പള്ളികളിലെ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിനെ മദ്യപാനമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാണുന്നതു ശരിയല്ലെന്ന് സിറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട് തിരിച്ചടിച്ചു. കള്ളു ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിനു താഴെയിരുന്നാണ് വെള്ളാപ്പള്ളി നടേശന്‍ മദ്യം ധാരാളം കൊടുക്കണമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറയുന്നതില്‍ വൈരുധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈന്‍ മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്ന് തന്നെയാണ് കെസിബിസിയുടെ അഭിപ്രായമെന്നും ഫാ:പോള്‍ പറഞ്ഞു. വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ലോകവസാനം വരെ പള്ളികളിൽ വിശുദ്ധ കുർബാനയ്ക്ക് അത് ഉപയോഗിക്കുമെന്നും ലത്തീൻ സഭയെ പ്രതിനിധീകരിച്ചു, ആർച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീമാൻ വെള്ളാപ്പള്ളിയ്ക്ക് ക്രൈസ്തവ ആരാധനാ ക്രമങ്ങളെ പറ്റി ഉള്ള വളരെ വളരെ ശുഷ്കമായ അറിവാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവനയ്ക്ക് പിന്നിൽ എന്നാണ് ഞാൻ കരുതുന്നത്. മിക്കവാറും അദ്ദേഹത്തിനു സിനിമകളിൽ നിന്ന് കിട്ടിയ ഉൾക്കാഴ്ച മാത്രമേ ഈ വിഷയത്തിൽ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒരു ക്രൈസ്തവ വിശ്വാസിയാണ്. റോമൻ സുറിയാനി കത്തോലിക്കാ സഭാ പാരമ്പര്യത്തിൽ ജീവിക്കുന്ന ആളാണ്. പലവട്ടം പള്ളിമേടകളിലും മെത്രാനരമനയിലും കൊവേന്തകളിലും നിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. എങ്ങും ഒരു തുള്ളി വൈൻ വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. കുർബ്ബാനയിൽ അല്ലാതെ ഒരു തിരുക്കർമ്മങ്ങളിലും വീഞ്ഞ് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ജനിച്ചു ഇന്നേ വരെ കുറഞ്ഞത് 3000- ൽ അധികം കുർബ്ബാനകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്നേ വരെ ഒരു കുർബ്ബാനയിൽ പോലും പള്ളീലച്ചൻ ഒരു തുള്ളിയെങ്കിലും വീഞ്ഞ് വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. ദേവാലയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാന എന്ന ചടങ്ങ് കണ്ടിട്ടുള്ള ഏതെങ്കിലും മറ്റു മത വിശ്വാസികൾക്ക് പോലും ഒരു കുർബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന്റെ അളവിനെക്കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും. എത്രായിരം ആളുകൾ കൂടുന്ന കുർബ്ബാന ആണെങ്കിലും 15-20 ml വീഞ്ഞാണ് ഒരു കുർബ്ബാനയ്ക്ക് വേണ്ടി പകർന്ന് എടുക്കുന്നത്. സാധാരണ ഗതിയിൽ കുർബ്ബാന അർപ്പിക്കുന്ന അച്ചൻ തന്നെ ആ 15-20 ml വീഞ്ഞും കുടിച്ചിട്ട് കഷ്ടി 50 പൈസ വട്ടവും പപ്പടക്കനവുമുള്ള ഗോതമ്പപ്പം (ഓസ്തി) മാത്രമാണ് വിശ്വാസികൾക്ക് കുര്‍ബാന സ്വീകരിക്കുമ്പോള്‍ കൊടുത്തിരുന്നത്. പിന്നെ അപൂർവ്വം ചില അച്ചന്മാർ ഓസ്തിയുടെ ഒരു അറ്റം വീഞ്ഞിൽ മുക്കി നാവിൽ തരാറുണ്ട്. ഇതാണ് ആകെ ഞാൻ പള്ളികളിൽ കണ്ടിട്ടുള്ള മദ്യ വിതരണം. അപ്പത്തിൽ മുക്കിപ്പോലും വീഞ്ഞ് തരാത്ത അച്ചന്മാരോട് ഒരു പ്രത്യേക തരം മാനസിക വിരോധമുള്ള പലരും എനിക്ക് കൂട്ടുകാരായി ഉണ്ടായിരുന്നു. വെള്ളാപ്പള്ളി പറഞ്ഞ രീതിയിലുള്ള മദ്യ വിതരണം പള്ളികളിൽ ഉണ്ടായിരുന്നെങ്കിൽ കുർബ്ബാനയ്ക്ക് വരുന്ന വിശ്വാസികളെ പിരിച്ചു വിടാൻ ആകാശത്തേക്ക് വെടി വെക്കേണ്ടി വന്നേനെ.
പള്ളിയില്‍ തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന വീഞ്ഞ് സാക്രമെന്റല്‍ വൈന്‍ എന്ന ഗണത്തിൽ പെട്ടതാണ്. സാധാരണ ബീവറേജ് കടകളിൽ കിട്ടുന്ന 41 ദിവസമോ അതിനു മുകളിലോ പഴക്കമുള്ള സാധാരണ വീഞ്ഞല്ല. 15-20 ദിവസം വരെ മാത്രമാണ് ഇതിന്റെ പഴക്കം. പേരിന് വീഞ്ഞ് എന്ന് പറയാം എന്നല്ലാതെ, അതില്‍ ആള്‍ക്കഹോളിന്റെ അളവ് വളരെ കുറവോ, ഒട്ടും തന്നെ ഇല്ലാതെയോ ഇരിക്കും. ഏതെങ്കിലും ബ്രാണ്ടി ഷോപ്പിൽ നിന്ന് വീഞ്ഞിന്റെ കൂട്ടത്തില്‍ പോലും പെടുത്താനാവാത്ത, അമിതമായ തോതില്‍ ആള്‍ക്കഹോള്‍ അടങ്ങിയ പോര്‍ട്ട് വൈൻ കഴിച്ച അനുഭവം വച്ച് കൊണ്ട്, പള്ളിയിൽ വീഞ്ഞ് കൊടുത്ത് കൂത്താടുന്നു എന്ന് പറയുന്നവരോട് എന്ത് പറയാൻ. അബ്കാരി നിയമത്തിലെ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരമനുവദിക്കുന്ന ലൈസൻസിന് കീഴിൽ നിന്നാണ് പള്ളികൾക്ക് വേണ്ടി രൂപതകൾ വിശുദ്ധകുർബായ്ക്ക് വേണ്ട വൈൻ ഉണ്ടാക്കുന്നത്. ലൈസൻസ് റൂൾ പ്രകാരം ഉണക്കമുന്തിരി ഉപയോഗിച്ച് മാത്രമേ വൈൻ ഉണ്ടാക്കാവൂ. നിർമാണ വേളയിലോ അതിനുശേഷമോ പഞ്ചസാരയോ പുളിപ്പിക്കുന്നതിനായി മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല. നിർമാണം പരിശോധിക്കാൻ എക്സൈസിന് അധികാരവുമുണ്ട്.
സാക്രമെന്റല്‍ വൈന്‍ ഉണ്ടാക്കുവാന്‍ വേണ്ടി യൂറോപ്യന്‍ പാതിരിമാര്‍, അവര്‍ ചെന്നിടത്തൊക്കെ മുന്തിരികൃഷി തുടങ്ങിയതും, അത് പിന്നെ അവിടങ്ങളില്‍ വീഞ്ഞ് വ്യവസായത്തിന് കാരണമായതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. നല്ല മധുരവും വീര്യവുമൊക്കെയുള്ള, കടും ചുവപ്പു നിറത്തിലുള്ള ഒരു പാനീയം ആണ് വീഞ്ഞ് എന്നായിരുന്നു കുട്ടിക്കാലത്ത് എന്റെയും ഒരു ധാരണ. ശരിയായ വീഞ്ഞ് കാണാതെയും രുചിക്കാതെയും അതിനെപ്പറ്റി അബദ്ധങ്ങള്‍ എഴുതിയും പറഞ്ഞും തെറ്റിദ്ധാരണ പരത്തിയ അല്പ്പജ്ഞാനികൾ ആയിരുന്നു എന്റെ ആ ധാരണക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികൾ. പിന്നീട് പല തരത്തിലുള്ള വൈനുകൾ രുചിച്ചപ്പോൾ ആണ് ധാരണകൾ എല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.
അതൊക്കെ പോട്ടെ; നമ്മുടെ വിഷയം പള്ളിയും വെള്ളാപ്പള്ളിയും ആണല്ലോ. വീഞ്ഞുണ്ടാക്കാൻ പള്ളികൾ "ഡിസ്റ്റിലറികൾ" നടത്തുന്നു എന്നാണു നടേശൻ മൊയ്ലാളി പറയുന്നത്. എന്നാൽ വീഞ്ഞുണ്ടാക്കുന്ന പ്രക്രിയ ഡിസ്റ്റിലേഷൻ അല്ല ഫെർമെന്റെഷൻ ആണെന്ന് എഴാം ക്ളാസ്സിലെ കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. ബാർ വിഷയത്തിൽ സർക്കാരിന്റെ പുതിയ മദ്യനയം കണ്ട് സമനില തെറ്റിപ്പോയ വെള്ളാപ്പള്ളി പിച്ചും പേയും പറയുന്നത് മനസ്സിലാക്കാം. അത് കേട്ടയുടനെ അദ്ദേഹത്തെ കൌണ്ടർ ചെയ്യാൻ "അഭിവന്ദ്യ പിതാക്കന്മാർ" എന്തിനാണ് കച്ച കെട്ടിയിറങ്ങുന്നതെന്ന് മനസ്സിലാകുന്നില്ല. പിന്നെ, വിശുദ്ധ കുർബ്ബാനയുടെ കൗദാശിക പ്രത്യേകതകളെ കുറിച്ചു വെള്ളാപ്പള്ളി നടേശന് വേദോപദേശം നൽകാൻ ഒരുങ്ങുന്ന ഇടയന്മാരെ എന്ത് പറഞ്ഞാൽ പറ്റും. വെള്ളാപ്പള്ളിയാണോ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരം വിവിധ രൂപതകൾക്ക് മാസ്സ് വൈൻ ഉണ്ടാക്കാൻ വേണ്ടി അബ്കാരി ലൈസൻസ് കൊടുക്കുന്നത് ? അല്ലല്ലോ..
അഥവാ ഗവണ്‍മെന്റ്, മാസ് വൈൻ നിർമ്മാണം നിരോധിച്ചാൽ മറ്റു വഴികൾ നോക്കണം.
ഓശാനപ്പെരുന്നാളിന് ഒലീവ് ഇലയ്ക്ക് പകരം കുരുത്തോല ആകാമെങ്കിൽ;
പെസഹാത്തിരുനാളിന് മുട്ടനാടിന്റെ ഇറച്ചിക്ക് പകരം കലത്തപ്പം ആകാമെങ്കിൽ;
ദുഖവെള്ളിയാഴ്ച്ച കർത്താവ് രുചിച്ച മീറയ്ക്ക് പകരം പാവക്ക നീര് ആവാമെങ്കിൽ:
വീഞ്ഞിനു പകരം ഇളനീരോ സ്ക്വാഷോ പാലോ ഉപയോഗിച്ച് കൊണ്ട് കൂദാശ പരികർമ്മം ചെയ്താലും വിശ്വാസത്തിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. നമ്മുടെ മാർപ്പാപ്പയോട് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിഷയം ചർച്ച ചെയ്‌താൽ അദ്ദേഹം വീഞ്ഞിന് അനുകൂലമായി സംസാരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.
അതേ സമയം ഒരു കരണത്തടിക്കുന്നവന് മറുകരണം കാണിച്ചു കൊടുക്കാൻ പ്രസംഗിച്ചിട്ട് കള്ള് കച്ചവടക്കാരന്റെ ഓരോ ജൽപനത്തിനും "അഭിവന്ദ്യ പിതാക്കന്മാർ" അതേ നാണയത്തിൽ മറുപടി നൽകാൻ തുടങ്ങിയാൽ അത് വിശ്വാസികൾക്ക് മോശം മാതൃകയാകും...
മാത്രവുമല്ല; അനാവശ്യ സാമുദായിക സ്പർദ്ധ വളർത്താനേ ഇത്തരം വില കുറഞ്ഞ വാഗ്വാദങ്ങൾക്ക് കഴിയൂ. ഇവിടെ ഈഴവരും ക്രിസ്ത്യാനികളും വല്ല്യ കുഴപ്പമില്ലാതെ ഐക്യത്തിലും സാഹോദര്യത്തിലും സൌഹൃദത്തിലും കഴിഞ്ഞു പോകുന്നുണ്ട്. ദയവായി രണ്ടു കൂട്ടരും കൂടി അത് നശിപ്പിക്കരുത്.
മദ്യ നിരോധന പശ്ചാത്തലത്തിൽ എഴുതിയ മറ്റൊരു ലേഖനം വായിക്കാൻ ഇതിൽ ക്ളിക്ക് ചെയ്യുക =====> "മദ്യ" കേരളം ....ഇനി മധുരമനോജ്ഞ "മദ്യ രഹിത" കേരളം !? ഇതൊക്കെ നടന്നാ കൊള്ളാം....!!!
മദ്യ നിരോധന പശ്ചാത്തലത്തിൽ എഴുതിയ മറ്റൊരു ലേഖനം വായിക്കാൻ ഇതിൽ ക്ളിക്ക് ചെയ്യുക =====> "മദ്യ" കേരളം ....ഇനി മധുരമനോജ്ഞ "മദ്യ രഹിത" കേരളം !? ഇതൊക്കെ നടന്നാ കൊള്ളാം....!!!
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക