സിബിഎസ്ഇയുടെ മേൽനോട്ടത്തിൽ നടന്ന മെഡിക്കല്‍ പ്രവേശന ദേശീയ പൊതു പ്രവേശനപരീക്ഷ (നീറ്റ്) എഴുതാൻ വന്ന വിദ്യാര്‍ത്ഥിനികളെ പരീക്ഷാചട്ടങ്ങളുടെ കർശനമായ നടപ്പാക്കൽ വഴി അപമാനിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ഈ ദിനങ്ങളിലെ ചൂട് പിടിച്ച ചർച്ചാവിഷയം. അഖിലേന്ത്യ തലത്തിൽ നോക്കുമ്പോൾ ഒറ്റപ്പെട്ടതെന്ന് പറയാവുന്ന സംഭവങ്ങൾ ഉണ്ടായത് കണ്ണൂർ മേഖലയിലാണ്. ഡോക്ടറാവാന്‍ മോഹിച്ച് പരീക്ഷ എഴുതാന്‍ വന്ന പെൺകുട്ടികളിൽ ചിലരുടെ ജീന്‍സുകളും പാൻറ്സുകളും ഊരി മാറ്റിച്ചു; മുഴുക്കൈ ഉടുപ്പുകളിട്ടു വന്ന പെൺകുട്ടികളുടെ ഉടുപ്പിന്റെ കൈ മുറിച്ചു; പാന്റിന്റെയും ജീൻസിന്റെയും ബട്ടണുകളും കീശകളും മുറിച്ചു കളഞ്ഞു; ഒരു വിദ്യാർത്ഥിനിക്ക് അവൾ ഇട്ടിരുന്ന അടിവസ്ത്രം അഴിച്ചു കൊണ്ട് പോയി അവളുടെ അമ്മയെ ഏൽപ്പിച്ചിട്ട് പരീക്ഷക്കിരിക്കേണ്ട ഗതികേടുണ്ടായി.....ആരോപണങ്ങൾ നിരവധിയാണ്. പരീക്ഷാ നടത്തിപ്പ് കേന്ദ്ര ഏജൻസി ആയതു കൊണ്ട് കേന്ദ്രഭരണത്തെ എതിർക്കുന്നവരും സംഭവങ്ങൾ ഉണ്ടായത് കേരളത്തിൽ, വിശിഷ്യാ കണ്ണൂർ ആയതുകൊണ്ട് ഇടത് വിരോധികളും അവരവർക്ക് വേണ്ട നിറം നൽകി സംഭവങ്ങളെ ഊതിവീർപ്പിച്ച് വിവാദമാക്കി. നീറ്റ് പരീക്ഷാ സംവിധാനം വരുന്നതിന് മുൻപ് അഡ്മിഷൻ വിറ്റും പ്രവേശന പരീക്ഷാചോദ്യങ്ങൾ ചോർത്തി വിറ്റും കോടികൾ സമ്പാദിച്ചിരുന്ന സ്ഥാപിത താൽപ്പര്യക്കാരാണ് സംഭവങ്ങളെ ഇത്രക്ക് പെരുപ്പിച്ചു വിവാദമാക്കിയതെന്ന ആരോപണവും നിലവിലുണ്ട്. സംഭവങ്ങളെ വര്‍ഗീയവത്കരിക്കാനും സമുദായവൽക്കരിക്കാനുമുള്ള ദുർബലശ്രമങ്ങളും ഇവിടെ ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ കേസെടുത്തു; സംസ്ഥാന ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി; മുഖ്യമന്ത്രിയടക്കം പ്രമുഖർ സംഭവത്തെ അപലപിച്ചു; നാല് പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് അധ്യാപകർ സസ്‌പെൻഷനും കൈപ്പറ്റി. ഇവിടെ തെറ്റ് പൂർണ്ണമായും ആരുടെ പക്ഷത്താണ് എന്ന് കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ട്.
സി ബി എസ് ഇ അധികൃതരുടെ ഭാഷ്യമനുസരിച്ച്, നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ നിബന്ധകള്‍ ആണ് വരുന്നത്. അത് വായിച്ച് മനസിലാക്കി എന്ന ധാരണയിൽ AGREE ബട്ടൺ ക്ലിക്ക് ചെയ്ത ശേഷമായിരിക്കണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ടാകുക. ഗൈഡ്‌ലൈൻ അനുസരിച്ച് ഒരു തരത്തിലുമുള്ള ലോഹഭാഗങ്ങളും പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുകയില്ലെന്ന് പരീക്ഷാർത്ഥികൾ അറിഞ്ഞിരിക്കണം. അത് പോലെ തന്നെ, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍, ശിരോവസ്ത്രം, ആഭരണങ്ങള്‍, പാന്റ്‌സ്, ഷൂ, വലിയ ബട്ടൻസ് എന്നിവ ധരിക്കരുതെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. അനുവദനീയമായ, മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടക്കുമ്പോൾ ബീപ്പ് ശബ്ദം കേട്ടാല്‍ അത് അവഗണിക്കാൻ പരീക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുകയുമില്ല.
