്‍ ക്രോസുകള്‍, 15 സ്റ്റേഷനുകള്‍ ഇതൊക്കെയായിരുന്നു പദ്ധതിയിൽ വരാനിരുന്ന അടിസ്ഥാന സൗകര്യങ്ങൾ.  ഇങ്ങനെ മലയോര ഗ്രാമീണ മേഖലയുടെ പശ്ചാത്തല - സാമൂഹിക - സാമ്പത്തിക വികസനത്തിന് സഹായകമാകുന്ന പദ്ധതിയാണ് 17 വര്‍ഷമായി തര്‍ക്കങ്ങള്‍ തീരാതെ കിടക്കുന്നത്. കാര്‍ഷികമേഖലയ്ക്കും മലഞ്ചരക്കു വ്യാപാരത്തിനും ഈ പാത വന്‍ മുന്നേറ്റമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. റബ്ബര്‍, ഏലം, കുരുമുളക്, പൈനാപ്പിള്‍ എന്നിവ എളുപ്പം വിപണിയിലെത്തിക്കാന്‍ പാത സഹായകരമാകും. തീര്‍ഥാടനകേന്ദ്രങ്ങളായ കാലടി ശ്രീശങ്കര ജന്മസ്ഥാനം, മലയാറ്റൂര്‍ പള്ളി, കോതമംഗലം ചെറിയപള്ളി, തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഭരണങ്ങാനം എന്നിവിടങ്ങളിലേക്കും മൂന്നാർ, തേക്കടി, കോടനാട്, ഭൂതത്താൻകെട്ട്, വാഗമൺ തുടങ്ങി എണ്ണമറ്റ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകൾക്ക് എത്തിപ്പെടാനുള്ള എളുപ്പമാര്‍ഗമായിരുന്നു പദ്ധതി.

ഇടക്കാലത്ത്, പദ്ധതിവിഹിതത്തിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയില്‍വേ ബോര്‍ഡ് നയം വന്നതോടെയാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ അരികുവൽക്കരിച്ചത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ കത്തെഴുതലും നിവേദനം കൊടുക്കലും നടക്കുന്നതല്ലാതെ പദ്ധതിനിർമ്മാണം കാര്യമായി നടക്കുന്നില്ല; നിലവിൽ കോടികൾ മുടക്കിയതു കൊണ്ട് പദ്ധതിയെ റയില്‍വേ പാടെ ഉപേക്ഷിക്കില്ല എന്നാണ് ജനങ്ങളുടെ പ്രതീക്ഷ; അങ്കമാലി കാലടി റീച്ചിൽ അവിടെയും ഇവിടെയുമായി നാമമാത്രമായ പണികൾ ഇപ്പോഴും നടക്കുന്നത് കൊണ്ട് ആ പ്രതീക്ഷ സജീവമായി നിലനിൽക്കുന്നു. 

അങ്കമാലി കാലടി റീച്ചിൽ പദ്ധതി ""പുരോഗമിക്കുന്നതിന്റെ"" ചില കാഴ്ചകൾ  






























വിവരങ്ങൾക്ക് വിവിധ മാധ്യമവാർത്തകളെയും ഇന്റെർനെറ്റിൽ ലഭ്യമായ വിശ്വസിക്കാവുന്നത് എന്ന് തോന്നുന്ന റിപ്പോർട്ടുകളെയുമാണ് ആശ്രയിച്ചിട്ടുള്ളത്. ചിത്രങ്ങൾ കൂടുതലും പദ്ധതിയുടെ വിവിധ പ്രദേശങ്ങളിൽ പോയി എടുത്തവയും ചിലത് മാധ്യമങ്ങളിൽ വന്നവയുമാണ്.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

നിസംഗതയുടെ കാലത്ത് പ്രസക്തമായ രണ്ട് സാമൂഹ്യപരീക്ഷണങ്ങൾ

എറണാകുളത്ത് തിരക്കേറിയ പത്മ ജംഗ്ഷനില്‍ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ് മണിക്കൂറുകള്‍ കിടന്നിട്ടും തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം. ഏറെ സമയത്തിന് ശേഷം, ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി അത് വഴിയേ പോവുകയായിരുന്ന രഞ്ജിനി എന്ന സ്ത്രീയും അവരുടെ മകളും മുൻകൈയെടുത്താണ് യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഹൈക്കോടതി അഭിഭാഷകയാണ് രഞ്ജിനി; മകൾ വിഷ്ണുപ്രിയ, തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്... പുരുഷ കേസരികൾ ഇവരെ നമിക്കേണ്ടിയിരിക്കുന്നു....


ഈ അവസരത്തിൽ ഓർമ്മ വന്നത് യൂട്യൂബിൽ കണ്ട രണ്ട് വീഡിയോകളാണ്. രണ്ട് സാമൂഹ്യ പരീക്ഷണ പരിപാടി (Social Experiment) കളുടേതാണ് വീഡിയോ. 

വീഡിയോ - 1 (കാണേണ്ടവർ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി)....=> https://goo.gl/myN91g 



സമൂഹത്തില്‍ വനിതകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക്  നേരെ ചെറുവിരല്‍ അനക്കാന്‍ മടിക്കുന്നവരെയും അതിനോട് നിസംഗമായി പ്രതികരിക്കുന്നവരെയും തുറന്നു കാട്ടിയും ഇതിനിടയിലും തങ്ങളാല്‍ ആവുന്നത് ചെയ്യുന്ന ചുരുക്കം ധൈര്യശാലികളെ പ്രശംസിച്ചുമാണ് ഈ വീഡിയോ ക്ലിപ്പ് പുരോഗമിക്കുന്നത്.  യെസ് നോ മേബി’ എന്നാണ് ഏതാണ്ട് രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ പേര്. ഞാന്‍ കാണുന്ന സമയത്ത്  ആ ക്ലിപ്പ് പതിനാലര ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇവിടെ തരികിട, ഒടിയന്‍ എന്നൊക്കെ വിളിപ്പേരുള്ള പ്രാങ്ക് വീഡിയോ പ്രോഗ്രാം ചെയ്യുന്നവര്‍ ഒന്ന് കണ്ടു പഠിക്കണം ഈ പരിപാടി .

പരിപാടിയുടെ ഏകദേശ രൂപം ഇങ്ങിനെയാണ്. ഡല്‍ഹിയിലെ ആളൊഴിഞ്ഞ ഏതോ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍. ചില്ലുകള്‍ മുഴുവനും കറുത്ത ഫിലിം ഒട്ടിച്ച് അകത്തേയ്ക്കുള്ള കാഴ്ച പൂര്‍ണ്ണമായും മറച്ചിരിക്കുന്നു. കാറിനുള്ളില്‍ ഒരു സ്ത്രീയുടെ പേടിച്ചരണ്ട ഉച്ചസ്ഥായിലുള്ള കരച്ചില്‍ ശബ്ദം റെക്കോഡ് ചെയ്ത് വെച്ചിരിക്കുന്നു. റെക്കോര്‍ഡ്‌ ചെയ്ത കരച്ചില്‍ ഓരോ ആളുകള്‍ വണ്ടിയുടെ സമീപത്ത് എത്തുന്നതിന് അനുസരിച്ച് കേള്‍പ്പിക്കുന്നു. അത് കേട്ടിട്ടും ഒരു ഭാവഭേദവുമില്ലാതെ കടന്നു പോകുന്നു ചിലര്‍. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന ഭാവത്തിലാണ് മറ്റു ചിലര്‍ കടന്നു പോകുന്നത്. ഭീരുക്കളെ കുറ്റക്കാരായും നല്ല രീതിയില്‍ പ്രതികരിച്ച ആളുകളെ ഹീറോകള്‍ ആയുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ ഉള്ളത് മനസ്സിനെ വിഷമിപ്പിക്കുന്ന കാഴ്ചകളാണെങ്കിലും വിഡിയോയുടെ അവസാന ഭാഗം പ്രത്യാശ നല്‍കുന്നതാണ്. ചില യുവാക്കളെ കൂടാതെ അത്ര കണ്ടു ആരോഗ്യവാന്‍ അല്ലാത്ത ഒരു വൃദ്ധന്‍ പോലും രണ്ടാം പകുതിയില്‍ കാഴ്ചക്കാരന്റെ മനസ്സില്‍ ഇടം പിടിക്കും. അവര്‍ പ്രകടിപ്പിക്കുന്ന നല്ല മനസ്സും ഉയര്‍ന്ന ധൈര്യവും പ്രശംസനീയം തന്നെയാണ്. സിനിമകളിലെ നായകന്മാരെ പോലെ അവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നു. 


വീഡിയോ - 2 (കാണേണ്ടവർ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി)....=> https://goo.gl/ujKeSR

ദില്ലിയിലെ പ്രശസ്തമായ ഒരു ആശുപത്രിക്കടുത്തുള്ള റോഡില്‍ ശരീരം മുഴുവന്‍ രക്തവുമായി സഹായത്തിന് കേണു വിളിക്കുന്ന യുവാവാണ് ചിത്രത്തില്‍. വരുണ്‍ പൃഥ്വി എന്ന നടനും കൂട്ടുകാരുമാണ് നിസ്സംഗരായ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ പരീക്ഷണം നടത്തിയത്. ദല്‍ഹി ബാലാസംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരനുണ്ടായ അതേ അനുഭവമായിരുന്നു വരുണിനും. ആളൊഴിഞ്ഞ ഒരു ആംബുലന്‍സ് അടക്കം ഒരു വണ്ടി പോലും നിര്‍ത്തിയില്ല. റോഡിന്റെ ഇരു വശങ്ങളിലും കൂടിയ ആളുകലും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. അവസാനം റോഡില്‍ പിടഞ്ഞു മരിച്ചപ്പോള്‍, "സഹതാപ"ത്തോടെ എല്ലാവരും പറഞ്ഞു, പാവം, ആ പയ്യന്‍ മരിച്ചു...

പീഡനങ്ങളും അപകടങ്ങളും തുടരുമ്പോള്‍ പൊതു ജനം ഇപ്പോഴും അതിനെ ഇരകളുടെ മാത്രം പ്രശ്നമായി കാണുന്നിടത്താണ് നമ്മുടെ നാടിന്റെ ദുരവസ്ഥ കുടി കൊള്ളുന്നത്‌. ഇര തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് എന്ന തിരിച്ചറിവിന് മാത്രമേ ഒരു സുരക്ഷിത സമൂഹം ഉണ്ടാക്കാന്‍ കഴിയൂ. നാളെ നമ്മളും ഇരയാവാമെന്ന സാധ്യത മുന്നില്‍ കണ്ടാലെ ക്രൂരമായ ഈ നിസ്സംഗതയുടെ ആഴം നമുക്ക് മനസ്സിലാവൂ.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക