ഞാൻ വെറും പോഴൻ

Friday 2 May 2014

ആണ്‍കുട്ടികള്‍ കളി തമാശയായി ബലാല്‍സംഗം ചെയ്‌താല്‍ കാരാട്ടിന്റെ മൂന്നാം മുന്നണി എന്ത് ചെയ്യും ???

ബി.ജെ.പി.യ്ക്കും കോണ്‍ഗ്രസിനും ബദലായി മതേതര പാര്‍ട്ടികളുടെ ഐക്യം എന്ന നിലയിലാണ് ഓരോ പൊതു തിരഞ്ഞെടുപ്പ് സമയത്തും മൂന്നാം മുന്നണി എന്ന കാഴ്ചപ്പാട് ഈ രാജ്യത്ത് ഉയര്‍ന്നു വരാറുള്ളത്. എന്നാല്‍, ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ഒരു വലിയ തമാശ കേട്ടത് പോലെ ഊറി ചിരിക്കുന്ന ഒരു സാഹചര്യം എന്തായാലും ഇവിടെ നിലവിലുണ്ട്. ഇപ്പ്രാവശ്യം രാജ്യത്ത്‌  മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചിട്ടു ഒരു ദിവസം തികഞ്ഞിട്ടില്ല. നടക്കാന്‍ സാധ്യതയില്ലെങ്കിലും അവസാന നിമിഷം വരെ ആത്മവിശ്വാസം നല്ലതാണല്ലോ. മതേതര സഖ്യം അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുമെന്നും കാരാട്ട് സഖാവ് വ്യക്തമാക്കി. മുന്നണിയെ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവായിരിക്കും നയിക്കുകയെന്നും കാരാട്ട് പറഞ്ഞു. ബി.ജെ.പി. അധികാരത്തിലേറുന്നത് തടയാന്‍ കെല്‍പുള്ള ഏക ബദല്‍ മൂന്നാം മുന്നണിയാണ്. ഇപ്പോള്‍ മൂന്നാം മുന്നണിയുടെ ഭാഗമായ പതിനൊന്ന് പ്രാദേശിക കക്ഷികളും തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്നാലും ഒന്നിച്ചു നില്‍ക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ജയലളിത ബി.ജെ.പി.ക്കൊപ്പമോ മുലായംസിങ് കോണ്‍ഗ്രസിനൊപ്പമോ പോകില്ലെന്നാണ് കരുതുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായാലും നല്ല വിശാലമായ സാമൂഹ്യ വീക്ഷണമുള്ള ഒരു നേതാവിനെ തന്നെയാണ് മൂന്നാം മുന്നണിയെ നയിക്കാനായി കണ്ടെത്തിയിരിക്കുന്നത്. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ  പേരിൽ അവരെ തൂക്കിക്കൊല്ലുന്നത് ശരിയല്ലെന്ന് മുലായം സിംഗ് യാദവ് അഭിപ്രായപ്പെട്ടിട്ടു അധികം ദിവസ്സമായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം ഉത്തർപ്രദേശിലെ മൊറാദബാദിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കിയിരുന്നു. 

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണല്ലോ പ്രമാണം. സമാജ് വാദി അധ്യക്ഷനിൽ നിന്നുണ്ടായ ഒരു പ്രസ്താവനയുടെ ഞെട്ടൽ മാറും മുമ്പാണ് മുലായംജിയുടെ വിശ്വസ്ത അനുയായിയും മഹാരാഷ്ട്രയിലെ സമാജ് വാദി പാർട്ടിയുടെ അദ്ധ്യക്ഷനുമായ അബു അസ്മി മുലായംജിയുടെ പ്രസ്താവനയെക്കാള്‍ കടുത്ത ഒരു വിവാദ പ്രസ്താവനയുമായി എത്തിയത്.
ബലാൽസംഗത്തിനിരയാകുന്നവരടക്കം വിവാഹേതര ലൈംഗിക ബന്ധം പുലർത്തുന്ന സ്ത്രീകളെ തൂക്കിക്കൊല്ലണമെന്നാണ് അസ്മിയുടെ ആവശ്യം. ബലാൽസംഗം കുറയ്ക്കാനുളള അതീവ നൂതന മാർഗമായാണ് അസ്മി ഈയൊരു നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇസ്ലാം മതപ്രകാരം ബലാൽസംഗത്തിനിരയാകുന്നവരും തൂക്കിക്കൊല്ലേണ്ട കുറ്റം ചെയ്തവരാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പ്രേരണയോ അനുമതിയോ ഇല്ലാതെ ബലാല്‍സംഗം നടക്കില്ല എന്നാണ് അദ്ദേഹത്തിന്റെ തിയറി. എന്നാൽ ഇവിടെ ഈ കുറ്റം ചെയ്യുന്ന പുരുഷൻ മാത്രം ശിക്ഷിക്കപ്പെടുന്ന അരാജകത്വം ആണ് നിലനില്‍ക്കുന്നതെന്നും അസ്മി പറയുന്നു. 'പരപുരുഷനുമായി സമ്മതിച്ചും അല്ലാതെയും നടത്തുന്ന ലൈംഗിക ബന്ധം ഇസ്ലാമിൽ വലിയ തെറ്റാണ്. അതിനാൽ ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീയും കുറ്റക്കാരിയാണ്. അവരും ശിക്ഷിക്കപ്പെടണം.' പക്ഷേ ഇന്ത്യയിൽ അതല്ല സ്ഥിതി എന്നും അബു അസ്മി വിലപിക്കുന്നു. മുലായംസിംഗ് യാദവ് സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണെന്നാണ് സ്ഥാപിക്കാന്‍ വേണ്ടി, മുലായം മുന്‍ കൈ എടുത്താണ് ഫൂലൻ ദേവിയെ പാർലമെന്റംഗമാക്കിയെന്നും അസ്മി ചൂണ്ടിക്കാട്ടി. എല്ലാ പാര്‍ട്ടിക്കാരും സ്ത്രീകളെ അപമാനിക്കുമ്പോൾ മുലായംജിയും പാര്‍ട്ടിയും അവരെ ഉദ്ധരിക്കാനാണ് ശ്രമിക്കുന്നതെന്നും അസ്മി അവകാശപ്പെടുന്നു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്ന് ദല്‍ഹി മാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചോദിച്ചിരുന്നു. ഇവരെപ്പോലെയുള്ള നേതാക്കള്‍ക്ക് അധികാരസ്ഥാനങ്ങളിലിരിക്കാന്‍ അര്‍ഹതയില്ലെന്നും ഇവരെ ഒരു തരത്തിലും ജനങ്ങള്‍ അധികാരത്തിലെത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രസ്താവനകളിലൂടെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയാണ് മുലായംസിംഗ് ചെയ്യുന്നത് എന്നാണു പൊതുവെയുള്ള ജനാഭിപ്രായവും. പക്ഷെ എന്റെ അഭിപ്രായം അതല്ല; നേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടാങ്കില്‍ ഉള്ളതല്ലേ ടാപ്പില്‍ വരൂ. ഹൃദയത്തിന്റെ നിറവില്‍ അധരങ്ങള്‍ മൊഴിയുന്നു..അത്രേ ഒള്ളൂ കാര്യം....

ഇന്ത്യ എന്ന ദരിദ്രവാസി കര്‍ഷകന്റെ ചാളപ്പുരയില്‍, പത്തു പുത്തനും  രാഷ്ട്രീയ പിന്‍ബലവും ഉള്ള ഏതു ഞരമ്പ്‌ രോഗിക്കും ആരോടും എന്ത് നെറികേടും കാണിക്കാം എന്ന അവസ്ഥയുള്ള നാട്ടില്‍, ആകെ ഉള്ള ചുള്ളിക്കമ്പ് നിയമങ്ങള്‍ കൂടി അടുപ്പില്‍ വച്ചാല്‍ എന്തായിരിക്കും ഇവിടത്തെ നിയമ വാഴ്ചയുടെ അവസ്ഥ. പിന്നെ, മൂന്നാം മുന്നണി അധികാരത്തില്‍ വരികയെന്നത് വളരെ വളരെ വിദൂരസാധ്യതയുള്ള കാര്യമായതിനാല്‍ കളി തമാശക്കാരായ ആണ്‍കുട്ടികള്‍ ഒരു ബലാല്‍സംഗ സൌഹൃദ സര്‍ക്കാരിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും... അതോ ഇത്തരം കളിതമാശകള്‍ ഇഷ്ടപ്പെടുന്നവര്‍ എല്ലാം ഒന്നടങ്കം വോട്ടു ചെയ്തു മുലായംജിയെ പിടിച്ചു പ്രധാനമന്ത്രി കസേരയില്‍ ഇരുത്തുമോ... അപ്പോള്‍ കാരാട്ടിന്റെ മൂന്നാം മുന്നണിയുടെ നിലപാടെന്തായിരിക്കും... എന്തായാലും മെയ്‌ പതിനാറിന് ഒരു വ്യക്തത കൈ വരുമെന്നു കരുതാം.....


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. ഇന്ത്യ എന്ന ദരിദ്രവാസി കര്‍ഷകന്റെ ചാളപ്പുരയില്‍... Do you think so..? India is a proud nation with its heredity and people are educated and systems are well established. Now we are reaching Mars in a very low cost compared to the spending of NASA and NATO. .... :-)

    ReplyDelete

  2. ജീവിക്കാന്‍ അനുവദിക്കുക, ഷണ്ഡീകരിക്കുക എന്നതാണ് എന്റെ അഭിപ്രായം

    Tജീ

    Tജീവിക്കാന്‍

    ReplyDelete