നിർദ്ദേശങ്ങളും നിയമങ്ങളും ഇങ്ങനെയൊക്കെയാണെന്നിരിക്കെ എന്ത് കൊണ്ടാണ് ഇത്ര കർശന നിയന്ത്രണം ഈ പരീക്ഷയിൽ വന്നതെന്ന് കൂടി ഓർക്കേണ്ടതുണ്ട്. മുൻകാലഘട്ടങ്ങളിൽ ഉടുപ്പിന്റെ നീണ്ട കൈക്കുള്ളിലും സോക്‌സിലും പോക്കറ്റിലും ഒക്കെ തുണ്ട് വച്ച് കോപ്പിയടിച്ചത് കണ്ടു പിടിക്കപ്പെട്ടതോടെയാണ് ഇവക്കെല്ലാം നിയന്ത്രണം കൊണ്ട് വന്നത്. ഇലക്ട്രോണിക്ക് സാങ്കേതികവിദ്യയുടെ സാധ്യതകൾ അതിരില്ലാത്തതായതോടെ ഏറെക്കുറെ അദൃശ്യമെന്നു തന്നെ പറയാവുന്ന തരത്തിൽ ചെറുതും വിവിധ ആകൃതികളിലും ഉള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വലിയ പണച്ചിലവില്ലാതെ ലഭ്യമാകുന്ന അവസ്ഥ പരീക്ഷാ നടത്തിപ്പുകളുടെ സുതാര്യതയ്ക്കും സത്യസന്ധതയ്ക്കും വലിയ ഭീഷണിയാണ്. ബട്ടൻസ്, പേന, വാച്ച്, കാൽക്കുലേറ്റർ, ഷാർപ്പ്നർ, ഹെയർ ക്ലിപ്പ്, ആഭരണങ്ങൾ തുടങ്ങി നൂതനമായ രൂപത്തിലും ഭാവത്തിലും നിറങ്ങളിലും ഇത് സുലഭമാണ്. പല ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിലും ഇത്തരം ഉപകരണങ്ങളുടെ ഉപയോഗമായിത്തന്നെ പറഞ്ഞിരിക്കുന്നത് പരീക്ഷക്ക് കോപ്പിയടിക്കാൻ സഹായകമാണെന്ന നിലയിലാണ്. മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള കർശനപരിശോധനകൾ കൊണ്ട് വരാൻ അധികൃതർ നിർബന്ധിതർ ആയത്.
നീറ്റ് പരീക്ഷ മാത്രമല്ല; ഏത് പൊതുപരീക്ഷയുടെയും നടത്തിപ്പ് കുറ്റമറ്റതാവേണ്ടതുണ്ട്. നാളെ ഡോക്റ്ററായും എഞ്ചിനീയറായും മറ്റു പ്രൊഫഷണലുകളായും സർക്കാർ ഉദ്യോഗസ്ഥരായും മറ്റും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികൾ ആവേണ്ടവരാണ് പൊതുപരീക്ഷകൾ എഴുതുന്നത്. അല്ലെങ്കിൽ, രാജ്യത്തിന്റെ ഐഡന്റിറ്റിയും പേറി മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യേണ്ടവർ ആണവർ. അത് കൊണ്ട് തന്നെ പൊതുപരീക്ഷകളുടെ കടമ്പ അനർഹർ നിയമ വിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ ചാടിക്കടക്കുന്നത് പരമാവധി തടയേണ്ടതുണ്ട്. അതിനാൽ തന്നെ നിയമങ്ങളും അത് നടപ്പാക്കാനുള്ള സംവിധാനങ്ങളും കർശനവും പഴുതില്ലാത്തതും ആവണം എന്നതിൽ തർക്കമില്ല.
പക്ഷെ, ഇത് പറയുമ്പോൾ തന്നെ പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കർശന മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നവരും അത് നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും മനുഷ്യത്വവും സാമാന്യയുക്തിയും നഷ്ടപ്പെടുത്തിക്കൊണ്ടാകരുത് പ്രായോഗികതലത്തിൽ പെരുമാറേണ്ടത്. അവിടെ സാമാന്യമാനുഷിക നീതി ഉറപ്പാക്കുന്ന തരത്തിൽ നിയമത്തിനകത്ത് നിന്ന് പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ട്. നീറ്റ് പരീക്ഷ എന്നല്ല, ഏതൊരു പരീക്ഷയിലും പരീക്ഷാർത്ഥിയുടെ ആത്മവിശ്വാസവും ആത്മാഭിമാനവും സംരക്ഷിച്ചു നിർത്താൻ ഉത്തരവാദിത്തപ്പെട്ട ഏതൊരു വ്യക്തിക്കും കടമയുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട സ്വാഭാവികമായ പിരിമുറുക്കങ്ങൾക്ക് പുറമെ അനുഭവിക്കേണ്ടി വരുന്ന അപ്രതീക്ഷിതമായ ഇത്തരം പിരിമുറുക്കങ്ങൾ കൂടി സഹിച്ചു കൊണ്ട് ഏതു വിദ്യാർത്ഥിക്കാണ് സമചിത്തതയോടു കൂടി ഒരു മത്സരപരീക്ഷ എഴുതി വിജയിക്കാനാവുക. സാങ്കേതികവിദ്യ അഭൂതപൂർവ്വമായ പുരോഗതി നേടിയ ഇക്കാലത്ത് പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ സാങ്കേതിക വിദ്യകളെക്കൂടി ഉപയോഗപ്പെടുത്താനാവണം. "ജാമർ" പോലെയുള്ള ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ഉപയോഗം തടയാൻ സാധിക്കും. ക്യാമറകളുടെ സാന്നിധ്യം അറിയാനുള്ള ഡിറ്റക്ടറുകളും ലഭ്യമാണ്. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂ. ശരീരപരിശോധന നടത്താൻ സുരക്ഷിതമായ ഇടങ്ങൾ ഉള്ള കേന്ദ്രങ്ങളേ പരീക്ഷാനടത്തിപ്പിന് തിരഞ്ഞെടുക്കാനും പാടുള്ളൂ.
ഇപ്പോൾ നടന്ന സംഭവങ്ങളിൽപ്പോലും മനുഷ്യത്വപരമായ സമീപനങ്ങൾ ഇല്ല എന്ന് പൂർണ്ണമായും പറഞ്ഞു കൂടാ. കൈനീളമുള്ള വസ്ത്രം ഡിസ്ക്വാളിഫിക്കേഷൻ ആണെന്നിരിക്കെ അതിന്റെ കൈ മുറിച്ചു മാറ്റി പരീക്ഷ എഴുതാൻ അനുവദിച്ചതിനെ മനുഷ്യത്വപരമായി കാണാനാണ് എനിക്കിഷ്ടം. ബട്ടണുകളുടെ കാര്യത്തിൽ അവയിൽ ക്യാമറയോ തുണ്ടുകടലാസുകളോ ഇല്ല എന്നുറപ്പാക്കി അവരെ പരീക്ഷക്ക് പ്രവേശിപ്പിക്കാം എന്ന കുറച്ച് തർക്കസാധ്യതയുള്ള പോംവഴിയും ഉണ്ടായിരുന്നു. പക്ഷെ, അടിവസ്ത്രത്തിന്റെ മെറ്റൽ ഹുക്ക് കാരണം മെറ്റൽ ഡിറ്റക്റ്റർ ബീപ്പ് ചെയ്ത ഉടനെ അടിവസ്ത്രം ഉപേക്ഷിച്ചു പരീക്ഷ എഴുതണം എന്ന കാർക്കശ്യം തീർത്തും നീതികേടും മനുഷ്യത്വരഹിതവും ആയിപ്പോയി. നിയമത്തിന്റെ കാർക്കശ്യം അടിവസ്ത്രത്തിന്റെ കൊളുത്തിനോട് കാണിച്ചപ്പോൾ അവൾക്ക് അഴിച്ചു പുറത്തു വയ്‌ക്കേണ്ടി വന്നത് വെറും അടിവസ്ത്രം മാത്രമായിരുന്നില്ല; അവളുടെ ആത്മാഭിമാനവും ആത്മ വിശ്വാസവും ആയിരുന്നു എന്നോർക്കണം. അത് ചെയ്യിപ്പിച്ചത് സ്ത്രീകൾ ആണെന്നോർക്കുമ്പോൾ അരിശം കൂടുന്നു. ജീരകം തോട് കളഞ്ഞു കാമ്പെടുക്കുന്ന സൂക്ഷ്മതയിൽ നിയമം പാലിക്കാൻ വ്യഗ്രതപ്പെടേണ്ട കാര്യമായിരുന്നു അതെന്ന് സാമാന്യബുദ്ധിയുള്ള ആരും ചിന്തിക്കാൻ ഇടയില്ല. മാത്രവുമല്ല, പത്തു ലക്ഷത്തിനു മേൽ പേർ എഴുതിയ ഈ പരീക്ഷയിൽ കണ്ണൂരിലെ നാലും മൂന്നും ഏഴ് കുട്ടികളേ ഇത്തരം "നിയമലംഘനങ്ങൾ" നടത്തിയുള്ളൂ എന്ന് പറയുമ്പോൾ അത് വിശ്വസിക്കാൻ എന്റെ യുക്തി അനുവദിക്കുന്നില്ല.
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക