ഞാൻ വെറും പോഴൻ

Friday 13 March 2015

"ലഡ്ഡു ബജറ്റ്" വരച്ചു കാട്ടുന്ന ചില നഗ്ന യാഥാർത്ഥ്യങ്ങൾ

ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന നേതാവിനെയാണ് ലഭിക്കുക എന്ന് പണ്ട് ആരോ നിരീക്ഷിച്ചിട്ടുണ്ട്. ഈ തത്വം വച്ച്, നമ്മുടെ നിയമസഭയിൽ നമ്മളെ പ്രതിനിധാനം ചെയ്യുന്ന സാമാജികന്മാർ നമ്മൾക്ക് അർഹിച്ചവർ ആണെന്ന് സമ്മതിക്കേണ്ടി വന്നാൽ, ഇന്നത്തെ ബജറ്റ് സമ്മേളനം ടി വി യിലൂടെ കണ്ട മനുഷ്യർ നമ്മളെ പറ്റി എന്തായിരിക്കും വിചാരിക്കുക ? ആലോചിക്കാനേ വയ്യ. എന്തായിരുന്നു ഇന്ന് നിയമസഭയിൽ നടന്നത് !!!???

ബജറ്റ് വിറ്റ് കാശ് വാങ്ങിയ, കൈകളില്‍ അഴിമതിയുടെ കറ പറ്റിയ, കരിങ്ങോഴക്കൽ മാണി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടുമായി ഇടതുപക്ഷം രംഗത്തു വന്നതോടെയാണ് ഈ പ്രശ്നങ്ങൾ തുടങ്ങിയത്. തലസ്ഥാനത്ത് ചോരപ്പുഴ ഒഴുകുമെന്നും ചെങ്കൊടിയേന്തിയ സമരപാരമ്പര്യം നിയമസഭയിലും അരങ്ങേറുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ഭീഷണി. ഇതിന് ചുവടുപിടിച്ച് ബി.ജെ.പിയും മാണിക്കെതിരെ രംഗത്തെത്തിയതോടെ കളം മൂത്തു. എന്ത് തന്നെ സംഭവിച്ചാലും താൻ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു ധനകാര്യമന്ത്രി കെ.എം മാണിയും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞ വാക്ക് പാലിച്ചു. പക്ഷേ, ഭരണത്തിൽ കടിച്ചു തൂങ്ങാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറായി നിൽക്കുന്ന ഭരണപക്ഷവും അത് എതിർത്ത് തോല്പ്പിക്കാൻ വേണ്ടി പ്രതിപക്ഷവും നടത്തിയ തരം താണ കളികളില്‍ തോറ്റത് ജനാധിപത്യകേരളവും ഇവിടെ ജീവിക്കുന്ന ജനങ്ങളും മാത്രമാണ്. ബിഹാറിലും ഉത്തര്‍പ്രദേശിലും  വടക്കേ ഇന്ത്യൻ നിയമസഭകളിലും നടക്കാറുള്ള നാണം കെട്ട സംഭവങ്ങള്‍ ഒരിക്കലും പ്രബുദ്ധകേരളത്തില്‍ നടക്കില്ല എന്ന് ഊറ്റം കൊണ്ട മലയാളികളുടെ പത്തിയ്ക്ക് കിട്ടിയ അടിയാണ് ഇന്ന് നിയമ സഭയിൽ അരങ്ങേറിയ സംഭവങ്ങൾ. നിയമസഭയെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് പത്ര-മാധ്യമ സാഹിത്യത്തിൽ പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നതിനെ അന്തിച്ചന്ത എന്ന് വിളിച്ചാൽ അന്തിച്ചന്ത പോലും സഹിക്കില്ല. ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാറിനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ കൊണ്ടുവന്ന കേരള ജനാധിപത്യ ചരിത്രത്തിലെ ദുഃഖവെള്ളിയാഴ്ചയായിരിക്കും 2015 മാര്‍ച്ച് 13. ഇരുപത്തി നാല് മണിക്കൂര്‍ നേരം നിയമസഭയില്‍ നിന്ന് പുറത്തേക്ക് പോകാതെ നിയമസഭയില്‍ തന്നെ തങ്ങി ചര്‍ച്ചയും കൂടിയാലോചനയുമായി ഇരുപക്ഷവും തന്ത്രങ്ങള്‍ ഒരുക്കിയാണ് ഈ ദിവസത്തെ ഇത് പോലെ നാണം കേട്ട ദിനമാക്കിയത്. വ്യാഴാഴ്ച രാത്രി പ്രതിപക്ഷം മാണിയെ മുഖ്യ കഥാപാത്രമാക്കി സഭയുടെ നടത്തുളത്തില്‍ നാടകം കളിച്ചും തുള്ളല്‍പാട്ട് അവതരിപ്പിച്ചുമാണ്  സമയം ചിലവഴിച്ചത്. ഇന്ന്, ബജറ്റ് അവതരിപ്പിക്കാനും അവതരണം തടയാനും ഉള്ള ആത്മാർത്ഥ ശ്രമങ്ങൾക്കിടയിൽ ഉന്ത്, തള്ള്, പിച്ച്, മാന്ത്, അടി, കടി, പിടി, വലി, തപ്പൽ, തടവൽ, കൈയാങ്കളി, കൂക്കുവിളി, ആര്‍പ്പുവിളി, തല്ലിത്തകര്‍ക്കൽ, ബോധം കെടൽ തുടങ്ങി എണ്ണമറ്റ സുകുമാര കലകൾ അരങ്ങേറുകയുണ്ടായി. 

ദേശീയ മാധ്യമങ്ങള്‍ പോലും കേരള നിയമസഭയിലെ യുദ്ധസമാനമായ രംഗങ്ങൾ ലൈവാക്കിയതോടെ കേരളം രാജ്യത്തിന്‌ മുൻപിൽ നഗ്നമാക്കപ്പെട്ടു. സിനിമാ ഹാസ്യ രംഗങ്ങളും മറ്റും പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ആവിഷ്കരിച്ചു വരുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയകളും നിറഞ്ഞു. ടി വി യിൽ കേരളത്തിലെ സംഭവ വികാസങ്ങൾ കണ്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരളത്തിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു ചോദിക്കുന്നത് വരെയെത്തി കാര്യങ്ങൾ. 

സഭയ്ക്ക് പുറത്ത്, നിയമസഭ വളഞ്ഞ് എല്‍.ഡി.എഫും യുവമോര്‍ച്ചയും പ്രതിഷേധത്തിന് കൊഴുപ്പ് കൂട്ടിയപ്പോൾ, സഭയ്ക്കകത്ത് സഭയുടെ നടത്തുളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധം തുടങ്ങിയ പ്രതിപക്ഷം, മാണി സഭയ്ക്കുള്ളിലേക്ക് വരുന്നതായി സൂചന ലഭിച്ചതോടെ ആവേശപൂർവ്വം എഴുന്നേറ്റു എന്തിനും തയ്യാറായി നിന്നു. വാച്ച് ആന്‍ഡ് വാര്‍ഡും സുസജ്ജരായി രംഗത്തെത്തിയതോടെ പ്രതിപക്ഷം അരയും തലയും മുറുക്കി വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിപ്പുറത്താക്കാൻ ശ്രമിച്ചു. ഇതേ സമയം മുഖ്യമന്ത്രിയുടെ സമീപത്തേക്ക് നീങ്ങിയ വനിതാ എം. എൽ. എ. മാരെ ശിവദാസൻ നായർ, ഡോമിനിക് പ്രസന്റേഷൻ, വാഹിദ് തുടങ്ങിയ ഭരണക്ഷി അംഗങ്ങൾ വാക്കുകൾ കൊണ്ടും കൈകൾ കൊണ്ടും നേരിട്ടു. ചെറുത്തു നില്പ്പിനിടെ ജമീല പ്രകാശം ശിവദാസൻ നായറുടെ കയ്യില കടിച്ചു. ഇതിനിടെ, സ്‍പീക്കറുടെ ഡയസിലേക്ക് കൂട്ടമായി കയറിയ പ്രതിപക്ഷ എം.എല്‍.എ. മാര്‍, സ്‍പീക്കര്‍ ശക്തൻ അകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. സ്‍പീക്കറുടെ കസേരയും മേശപ്പുറത്തുണ്ടായിരുന്ന കമ്പ്യൂട്ടറും  ബുക്കുകളുമെല്ലാം  എടുത്തെറിയപ്പെട്ടു. പ്രതിപക്ഷത്തെ തടയാനെത്തിയ വാച്ച് ആന്‍ഡ് വാര്‍ഡിനെ  ബലംപ്രയോഗിച്ച് ഇടത് നേതാക്കള്‍ സഭയില്‍ നിന്നു തള്ളി പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ മാണി നാടകീയമായി സഭയില്‍ പ്രത്യക്ഷപ്പെട്ടു. ഭരണപക്ഷത്തെ എം.എല്‍.എ. മാർ തീർത്ത മനുഷ്യക്കോട്ടയ്ക്കകത്ത് നിന്ന് മാണി ബജറ്റ് അവതരണം തുടങ്ങി. മുദ്രാവാക്യം വിളിയും ഉന്തും തള്ളും തുടർന്നെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിരോധം പാളി. ഇതിനിടെ മാണി ബജറ്റിന്റെ ആമുഖം വായിച്ചു തീര്‍ത്ത്, ബജറ്റ് സ്‍പീക്കറുടെ മേശപ്പുറത്ത് വച്ചു. അതോടെ ഭരണപക്ഷം ആഹ്ലാദസൂചകമായി ലഡ്ഡു വിതരണം നടത്തി. പ്രതിപക്ഷ  എം.എല്‍.എ മാരില്‍ ചിലര്‍ തളര്‍ന്നു വീണു. സഭയ്ക്കകത്തെ വാർത്തകൾ പുറത്തറിഞ്ഞതോടെ, തെരുവിൽ എൽ ഡി എഫിന്റെ വീര പോരാളികൾ കരിങ്കൽ ചീളുകളുമായി പോലീസിനോടേറ്റു മുട്ടൽ ശക്തമായി തുടർന്നു. കൂടുതൽ പോലീസുകാർ ലാത്തിയും തോക്കുമായി എത്തിയപ്പോഴേക്കും യുവമോർച്ചക്കാർ സ്റ്റാന്റ് വിട്ടു...യുവമോർച്ചയുടെ സ്ഥിരം ചാനൽ ചർച്ചാ താരം കുളിച്ച് കുറി തൊട്ട് ചാനലിൽ ചർച്ചക്കുമെത്തി....
 . 
സ്പീക്കറുടെ പൂർണ്ണ സാന്നിധ്യമോ സജീവ അനുമതിയോ ഇല്ലാതെ, സാധാരണ സഭാ ചട്ടങ്ങളും കീഴ് വഴക്കങ്ങളും കാറ്റിൽപ്പറത്തി,  മാണി പിൻവാതിലൂടെ കൊണ്ട് വന്ന് ആമുഖം മാത്രം വായിച്ച് സഭയുടെ മേശപ്പുറത്ത് വച്ച തരത്തിലുള്ള ബജറ്റവതരണം കേവലം പ്രതീകാത്മകമാണെന്നും സ്‍പീക്കര്‍ ഡയസിലെത്താതെയുളള ബജറ്റ് അവതരണത്തിന് സാധുതയില്ലെന്നും ആരോപിക്കുന്ന പ്രതിപക്ഷം, സാങ്കേതികമായി ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന നിലപാടിലാണ്. എന്നാൽ, ഒരു യുദ്ധം ജയിച്ച ഭാവത്തിൽ, സഭയില്‍ നിന്നു മീഡിയ റൂമിലെത്തിയ മാണി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഴുനീള ബജറ്റും വായിച്ചു കേൾപ്പിച്ചു കൊണ്ട് അദ്ദേഹത്തിൻറെ വിജയവും പ്രഖ്യാപിച്ചു.. 

ജനാധിപത്യത്തിൽ ഞങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ഞങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. നിയമസഭയിൽ അക്രമം കാണിക്കാനും അഴിഞ്ഞാടാനും പൊതുമുതൽ നശിപ്പിക്കാനും ഞങ്ങൾ ആർക്കും മുക്ത്യാർ തന്നിട്ടില്ല. സംശുദ്ധ ജനാധിപത്യത്തിന്റെ തുണിയുരിഞ്ഞ് ഭരണ പക്ഷവും പ്രതിപക്ഷവും നടത്തിയ ഈ മൂന്നാം കിട പോരാട്ടത്തിൽ നിങ്ങൾ ജയിച്ചു എന്ന് പറയാൻ നിങ്ങൾക്ക് നിങ്ങളുടേതായ വാദമുഖങ്ങൾ ഉണ്ടാകും. എന്നാൽ യഥാർത്ഥ ജനാധിപത്യം ഇവിടെ തോല്ക്കുക തന്നെയായിരുന്നു.

ആം ആദ്മി പാർട്ടിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്തായാലും, ഇന്നത്തെ നിയമസഭ സംഭവങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ആം ആദ്മി പാർട്ടി ഉയർത്തുന്ന ചില ആശയങ്ങൾ അതീവ പ്രസക്തമാണ്.... 

1. അധികാര കേന്ദ്രങ്ങളിലെ അഴിമതി തടയാൻ ശക്തമായ ഒരു നിയമം - JAN LOKPAL 
2. അധികാരികൾ ജനദ്രോഹികളാണെന്ന് ഉറപ്പായാൽ അവരെ തിരിച്ചു വിളിക്കാൻ അനുവദിക്കുന്ന നിയമം - RIGHT TO RECALL
3. അഴിമതി അന്വേഷണത്തിന് സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്ത്‌ നിന്നും പ്രത്യേക അധികാരം ഉള്ള സംവിധാനം

TAIL PIECE : പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ തന്റെ പതിമൂന്നാം ബജറ്റ് ഐതിഹാസികമായി "അവതരിപ്പിച്ച" പാലായിലെ മാണിക്യം കേരളത്തിലെ ജനങ്ങൾക്ക്‌ എട്ടിന്റെയും ഒൻപതിന്റെയും അല്ല പതിമൂന്നിന്റെ തന്നെ പണി ബജറ്റിലൂടെ തന്നു....
അരി, ഗോതമ്പ്, മൈദ, ആട്ട, ഷുഗർ,പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയും വിലയും  കൂട്ടിയപ്പോൾ കീടനാശിനിയുടെ നികുതി മൂന്നിൽ രണ്ടു കുറച്ചു തന്നിട്ടുണ്ട്. തിന്നാൻ ഗതിയില്ലാത്തവൻ കീടനാശിനിയിൽ അഭയം പ്രാപിക്കാനാണോ ?

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments: