ഇന്ത്യയിലേക്ക് കേക്ക് കടന്നു വരുന്നത് യൂറോപ്യൻ അധിനിവേശത്തിന്റെ കാലത്താണ്. കൊളോണിയൽ കാലഘട്ടത്തിൽ ഇവിടെ തമ്പടിച്ച യൂറോപ്യൻമാരാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ബേക്കിങ് എന്ന കല കൊണ്ട് വന്നത്. മിഷനറി പ്രവർത്തനങ്ങൾക്കും കച്ചവടത്തിനുമായി കേരളത്തിൽ വന്ന പോർച്ചുഗീസുകാരാണ് ഇവിടെ കേക്ക് നിർമ്മാണത്തിനുള്ള വസ്തുക്കൾ കച്ചവടത്തിനെത്തിച്ചതെന്ന് പറയപ്പെടുന്നു.
കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ കേക്ക് നിർമ്മാണത്തിന്റെ കഥ തുടങ്ങുന്നത് കണ്ണൂരിലെ തീരദേശ നഗരമായ തലശ്ശേരിയിൽ നിന്നാണ്. ഒരു ബ്രിട്ടീഷ് പ്ലാന്റർ ആയിരുന്ന മർഡോക് ബ്രൗൺ തലശ്ശേരിയിലെ വ്യാപാരി മമ്പള്ളി ബാപ്പുവിന്റെ കടയിലേക്ക് ഒരു ബേക്കറിയിലേക്ക് ഒരു പരമ്പരാഗത ഇംഗ്ലീഷ് ക്രിസ്തുമസ് കേക്കിന്റെ സാമ്പിൾ കൊണ്ടു വന്നു. എന്നിട്ട് അത്തരമൊരു കേക്കുണ്ടാക്കാൻ കഴിയുമോ എന്ന് സായിപ്പ് ബാപ്പുവിനെ വെല്ലുവിളിച്ചു. പലഹാര നിർമ്മാണത്തിലെ തന്റെ അനുഭവസമ്പത്തും സംരംഭകാത്മക മനോഭാവവും ഉപയോഗിച്ച്, ഒരു കേക്ക് വിജയകരമായി പുനരാവിഷ്ക്കരിച്ചു. 1883-ലായിരുന്നു ഈ സംഭവം. അങ്ങനെ ബാപ്പുവിന്റെ ആ ആ പരിശ്രമം ക്രിസ്തുമസ് ബേക്കിങ് എന്ന പുതിയ രീതി ഇന്നാട്ടുകാരെ പരിചയപ്പെടുത്തി. ഇത് കേരളാ ശൈലിയിലുള്ള ക്രിസ്തുമസ് കേക്ക് ഇവിടെ ജനപ്രിയമാകാൻ കാരണമായി. പിന്നീടങ്ങോട്ട് കേരളത്തിലെ ബേക്കർമാർ യൂറോപ്യൻ പരമ്പരാഗതരീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനൊപ്പം ഓരോരുത്തരുടെയും മനോധർമ്മത്തിനനുസരിച്ച് പ്രാദേശികമായി ലഭിക്കുന്ന പല വസ്‌തുക്കളും ചേർത്ത് വ്യത്യസ്തവും രുചികരവുമായ കേക്കുകൾ ഉണ്ടാക്കാൻ തുടങ്ങി.
പ്രചുരപ്രചാരം നേടിയ ഈ "ചരിത്ര"കഥക്കിപ്പോൾ ഒരു വെല്ലുവിളി വന്നിരിക്കുന്നു. ഈയിടെ കേട്ട "പുതിയ" കേക്ക് "ചരിത്രം" ഇങ്ങനെയാണ്. ബ്രൗൺ സായിപ്പ് പറഞ്ഞു കൊടുത്ത കൂട്ടുകളിട്ട് മലബാറിൽ ബാപ്പു കേക്കുണ്ടാക്കുന്നതിനും മുൻപേ ബ്രഡും ബണ്ണും കേക്കുമൊക്കെ ഉണ്ടാക്കാൻ പറങ്കികൾ ഇവിടുള്ളവരെ പിടിപ്പിച്ചിരുന്നത്രെ. ബ്രിട്ടീഷ് കൊളാബറേഷനിൽ കേക്കുണ്ടാകുന്നതിന് മുൻപേ പറങ്കി കൊളാബറേഷനിൽ ആദ്യത്തെ കേക്കുണ്ടായത് തിരുവിതാകൂറിൽ ആയിരുന്നത്രേ. ചേർത്തലയിലെ അർത്തുങ്കൽ പള്ളിയുടെ സമീപത്തുള്ള പഥേർ ബേക്കറിയിൽ ആയിരുന്നു കേരളത്തിലെ ആദ്യ കേക്ക് ബെയ്ക്ക് ചെയ്യപ്പെട്ടതെന്നാണ് പുതിയ കഥ പറയുന്നത്. പഥേർ എന്ന പോർച്ചുഗീസ് വാക്കിന്റെ അർത്ഥം തന്നെ ഇംഗ്ലീഷിൽ ബേക്കർ എന്നാണെന്ന് ഈ കഥ വിശ്വസിക്കുന്നവർ പറയുന്നത്. chatGPT യോട് ചോദിച്ചപ്പോൾ പോർച്ചുഗീസ് ഭാഷയിൽ "padeiro" എന്നാൽ ബേക്കിങ് ചെയ്യുന്ന പുരുഷനും "padeira" എന്നാൽ ബേക്കിങ് ചെയ്യുന്ന സ്ത്രീയും ആണെന്ന് പറഞ്ഞു. അപ്പോൾ പഥേർ എന്നാൽ ബേക്കർ ആണെന്ന വാദം അംഗീകരിക്കാമെന്നു തോന്നുന്നു. കൊച്ചിക്കും ആലപ്പുഴക്കുമിടയിലെ തീരദേശമാകെ ബ്രഡ്ഢിന്റെയും കേക്കിന്റേയും മണവും രുചിയും അറിഞ്ഞത് ഈ ബേക്കറിയിൽ നിന്നാണെന്നതാണ് ഈ കഥയിൽ വിശ്വസിക്കുന്നവരുടെ അവകാശവാദം. തീര ദേശത്തുണ്ടായിരുന്ന പോർച്ചുഗീസ് മിഷനറിമാരിൽ നിന്നായിരിക്കാം പഥേർ ബേക്കറിക്കാർ ബ്രഡ്ഡും കേക്കുമൊക്കെ ഉണ്ടാക്കാനുള്ള വിദ്യ പഠിച്ചതെന്നാണ്, പഥേറിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരായ രാജുവും തോമസും കരുതുന്നത്. തങ്ങൾക്ക് നാല് തലമുറ മുൻപുണ്ടായിരുന്ന പൂർവ്വികനായിരുന്ന കരുമാഞ്ചേരി ജോർജിനെ വരെ ഇവർക്ക് ഓർമ്മയുണ്ട്. അദ്ദേഹത്തിനും മുൻപുണ്ടായിരുന്ന ഏതോ തലമുറയിലെ കാരണവരാണ് പറങ്കികളിൽ നിന്ന് മധുര മാവ് ചുട്ട് ബണ്ണും കേക്കുമൊക്കെ ഉണ്ടാക്കാൻ പഠിച്ചതെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു. അത് രണ്ട് നൂറ്റാണ്ട് മുമ്പെങ്കിലുമായിരിക്കണമെന്നും ഇവർ പറയുന്നു.
ഇപ്പോൾ ആകെ കൺഫ്യൂഷനായല്ലേ !??
ആദ്യമായി കേക്കുണ്ടായത് തലശേരിയിലോ, അതോ അർത്തുങ്കൽ പള്ളി മുറ്റത്തെ പഥേർ എന്ന പറങ്കിപ്പേരുള്ള ബേക്കറിയിലോ?
കേക്ക് കേരളത്തിൽ കൊണ്ടുവന്നത് ഇംഗ്ലീഷുകാരോ, അതോ പോർച്ചുഗീസുകാരോ !?
കൃത്യമായി ഡോകുമെന്റ് ചെയ്യപ്പെട്ട ചരിത്ര വസ്തുതകൾ ഒന്നുമല്ലാത്തത് കൊണ്ട് ഇതിനൊരു തീർപ്പ് ആർക്ക് കല്പിക്കാനാകും !!???