ഇന്നിപ്പോൾ "ഉറപ്പാണ് എൽ ഡി എഫ്" എന്ന മുദ്രാവാക്യമുയർത്തി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പോരാട്ടം മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒന്നൊഴിയാതെ എല്ലാ അഭിപ്രായ സർവേകളും നേതാക്കളും അണികളും പട്ടികയിൽ ആദ്യം നിർത്തിയ നേതാവ് പിണറായി വിജയൻ ആയിരുന്നു. ആരോപണപ്പെരുമഴകൾ കൊണ്ടും മാതൃകാപരമല്ലാത്ത ചില പ്രതിപക്ഷപ്രവർത്തനങ്ങൾ കൊണ്ടും കലുഷിതമായ അന്തരീക്ഷത്തിൽ നടന്ന ഈ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് രണ്ടാമൂഴത്തിന് ജനങ്ങളുടെ മാൻഡേറ്റ് നേടുന്നത്; കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ അത് മുൻപെങ്ങുമില്ലാത്ത തരത്തിലൊരു "തുടർഭരണം" എന്ന ചരിത്രമാണ് കുറിക്കുന്നത്. ഒരിക്കലും ഇളകില്ല എന്ന് കരുതിപ്പോന്നിരുന്ന മുസ്ലിം ലീഗ് കോട്ടകൾ പോലും കുലുക്കി വിറപ്പിച്ചു കൊണ്ടാണ് ഈ തേരോട്ടം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ട്വിസ്റ്റുകളോട് ട്വിസ്റ്റ് ആയിരുന്നു ഇടതുപക്ഷത്ത് നിന്ന് വന്നത്. രാഷ്ട്രീയ നിലപാട് എന്ന നിലയിൽ സി പി എമ്മും സി പി ഐയും പുതുമുഖങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുക എന്ന തീരുമാനം നടപ്പാക്കിയപ്പോൾ തന്നെ കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരും പ്രഗത്ഭരുമായിരുന്ന പല മന്ത്രിമാരും ചിത്രത്തിലേ ഇല്ലാതായിരുന്നു. ഈ തീരുമാനം കൊണ്ട് വളരെ Settle ആയിരുന്ന പൊസിഷൻ Un Settle ചെയ്തു ഇടതുമുന്നണി എന്നായിരുന്നു വിദഗ്ധരുടെയും നിരീക്ഷകപ്രമുഖരുടെയും പൊതു അഭിപ്രായം. ഈ നെഗറ്റിവിറ്റിയും നിശബ്ദമായ സർക്കാർ വിരുദ്ധ തരംഗവും "ഏകഛത്രാധിപതി" ചമയുന്ന പിണറായി വിജയൻറെ Packaged Captain Image ഉം ഇടതുമുന്നണിയെ തോൽവിയിലേക്ക് തള്ളിവിടുമെന്നുള്ള പ്രവചനങ്ങളെ എല്ലാം തൂത്തെറിഞ്ഞുകൊണ്ട് ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് 99 സീറ്റിന്റെ വ്യക്തമായ മാൻഡേറ്റ് കൊടുത്തു കേരള ജനത. വീണ്ടും മന്ത്രിമാരെ തീരുമാനിച്ചപ്പോഴും ഇതേ ട്വിസ്റ്റുകൾ ആവർത്തിച്ചു; പിണറായി വിജയൻറെ കീഴിൽ ആദ്യമന്ത്രിസഭയിൽ ഉണ്ടായിരുന്ന സകല സിപി എം മന്ത്രിമാരെയും മാറ്റി പകരം മുഴുവൻ പുതുമുഖങ്ങളെ മന്ത്രിമാരായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി എന്ന നിലയിൽ തീർത്തും പുതുമുഖമായി എത്തി കർമ്മകുശലതയും പ്രവർത്തനശൈലിയിലെ തനിമയും കൊണ്ട് ലോകാദരം പിടിച്ചു പറ്റിയ സാക്ഷാൽ ശൈലജ ടീച്ചർ പോലും സമാനതകളില്ലാത്ത പുതിയ നയത്തിന്റെ പേരിൽ മന്ത്രിസഭയിൽ ഇടം പിടിച്ചില്ല; അത് വലിയ വല്ലായ്മയ്ക്കും പ്രതിഷേധത്തിനും ഒക്കെ വഴി വച്ചിട്ടുണ്ട്; അതിൽ കുറെയധികം അമിത വൈകാരികതയിൽ നിന്ന് ഉയർന്നു വന്നതായിരുന്നു; ബാക്കിയെല്ലാം പോത്തിനെ ചാരി എരുമയെ തള്ളുന്നതിൽ വിദഗ്ദ്ധരായ ചിലർ പിണറായി വിജയനെയും ഇടതുപക്ഷത്തേയും അവസരം ഉപയോഗിച്ച് പ്രഹരിക്കുന്നതിന്റെയും ഭാഗമായി കണ്ടാൽ മതി. ആത്മാർത്ഥമായ വൈകാരിക പ്രതികരണങ്ങൾക്കും സുവർണ്ണാവസരം ഉപയോഗിക്കുന്നവരുടെ ആമാശയപരമായ പ്രതികരണങ്ങൾക്കും ഒരാഴ്ചക്കപ്പുറം ആയുസില്ല എന്നത് കഴിഞ്ഞ തവണ സഖാവ് വി എസിനെ മാറ്റി നിർത്തി പിണറായി മുഖ്യമന്ത്രി ആയപ്പോൾ ഉണ്ടായ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. വിപ്ലവകരമായ തീരുമാനങ്ങൾ പലതും കാണുമ്പോൾ നെറ്റി ചുളിയുന്നത്, ആ നെറ്റിക്ക് പിറകിലെ തലച്ചോറ്, സാമാജികത്വവും മന്ത്രി പദവിയും അട്ടിപ്പേറവകാശം പോലെ പതിറ്റാണ്ടുകൾ കൊണ്ട് നടന്ന ചിലരെ കണ്ട് കണ്ടീഷൻ ചെയ്യപ്പെട്ട് പോയത് കൊണ്ടാവാനും മതി; ആ നെറ്റിചുളിക്കൽ സാരംക്കേണ്ടതില്ല; പതിയെ മാറിക്കോളും. സ്വാഭാവികമായും പ്രഖ്യാപിത നയമനുസരിച്ച് സി.പി.ഐ.യും പുതുമുഖങ്ങളെ തന്നെ മന്ത്രിമാരാക്കി. കാര്യമായ പൊട്ടലും ചീറ്റലും മുറു മുറുപ്പും ഒന്നും കേൾപ്പിക്കാതെ തീരെ അപ്രധാനമല്ലാത്ത വകുപ്പുകൾ വീതിച്ചു നൽകി മറ്റു ഘടക കക്ഷികളെയും കൃത്യമായി മന്ത്രിസഭയിൽ ഉൾച്ചേർത്തു. തിരുത്തും കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം എന്ന ഇടതിന്റെ ഉറപ്പാകുന്നു ഇന്ന് സഖാവ് പിണറായി വിജയൻ.
കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നു വീണ പിണറായിയിൽ ഒരു സാധാരണ ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരനും ഭാര്യ കല്യാണിക്കും പിറന്ന പിണറായി വിജയൻ എന്ന വിളിപ്പേരുള്ള വിജയൻറെ നാട് എന്ന നിലയിലാണിപ്പോൾ പിണറായി ഇപ്പോൾ കൂടുതൽ അറിയപ്പെടുന്നത്. വിജയൻറെ തന്നെ വാക്കുകൾ കടമെടുത്താൽ "ഒരു ദിവസം രാവിലെ പെട്ടെന്ന് മുഖ്യമന്ത്രിക്കസേരയിലേക്ക് ആകാശത്തു നിന്ന് പൊട്ടി വീണ ആളല്ല പിണറായി വിജയൻ". അടിയന്തിരാവസ്ഥക്കാലത്ത് MLA ആയിരുന്നിട്ട് കൂടി കൊടിയ പോലീസ് മർദ്ദനമേൽക്കേണ്ടി വന്ന പിണറായി വിജയൻ ചോരയിൽ കുതിർന്ന ഷർട്ട് ഉയർത്തിപ്പിടിച്ചു കൊണ്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ കനൽച്ചുവപ്പ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ അവിചാരിതമായ മരണമായിരുന്നു പാർട്ടി തലപ്പത്തേക്കുള്ള അപ്രതീക്ഷിതമായ ഇയാളുടെ പ്രവേശം; അതോടൊപ്പം കേന്ദ്ര കമ്മിറ്റിയംഗത്വവും പിബി അംഗത്വവും. ഇന്നത്തെ SFI-യുടെയും യുടേയും DYFI-യുടെയും ആദ്യ രൂപമായ KSF-ന്റെയും KSYF-ന്റെയും അധ്യക്ഷപദവി മുതൽ പാർട്ടിയുടെ എല്ലാ നിലകളിലും സ്ഥാനമുറപ്പിച്ച് അസൂയാവഹമായിരുന്നു പിണറായി വിജയൻറെ വളർച്ച. കുടുംബത്തുടർച്ചയുടെയോ മറ്റ് വ്യക്തിപരിഗണനകളുടെയോ പിൻബലമില്ലാതെ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അഗ്രസ്ഥാനത്ത് ഇദ്ദേഹം എത്തിയതിന് പിന്നിൽ ഒരു മനുഷ്യന്റെ കഠിന പരിശ്രമത്തിന്റെയും കൗശലനിരതമായ നിതാന്ത ജാഗ്രതയുടെയും അടയാളങ്ങൾ നിരീക്ഷിക്കുന്നവർക്ക് കാണാനാകും.
26 വയസിൽ MLA ആയ പിണറായിക്ക് മന്ത്രി എന്ന ഉത്തരവാദിത്തം ആദ്യമായി കിട്ടിയത് 1996-ലെ നായനാർ മന്ത്രിസഭയിൽ ആയിരുന്നു. കേവലം രണ്ടര വർഷക്കാലത്തിൽ താഴെ മാത്രം വൈദ്യുതി -സഹകരണ മന്ത്രി ആയിരുന്ന ആ കാലയളവിൽ സഹകരണ മേഖലക്ക് ഉണർവ് നലകിയ ആളെന്നും വേഗത്തിൽ തീരുമാനമെടുക്കുന്ന മന്ത്രി എന്നുമൊക്കെയുള്ള ഖ്യാതി നേടിയാണ് പാർട്ടി സെക്രട്ടറിയാകാൻ വേണ്ടി മന്ത്രി പദവി വിട്ടത്. ഈ കാലഘട്ടത്തിൽ തന്നെയാണ് പിണറായി വിരുദ്ധർ എക്കാലവും വേട്ടയാടാൻ ഉപയോഗിച്ച "SNC ലാവ്‌ലിൻ ഇടപാട്" നടന്നതും. SNC ലാവ്‌ലിൻ എന്ന കനേഡിയൻ കമ്പനി കാനഡക്കാരേക്കാൾ മലയാളിക്ക് സുപരിചിതമായതും പിണറായിയുമായി ബന്ധപ്പെട്ടാണ്. ആ കേസ് ഇപ്പോഴും മാഞ്ഞു പോകാതെ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴും അതുയർത്താവുന്ന വെല്ലുവിളികളെയും മറ്റ് കടുത്ത ആരോപണങ്ങളെയും മനക്കരുത്ത് കൊണ്ട് മറികടക്കാൻ കഴിയുന്നു എന്നത് തന്നെയാണ് പിണറായി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. 1998-ൽ പാർട്ടിയെ നയിക്കാനുള്ള നിയോഗവുമായി മന്ത്രി പദം വിട്ടൊഴിഞ്ഞ പിണറായിക്ക് 2006-ൽ കരഗതമാകുമെന്ന് കരുതിയ മുഖ്യമന്ത്രി പദത്തിലെത്താൻ പിന്നെയും 10 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. പാർട്ടിക്കകത്തെ എതിർ സ്വരക്കാരും പാർട്ടിക്ക് പുറത്തെ എതിരാളികളും മാധ്യമങ്ങളും അക്ഷീണം വേട്ടയാടുമ്പോൾ കൂടുതൽ കൂടുതൽ ശക്തിയാർജ്ജിക്കുകയായിരുന്നു ഈ നേതാവ്.
യഥാർത്ഥത്തിൽ എന്താണിവിടെ സംഭവിച്ചത് !!???
പ്രതിപക്ഷവും പിണറായി വിരുദ്ധരും ആരോപിക്കുന്നത് പോലെ പരസ്യങ്ങളും പിആർ തള്ളുകളും ഇരട്ടചങ്കൻ, ക്യാപ്റ്റൻ മുതലായ വിളിപ്പേരുകൾ കൊടുത്തുള്ള പാക്കേജിങ് തന്ത്രങ്ങളുമായിരുന്നോ ഈ വിജയം നേടിക്കൊടുത്തത്?
2016-ൽ ഭരണമേറ്റെടുത്തപ്പോൾ ഒട്ടും ജനകീയ ഇമേജായിരുന്നില്ല ഇയാൾക്ക്. അന്നയാൾ ദീർഘകാലം സംഘടനയെ കർക്കശമായി നയിക്കുന്ന സെക്രട്ടറി പദവിയിൽ നിന്ന് മുഖ്യമന്ത്രി പദവിയിലേക്ക് കടന്നു വന്നിട്ടേ ഉണ്ടായിരുന്നുള്ളു. അന്ന് വരെ പൊതുമനസിനെ തൃപ്തിപ്പെടുത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തി ശീലിച്ചിട്ടില്ലാത്ത ഒരാൾ. പാർട്ടി കേഡർ സംവിധാനത്തെക്കുറിച്ച് പരിചയമില്ലാത്ത ഒരാളെ സംബന്ധിച്ച് ധിക്കാരവും ധാർഷ്ട്യവും കാർക്കശ്യവും താൻപോരിമയും ഒക്കെച്ചേർന്ന ഭാഷയും ശരീരഭാഷയും മാത്രം കൊണ്ട് നടക്കുന്ന ആൾ. ആരോടും കയർത്തും മുഖം കറുപ്പിച്ചും സംസാരിക്കാൻ യാതൊരു മടിയുമില്ലാത്ത പ്രകൃതം. ആൾക്കൂട്ടത്തെ കയ്യിലെടുക്കാൻ പോന്ന ആകർഷണീയതയുള്ള പ്രസംഗ ശൈലി പോലുമില്ല. മത സാമുദായിക നേതാക്കളെ മറയില്ലാതെ വിമർശിക്കുന്ന സാഹസം കാണിക്കുന്ന വ്യക്തി. ഭരണം തുടങ്ങി കുറച്ചു കാലത്തേക്ക് കൂടി കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായില്ല. "കടക്ക് പുറത്ത്", "മാറി നിൽക്കങ്ങോട്ട്" മുതലായ ചില പ്രയോഗങ്ങൾ കൂടി വീണ് കിട്ടിയത് വിരുദ്ധരും പ്രതിപക്ഷവും മാധ്യമങ്ങളും ശരിക്കാഘോഷിച്ചു. ദുരന്തവേളകളിലും മന്ത്രിസഭയുടെ അവസാനനാളുകളിലും പ്രതിപക്ഷം ചെയ്തത് എന്തായിരുന്നു ? യുഡിഎഫ് ഏതാ ബിജെപി ഏതാ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ ഏകശിലാരൂപമാർന്ന പ്രതിപക്ഷപ്രവർത്തനം...!!! ശബരിമല, ആചാരസംരക്ഷണം, സ്വപ്ന, സ്വർണ്ണം...തുടങ്ങി എണ്ണമറ്റ അടിസ്ഥാനരഹിത ആരോപണങ്ങൾക്കിടയിൽ ശ്രദ്ധ നേടേണ്ടിയിരുന്ന കാര്യനഗൽ പോലും മുങ്ങിപ്പോയെങ്കിൽ അതാരുടെ കുറ്റമാണ് !!??? രാജ്യം വിഭജിക്കാൻ പോന്ന പൗരത്വ ബില്ലുമായി സംഘി സർക്കാർ വന്നപ്പോൾ ഇവിടെ അത് നടപ്പാക്കാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കോടതിയെ സമീപിച്ചപ്പോൾ നാടുവിടാതിരിക്കാനുള്ള അഫിഡവിറ്റ് പൂരിപ്പിക്കാൻ ജനങ്ങളെ പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയായിരുന്നു ചിലർ.
എന്നാൽ ഒരു സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയ പ്രകൃതി ദുരന്തങ്ങളുടെയും പകർച്ചവ്യാധികളുടെയും ആക്രമണത്തിന് മുന്നിൽ പകച്ചു നിന്ന ജനങ്ങൾക്കിടയിലേക്ക് "നമ്മൾ ഒന്നിച്ചങ്ങിറങ്ങുവല്ലേ നാളെ മുതൽ" എന്ന് പറഞ്ഞു കൊണ്ട് ഒരു ക്യാപ്റ്റൻ സ്ഥാനത്തേക്ക് അയാൾ സ്വയം അവരോധിക്കുകയായിരുന്നു. പണം ചിലവാക്കി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളായിരുന്നില്ല അയാളുടെ കരുത്ത്. പത്തു പൈസ ചിലവില്ലാതെ മണിക്കൂറുകളുടെ വിസിബിലിറ്റി കൊടുക്കുന്ന പത്രസമ്മേളനങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ ആയുധം. മുഖ്യമന്ത്രിയുടെ പ്രസ് ബ്രീഫിങ് കാണാൻ ലോക്ഡൗണിൽ പെട്ട് വീട്ടിലിരുന്ന ആബാലവൃദ്ധം ജനങ്ങൾ ക്ളോക്കിൽ നോക്കി കാത്തിരുന്ന ആ നാളുകൾ. ദുരന്തകാലങ്ങളിൽ നടത്തിക്കൊണ്ടിരുന്ന പത്രസമ്മേളനങ്ങളിലൂടെ അയാൾ നടന്നു കയറി കീഴടക്കിയത് ഈ നാട്ടിലെ സാധാരണക്കാരുടെയും വീട്ടമ്മരുടെയും ഹൃദയങ്ങളായിരുന്നു. അതിനെ ആറുമണി തള്ളെന്ന് അപഹസിച്ചവരെ അദ്ദേഹം തിരിച്ചാക്രമിച്ചത് അതേ പത്രസമ്മേളനങ്ങൾ ഉപയോഗിച്ചായിരുന്നു. ചോര പൊടിയാതെ നടത്തിയ ആ കടന്നാക്രമണങ്ങളിൽ അയാൾ കവർന്നത് ജനങ്ങളുടെ വിശ്വാസമായിരുന്നു. ആ ഘട്ടത്തിൽ ജനം എന്ത് ചെയ്യണം എന്ന് കൃത്യമായ ദിശാബോധം നൽകാനുതകുന്ന അറിയിപ്പുകൾ, ഉത്തരവുകൾ, നിർദ്ദേശങ്ങൾ, മുന്നറിയിപ്പുകൾ, സർക്കാർ സ്വീകരിച്ചിട്ടുള്ള കരുതലുകൾ എന്നൊക്കെ വിവരിക്കുന്ന ക്യാപ്റ്റന്റെ ബ്രീഫിങ്. ഭരണകൂടത്തിന്റെ കരുതലും വാഗ്ദാനങ്ങളും സാമൂഹ്യ അടുക്കളകളായും ഭക്ഷണപ്പൊതികളായും കിറ്റുകളായും പെൻഷനായും ജനങ്ങളുടെ വീട്ടുപടിക്കലെത്തി. റോഡുകൾ, പാലങ്ങൾ, വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ,വിളക്കുമരങ്ങൾ....സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഇതെല്ലം യാഥാർഥ്യമാവുന്നത് ജനം കണ്ടു. അത് ജനിപ്പിച്ച ആശ്വാസവും ആത്മവിശ്വാസവും ബാലറ്റ് മെഷീനിൽ പ്രതിഫലിച്ചതിന്റെ ഫലമാണ് ശക്തമായ ഈ ജനവിധി.
ഒടുവിലിതാ, സമാനതകളില്ലാത്ത ചരിത്രം കുറിച്ചു കൊണ്ടിയാൾ രണ്ടാം വട്ടവും കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങൾ ഇടതുപക്ഷമുന്നണി ഗവണ്മെന്റ് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോടിച്ചവർക്കുള്ള ഉത്തരമാണ് ഇപ്പോൾ നടക്കുന്ന ഈ സത്യപ്രതിജ്ഞ. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ ഈ കൊച്ചു സംസ്ഥാനം കടന്നു പോയ സന്ദർഭങ്ങളിലൊക്കെ സമചിത്തത വിടാതെ ജനങ്ങൾക്കൊപ്പം സർക്കാറുണ്ട് എന്ന തോന്നൽ ഉണ്ടാക്കാൻ പിണറായി നയിക്കുന്ന സർക്കാരിന് സാധിച്ചതിന് ലഭിച്ച അംഗീകാരമാണ് ഈ ജനസ്വീകാര്യത.
ചുവപ്പ് ചരിത്രം രചിച്ച രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക