ഞാൻ വെറും പോഴൻ

Sunday, 21 June 2015

മമ്മൂട്ടിയും റബ്ബും ഒരു പാവം നിലവിളക്കും...

വായനാദിന ആഘോഷത്തോടനുബന്ധിച്ചു നടന്ന പി. എൻ. പണിക്കർ അനുസ്മരണ ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭാസമന്ത്രി ജനാബ് അബ്ദു റബ്ബിനോട് നിലവിളക്ക് കൊളുത്തുന്നത് ഭാരത സംസ്കാരം ആണെന്നും അത് ഇസ്ലാം വിരുദ്ധമല്ല എന്നും ഓർമ്മിപ്പിക്കാൻ നടൻ മമ്മൂട്ടി നടത്തിയ ശ്രമം ഒരു വിവാദത്തിന്റെ രൂപം കൈവരിച്ചിട്ടുണ്ട്. ഞാനും ഒരു മുസൽമാൻ ആണ് എന്നും നോമ്പ് അനുഷ്ടിക്കുന്നുണ്ട് എന്നും കൂടി ഓർമ്മിപ്പിച്ചു കൊണ്ട് നിലവിളക്ക് തെളിയിക്കാൻ കാണിച്ച ധൈര്യത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ചേർന്ന് ഒരിക്കൽക്കൂടി നെറ്റ് ലോകത്തെ ചൂട് പിടിപ്പിച്ചു കഴിഞ്ഞു.  

ഈയൊരു സാഹചര്യത്തിൽ എന്താണ് നിലവിളക്കിനെ പറ്റിയുള്ള ഭാരതീയ വിചാരധാരാ സങ്കല്പം എന്ന് തേടിയപ്പോൾ കിട്ടിയ അറിവ് ഇപ്രകാരമാണ്. കേട്ടറിവ് ആയതിനാൽ കുറെയൊക്കെ മാറ്റം ഉണ്ടാവാം. എന്നാലും സാമാന്യമായി ഇതിൽ കുറെ ശരികൾ ഉണ്ട്. ഈശ്വര ആരാധനയുടെ അടിസ്ഥാനമായ പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം - ചന്ദനാദികള്‍ (പൃഥ്വി) എന്നിവ പൂജാനുഷ്ഠാനങ്ങളിൽ  നിര്‍ബന്ധമാണ്.  ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. മുകളില്‍ ശിവനും  മദ്ധ്യേ വിഷ്ണുവും പാദങ്ങളില്‍ ബ്രഹ്മാവുമെന്ന ത്രിമൂര്‍ത്തി സങ്കൽപ്പത്തിൽ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമായത് കൊണ്ടാണ് അതിനെ ഭദ്രദീപമെന്നു വിളിക്കാറുള്ളത്. വിളക്കിന്റെ ഭാരം ഭൂമീദേവിയുടെ മേൽ നേരിട്ടു എൽപ്പിക്കാതിരിക്കാൻ നിലവിളക്കു പീഠത്തിനു മുകളിലാണ് പ്രതിഷ്ഠിക്കേണ്ടത്. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും എന്നാണു വിശ്വാസം. നിലവിളക്കു കൊളുത്തുന്നതോടൊപ്പം ജപിക്കാൻ "ദീപം ജ്യോതി പരബ്രഹ്മഃ ദീപം" എന്ന് തുടങ്ങുന്ന ശ്ലോകം പോലുമുണ്ട്. കഴുകിമിനുക്കിയ വിളക്ക് കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും ചാർത്തണം. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നുമൊക്കെയാണ്  പാരമ്പര്യവിധികൾ. നിലവിളക്ക് പ്രഭാതത്തിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതത്തിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തണം.  ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം വിളക്ക് കൊളുത്തേണ്ടത്.  കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി എന്ന ക്രമത്തിൽ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. വിളക്ക് കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്.  കരിന്തിരി കത്തുന്നതു ലക്ഷണക്കേടാകയാൽ, എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം എന്നാണ് വിധി. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാകയാൽ, വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്.  സ്ത്രീകളല്ലാതെ,  പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യക്കെടാണെന്നും വിധിയുണ്ട്.

തൽക്കാലം നിലവിളക്ക് വിചാരം അവിടെ നിൽക്കട്ടെ. ലീഗ് നേതാക്കൾ നിലവിളക്ക് തെളിയിക്കാൻ വിമുഖത കാണിക്കുന്നതും അത് വിവാദമാകുന്നതും ഇതാദ്യമായിട്ടൊന്നുമല്ല. ഇവിടെ നിലവിളക്ക് കൊളുത്തുന്നതിനനുകൂലമായി ഒരു "മുസ്ലീമായ" മമ്മൂട്ടി നിലപാടെടുത്തതോടെ സംഗതി കുറച്ചു കൂടി വിശാലമായ ചർച്ചയ്ക്കു വഴി തെളിച്ചു എന്നതാണ് യാഥാർത്ഥ്യം. കുറെ വർഷങ്ങൾക്ക് മുൻപ് ഈ. ടി. മുഹമ്മദ്‌ ബഷീറും കഴിഞ്ഞ വർഷം അബ്ദു റബ്ബ് തന്നെയും നിലവിളക്ക് വിവാദത്തിൽ പെട്ടിരുന്നു. രണ്ടു വർഷം മുൻപ്, കേരളത്തിലെ മുസ്ലീങ്ങള്‍ ഓണമാഘോഷിക്കുന്നതിലും നിലവിളക്ക് കൊളുത്തുന്നതിലും തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ വിവിധ മുസ്ലീം സംഘടനകള്‍ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചിരുന്നു. എന്തായാലും നിലവിളക്ക് വീണ്ടും ഒരു വിവാദ ചർച്ചയിൽ വന്നു പെട്ടു എന്ന് പറഞ്ഞാൽ മതി. നിലവിളക്ക് തങ്ങളുടെ സാംസ്കാരിക സ്വത്തായി കരുതുന്ന വിഭാഗങ്ങളും നിലവിളക്ക് കത്തിക്കുന്നതിൽ മൃദുസമീപനം വച്ച് പുലർത്തുന്ന വിഭാഗങ്ങളും വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന തീവ്രസമീപനം പുലർത്തുന്നവരും വിവിധ ചേരികളിൽ നിന്ന് വാദിച്ചപ്പോഴാണ് നിലവിളക്ക് ഒരു വിവാദവിഷയമായി മാറിയത്. 

കുറേക്കാലം മുൻപ് ശ്രീ ബീ. ആര്‍. പീ. ഭാസ്കര്‍, എഴുതിയ "മതചിഹ്നങ്ങളും മതേതരത്വവും" എന്ന ലേഖനത്തിലെ ബീ. ആര്‍. പീ. യുടെ ഒരു നിരീക്ഷണം രസകരമായി തോന്നിയിരുന്നു. "നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്". ഈ നിരീക്ഷണമനുസരിച്ച് മതചിഹ്ന്നങ്ങളും അനുഷ്ടാനങ്ങളും പ്രാദേശികമായ സ്വാധീനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണെന്നും അതാതു സ്ഥലത്ത് ജനജീവിതത്തിനു സഹായകരമായ സംഗതികള്‍ അവിടുത്തെ ആരാധനാ അനുഷ്ടാനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നും അനുമാനിക്കണം. പുരാതനകാലം മുതൽക്കേ  പ്രകാശം ലഭിക്കുവാന്‍ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന ഒരു ഉപകരണത്തെ ഒരു മതത്തിന്റെ മാത്രം ചിഹ്നമായി ചിത്രീകരിക്കുമ്പോഴും, മറ്റു മതസ്ഥര്‍ അതിനെ അവരുടെ മതത്തിനു വിരുദ്ധമായി ചിത്രീകരിക്കുമ്പോഴും മുകളില്‍ ബീ ആര്‍ പീ സൂചിപ്പിച്ച "ബാഹ്യസ്വാധീനം", സാധാരണ ജനങ്ങളില്‍ മോശപ്പെട്ട സന്ദേശങ്ങളായി എത്തിച്ചേരുന്ന മതതത്വചിന്തകള്‍ ആണെന്ന് തന്നെ സംശയിക്കണം. 

സാംസ്കാരിക കേരളം തീര്‍ത്തും ഒഴിവാക്കേണ്ടിയിരുന്ന ഒരു വിവാദമായിരുന്നു വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചു എന്ന വാര്‍ത്തയുടെ പുറത്തുണ്ടാക്കിയത്. അതിൽ ഒരു ജനപ്രിയ സിനിമാ താരത്തിന്റെ ഇടപെടൽ എരിതീയിൽ ഒഴിച്ച എണ്ണയായപ്പോൾ കാര്യങ്ങൾ മൊത്തത്തിൽ ഒരു തരം താണ നിലവാരത്തിലേക്ക് പോയി എന്ന് പറയാതെ വയ്യ. പി.കെ അബ്ദുറബ് എന്ന ജനപ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് രാജ്യത്തിന്റെ ഭരണഘടനയോടു കൂറ് പുലർത്താനാണ്; ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തുക എന്നത് അദ്ദേഹത്തിൽ നിക്ഷിപ്തമായ ഭരണഘടനാബന്ധിയായ ഉത്തരവാദിത്തങ്ങളിൽ വരുന്ന കാര്യമല്ല. അദ്ദേഹത്തിൻറെ മതവിശ്വാസം ഒരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ ഇത്ര അസഹിഷ്ണുക്കൾ ആവുന്നത്? വിശ്വാസമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ കൈകടത്താന്‍ അപരനെന്താണ് അവകാശം? ഈ രാജ്യത്ത് ജനിച്ച്, തിരഞ്ഞെടുപ്പ് ജയിച്ച്, ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്, ജനപ്രതിനിധിയും മന്ത്രിയും ആയി എന്നത് കൊണ്ട്, അബ്ദുറബ്ബ് എന്ന മുസ്ലിമിന് തന്റെ മതവിശ്വാസത്തെ തള്ളേണ്ട ആവശ്യമില്ല. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്യ്രം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും എല്ലാ ഇന്ത്യന്‍ പൌരനും ഉറപ്പു നൽകുന്നുണ്ട്. എന്റെ വിശ്വാസത്തിനനുസരിച്ച് അപരനും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നവരുടെ ചുറ്റും ഒരു താലിബാന്റെ മണവും നിറവും ഉയർന്നു വരുന്നുണ്ട്. 

പുല്ലു പോലെ അവഗണിക്കേണ്ട ഇത്തരം വിഷയങ്ങൾക്ക്‌ തീവ്രവർഗീയ നിറം നൽകി മണിക്കൂറുകളും പേജുകളും ചർച്ചയ്ക്കു മാറ്റി വയ്ക്കുന്ന മാധ്യമങ്ങളാണ് ഇത്തരം വിവാദങ്ങളിലെ മുഖ്യപ്രതികൾ. വ്യക്തിപരമായ നിലപാടുകളെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന സാധാരണ മനുഷ്യരുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണ്. വായിൽത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന സിദ്ധാന്തവുമായി, അനാവശ്യ പ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി ഉറഞ്ഞു തുള്ളുന്ന സോഷ്യല്‍ മീഡിയ വെളിച്ചപ്പാടുകൾ കൂടിയാകുമ്പോൾ "ദൈവത്തിന്റെ സ്വന്തം  നാട്ടിലെ" സാമുദായിക സൌഹൃദഅന്തരീക്ഷത്തിന് എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നു എന്ന് കുറച്ചു പേർക്കെങ്കിലും തോന്നുന്നുണ്ടാവണം. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക