ഞാൻ വെറും പോഴൻ

Wednesday, 25 March 2015

സബാഷ് ശ്രേയ സിംഗാള്‍, അനൂപ് കുമാരന്‍ - അഭിവാദ്യങ്ങൾ

നിയമപരമായ പോരാട്ടത്തിലൂടെ  പരമോന്നത കോടതിയിൽ നിന്ന് വിവര സാങ്കേതികനിയമത്തിലെ ജനാധിപത്യവിരുദ്ധമായ 66 എ വകുപ്പിനെതിരെ വിധി സമ്പാദിച്ച ശ്രേയ സിൻഘലിനും കേരള പോലീസ് നിയമത്തിലെ സമാനമായ 118 ഡി വകുപ്പിനെതിരെ വിധി സമ്പാദിച്ച കൊടുങ്ങല്ലൂർക്കാരൻ അനൂപ് കുമാരനും അഭിവാദ്യങ്ങൾ.
കാര്‍ട്ടൂണിസ്റ്റായ അസീം ത്രിവേദി, അന്നത്തെ ധനമന്ത്രിയായ പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തികിനെതിരായുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പുതുച്ചേരിയിലെ ഒരു ബിസിനസുകാരന്‍, ശിവസേനാ നേതാവ്​ ബാല്‍ താക്കറെയുടെ നിര്യാണത്തെ തുടര്‍ന്ന് മുംബൈയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് പോസ്റ്റ്‌ ചെയ്ത പെണ്‍കുട്ടി, ആ പോസ്റ്റ്‌ ലൈക്ക് ചെയ്ത പെണ്‍കുട്ടി എന്നിവർക്കെതിരെയുള്ള പോലീസ് നടപടികളിൽ ശ്രേയ സിന്ഘലിനു  ഉണ്ടായ ധാർമ്മികരോഷം സുപ്രീംകോടതിയിലെ അഭിഭാഷകയായ സ്വന്തം അമ്മയായ മണാലിയോട് പ്രകടിപ്പിച്ചപ്പോൾ ഉയർന്ന അടുക്കള സംവാദമാണ് ഈ വകുപ്പിനെ കോടതിയിലെത്തിച്ചത്. ഒരു പ്രമുഖ പത്രത്തിന്റെ കോണ്‍ട്രാക്ട് ജീവനക്കാരനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലും കൊടുങ്ങല്ലൂരിലെ ഒരു ഒരു സ്വകാര്യ ആശുപത്രിയില്‍ യുഎന്‍എയുടെ നേതൃത്തത്തില്‍ നടന്ന നേഴ്‌സുമാരുടെ സമരത്തിനെ അനുകൂലിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക് ചെയ്തതിന്റെ പേരിലും കൊടുങ്ങല്ലൂര്‍ പോലീസ് ഈ വകുപ്പുകള്‍ പ്രകാരം രണ്ടുതവണ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോഴാണ് ഈ വകുപ്പുകളുടെ അപകടം മനസ്സിലാക്കി ഇദ്ദേഹം കോടതിയെ സമീപിച്ചത്. സമാന സ്വഭാവമുള്ള രണ്ടു കേസുകളും ഒരുമിച്ചാണ് കോടതി പരിഗണിച്ചതും വിധി പറഞ്ഞതും.  ശ്രേയ സിംഘലിനെക്കൂടാതെ എഴുത്തുകാരി തസ്‌ലിമ നസ്രീന്‍, രാജീവ് ചന്ദ്രശേഖര്‍ എം.പി., കമലേഷ് വസ്വാനി, ദിലീപ്കുമാര്‍ തുളസീദാസ് എന്നീ വ്യക്തികളും മൗത്ത്ഷട്ട് ഡോട്ട്‌കോം, കോമണ്‍ കോസ്, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍.) എന്നീ സംഘടനകളും  ഈ നിയമത്തിനെതിരെ നിയമ പോരാട്ടത്തിൽ ഉണ്ടായിരുന്നു. സേവ് യുവര്‍ വോയ്‌സ് എന്ന സംഘടന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെയും ഈ നിയമത്തിനെതിരെയും പ്രചാരണം നടത്തി വരുന്നു. പത്രപ്രവര്‍ത്തകനായ അലോക് ദീക്ഷിതും ഈ നിയമത്തിന്റെ ഇരയായ കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയുമാണ് ഈ സംഘടനയുടെ അണിയറയിൽ. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വിലക്കു വന്നാല്‍ വാ മൂടപ്പെട്ട സമൂഹമാണിവിടെ ബാക്കിയുണ്ടാവുകയെന്ന ബോധ്യമാണ് ഇവരെയെല്ലാം ഈ നിയമത്തിനെതിരെ പോരാടാൻ പ്രേരിപ്പിച്ചത്.

ഇന്ത്യയിൽ 2000-ല്‍ നിലവില്‍ വന്ന ശേഷം 2008-ലെ കടുപ്പം നിറഞ്ഞ ഭേദഗതികളോടെ തുടരുന്ന, വിവര സാങ്കേതികനിയമത്തിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകള്‍ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും  ഇവിടത്തെ സിവില്‍ സാമൂഹ്യ നിയമ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തി വരുന്ന വർഷങ്ങൾ നീണ്ട ധീരമായ പോരാട്ടത്തിന് ഊർജ്ജം പകരുന്നതാണ് ഈ വിധി. ഈ നിയമത്തിന്റെ തുടക്കം മുതൽ തന്നെ ഭൂരിപക്ഷം നിയമ വിദഗ്ദ്ധന്മാരും ഇതൊരു കരി നിയമമാണെന്ന അഭിപ്രായക്കാരായിരുന്നു. പൗരാവകാശത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കാനുള്ള ഒട്ടേറെ സാധ്യതകള്‍ പതിയിരിക്കുന്ന ഈ നിയമം വേണ്ടത്ര ചർച്ച ചെയ്യാതെയായിരുന്നു ലോക്‌സഭ പാസാക്കിയത്. ഏതോ അഴിമതിക്കേസില്‍ എ.ആര്‍. ആന്തുലെ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്, ഉത്തരവാദിത്വമില്ലാത്ത ഒരു പ്രതിപക്ഷം ഈ നിയമം ചര്‍ച്ചചെയ്യാന്‍പോലും തയ്യാറാവാതെ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ സമയത്തായിരുന്നു ഒരു ചര്‍ച്ചയും കൂടാതെ ഇത്രയും ഭീകരമായൊരു നിയമം ലോക്‌സഭ അംഗീകരിച്ചത് തന്നെ. പുതിയ നിയമങ്ങള്‍ തയ്യാറാക്കപ്പെടുമ്പോള്‍ അത് സമൂഹത്തിന് ഏതൊക്കെ രീതിയിലാണു ഹാനികരമായി വരിക എന്ന് വളരെ ജാഗ്രതയോടെ ചർച്ച ചെയ്യേണ്ടതുണ്ടെന്നാണ്  ഈ വിധി  ഇത് ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യരെ അപമാനിക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും എതിരെ അതിനു മുന്‍പും ഫലപ്രദമായ നിയമങ്ങള്‍ ഇവിടെ നിലവിലുണ്ട്. പിന്നെന്തിനാണ് e - മാധ്യമത്തിലൂടെയുള്ള ആശയ പ്രചാരണത്തിനു മാത്രമായൊരു നിയമം എന്നായിരുന്നു ഇന്ത്യൻ പൊതു സമൂഹം ചോദിച്ചിരുന്നത് ?

വേണ്ടത്ര ചര്‍ച്ചയില്ലാതെ അംഗീകരിക്കപ്പെട്ട ജനവിരുദ്ധ ഐ.ടി. നിയമം എടുത്തു പ്രയോഗിക്കാൻ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും യാതൊരു മടിയുമില്ലായിരുന്നുവെന്ന് നാം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മോദി, മമത, ശിവസേന തുടങ്ങി പിണറായി വിജയൻ വരെ ഈ കരി നിയമത്തിന്റെ ഗുണഭോക്താക്കൾ ആയിട്ടുണ്ട്‌. കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും ഈ നിയമം പല വട്ടം എടുത്തു പ്രയോഗിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളന പ്രശ്നത്തിന് ശേഷവും ഇത് പ്രയോഗിക്കുമെന്ന ഭീഷണിയും സജീവമായിരുന്നു.  

ഈ നിയമത്തിന്റെ കാര്യത്തിൽ പോലീസും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിലും കോടതി ജനങ്ങള്‍ക്കൊപ്പം നിന്നു എന്നത് പ്രത്യാശ നല്കുന്ന കാര്യമാണ്.യുവതലമുറയുടെ നെഞ്ചിലേറ്റുന്ന നവ സാമൂഹ്യ മാധ്യമങ്ങളിലെ സ്വാഭാവികമായ അഭിപ്രായ പ്രകടനങ്ങള്‍ക്കു പോലും നിയമത്തിന്റെ വെളിച്ചത്തിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന ഇരുണ്ട അവസ്ഥയിലായിരുന്ന "NETIZENS" സുപ്രീംകോടതിവിധി പുറത്തു വന്നതു മുതല്‍ ആഘോഷത്തിമര്‍പ്പിലാണ്. ഈ സുപ്രധാന വിധി പുറത്തു വന്ന '2015 മാര്‍ച്ച് 24' സൈബർ സ്വാതന്ത്ര്യദിനമാണ് എന്ന നിലയിലാണ് അവർ കാര്യങ്ങളെ കാണുന്നത്. 

സൈബര്‍ നിയമങ്ങളില്‍ പതിയിരിക്കുന്ന ബഹുമുഖമായ മനുഷ്യാവകാശലംഘനങ്ങളെ ഇപ്പോഴും കോടതി മുഴുവനായി പരിഗണിച്ചിട്ടില്ല എന്നിരിക്കെ, ഈ കോടതിവിധി ഒരു ഇടക്കാലാശ്വാസം മാത്രമേ ആകുന്നുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം തുടരേണ്ടതായിട്ടുണ്ട്.... 

വാൽക്കഷണം : 66A യും 118d യും അസ്ഥിരപ്പെടുത്തിയെന്നു വച്ച് ആരും ഒരുപാട് വിജ്രംഭിക്കേണ്ട. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട 499, 500 വകുപ്പുകള്‍, മത സ്പര്‍ധയുമായി ബന്ധപ്പെട്ട 153 എ വകുപ്പ്, ഒബ്സീനിറ്റിയുമായി ബന്ധപ്പെട്ട 292 വകുപ്പ് തുടങ്ങിയവയൊക്കെ ജീവനോടെ ഉണ്ട്....ജാഗ്രതൈ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment