ഞാൻ വെറും പോഴൻ

Friday, 27 July 2018

ഹനാൻ എന്ന പെൺകുട്ടിയുടെ അനുഭവം വിളിച്ചു പറയുന്നതെന്താണ് !!???

ജീവിതം വച്ച് നീട്ടിയ അപ്രതീക്ഷിതവും അസാധാരണവുമായ പ്രതിസന്ധികളില്‍ തളരാതെ മനക്കരുത്തോടെ ജീവിതത്തെ നേരിടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള വാർത്ത നിറഞ്ഞ മനസോടെയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പഠനത്തിനും കുടുംബം പോറ്റാനുമായി കോളേജ് യൂനിഫോമില്‍ മീന്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടി എന്ന നിലയിൽ വന്ന റിപ്പോർട്ടിനെ തുടർന്ന് ആ കുട്ടിയെ സഹായിക്കാന്‍ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി പേര്‍ രംഗത്തെത്തി. സാമ്പത്തികമായും അല്ലാതെയുമുള്ള വളരെയേറെ സഹായങ്ങൾ അവള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. ഏതാനും മണിക്കൂറുകൾ കൊണ്ട് അവൾ സോഷ്യൽ മീഡിയയിലെ മിന്നും താരമായി. എന്നാൽ ആ മിന്നിത്തിളക്കം ഏറെ നേരം നീണ്ടു നിന്നില്ല. പെട്ടെന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹനാന്‍റെ മീന്‍ കച്ചവടം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത വീഡിയോ പ്രോഗ്രാം ആണെന്നും അതൊരു സിനിമാ പ്രെമോഷന്‍റെ ഭാഗമാണെന്നും ആർക്കോ തോന്നിയ വെളിപാട് സോഷ്യൽ മീഡിയ വഴി പരന്നൊഴുകി. അതോടെ മിന്നും താരത്തെ മോശം കഥാപാത്രമാക്കി അവതരിപ്പിക്കുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. ആ കുട്ടിയേയും അയാളെ സപ്പോർട്ട് ചെയ്ത ചുരുക്കം ആളുകളെയും ആൾക്കൂട്ടനീതി തേജോവധം ചെയ്തു. കള്ളി എന്ന വിളിയിൽ തുടങ്ങി അഴിഞ്ഞാട്ടക്കാരി, അഭിസാരിക എന്ന നിലയിൽ വരെ ആ കുട്ടിയെ വിശേഷിപ്പിക്കാൻ ഇവിടത്തെ സൈബർ പോരാളികൾക്ക് ഒരു മടിയുമുണ്ടായില്ല. ഒടുക്കം, വളരെ പ്രസന്നവതിയായി തലേന്ന് ചാനൽക്യാമറകളെ അഭിമുഖീകരിച്ചവൾ പിറ്റേന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചാനൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യത്വത്തിന്‌ വേണ്ടി കരയുന്നതും കാണേണ്ടി വന്നു സാക്ഷര പ്രബുദ്ധ കേരളത്തിന്.....

ഈ സംഭവത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ കണ്ട ചില പോസ്റ്റുകളും അതിനുള്ള കമന്റുകളും വായിച്ചതിൽ നിന്ന് മനസിലാവുന്ന ചില യാഥാർഥ്യങ്ങളുണ്ട്; മനോഭാവങ്ങളുണ്ട് .......

കാഴ്ചയ്ക്ക് സുന്ദരിയായ ഒരു പെൺകുട്ടി സിനിമയിലേക്ക് പോയാൽ അത് നശിക്കാനും ശരീരം വിൽക്കാനുമാണ്....

അവൾ സെലിബ്രിറ്റികളോടൊപ്പം ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടാൻ പാടില്ല....

സിനിമാ നടന്മാർ അവളെ വിളിക്കുന്നതെന്തിനാണ്....

അവളെപ്പറ്റി ഒരു വാർത്ത വരികയും അവൾ പ്രസിദ്ധയാവുകയും ചെയ്താൽ അത് അവൾ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്...

ഒട്ടേറെ പേർ സ്വയം അദ്ധ്വാനിച്ചു പഠിക്കുന്നുണ്ട്; അവരൊന്നും ഇത് പോലെ ചൂഷണം നടത്തുന്നില്ല...

നിങ്ങൾ മീൻ വിൽപ്പന തൊഴിലായി എടുക്കുകയും എങ്ങിനെ എങ്കിലും ഫേമസ് ആയിപ്പോവുകയും ചെയ്‌താൽ കേവലം 3 ദിവസത്തെ കച്ചവടം കൊണ്ട് ആയിക്കൂടാ; കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും മീൻ കച്ചവടം .ചെയ്യണം...

നിങ്ങൾ ഒരു മതത്തിന്റെ ഐഡന്റിറ്റി പേരിലോ നടപ്പിലോ ജീവിതത്തിലോ വിദൂരമായെങ്കിലും പേറുന്നുണ്ടെങ്കിൽ അതിന്റെ പ്രഖ്യാപിതവേഷഭൂഷകൾ ഉപേക്ഷിച്ചാൽ നിന്നെ ഞങ്ങൾ വെറുതെ വിടില്ല.... 

നിങ്ങൾ സമൂഹത്തിന്റെ സഹതാപത്തിനും പരിഗണനയ്ക്കും സഹായത്തിനും ഏതെങ്കിലും വിധത്തിൽ പാത്രമായെങ്കിൽ പിന്നെ നിങ്ങൾ ജീവിക്കേണ്ട Code of Living ഞങ്ങൾ നിശ്ചയിക്കും; അതിനനുസരിച്ച് നിങ്ങൾ ജീവിച്ചോളണം. 

ദാരിദ്ര്യം ഉണ്ടെന്ന് പറയുന്ന കുട്ടി സ്വന്തം പണിയെടുത്ത കാശു കൊണ്ടാണെങ്കിലും നവരത്നമോതിരം ഇടരുത്.....

മീൻ കച്ചവടക്കാരോ വരേണ്യ സമൂഹം മാന്യമല്ലാത്തതായി കരുതുന്ന തൊഴിലിലോ ഏർപ്പെടുന്നവർ മുന്തിയ  വേഷം ധരിക്കരുത്. 

"അവളുടെ" വേഷവും ശരീരഭാഷയും വാക്കുകളും കേട്ടാലറിയാം ഇതൊരു SPONSORED, SCRIPTED, DIRECTED പരിപാടിയാണെന്ന്....

ഇത്തരം പണി കാണിച്ച് മേലിൽ നടക്കാനിടയുള്ള ചാരിറ്റി ആക്ടിവിറ്റികൾക്ക് തുരങ്കം വയ്ക്കരുതെന്ന അപേക്ഷയുമായി കുറെ പേരുണ്ട്...

മനസിലാവുന്നത് ഇതാണ്.... സൈബറിടത്തിലെ ശരാശരി വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും അക്രമാസക്തമായ ആൾക്കൂട്ടങ്ങളാണ്; അവർ ചോര തറയിലൊഴുക്കുന്നില്ല എന്നെ ഉള്ളൂ; അവർക്ക് വസ്തുതകളോ നിലപാടുകളോ പ്രധാനമല്ല; ഊഹങ്ങളിലും നിഗമനങ്ങളിലും താല്പര്യങ്ങളിലും ഊന്നി മാത്രമാണ് അവരുടെ പ്രതികരണങ്ങളും പ്രതികാരവും......

എന്തായാലും ഹനാൻ ഒരുപകാരം ചെയ്തു. വലിയ പുരോഗമനം പറയുന്ന പലരുടെയും ഉള്ളിലിരുപ്പ് തിരിച്ചറിയാൻ സാധിച്ചു. 

അവളെ ഇകഴ്ത്തിയും അധിക്ഷേപിച്ചും സുഖിച്ചവരോട് ഒരു അഭ്യർത്ഥന.... നിങ്ങളുടെ ഒരു സഹതാപവും കാരുണ്യവും അനുഭാവവും ഒന്നും ആ കുട്ടിക്ക് വേണ്ടെന്ന് ആ കുട്ടിയുടെ ഉറച്ച വാക്കുകൾ വിളിച്ചു പറയുന്നുണ്ട്; അത് അദ്ധ്വാനിച്ച് ജീവിച്ചോളും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. അതെങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ....

പെരുമ്പാവൂർ പീഡനക്കൊലപാതക്കേസിലെ ജിഷയുടെ അമ്മയും അനുഭവിച്ചത് സമാനായൊരു സൈബർ ആക്രമണമായിരുന്നു. എന്നെഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക... ധർമ്മം കൊടുത്ത് കഴിഞ്ഞിട്ട് അതിന്റെ പുറത്ത് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന അല്പന്മാർ...


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Friday, 20 July 2018

അതിക്രമം കാണിച്ചത് ജനപ്രതിനിധി ആണ് എന്നത് കൊണ്ട് അത് നന്മയാകില്ല സാർ...!!!

പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമവും ഗുണ്ടായിസവും കാണിച്ച പി. സി. ജോർജിന് അഭിവാദ്യമർപ്പിച്ചും പി. സി. ചങ്കാണെന്നും ഒക്കെ പറഞ്ഞുള്ള വാഴ്ത്തുപാട്ടുകൾ കണ്ടും കേട്ടും മടുത്തു. ഒരു ക്രിമിനൽ നടപടിയെ ഇത്ര കണ്ട് പിന്തുണയ്ക്കാനും വാഴ്ത്തിപ്പാടാനും അദ്ദേഹമെന്ത് ധീരകൃത്യമാണ് ചെയ്തത്...!!???

ബഹുമാനപ്പെട്ട പി.സി.യ്ക്കറിയാമോ ഓരോ ദിവസവും സാധാരണ ജനങ്ങൾ അവിടെ എത്ര മിനിറ്റുകൾ നഷ്ടപ്പെടുത്തുന്നുണ്ടെന്ന് ? അഞ്ച് വണ്ടികളിൽ കൂടുതൽ ക്യൂവിൽ നിൽക്കാനിട വരരുതെന്ന നിർദ്ദേശം അവിടെ പാലിക്കപ്പെടുന്നില്ലെന്ന് ? അടിക്കടി ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാനമായ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ? കരാറിൽ പറഞ്ഞിരുന്ന അടിസ്ഥാനസൗകര്യങ്ങൾ പലതും ഇപ്പോഴും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് ? മെട്രോ പരിപാലിക്കുന്ന റോഡിന്റെ കൂടി ദൂരത്തിനാണ് ഇവർ ടോൾ പിരിക്കുന്നതെന്ന് ? ടോൾ പിരിക്കപ്പെടുന്ന റോഡിൽ ഉള്ള അസംഖ്യം കുഴികളടക്കാൻ പോലും ഇവർ നടപടി എടുക്കുന്നില്ലെന്ന് ?

ഇതൊന്നും പാലിയേക്കരയിലെ മാത്രം പ്രശ്നങ്ങളുമല്ല. പാലിയേക്കരയിലടക്കം കേരളത്തിലെ വിവിധ ടോൾ ബൂത്തുകളിൽ നടക്കുന്ന നീതി നിഷേധങ്ങൾക്കെതിരെ നിങ്ങൾ ജനപ്രതിനിധി എന്ന നിലയിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ? ഈ BOT പദ്ധതി ആശയമായത് മുതൽ പ്രാബല്യത്തിൽ വന്നപ്പോഴും അതുമായി ബന്ധപ്പെട്ട അനീതികൾ തുടരുമ്പോഴും നിങ്ങൾ ഇവിടുത്തെ നിയമനിർമ്മാണ സംവിധാനത്തിന്റെയും ഭരണകൂടത്തിന്റെയും ഭാഗമായിരുന്നില്ലേ... ? അന്നൊന്നും ടോൾ ബൂത്തുകളിലെ അതിക്രമങ്ങൾ ഒന്നും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലേ...?? ഒരിക്കൽ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട് എന്നത് വിസ്മരിച്ചു കൊണ്ടല്ല ഇത് ചോദിച്ചത്. കേവലം ഒരു വിഷയാവതരണം കൊണ്ട് തീരുന്ന പ്രശ്നമാണോ ഇത് ? ടോൾ ബൂത്തുകളിലെ തെറ്റായ നടപടികൾക്കെതിരെ കോടതിയെ സമീപിക്കുകയോ ഭരണതലത്തിൽ പരിഹാരം കാണുകയോ ചെയ്തിട്ടുണ്ടോ ? ഒന്നുമില്ല. ഇനിയെങ്കിലും ഒരു ബഹുജനമുന്നേറ്റം അവിടെ സംഘടിപ്പിക്കാൻ നിങ്ങൾ ഒരുക്കമാണോ ? കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നിങ്ങളുടെ പിന്നിൽ വലിയൊരു ആൾക്കൂട്ടം അവിടെ ഉണ്ടാകും; തീർച്ച. നീതി നേടിയെടുക്കാൻ കോടതിയിൽ പോകാൻ നിങ്ങൾ തയ്യാറാണോ ? കക്ഷി ചേരാൻ ആളുണ്ടാകും. അല്ലാതെ ചാനൽ പബ്ലിസിറ്റി ലക്‌ഷ്യം വച്ചുള്ള പൊറാട്ട് നാടകങ്ങൾക്ക് കിട്ടുന്ന കയ്യടി നിമിഷസുഖം മാത്രമേ പ്രദാനം ചെയ്യൂ. 

എന്തായിരുന്നു കഴിഞ്ഞ ദിവസം പാലിയേക്കരയിലെ പ്രശ്നം...?? പി സി ജോർജ്ജ് തന്നെ വിശദീകരിച്ചതനുസരിച്ച് ടോൾ പിരിക്കുന്നതിനോടുള്ള വിരോധം കൊണ്ടൊന്നുമല്ല അങ്ങേര് അത് ചെയ്തത്; ടോൾ കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു.... ക്രോസ് ബാർ തുറന്ന് കിട്ടാൻ അയാൾക്ക് രണ്ടോ മൂന്നോ മിനിറ്റ് കാത്ത് നിൽക്കേണ്ടി വന്നു.... വണ്ടിയിൽ പതിപ്പിച്ചിരുന്ന എം.എൽ.എ എന്ന ബോർഡ് അവിടെ ജോലിക്കുണ്ടായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളി ശ്രദ്ധിച്ചില്ല.... എം എൽ എയാണ് വണ്ടിയിൽ എന്ന് അദ്ദേഹത്തിന്റെ അനുഗാമികൾ പറഞ്ഞിട്ടും തമിഴും ഹിന്ദിയും ചേർത്ത് സംസാരിക്കുന്ന ടോൾ പിരിവ് തൊഴിലാളി മൈൻഡ് ചെയ്തില്ല... എം എൽ എ എന്ന ബഹുമാനം കൊടുത്തില്ല.... ഒടുക്കം "ഷമിക്കണം ഷാർ" എന്ന് ചതുരവടിവില്ലാത്ത ഭാഷയിൽ ക്ഷമ പറഞ്ഞു...("അവന്റെ അമ്മേടെ ഷാർ" എന്ന് കൂടി അദ്ദേഹം പറയുന്നതായി കേട്ടു).... ടോൾ പ്ലാസ മുഴുവൻ തടിയന്മാരായ ഗൂണ്ടകളാണ്; അതും കറുമ്പന്മാർ.... തുടങ്ങിയവയാണ് പ്രകോപനത്തിന് കാരണങ്ങളായി അദ്ദേഹം തന്നെ പറയുന്നത്. 

ടോൾ പ്ലാസയിലെ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങളിൽ കാറിന്റെ മുന്നിൽ എം എൽ എ ബോർഡ് കാണുന്നില്ല എന്നതാണ് യാഥാർഥ്യം; പക്ഷെ, ബ്രിട്ടനിൽ പോയപ്പോൾ പോലും കാറിൽ പൂഞ്ഞാർ എം.എൽ.എ എന്നെഴുതി വച്ച് യാത്ര ചെയ്ത മഹാന്റെ വണ്ടിയിൽ ബോർഡില്ലാതെ വരാൻ വഴിയില്ല; അത് കൊണ്ട് ബോർഡ് ഉണ്ടായിരുന്നു എന്ന് തന്നെ കൂട്ടിക്കോ. വണ്ടിയിൽ എം.എൽ.എ എന്നെഴുതിയ ചുവപ്പ് ബോർഡ് വയ്ക്കുന്നതിന് നിയമസാധുത ഉണ്ടോ എന്ന് അറിയില്ല; ഇനി അതിന് നിയമസാധുത ഉണ്ടെന്നും ഇരിക്കട്ടെ; കാറിൽ MLA ബോർഡ് കണ്ടാലുടനെ ടോൾ ഗേറ്റ് ഓപ്പൺ ചെയ്ത് കൊടുക്കണമെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ല; ടോൾ ഒഴിവ് അനുവദിക്കപ്പെട്ട കാറ്റഗറിയിലുള്ള ആൾ,ഔദ്യോഗിക ID കാർഡ് കാണിച്ചാൽ ടോൾ ഒഴിവാക്കി ഗേറ്റ് തുറന്നു കൊടുക്കണമെന്ന് പറഞ്ഞിട്ടുള്ളതായാണ് പരിമിത അറിവ്.
ചുരുക്കത്തിൽ ടോൾ പ്ലാസ ജീവനക്കാർ അതിയാന്റെ മാടമ്പിത്തരത്തിന് മുന്നിൽ മേൽമുണ്ടഴിച്ച് നടുവളച്ച് ഓഛാനിച്ച് നിൽക്കാത്തതിന്റെ അമർഷം തറനിലവാരത്തിൽ പ്രകടിപ്പിച്ചു; അത് മാത്രമാണ് യാഥാർഥ്യം. ശേഷം, ടോൾ പിരിവിനോട് ശരാശരി മലയാളിക്കുള്ള അടിസ്ഥാന അമർഷം അതിയാൻ നൈസായി അങ്ങ് മുതലെടുക്കുകയാണ്. തീവ്രവാദി ബന്ധ ആരോപണവും ഈഴവരെ അടച്ചു പുലയാട്ട് പറഞ്ഞതും തുടങ്ങി പലവിധ സംഭവങ്ങളിൽ വന്ന ഇമേജ് നഷ്ടത്തിൽ നിന്ന് ഊരിപ്പോരാൻ കിട്ടിയ വൈക്കോൽ തുരുമ്പാണ് പി.സി.യ്ക്കിപ്പോൾ ഈ "ജനകീയ പ്രതിഷേധം"!!!. 

ആമാശയം കൊണ്ട് ചിന്തിക്കുന്ന കുറെ പോങ്ങന്മാരുടെ കയ്യടിയിലും ആർപ്പുവിളിയിലും അഭിരമിച്ച് ഓരോ മീഡിയ സ്റ്റണ്ട് ഊഡായിപ്പുകളും കൊണ്ടിറങ്ങിക്കോളും അങ്ങ് പൂഞ്ഞാറ്റിലെ എം.എൽ.എ; ഇടയ്ക്കിടയ്ക്ക്....  

അത് കൊണ്ട് പി സി ജോർജ്ജ് MLA സാറേ....

ഒരു ജനപ്രതിനിധി പ്രതിഷേധിക്കേണ്ടത് നിയമം കയ്യിലെടുത്തല്ല സാർ.... 

ജനപ്രതിനിധി ആണ് കാണിച്ചത് എന്നത് കൊണ്ട് അതിക്രമം നന്മയാകില്ല സാർ....

കുടുംബം പോറ്റാൻ പണിയെടുത്ത് ജീവിക്കാൻ നാട് വിട്ട് വന്ന ഗതികെട്ടവന്റെ അമ്മയ്ക്ക് വിളിക്കുന്നത് നല്ല രോഷപ്രകടന രീതിയല്ല സാർ....

സ്വകാര്യ ടോൾ കമ്പനി അവർക്കുണ്ടാകുന്ന നഷ്ടം കൂടി ഇവിടത്തെ സാധാരണക്കാരന്റെ കയ്യിൽ നിന്ന് ടോൾ പിരിച്ച് മുതലാക്കും എന്നത് കൊണ്ട് അങ്ങ് പിരിച്ചൊടിച്ച് കളഞ്ഞത് ഒരർത്ഥത്തിൽ പൊതുമുതലായിരുന്നു സാർ....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday, 4 July 2018

ഇടയന്മാര്‍ കുഞ്ഞാടുകളുടെ ഇറച്ചിയുടെ രുചി നോക്കുമ്പോള്‍.......

(മുൻപെഴുതിയ ഒരു കുറിപ്പാണിത്. ആനുകാലിക സംഭവങ്ങൾ ചേർത്തൊന്ന് അപ്പ് ഡേറ്റ് ചെയ്തിട്ടുണ്ട്...)


ക്രൈസ്തവ സമൂഹത്തിലെ പുരോഹിതന്മാരുമായി ബന്ധപ്പെട്ട് കേൾക്കാറുള്ള ലൈംഗിക അപവാദങ്ങൾ പൊതുവെ കത്തോലിക്കാ സഭയിലെ അച്ചന്മാരുമായും പെന്റക്കൊസ്റ്റൽ സഭകളിലെ പാസ്റ്റർമാരുമായും ബന്ധപ്പെട്ടായിരുന്നു. ഇപ്പോൾ ഒടുവിൽ കേട്ടതിൽ ഒന്ന് ഓർത്തഡോക്സ് സഭയിലെ ഒരു കൂട്ടം അച്ചന്മാർ ഒരു സെക്സ് റാക്കറ്റ് കണക്കെ പ്രവർത്തിച്ചതിന്റെ വാർത്തകളായിരുന്നു. പിന്നത്തേത് കത്തോലിക്കാ സഭയിലെ ഒരു മെത്രാൻ ഒരു കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു എന്നും പ്രകൃതിവിരുദ്ധലൈംഗികകേളികൾ നിർബന്ധിച്ചു ചെയ്യിച്ചു എന്ന വർത്തയുമാണ്. ആത്മാവും ശരീരവും തമ്മിലുള്ള സംഘര്‍ഷങ്ങൾക്കിടയിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ ശരീരത്തിന്റെ ബലഹീനതകളിൽ തട്ടി വീഴുമ്പോൾ സഭയും വിശ്വാസികളും നാണക്കേടിൽ മുഖം താഴ്ത്തേണ്ടി വരുന്നുണ്ട്. 

പുരോഹിതർ ഉൾപ്പെടുന്ന ഓരോ ലൈംഗികാരോപണക്കേസുകൾ വരുമ്പോഴും അതിവിടത്തെ സാമൂഹ്യ മണ്ഡലത്തില്‍ സാമാന്യം ചെറുതല്ലാത്ത ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. അപ്പോഴെല്ലാം നവ സാമൂഹ്യ മാധ്യമങ്ങളില്‍ പൊതുവേ ഉയരാറുള്ള ഒരാവശ്യം ഈ പള്ളീലച്ചന്‍മാരെ പിടിച്ചു പെണ്ണ് കെട്ടിക്കുക എന്നതായിരുന്നു. ഇപ്പോൾ ആരോപിതരായിരിക്കുന്ന ഓർത്തോഡോക്സ് അച്ചന്മാർക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ളവർ ആണ്. പൊതുവെ പുരോഹിതർ ചെന്ന് പെടുന്ന കേസുകളിൽ, പെണ്ണ് കെട്ടല്‍ ഒരു മരുന്നാണോ എന്നെനിക്ക് സംശയമുണ്ട്‌. മിക്കവാറും കേസുകളിൽ കേവലം ലൈംഗിക ബന്ധമെന്നതിലുപരി Paedophelia (പീഡോഫീലിയ), Satyriasis (സറ്റൈറിയാസിസ്‌) തുടങ്ങിയ ഗണത്തിലൊക്കെപ്പെടുത്തേണ്ട ലൈംഗികവ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതെന്തായാലും ഒരു വിവാഹം കൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നമാകാന്‍ വഴിയില്ല. എന്തായാലും സഭാധികാരികളോ നിയമപാലന സംവിധാനങ്ങളോ അക്കാര്യം ശ്രദ്ധിക്കട്ടെ.

2011-ല്‍ അന്നത്തെ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് തന്റെ " സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്" എന്ന പുസ്തകത്തില്‍ വൈദികര്‍ക്കും സംന്യാസികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്നും ഉപഭോഗസംസ്‌കാരം ആശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നു എന്നുമുള്ള പരാമര്‍ശങ്ങള്‍ വൈദികരടക്കമുള്ളവരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഒരു സംന്യാസിവര്യന്റെ നിര്‍മമതയോടെയുള്ള പ്രതികരണങ്ങളെ പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുവാന്‍ ഉത്സാഹിക്കുകയായിരുന്നു. എന്നാല്‍ വര്‍ക്കി പിതാവാകട്ടെ അചഞ്ചലനായിരുന്നു. 'ഞാന്‍ പറഞ്ഞത് പറഞ്ഞതുതന്നെ...' എന്ന മട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദങ്ങളോട് പ്രതികരിക്കാനോ വാദിക്കാനോ അദ്ദേഹം നിന്നില്ല. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുറത്തു ചര്‍ച്ചക്ക് വന്നു കൊണ്ടിരിക്കുന്നു. കുന്തിരിക്കം പുകയുന്ന ഇടനാഴികളിലെ ലൈംഗിക അസംതൃപ്തിയെക്കുറിച്ച് ആശ്രമം വിട്ട പല സംന്യാസി - സംന്യാസിനിമാരും തുറന്നെഴുതിയത് വ്യാപകമായ ചര്‍ച്ചക്കിടയാക്കിയിരുന്നു. എന്റെ അറിവില്‍ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം തുടങ്ങിയ വ്രതങ്ങള്‍ ആയുഷ്പര്യന്തം നിറവേറ്റുവാന്‍ സ്വയം സമര്‍പ്പിതരായവരാണ്  സഭയിലെ സംന്യാസികള്‍. ദൈവവിളിയും വരവും ലഭിച്ച വൈദികര്‍ സ്വയം സ്വീകരിക്കുന്ന ഒരു ജീവിത ക്രമമാണ് ഇത്. ആജീവനാന്തം ധ്യാനത്തിലും പഠനത്തിലും പ്രാര്‍ത്ഥനയിലും ജാഗരൂകരായിരുന്ന് ദൈവവുമായുള്ള നിരന്തര സംസര്‍ഗ്ഗത്തില്‍ യേശു ക്രിസ്തുവിലുള്ള ഭാവം ഉള്‍ക്കൊണ്ട് അത് പ്രശോഭിപ്പിക്കുവാന്‍ ശ്രമിക്കേണ്ട ധാര്‍മ്മിക ബാധ്യതയുള്ളവര്‍. സഭാചട്ടക്കൂടുകള്‍ക്കകത്ത് നിന്ന് കൊണ്ട് ദൈവജനത്തിന്റെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അവരെ സഹായിച്ചു സംരക്ഷിക്കുന്ന ആത്മീയ പിതാവ് എന്ന നിലയിലാണ് അവരെ "അച്ചന്‍" എന്ന് വിശ്വാസികള്‍ വിളിക്കുന്നത്‌. അച്ചന്റെ ഉത്തരവാദിത്തങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച പറ്റുമ്പോള്‍ വിശ്വാസികള്‍ ആത്മീയമായും ഒരു പരിധി വരെ ഭൌതികമായും അരക്ഷിതരായി മാറുന്നു എന്നുള്ളതാണ് വാസ്തവം. ഓരോ മോശപ്പെട്ട സംഭവം ഉണ്ടാകുമ്പോഴും ഈ സ്ഥാനത്തിന്റെ പവിത്രത ചോദ്യം ചെയ്യപ്പെടുകയും വിശ്വാസികള്‍ ഇടയന്മാരില്‍ നിന്ന് അകന്നു പോവുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ സഭയും കുഞ്ഞാടുകളും പാലിക്കേണ്ട മിനിമം കാര്യങ്ങള്‍ എന്താണ് ?

1. അച്ചന്മാരുടെ നവീകരണ ധ്യാനങ്ങള്‍ വര്‍ഷാവര്‍ഷം കൃത്യമായി നടക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്‌. അത് കുറച്ചു കൂടി കാര്യക്ഷമമാക്കുക.

2. രൂപതാ തലത്തില്‍ തന്നെ കുറേക്കൂടി കാര്യക്ഷമമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. രൂപത കോടതി, രൂപതാ തല കണക്ക് പരിശോധന ഒക്കെ പോലെ ഒരു വിജിലന്‍സ് വിഭാഗം ഉണ്ടാക്കിയാലും തെറ്റില്ല.

3. ഒരിക്കല്‍ ആരോപിതരായ അച്ചന്മാരെ പ്രത്യേകം നിരീക്ഷിക്കുക. പരമാവധി അവരെ ഇടവക ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക.

4. കയ്യോടെ പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഒരു വിധത്തിലുമുള്ള ഇടപെടലുകള്‍ക്ക് പോകാതെ നിയമത്തിനു വിട്ടു കൊടുക്കുക.

5. ഫ്രാൻസീസ് മാർപാപ്പാ അല്മായരെ ഉൾപ്പെടുത്തി രൂപീകരിച്ച, വത്തിക്കാനിലെ Pontifical Commission for the Protection of Minors ന്റെ മാതൃകയിൽ നിഷ്പക്ഷവും നീതിനിഷ്ഠവും കാര്യക്ഷമവും ഫലപ്രദവുമായ ഒരു പരാതി പരിഹാര സംവിധാനം (Grievance Redress System) ഇവിടെ രൂപീകരിക്കുക. 

പട്ടിക ഒട്ടും തന്നെ പൂര്‍ണ്ണമല്ല. വായിക്കുമ്പോള്‍ ചിലപ്പോള്‍ നെറ്റി ചുളിയലോ ചിരിയോ ഒക്കെ പുറത്തു വരാന്‍ സാധ്യതയും  ഉണ്ട്. ഏതെങ്കിലുമൊരു അവയവം ഇടര്‍ച്ച വരുത്തുന്നെങ്കില്‍ കഴുത്തില്‍ വലിയ തിരികല്ല് കെട്ടി കടലില്‍ ചാടുക എന്നാണ് വചനം പറയുന്നത്. ഏതെങ്കിലുമൊരു "സാഹചര്യം ' എന്നതും പ്രസക്തമാണ്. അത്തരം സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കാമല്ലോ! സമയാ സമയത്ത് പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മാര്‍പാപ്പാമാര്‍ക്കും പിതാക്കന്മാര്‍ക്കും പരസ്യമായി കുരിശു പിടിച്ചു മാപ്പ് പറയാനേ സമയം കാണൂ...

ഇത്തരം സംഭവങ്ങളില്‍ പൊതു സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം പറയേണ്ടതും ചൂളി നില്‍ക്കേണ്ടതും ഇടയന്മാരെക്കാള്‍ ആടുകള്‍ ആണെന്നതാണ് ക്രൂരമായ സത്യം. ഇരകള്‍ വീണ്ടും ഇരകളാവുന്ന അനുഭവം. പിന്നെ ഇത് പോലുള്ള കുറച്ചു എണ്ണങ്ങളെക്കൊണ്ട് പിഴക്കാതെ ജീവിക്കുന്ന നല്ലിടയന്മാരുടെയും കാര്യം കഷ്ടമാണ്. അടിക്കടി ഉണ്ടാവുന്ന വിവിധ വിവാദങ്ങളിൽപ്പെടുന്ന കേരളത്തിലെ ക്രൈസ്തവസമൂഹം ഇന്നിപ്പോള്‍ ഒരു ദുരന്ത മുനമ്പിലാണ്. പ്രതിസന്ധികൾ ഒരേ സമയം വെല്ലുവിളിയും അവസരവുമാണെന്ന് സഭകളും വിശ്വാസികളും തിരിച്ചറിയണം. ഈ തിരിച്ചറിവിലേക്ക് അതത് സഭാ നേതൃത്വത്തെ ഉണര്‍ത്താനാണ് ഓരോ വിശ്വാസ സമൂഹവും  ശ്രമിക്കേണ്ടത്. കര്‍ത്താവിന്റെ സഭയെയും കുഞ്ഞാടുകളെയും കര്‍ത്താവ്‌ തന്നെ കാക്കട്ടെ....

വാട്ട്സ് ആപ്പിൽ കിട്ടിയത്.....

പ്രിയ ക്രൈസ്തവ സഹോദരങ്ങൾ അറിയാൻ.... സോഷ്യൽ മീഢിയയിൽ പൊങ്കാല തുടങ്ങീട്ട് കുറച്ച് ദിവസങ്ങളായി...... പക്ഷേ നിങ്ങൾ എന്തിനാ സങ്കടപ്പെടുന്നത്. തെറ്റ് ചെയ്യാത്തവർ ഒന്നും തല കുനിക്കേണ്ട കാര്യമില്ല. പിന്നെ തെറ്റ് ചെയ്തവനെപ്പറ്റി ഫേസ് ബുക്കിലും വാട്ട് സാപ്പിലും വരുന്നത് വായിച്ച് നിങ്ങൾ എന്തിനാ ദണ്ഡപ്പടുന്നേ. ചില കാര്യങ്ങൾ നിങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും;

ബഹുമാനപ്പെട്ട അച്ചന്മാരോട്:

*ലളിത ജീവിതവും വിശുദ്ധ ജീവിതവും നയിക്കുന്ന വൈദികർ പൊതുവെ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാണ്...

*അച്ചന് സ്വാദിഷ്ടമായ ഭക്ഷണ പദാർത്ഥങ്ങളുമായി പള്ളിമുറിയിലേക്ക് ഇടിച്ചു കയറി വരുന്ന സത്രീകൾ മിക്ക ഇടവകകളിലും കാണും. നിർത്തണ്ടടത്ത് നിർത്തണം ഇവറ്റകളെ.

*കഴിയുമെങ്കിൽ  മഠത്തിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.  വല്ലപ്പോഴും വീട്ടിലൊക്കെ പോയി അമ്മച്ചിയോട് കുറച്ച് ചോറും കറികളുമൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്കാൻ പറ. 

*സന്ദർശകർക്ക് ഓഫീസ് റൂമിനപ്പുറത്തേക്ക് പ്രവേശനം നൽകാതിരിക്കുക. ബെഡ്റൂമും ബാത്ത്റൂമും സ്വയം ക്ളീൻ ചെയ്യുക.

*സന്ദർശക സമയം ക്രമപ്പെടുത്തി ഇടവകക്കാരെ അറിയിക്കുക. 

*യുവതികളും കുട്ടികളും ഒറ്റക്ക് മുറിയിൽ കാണാൻ വരുന്നത് നിരുൽസാഹപ്പെടുത്തുക.

*പള്ളിയിൽ നിന്നുള്ള ടൂർ പരിപാടികളിൽ ചില രംഭ മേനക തിലോത്തമമാർ അവരുടെ കൂടെ ഇരിക്കാനും ഡാൻസ് കളിക്കാനും ഒക്കെ വിളിക്കും... പോയേക്കരുത്.. പെഴ്സണൽ പ്രയറിനു ടൈമായി എന്നു പറഞ്ഞ് നൈനായി സ്കൂട്ട് ആവണം.

സ്ത്രീകളോടും കുട്ടികളോടും:

*ചുമ്മാ നിസാര കാര്യങ്ങൾ പറഞ്ഞ് അച്ചൻമാരുടെ അടുത്ത് ഇടിച്ച് കയറി  ചെന്നേക്കരുത്. 

*വസ്ത്രധാരണം പരമാവധി മാന്യമാക്കുക.

*വിവാഹജീവിതത്തിന്റെയും  ദാമ്പത്യജീവിതത്തിന്റെയും തിയറി മാത്രം പഠിച്ച, (കൗമാരം വിടുന്നതിന് മുൻപ് കുടുംബം വിട്ടവർ സ്വന്തം കുടുംബത്തെപ്പോലും പക്വതയോടെ നിരീക്ഷിച്ചിട്ടുണ്ടാവില്ല) അച്ചന്മാരോട്  കുടുംബാസൂത്രണത്തിനും ദാമ്പത്യസംതൃപ്തിക്കും ഉപദേശം തേടുന്ന ഊളകളാവരുത് വിശ്വാസികൾ. സെന്റിയടിക്കാനും ഉപദേശം സ്വീകരിക്കാനും നിങ്ങൾ വല്ല കൗൺസിലിങ് സെന്ററിലും പോയാൽ മതി. വെറുതേയിരിക്കുന്ന അച്ചൻമാരുടെ അടുത്തേക്ക് ചെല്ലരുത്.

*പള്ളിമുറികളിലെ സ്ഥിരം കുറ്റികളായ യൂത്ത് മൂവ്മെന്റ്, ഗായകസംഘം, കാറ്റിക്കിസം എന്നിവയിലെ യുവതികൾ... നിങ്ങൾ അയക്കുന്ന whatsapp, fb മെസേജുകൾ അച്ചൻമാരുടെ  ഉറക്കം കളയുന്ന തരത്തിലുള്ളതാകാതിരിക്കാൻ ശ്രദ്ധിക്കുക... 

*ടൂർ, തീർത്ഥയാത്ര എന്നിവ നടത്തുമ്പോൾ അച്ചൻമാരുടെ കൂടെ നിന്ന് ഞെളിഞ്ഞും പുളഞ്ഞും സെൽഫി എടുത്ത് കളിക്കാതിരിക്കുക.

*റോമിൽ നിന്നും വാങ്ങിയ കൊന്ത തരാം വെന്തിങ്ങ തരാം, ഗത്സമെൻ തോട്ടത്തിൽ നിന്നും പറിച്ച ഏത്തപ്പഴം തരാം എന്നൊക്കെ പറഞ്ഞ് എതെങ്കിലും അച്ചൻ റൂമിലേക്ക് വിളിച്ചാൽ, അച്ചന്റെ കുഞ്ഞമ്മടെ മോൾക്ക് കൊണ്ടെ കൊടുത്താൽ മതി എന്ന് പറഞ്ഞേക്കണം.

മാതാപിതാക്കളോട്:

101% ജാഗ്രതൈ; എന്നല്ലാതെ വേറൊന്നും പറയാനില്ല.... അല്ലെങ്കിൽ നാറിയ കഥകളിലെ കഥാപാത്രങ്ങളായി മക്കളെ ചാനൽ ചർച്ചകളിൽ വലിച്ചു കീറുന്നത് കേൾക്കാൻ തയ്യാറായി ഇരുന്നേക്കണം... സ്വന്തം മകളുടെ കുഞ്ഞിന്റെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അപ്പനും പ്രായപൂർത്തിയാകാത്ത മകൾ പ്രസവിക്കുന്ന കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിക്കാൻ പോവാൻ അമ്മയും ഒരുങ്ങി നിന്നേക്കണം... മുൻകാല അനുഭവങ്ങൾ അതാണ് പറയുന്നത്.  


Stop Press : ബൈബിള്‍ പഴയ നിയമം; എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകം, മുപ്പത്തിനാലാം അദ്ധ്യായം - ഇസ്രായേലിന്റെ ഇടയന്‍മാര്‍

  • കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്‍മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി. ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.

ഈ വിഷയത്തിൽ ഇട്ട മറ്റൊരു പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം ==>> കത്തോലിക്കാ പുരോഹിതന്മാർ പീഡനം നടത്തിയാൽ ആർക്ക്, എന്താണ് കുഴപ്പം ???

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക