ഞാൻ വെറും പോഴൻ

Tuesday, 12 October 2021

ഒരേയൊരു നെടുമുടി...

 

ആലപ്പുഴ നെടുമുടിക്കാരൻ കേശവൻ വേണുഗോപാൽ എന്ന കലാകാരനെ മലയാള സിനിമ ആസ്വാദകർക്ക് മനസിലാക്കാൻ പേര് അത്രയും നീട്ടി പറയേണ്ട കാര്യമില്ല; ചുമ്മാ നെടുമുടി എന്ന് പറഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയാത്തവർ ചുരുക്കമായിരിക്കും.ഒരു ജേർണലിസ്റ്റ് ആയി തൊഴിൽ ചെയ്തതിന് പുറമെ നടനെന്ന നിലയിൽ അയത്നലളിതവും സമാനതകളില്ലാത്തതുമായ ഭാവപ്പകർച്ചകളും പകർന്നാട്ടങ്ങളും നടത്തിയ  ഈ പ്രതിഭാധനൻ നാടകം, സീരിയൽ, കഥയെഴുത്ത്, സംവിധാനം, സംഗീതം എന്ന് തുടങ്ങി കൈവയ്ക്കാത്ത കലാ മേഖലകൾ ചുരുക്കം. 

രണ്ടാഴ്ചക്ക് മുൻപാണ് "ആണും പെണ്ണും" എന്ന ആന്തോളജി സിനിമ കണ്ടത്; അതിലും ഇദ്ദേഹം ചെയ്ത കഥാപാത്രം പതിവ് പോലെ കിടിലം ആയിരുന്നു. ഞായറാഴ്ചയാണ് ഡോക്ടർ പശുപതിയിലെ കോമഡി സീനുകൾ ഇരുന്നു കണ്ടത്; അതിലെ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കണ്ണൻ നായർ എന്നും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു. പിന്നെ ധിം തരികിട തോമിലെ കീരിക്കാടൻ ചെല്ലപ്പൻ പിള്ള, ചിത്രത്തിലെ കൈമൾ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദൻ, കള്ളൻ പവിത്രനിലെ പവിത്രൻ, ചമ്പക്കുളം തച്ചനിലെ കുട്ടിരാമൻ, ആലോലത്തിലെ തമ്പുരാൻ, തേന്മാവിൻകൊമ്പത്തിലെ ശ്രീകൃഷ്ണൻ, അപ്പുവിലെ ചാണ്ടിക്കുഞ്ഞാശാൻ, ഒരു സെക്കൻഡ് ക്‌ളാസ് യാത്രയിലെ നാരായണൻ മേസ്ത്രി, പൂച്ചക്കൊരു മൂക്കൂത്തിയിലെ രാവുണ്ണി മേനോൻ, ബെസ്റ്റ് ആക്റ്ററിലെ ഡെൻവർ ആശാൻ, .... അങ്ങനെയങ്ങനെ ഇഷ്ടമുള്ള കഥാപാത്രങ്ങൾ എഴുതാൻ തുടങ്ങിയാൽ ഇവിടെയൊന്നും തീരില്ല.

യഥാർത്ഥ ജീവിതത്തിലിപ്പോൾ വാർദ്ധക്യത്തിൽ എത്തിയെങ്കിലും മലയാള സിനിമയിൽ ശ്രദ്ധേയമായ വൃദ്ധവേഷങ്ങൾ അതിഭാവുകത്വമോ കൃത്രിമത്വമോ ഇല്ലാതെ അവതരിപ്പിച്ച് ഫലിപ്പിച്ചത് നെടുമുടിയുടെ യൗവനത്തിലും മധ്യവയസിലുമായിരുന്നു. സംഗീതവും കവിതയും അവതരിപ്പിക്കുന്ന രംഗങ്ങളിൽ ചുണ്ടുകൾക്കൊപ്പം വിരലുകളും ശരീരവുമൊക്കെ അഭിനയിക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണ്. അച്ഛനായും മുത്തച്ഛനായും ഏട്ടനായുമൊക്കെ പല വട്ടം മരിച്ചപ്പോഴും അനുവാചകനെന്ന നിലയിൽ കണ്ണ് നനയിപ്പിച്ച നിങ്ങൾ ഇനി പുതിയ വേഷപ്പകർച്ചകൾ സമ്മാനിച്ച് ഇനി വെള്ളിത്തിരയിൽ വരില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ...

പ്രിയ നെടുമുടിക്ക് ആദരാഞ്ജലികൾ... 

1 comment:

  1. ശരീരം മുഴുവൻ ചലിപ്പിച്ച് അഭിനയിച്ചിരുന്ന നെടുമുടി വേണുചേട്ടന് ആദരാഞ്ജലി

    ReplyDelete