ഞാൻ വെറും പോഴൻ

Thursday 20 February 2014

നമോ ഗുജറാത്തി ദേവന്റെ അത്ഭുതം...കുറെ മോദി ഗുജറാത്ത്‌ സ്തുതികളും പല്ലിളിക്കുന്ന കുറച്ചു കാര്യങ്ങളും...

ഗുജറാത്തില്‍ നമോ ചെയ്ത വികസന പദ്ധതികളെ കുറിച്ച് അറിവില്ലാത്തവര്‍ക്കും അതില്‍ വിശ്വസ്സിക്കാത്തവര്‍ക്കും പ്രചരിപ്പിക്കാത്തവര്‍ക്കും ഈ ലഘുലേഖ ഒരു പാഠമായിരിക്കട്ടെ. അറിയാവുന്നവര്‍ക്ക് പതിന്‍മടങ്ങ്‌ ഊര്‍ജത്തോടെ പ്രചരിപ്പിക്കാന്‍ ഇത് സഹായിക്കട്ടെ.

നമോ ചെയ്ത വികസന പ്രവര്‍ത്തനങ്ങളില്‍ വിശ്വസിച്ചു അ
ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്‌കളിലൂടെ പ്രചരിപ്പിച്ച ഒരാളുടെ പശു പ്രസവിച്ചപ്പോള്‍ 23 പശുകുട്ടികള്‍ ഉണ്ടായി. കൂടാതെ രാവിലെയും വൈകീട്ടും കൂടി 650 ലിറ്റര്‍ പാലും കിട്ടുന്നു.

വിശ്വസിക്കാതെ ഈ പോസ്റ്റ്‌ അവഗണിച്ച ഒരാളുടെ ആധാര്‍ കാര്‍ഡില്‍ തെറ്റ് വരികയും ഗ്യാസ് സബ്സിഡി കിട്ടാതെ മടങ്ങി പോയി വഴിയാധാരമാവുകയും ചെയ്തു.

ഈ നോട്ടീസ് പ്രചരിപ്പിക്കാതിരുന്ന മറ്റൊരു വ്യക്തിയെ പാമ്പ് കടിച്ചു. അത് കൂടാതെ അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ആംബുലന്‍സ് പുഴയില്‍ വീണു. പുഴയില്‍ വീണ ആംബുലന്‍സിനു തീ പിടിച്ചു.

നമോ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിച്ചതോടൊപ്പം അരവിന്ദ്‌ കേജ്രിവാളിനെ തെറി പറയുകയും ചെയ്തയാളുടെ മകള്‍ക്ക് റിലയന്‍സില്‍ ജോലി കിട്ടി. മാത്രമല്ല അയാള്‍ വീട്ടില്‍ കക്കൂസിന് കുഴിയെടുത്തപ്പോള്‍ അതില്‍ നിന്ന് പെട്രോളിയം നിക്ഷേപം കണ്ടെത്താനായി.

മറ്റു രാഷ്ട്രീയക്കാരെ മുഴുവന്‍ പുച്ഛത്തോടെ തെറിപ്പാട്ട് പാടിയ ഒരു വ്യക്തി കഴിഞ്ഞ ആഴ്ച നട്ട ഒരു തെങ്ങ് വളര്‍ന്നു ഇന്നലെ മുതല്‍ തേങ്ങ കിട്ടി തുടങ്ങി. മാത്രവുമല്ല, ആ തെങ്ങിന് കായ്‌ ഫലമുള്ള മൂന്നു ശിഖരങ്ങള്‍ ഉണ്ടത്രേ.




വികസന പ്രവര്‍ത്തനങ്ങളെ പാടി പുകഴ്ത്തിയ മറ്റൊരാളുടെ വീട്ടിലെ പ്ലാവ് ഒടിഞ്ഞു വീഴുമാറ് ചക്ക ഉണ്ടായി.





നമോ സ്തുതികളുടെ ഓഡിയോ സീ ഡി പുറത്തിറക്കി വിതരണം ചെയ്ത ഒരു ആളുടെ വീട്ടിലെ ലവ് ബേര്‍ഡ് രണ്ടര കിലോ തൂക്കമുള്ള മുട്ടയിട്ടു.




നോട്ടീസ് അവഗണിച്ച ഒരു ചങ്ങാതിയെ ഫോര്‍ഡ്‌ ഫൌണ്ടേഷന്‍ന്റെ കാറിടിച്ചു.

നിങ്ങള്‍ക്ക് വന്നു ചേര്‍ന്നേക്കാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ പോസ്റ്റ്‌ നൂറു നമോ ആരാധകര്‍ക്ക് എങ്കിലും അയച്ചു കൊടുക്കുക.

പല്ലിളിക്കുന്ന കുറച്ചു കാര്യങ്ങള്‍:


കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിന്റെ ജനദ്രോഹം സഹിക്കാതെ വന്നപ്പോള്‍ മുതല്‍ തലയ്ക്കു വെളിവുള്ള ഓരോ ഇന്ത്യക്കാരും ഉറ്റു നോക്കിയിരുന്ന കാര്യം ഒന്ന് മാത്രമാണ്. എന്നാണ് അടുത്ത തിരഞ്ഞെടുപ്പ് വരുന്നത്. മന്മോഹന്‍ ചക്രവര്‍ത്തിയും ചിദംബരം മന്ത്രിയും കൊട്ടാരം ഉപദേശകന്‍ അലുവാലിയ സാറും അമുല്‍ യുവരാജാവും മദാമ്മ റാണിയും മന്ത്രി സൈന്യവും ഒക്കെ കൂടി ഇവിടത്തെ  ജനത്തിനെ ക്ഷമയുടെ നെല്ലിപ്പലക എന്ന വസ്തു കാണിച്ചപ്പോഴാണ് ജനം കൈ വിട്ടു ചിന്തിക്കാന്‍ തുടങ്ങിയത്. ഈ ജനദ്രോഹികള്‍ക്ക് ഒരു പണി കൊടുക്കാന്‍ ഇവരെ വലിച്ചു താഴെയിട്ടു വേറെ ആരേയെന്കിലും കയറ്റി ഇരുത്തണം എന്ന് മാത്രമേ സാമാന്യ ജനത്തിനുള്ളൂ. ഒരു ശിക്ഷ...അത്ര മാത്രം....അല്ലാതെ പകരം വരുന്നവര്‍ നമ്മളെ അങ്ങ് സേവിച്ചു ആനന്ദ സാഗരത്തില്‍ ആറാടിക്കും എന്നൊന്നും ഇത് വരെ ഉള്ള അനുഭവം വച്ച് വായിലൂടെ ഭക്ഷണം കഴിക്കുന്നവര്‍ ആരും ചിന്തിക്കാന്‍ വഴിയില്ല. അങ്ങനെ പകരം വക്കാന്‍ ആര് എന്ന് നോക്കുമ്പോഴാണ് കസേരയില്‍ കയറ്റി ഇരുത്താന്‍ യോഗ്യത ഉള്ള ആരെയും കാണാനില്ല. അപ്പോഴാണ്‌ ഹൈടെക്‌ വികസനത്തിന്റെ മൊത്തകച്ചവടക്കാരന്റെ പേര് കേട്ട് തുടങ്ങിയത്. ജനം നോക്കുമ്പോള്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ ചെയ്തതിനേക്കാള്‍ മോശമായിട്ടൊന്നും ആര് വിചാരിച്ചാലും ഭരിക്കാന്‍ പറ്റുകേല. ഇപ്പോഴത്തേത് അതിന്റെ അങ്ങേയറ്റമാണ്. എന്നാല്‍ പിന്നെ മോദി എങ്കില്‍ മോദി എന്ന് പലരും പറഞ്ഞു തുടങ്ങിയത്. പിന്നെ പിന്നെ അതൊരു മന്ത്രം പോലെ പലരും ഏറ്റെടുത്തു. എല്ലാ വിധ അതി നൂതന കമ്മ്യുണികേഷന്‍ വിദ്യകളും ഉപയോഗിച്ച് അതിനെ നമോ ആരാധകര്‍ മാര്‍ക്കറ്റ്‌ ചെയ്തു. കുറെ പേര്‍ അതില്‍ വീഴുകയും ചെയ്തു. ദേശീയ തലത്തില്‍ മറ്റൊരു ബദല്‍ സാധ്യത ഇല്ലാത്തതു കൊണ്ട് മാത്രമാണ് മോദി പ്രസക്തനാവുന്നത്. അതെത്രത്തോളം മുന്നോട്ടു പോകുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഒരു ദേശീയ പാര്‍ട്ടി എന്നാ നിലയില്‍ മോദിയുടെ പാര്‍ട്ടി ഇന്ത്യയുടെ തെക്ക് ഭാഗത്തും കിഴക്ക് ഭാഗത്തും ഇനിയും സാന്നിധ്യമറിയിച്ചിട്ടില്ല. പിന്നെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നമോ കൂട്ടത്തിനു കിട്ടുമെന്ന് തോന്നുന്നില്ല. ഒരു നീക്കു പോക്ക് സര്‍ക്കാര്‍ ഉണ്ടായേക്കാം. മുന്‍പ് വാജ്പേയ്‌ ഉണ്ടാക്കിയ നേട്ടമൊന്നും നമോ ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ഇന്ത്യന്‍ രാഷ്ട്രീയമല്ലേ. ഉള്ളിയുടെ വിലക്കനുസ്സരിച്ചു തിരഞ്ഞെടുപ്പ് നടത്തുന്ന ജനത ആരെ വേണമെങ്കിലും കസേരയില്‍ ഇരുത്താം...
അത് നമോ ആകാം..
ആന്റണിയാവാം..
കേജ്രിവാളാവാം..
മായാവതിയാവാം..
ജയലളിതയാവാം..

മനോരാജ്യത്തിലെന്തിനു അര്‍ദ്ധരാജ്യം...



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



10 comments: