ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Friday, 21 February 2014

മീന്‍ വിറ്റ് നടന്ന കടാപ്പുറം കാരി സുധാമണി !!!??? - എന്റെ തീര്‍ത്തിട്ടും തീരാത്ത സംശയങ്ങള്‍....

ഗയ്ല്‍ ട്രെഡ്വെല്ലിന്റെ വിശുദ്ധ നരകം പുറത്തു വന്നു കഴിഞ്ഞു സാമൂഹിക സമുദായിക രംഗത്ത്‌  ( Social Community Space ആണ് ഉദ്ദേശിച്ചത്; തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക ) വ്യാപകമായ ചര്‍ച്ചകളാണ് നടന്നതും നടന്നു കൊണ്ടിരിക്കുന്നതും. അമ്മയെ അനുകൂലിച്ചു കുറെ പേര്‍. അമ്മയെ എതിര്‍ത്ത് കുറെ പേര്‍. പച്ചത്തെറി വിളിക്കുന്നവര്‍. ശുദ്ധവും അശുദ്ധവും ആയ അശ്ലീലം എഴുതി വയ്ക്കുന്നവര്‍. ചാനലുകളില്‍ അമ്മയെ ന്യായീകരിക്കുന്നവര്‍. എതിര്‍ക്കുന്നവര്‍. അമ്മയെ അനുകൂലിക്കുന്നവരെ എതിര്‍ക്കുന്നവര്‍. അമ്മയെ എതിര്‍ക്കുന്നവരെ എതിര്‍ക്കുന്നവര്‍. മേല്പ്പറഞ്ഞവരെ അനുകൂലിക്കുന്നവര്‍. മൊത്തത്തില്‍ പൊടി പൂരമായിരുന്നു. ഇതിന്റെ പേരില്‍ മദര്‍ തെരേസ, കാന്തപുരം, മാര്‍പ്പാപ്പ തുടങ്ങി ഒട്ടനവധി പേരുടെ പിതാമഹന്മാരും ശരീരത്തിലെ അവയവങ്ങളും ഒക്കെ ഇവിടെ പരാമര്‍ശിക്കപ്പെട്ടു. .  ഒരു ....ശ്ശ്ശ്ശൂര്  പൂരം തന്നെ ആയിരുന്നു. പൊട്ടാസ്, ഈര്‍ക്കില്‍ പടക്കം, ഗുണ്ട്, അമിട്ട്, കുഴി ഡൈന, ഗര്‍ഭം കലക്കി, ആറ്റം ബോംബ്‌  മുതല്‍ പൊട്ടാതെ പോയ നനഞ്ഞ പടക്കങ്ങള്‍ വരെ.; പല സൈസില്‍ പിടയ്ക്കണത്. അതിനിടയില്‍ സംഭവത്തിലെ ഇരയെ തങ്ങളുടെ മതത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്ന ശുദ്ധാത്മാക്കളുടെ വക എലിവാണം കണ്ടു ചിരിയടക്കാന്‍ പലരും പാട് പെടുന്നു. ഇപ്പോഴും പൊട്ടും പുകയും ഒതുങ്ങിയിട്ടില്ല.  നിലയ്ക്കാത്ത വെടിയച്ചകളും മാറ്റൊലികളും ഇപ്പോഴും കേള്‍ക്കാം..കാതോര്‍ത്താല്‍.....പൊതു സ്ഥലമാണ്...ആളുകള്‍ കാണും കേള്‍ക്കും ; ഇതൊന്നും ആര്‍ക്കും ഒരു പ്രശ്നമായില്ല. പിന്നെ അപകീര്‍ത്തികരമായ കമന്റ്‌ ഇട്ടവര്‍ക്കെതിരെ കേസ് വരും എന്ന് പറഞ്ഞതോടെ വെടിക്കെട്ടുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.  എന്നാലും ധീരന്മാര്‍ ഇപ്പോഴും വച്ച് പെരുക്കുകയാണ്. മോഹന്‍ലാല്‍ പറഞ്ഞ പോലെ "എന്താ ചെയ്യാ..."

ഈ ബഹളങ്ങള്‍ക്കിടയില്‍ എന്റെ വളരെ ചെറിയ തലച്ചോറില്‍ തോന്നിയ കുറെ സംശയങ്ങള്‍.....


പല കമന്റിലും കടപ്പുറം നിരങ്ങി മീന്‍ വിറ്റ് നടന്ന സുധാമണി എന്ന് കണ്ടു ; അതായിരുന്നോ ഇവിടത്തെ പ്രശ്നങ്ങള്‍ക്ക് കാരണം !!?? പഴയ കാല ജീവിത അന്തസ്സ് ഒരാളുടെ ഇപ്പോഴത്തെ ബഹുമാന്യ സ്ഥാനത്തിന് അളവുകോല്‍ ആകേണ്ടതുണ്ടോ ? ഇതേ ലൈന്‍ തന്നെയല്ലേ മോദിയെ ചായ കച്ചവടക്കാരന്‍ എന്നു വിളിച്ചതിനു പിന്നിലും !!??

പുസ്തകം എഴുതിയ മദാമ്മയുടെ പൂര്‍വ്വ ജീവചരിത്രവും വലിച്ചു കീറുന്നത് കണ്ടു;ഇത്തരം ഒരു ആരോപണം ഉന്നയിക്കാന്‍ അവര്‍ ജനിച്ചത് മുതലേ വിശുദ്ധയായിരിക്കേണ്ടതുണ്ടോ!!!???

അവര്‍ കന്യകയല്ലായിരുന്നു എന്ന് കണ്ടു; കന്യകയല്ലെന്കില്‍ തന്നെ ആര്‍ക്കും അവരെ ലൈംഗികമായി പീഡിപ്പിക്കാമോ !!??

അതിക്രമങ്ങള്‍  നേരിട്ടു എന്ന് പറയുന്ന ചേച്ചി പുസ്തകം എഴുതി വില്‍ക്കുന്നതല്ലാതെ അംഗീകൃത നിയമ സംവിധാനങ്ങളില്‍ ഒരു പരാതി കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല; അവര്‍ എന്താണ് നിയമ സംവിധാനങ്ങളെ സമീപിക്കാതെ പുസ്തകം മാത്രം എഴുതുന്നത്‌  !!??

കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നത് ഒരു വന്‍ പരാമര്‍ശമായിരുന്നു: അമൃതാനന്ദമയിയുടെ അടുത്ത് ചെല്ലുന്നവരെ അവര്‍ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നതിനു പൊതുസമൂഹത്തിനെന്തിനാ ചൊറിഞ്ഞു കേറുന്നത്  !!??

സമൂഹത്തിനു ഭീഷണിയായ അമൃതാനന്ദമയി എന്ന് കേട്ടു ; അവര്‍ പൊതു സമൂഹത്തില്‍ ഇറങ്ങി വന്നു പൊതു ജന സമാധാനത്തെ തകര്‍ക്കുന്ന ഒന്നും ചെയ്തതായി കേട്ടില്ല. ഇനി ആശ്രമത്തിലും സ്ഥാപനങ്ങളിലും അവര്‍ ഭീകരിയാണെന്കില്‍ തന്നെ അവരോടു അടുത്തിടപഴകുന്നവര്‍ക്കും ആ സ്ഥാപനങ്ങളില്‍ പോകുന്നവര്‍ക്കും മാത്രമല്ലേ അത് ബാധകമാവുക. അപ്പോള്‍ അതാണോ യഥാര്‍ത്ഥ പ്രശ്നം !!??

അവര്‍ നടത്തുന്ന അനുബന്ധസ്ഥാപനങ്ങളെ എന്തിനാണ് തെറി വിളിക്കുന്നത്‌ !!???

അമൃതാനന്ദമയി ഒരു അഭിസാരിക (അതിന്റെ സഭ്യവും സഭ്യേതരവും ആയ അനേകം പര്യായങ്ങളും) ആണെന്ന ഗുരുതര വ്യക്തിഹത്യാപരമായ ആരോപണങ്ങള്‍ കണ്ടു. അവര്‍ അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ !!??

പുസ്തകത്തിന്‌ പിന്നില്‍ മര്‍പ്പാപ്പയാണെന്നും മുസ്ലിം തീവ്രവാദികളാണെന്നും വായിച്ചു. അതിനു എന്തെങ്കിലും തെളിവുണ്ടോ !!?? പുസ്തകം എഴുതിയ വ്യക്തി മാര്‍പ്പാപ്പയുടെ അധികാരത്തിന്റെ കീഴിലുള്ള റോമന്‍ കത്തോലിക്കാ വിശ്വാസിയാണോ !!!??? അവര്‍ ഇപ്പോള്‍ ഇസ്ലാം മതക്കാരിയാണോ !!??

"പണക്കാരുടെ" അമ്മയാണിവര്‍ എന്ന് കേട്ടു; അവരുടെ ഭക്തര്‍ മുഴുവന്‍ പണക്കാര്‍ മാത്രമാണോ ?  "പാവപ്പെട്ടവര്‍ക്ക്" അവര്‍ അമ്മയല്ലാതെ മറ്റെന്താണ് ??

വിശുദ്ധ നരകം കൊച്ചുപുസ്തകം ആണെന്ന് കേട്ടു; കൊച്ചുപുസ്തകമായി പരിഗണിക്കാവുന്ന വിധത്തില്‍ ലൈംഗിക വര്‍ണ്ണനകള്‍ അതിലുണ്ടോ !!!??? പുസ്തകത്തിലെ ഏതെന്കിലും രണ്ടു വരികള്‍ കണ്ടു മുഴുവന്‍ പുസ്തകവും ഒരു കൊച്ചുപുസ്തകാനുഭവം അത് തരും എന്ന് ആള്‍ക്കൂട്ടം വ്യാമോഹിക്കുന്നതിനു എന്തെങ്കിലും മരുന്ന് ഉണ്ടോ !!??

ആള്‍ദൈവം എന്ന പ്രയോഗം എത്രത്തോളം വിമര്‍ശിക്കപ്പെടാന്‍ യോഗ്യത ഉള്ളതാണ്; ലോകത്തു ഇന്നുള്ള ഒരു മാതിരിപ്പെട്ട എല്ലാ മതങ്ങളുടെയും ആരാധനാമൂര്‍ത്തികളായ ദൈവിക വ്യക്തിത്വങ്ങളും അവര്‍ ജീവിച്ചിരുന്ന കാലത്ത് ആള്‍ദൈവങ്ങള്‍ ആയിരുന്നില്ലേ !!???


അമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ പുസ്തകം മത സ്പര്‍ദ്ധ വളര്‍ത്തുന്നത് എങ്ങിനെയാണ്? അഥവാ, ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തെരുവിലറങ്ങി ഏറ്റുമുട്ടിയാല്‍ അത് മതങ്ങള്‍ തമ്മിലുള്ള ഏറ്റു മുട്ടലാവുമോ ? അമ്മ ഒരു മതത്തില്‍ പെട്ട ആളായത് കൊണ്ട് അവര്‍ ആ മതത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നുണ്ടോ ?

പത്തിരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആരോപണങ്ങള്‍ വന്നത്; ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന ചോദ്യവും കേട്ടു. ആരോപണങ്ങള്‍, ആക്രമണം  സംഭവിച്ച ഉടനെ ഉന്നയിക്കണം എന്നുണ്ടോ !!?? വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ആരോപണം അതല്ലാതെ ആകുമോ !!??

സഖാവ് മണിയാശാന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍; പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപെടുത്തലിന്റെ പുറത്തു; വര്‍ഷങ്ങള്‍ക്കു ശേഷം കേസ്സെടുക്കാം എങ്കില്‍  പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ കേസ് എടുക്കാന്‍ പറ്റില്ലേ !!??

അമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്‌ ഇട്ടവര്‍ക്കെതിരെ കേസ്‌ എടുക്കുമ്പോള്‍ ന്യായമായും അപകീര്‍ത്തികരമായ പുസ്തകം എഴുതിയ ആള്‍ക്കെതിരെ കേസ്‌ എടുക്കേണ്ടതല്ലേ !!??

ആക്രോശിക്കുന്നവരിലും  അട്ടഹസ്സിക്കുനവരിലും മുടി പറിച്ചാടുന്നവരിലും എത്ര പേര്‍ ഈ പുസ്തകം മുഴുവന്‍ വായിച്ചിട്ടുണ്ട്!!!??? ഇരുപത്തഞ്ച്, എന്തിനു പത്തു ശതമാനം എങ്കിലും കാണുമോ !!!???

ഓരോരുത്തരുടേയും അസഹിഷ്ണുതയും അസ്വീകാര്യതയുമല്ലേ തിളച്ചു മറിയുന്നത് !!!???

സംശയങ്ങള്‍ അനവധിയാണ്...ഉത്തരം പറയലും ബുദ്ധിമുട്ടാണ്...സംഗതി ഒന്നേയുള്ളൂ. അവരവര്‍ക്ക് ആവശ്യമായത് എടുത്തുപയോഗിച്ചിട്ടു ബാക്കിയുള്ളവ സൗകര്യപൂര്‍വ്വം തമസ്ക്കരിക്കുന്നു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം...നിലനില്‍പ്പല്ലേ പ്രധാനം...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


6 comments:

 1. അബ്ദുല്‍ റഷീദ്‌, നന്ദി

  ReplyDelete
 2. കലക്കി കേട്ടോ

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കു നന്ദി സ്നേഹിതാ.

   Delete