ഞാൻ വെറും പോഴൻ

Wednesday, 11 April 2018

ധർമ്മം കൊടുത്ത് കഴിഞ്ഞിട്ട് അതിന്റെ പുറത്ത് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന അല്പന്മാർ...

കഴിഞ്ഞ ദിവസം രാഷ്ട്രദീപിക എന്ന സായാഹ്‌ന പാത്രത്തിൽ വന്ന വാർത്തയാണ് താഴെ.

"പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ തന്നെയോ ഇതെന്ന് സോഷ്യല്‍മീഡിയ ! ബ്യൂട്ടി പാര്‍ലറില്‍ മേക്കപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു...

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നുമെല്ലാം നിരവധി ധനസഹായങ്ങള്‍ പലപ്പോഴായി ലഭിച്ചിരുന്നു, ഇപ്പോഴും ലഭിച്ചുകൊണ്ടുമിരിക്കുന്നു. എന്നാല്‍ പണം പലവഴിക്കായി പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ജിഷയുടെ അമ്മ രാജേശ്വരിയെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ തന്നെയോ ഇതെന്ന് സോഷ്യല്‍മീഡിയ! ബ്യൂട്ടി പാര്‍ലറില്‍ മേക്കപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നുമെല്ലാം നിരവധി ധനസഹായങ്ങള്‍ പലപ്പോഴായി ലഭിച്ചിരുന്നു, ഇപ്പോഴും ലഭിച്ചുകൊണ്ടുമിരിക്കുന്നു. എന്നാല്‍ പണം പലവഴിക്കായി പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ജിഷയുടെ അമ്മ രാജേശ്വരിയെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്തു വന്നാലും അമ്മ തോന്നും പോലെയേ ജീവിക്കൂവെന്നും ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ തന്നെ ഒരിക്കല്‍ പറയുകയും ചെയ്തിരുന്നു. കാറിലാണ് മിക്കപ്പോഴും രാജേശ്വരിയുടെ പുറത്തേക്കുള്ള യാത്രയെന്നും ദീപ പറഞ്ഞിരുന്നു. എങ്കിലും ഇവരുടെ അച്ഛന്‍ പാപ്പു ഒറ്റപ്പെട്ട ജീവിതം നയിച്ച് ഒടുവില്‍ വേണ്ടത്ര ചികിത്സ പോലും കിട്ടാതെയാണ് മരിച്ചതും. അടുത്തിടെ രാജേശ്വരി തങ്ങളെക്കൊണ്ട് വീട്ടുപണി വരെ ചെയ്യിക്കുന്നുവെന്ന് അവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പരാതിയെതുടര്‍ന്ന് സുരക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ താന്‍ വളരെ സാധാരണമായ ജീവിതമാണ് നയിക്കുന്നതെന്നും തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നുമാണ് രാജേശ്വരി വിവാദങ്ങളോടെല്ലാം പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴിതാ രാജേശ്വരിയുടെ ധൂര്‍ത്തിനും ആഢംബരത്തിനും ഏറ്റവും പുതിയ ഉദാഹരണവും പുറത്തെത്തിയിരിക്കുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങുന്ന രാജേശ്വരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുടി സ്ട്രെയ്റ്റ് ചെയ്യുന്നതിന്റെയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്റെ പെരുമ്പാവൂര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്......"

രാഷ്ട്രദീപിക എന്ന പ്രിന്റ് മഞ്ഞപ്പത്രം മാത്രമല്ല; ഒട്ടു മിക്ക ഓൺലൈൻ മഞ്ഞ ന്യൂസ് പോർട്ടലുകളും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചാനലും കുറെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ഈ ഫോട്ടോകൾ റിപ്പോർട്ട് ചെയ്ത് വൈറൽ ആക്കി നിർവൃതി അടഞ്ഞുകൊണ്ടിരിക്കുകയാണ്.  ചുരുക്കത്തിൽ സംഭവം ഇത്രയേയുള്ളൂ. ഈ അമ്മയുടെ മകൾ സമാനതകളില്ലാത്ത ക്രൂരതകൾക്കിരയായി കൊല്ലപ്പെട്ടു. ഈ മരണത്തോടെ അവരുടെ സാമൂഹ്യ അരക്ഷിതാവസ്ഥ പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കപ്പെട്ടു; വ്യാപകമായ ചർച്ചക്ക് വിധേയമായി. തുടർന്ന് ഒരു അനുഷ്ഠാനമെന്നോണം സർക്കാറും ചില രാഷ്ട്രീയ കഷികളും സന്നദ്ധ സംഘടനകളും വ്യക്തികളും പണവും വീടും വീട്ടുപകരണങ്ങളും ചേച്ചിക്ക് ജോലിയും ഒക്കെ നൽകി ഇവരെ സഹായിച്ചു. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും വീഴ്ചയും കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സംഭവങ്ങളുടെ ഇരകൾക്കോ അവരുടെ ആശ്രിതർക്കോ മേൽപ്പറഞ്ഞ രീതിയിൽ സഹായങ്ങൾ നൽകുന്നത്. അത് ധർമ്മമാണ്; അതായത് നിർബന്ധമായും ചെയ്യേണ്ടത്. അതിൽ ഉപാധികൾ വയ്ക്കുന്നത് തികഞ്ഞ അല്പത്തരമാണ്. 

ശരാശരി മലയാളി ഇന്നും തറ നിലവാരത്തിലുള്ള അസൂയയുടെയും കണ്ണുകടിയുടെയും കുശുമ്പിന്റെയും തടവറയിൽ നിന്ന് പുറത്തു വന്നിട്ടില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ വൈറൽ ചിത്രങ്ങൾ. ഈ കണക്ക് പോയാൽ ഒരാൾ മരിച്ചിട്ട് ആശ്രിതർക്ക് കിട്ടുന്ന ഇൻഷുറൻസ് തുക അവരുടെ ഇഷ്ടത്തിന് വിനിയോഗിക്കാൻ ഈ സമൂഹം സമ്മതിക്കുമോ ? സഹായധനം, നഷ്ട പരിഹാരം, സാമ്പത്തിക സഹായം, ദുരിതാശ്വാസം തുടങ്ങി ഏത് പേരിട്ട് വിളിച്ചാലും അത് ഒരു ദുരന്തത്തിന്റെ ഇരക്കോ ആശ്രിതർക്കോ കൈമാറിക്കഴിഞ്ഞാൽ പിന്നെ അത് എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന് സൂക്ഷ്മപരിശോധന നടത്തുന്നത് ഏത് നീതിസംഹിത അടിസ്ഥാനമാക്കിയാണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കിട്ടിയ തുകയ്ക്ക് മുന്നിൽ കരഞ്ഞു കണ്ണീരൊലിപ്പിച്ചു കാവലിരിക്കാൻ വേണ്ടി അല്ല കൊടുത്തവർ കൊടുത്തത്; അതുപയോഗിച്ച് അന്തസ്സായി ജീവിക്കാൻ വേണ്ടി തന്നെയാണ്. ജീവിക്കുന്നത് എങ്ങനെയാവണം എന്നത് അത് ലഭിച്ച വ്യക്തിയുടെ തികച്ചും സ്വകാര്യമായ, വ്യക്തിപരമായ തീരുമാനമാണ്. 

തനിക്കും ഈ അമ്മയ്ക്കും സമൂഹത്തിൽ തലയുയർത്തിപ്പിടിച്ചു നടക്കാൻ സാധിക്കണം എന്ന സ്വപ്നം പേറിയാവണം തികച്ചും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജിഷ ഉയർന്ന വിദ്യാഭ്യാസം നേടാൻ പരിശ്രമിച്ചത്. ഈ രീതിയിൽ ആ അമ്മ നടക്കുന്നത് അവളുടെ സ്വപ്നമായിരുന്നിരിക്കണം. സമൂഹത്തിന് മുന്നിൽ മാന്യമായി പ്രത്യക്ഷപ്പെടാൻ ആരാണ് ആഗ്രഹിക്കാത്തത്. മകൾക്ക് നേരിട്ട ദുരന്തത്തിന്റെ സമാശ്വാസമായി കിട്ടിയ പണം കൊണ്ട് അവളുടെ അമ്മ ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. അവളുടെ ആത്മാവ് അതിൽ സന്തോഷിക്കാനേ സാധ്യതയുള്ളൂ. അല്ലാതെ കിട്ടിയ പണം മുഴുവൻ ബാങ്കിൽ കൂട്ടിയിട്ടിട്ട്, അവര് മുൻപത്തേത് പോലെ ഒരു ചോർന്നൊലിക്കുന്ന ചായ്പിൽ കീറത്തുണിയും ഉടുത്ത് പോട്ടച്ച റേഷനരിയുടെ കഞ്ഞിയും ഊതിക്കുടിച്ച് ജീവിക്കണമെന്ന് തിട്ടൂരമിറക്കാൻ പൊതുസമൂഹത്തിനെന്താണ് അവകാശം !!??? ഇപ്പോൾ ജിഷയുടെ അമ്മ നന്നായി നടക്കുന്നത് കണ്ട് കുരുപൊട്ടിയൊലിക്കുന്ന ഇതേ  പൊതുസമൂഹത്തിന്റെ നടുവിലാണ് പരമദരിദ്രരായ ജിഷയും കുടുംബവും ഭ്രഷ്ടിനോളം പോന്ന അവഗണന അനുഭവിച്ച് കനാൽ പുറമ്പോക്കിൽ കഴിഞ്ഞിരുന്നത്... ജീവന് വേണ്ടിയും മാനത്തിന് വേണ്ടിയും ആർത്ത് വിളിച്ചത്.... തിരിഞ്ഞ് നോക്കാനാരുമില്ലാതെ മാനം നഷ്ടപ്പെട്ട് പെടു മരണപ്പെട്ടത്.... ദുരന്തങ്ങളേറ്റു വാങ്ങാൻ വിധിക്കപ്പെട്ടവർക്ക്, അവർ ആവശ്യപ്പെടുക പോലും ചെയ്യാതെ കുറച്ച് സഹായങ്ങൾ കൊടുത്തു കഴിഞ്ഞിട്ട്, പിന്നീടവർ പൊതുസമൂഹം ആഗ്രഹിക്കുന്ന രീതിയിലേ ജീവിക്കാൻ പാടുള്ളു എന്നത് തികച്ചും ഫ്യൂഡൽ മനോഭാവമാണ്; സാഡിസ്റ്റിക്ക് ആയ പൊതുബോധമാണ്. ഇപ്പോൾ ധാർമികതയുടെയും സാമൂഹ്യ ഉത്തരവാദിത്തത്തിന്റെയും മുഖം മൂടിയണിഞ്ഞ് ഇവരുടെ സ്വകാര്യ ജീവിതത്തെ സോഷ്യൽ ഓഡിറ്റിങ് നടത്താൻ ഇറങ്ങിയിരിക്കുന്നവർ പഴയ "സതി" അനുഷ്ഠാനത്തിന്റെ കാലത്താണ് ജീവിക്കുന്നത്. വിധവകൾ വെള്ളമുണ്ടുടുത്ത് സർവ്വ വൈരാഗിയായി ജീവിച്ചു തീർക്കണം എന്ന കാലഹരണപ്പെട്ട ചിന്താധാരയിലാണ് ഇപ്പോഴും വ്യവഹരിക്കുന്നത്. 

മാനിഷാദ.....ലോകാ സമസ്താ സുഖിനോ ഭവന്തു...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


No comments:

Post a Comment