ഞാൻ വെറും പോഴൻ

Sunday, 16 March 2014

ഈ പരമ്പരാഗത രാഷ്ട്രീയഓന്തുകള്‍ ഒക്കെക്കൂടി എന്നെ ആം ആദ്മിയാക്കും......

സാധാരണയായി ലോക്സഭ - നിയമസഭ  വോട്ടു കുത്ത് പെരുന്നാള് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ കേരളത്തിലെ പൊതു ജനത്തിന് ഒരു രസമാണ്. മുന്‍കാലങ്ങളിലെ പതിവ്‌ ഒന്നോര്‍ത്തു നോക്കാം. 

ഇടതു പക്ഷ "ജനാധിപത്യ" മുന്നണി (എല്‍ ഡി എഫ്) എത്രയും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു പ്രഖ്യാപിച്ചു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അത് വരെ ഘടക കക്ഷികള്‍ തമ്മിലും പാര്‍ട്ടിക്കുള്ളിലും ഉള്ള പ്രശ്നങ്ങളെ ഭദ്രമായി പൊതിഞ്ഞു കെട്ടി പരണത്തു വയ്ക്കും. പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞേ അത് പുറത്തെടുക്കൂ. മുന്നണിയിലെ ജനപ്രിയനും എന്നാല്‍ ചെണ്ട സമാനനുമായ കാരണവരെ എല്ലാ പോസ്റ്ററിലും പ്രചാരണ യോഗങ്ങളിലും കുടിയിരുത്തും.

ആ സമയത്തായിരിക്കും "ഐക്യ""ജനാധിപത്യ" മുന്നണി(യു ഡി എഫ്) യുടെ സീറ്റ്‌ വിഭജനം തുടങ്ങാന്‍ പോകാന്‍ പോകുന്നത്. ലീഗിന് വേണ്ട സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്ര് പൊതുവേ ചര്‍ച്ച നടത്താറില്ല. ലീഗ് അവരുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. കോണ്‍ഗ്രസ്‌ അതങ്ങു സമ്മതിച്ചേക്കും. പിന്നെയുള്ളത് കേരള കോണ്‍ഗ്രസ്‌ ആണ്. അവര്‍ പല ആവശ്യങ്ങള്‍ ഉന്നയിക്കും. അടുത്ത രാജ്യ സഭാ സീറ്റിനു പരിഗണിക്കാം, യുവ എം പി യെ കേന്ദ്രമന്ത്രിയാക്കാം എന്നൊക്കെ പറയുമ്പോള്‍ അവരും അനുസരണയുള്ള നല്ല കുട്ടികളാവും. മുന്നണിയിലെ മറ്റു അത്താഴം മുടക്കി പാര്‍ട്ടികള്‍ എന്തെങ്കിലും നക്കാപ്പിച്ച ഒക്കെ കൊടുത്താല്‍ എവിടെയെങ്കിലും കുത്തിയിരുന്നോളും. ഇനി ബാക്കിയുള്ളത് കോണ്‍ഗ്രസിന്റെ സീറ്റ്‌ പങ്കു വയ്ക്കലാണ്. അത് പറഞ്ഞു തുടങ്ങിയാല്‍ ചിരിച്ചു ചിരിച്ചു മരിക്കുമായിരുന്നു. ഒരു തവണ കുറെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു ചുവരെഴുത്തും ബാനര്‍ എഴുത്തും (അന്ന് ഫ്ലക്സ്‌ ഇത്ര പോപ്പുലര്‍ ആയിട്ടില്ല) മറ്റു പ്രചരണവും ഒക്കെ തുടങ്ങിക്കഴിഞ്ഞ സ്ഥാനാര്‍ത്ഥികളെ മാറ്റി, ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ പുതിയ 
സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ചരിത്രമുണ്ട് കോണ്‍ഗ്രസിന്‌. പിന്നെ, എതിര്‍ പക്ഷത്തിന്റെ കഴിഞ്ഞ ടേമിലെ ഭരണമിടുക്കിന്റെ കൂടുതല്‍  കൊണ്ട് ഈ പറഞ്ഞവര്‍ പോലും ജയിച്ചു എന്നതാണ് രസകരമായ മറ്റൊരു സംഭവം. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി തോറ്റപ്പോള്‍ ഏറ്റവും മുതിര്‍ന്ന നേതാവ് കണ്ണിറുക്കി കാണിച്ചു വെളുക്കെ ചിരിച്ചു ലഡ്ഡു വിതരണം ചെയ്ത "അഭിനവ പൊളിറ്റിക്കല്‍ സ്പോര്‍ട്ട്സ് മാന്‍ സ്പിരിറ്റും" കേരള വോട്ടര്‍മാര്‍ കണ്ടിട്ടുണ്ട്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രക്രിയ ഏതാണ്ട് ഇപ്പ്രകാരമായിരുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ കേരളത്തിലെ മൊത്തം വോട്ടര്‍ പട്ടികയുടെ ഏതാനും കോപ്പികളുമായി ഒരുമിച്ചു കൂടും. അതില്‍ ഇടതുമുന്നണി അനുഭാവികള്‍, മറ്റു പാര്‍ട്ടികളുടെ അനുഭാവികള്‍, മരിച്ചു പോയവര്‍ എന്നിവരുടെ പേരുകള്‍ വെട്ടിക്കളയും. പിന്നെ ബാക്കിയുള്ളതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപട്ടിക. ഇതില്‍ നിന്നും ഗ്രൂപ്പ്‌, ഉപ ഗ്രൂപ്പ്‌, കുറു ഗ്രൂപ്പ്‌, മറു ഗ്രൂപ്പ്‌, തിരുത്തല്‍ വാദികള്‍, ഗ്രൂപ്പ്‌ വിരുദ്ധ ഗ്രൂപ്പ്‌, ഐക്യ ഗ്രൂപ്പ്‌, ഐക്യ വിരുദ്ധ ഗ്രൂപ്പ്‌  ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ ഒരു ആയിരം ആയിരത്തഞ്ഞൂറു പേരുടെ പട്ടിക ഉണ്ടാക്കും. അടുത്ത ഊഴം ഹൈകമാന്‍ഡിന്റെതാണ്. പല തവണ ഹൈകമാന്‍ഡിന്റെ അടുത്ത് ഈ പട്ടിക കൊണ്ട് പോയി വന്നു, വീണ്ടും പോയി വന്ന്, പിന്നെയും പോയി വന്ന് ഒരു കണക്കിന് പട്ടിക പൂര്‍ത്തിയാക്കും. പിന്നെ അങ്ങോട്ട്‌ കാലു വാരല്‍, വോട്ടു മറിക്കല്‍, കുതികാല്‍ വെട്ടല്‍ മുതലായ പരിപാടികളുമായി തിരഞ്ഞെടുപ്പിനെ നേരിടും. എതിരാളികളുടെ കുറവുകളാണ് സാധാരണ ഗതിയില്‍ നമ്മള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള യോഗ്യത. 

മൂന്നാമതൊരു പക്ഷം ഉണ്ടായിരുന്നത് ഇപ്പ അക്കൗണ്ട്‌ തുറക്കും 
ഇപ്പ അക്കൗണ്ട്‌ തുറക്കും എന്ന് എല്ലാ തിരഞ്ഞെടുപ്പിലും പറയും. പക്ഷെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പഴയ തിരഞ്ഞെടുപ്പിലെക്കാള്‍ മോശമായിരിക്കും കിട്ടിയ വോട്ടിനെ അവസ്ഥ. ഇതൊക്കെയാണെങ്കിലും മറ്റു മുന്നണിക്കാരോടോപ്പം എത്താന്‍ ത്രാണി ഇല്ലെങ്കിലും അവരെക്കൊണ്ട് പറ്റുന്ന പോലെ എളിയ നിലയില്‍ ചെറിയ ഗ്രൂപ്പ്‌ കളി ഒക്കെ അവിടെയും ഇല്ലായ്കയില്ലായിരുന്നു. പക്ഷെ അതിന്റെ അഹങ്കാരം ഇല്ല എന്ന് സമ്മതിക്കാതെ വയ്യ.


ഇന്നിപ്പോ സ്ഥിതി മാറി. പ്രധാന രണ്ടു കൂട്ടരും 
സ്ഥാനാര്‍ത്ഥികളെ "ഫൈനലൈസ്" ചെയ്യാന്‍ കഷ്ടപ്പെടുകയാണ്. എങ്ങനെയെങ്കിലും ജയിക്കാന്‍ വേണ്ടി സിനിമാക്കാര്‍, പാചകറാണി, കഴിഞ്ഞ പ്രാവശ്യം എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു ഇപ്പോള്‍ മറുകണ്ടം ചാടി വരുന്നവര്‍ (ദത്ത് സ്ഥാനാര്‍ഥി എന്ന് വേണമെങ്കില്‍ വിളിക്കാം), കഴിഞ്ഞ ആഴ്ച വരെ എതിര്‍ പക്ഷത്തിന്റെ വക്താക്കള്‍ ആയിരുന്നവര്‍ എന്ന് വേണ്ട ആരെ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിലപാടിലാണ് രണ്ടു മുന്നണികളും. മുന്നണി മര്യാദ എന്നത് രണ്ടു പക്ഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴേ പണയം വച്ചു കഴിഞ്ഞു. മൂന്നാം കൂട്ടരാണെങ്കില്‍ നമോ സ്തുതികളുടെയും ആറന്മുളയുടെയും മുന്‍ കുപിത യുവ നായകന്റെയും ഒക്കെ ബലത്തില്‍ ഇത്തവണയെങ്കിലും ഒരു അക്കൗണ്ട്‌ തുറക്കാന്‍ പറ്റുമോ എന്ന ശ്രമത്തില്‍ ആണ്.

എല്ലാ മുന്നണികളും ഒരു പോലെ സ്വാഗതം ചെയ്യുന്ന ശത സഹസ്ര കോടിക്കണക്കിനു രൂപയുടെ പൊതു ജന വിരുദ്ധ നവ വികസന പദ്ധതികള്‍, ആശയങ്ങള്‍ വിട്ടു ആമാശയത്തില്‍ മാത്രം അധിഷ്ഠിതമായ അവസര വാദ നിലപാടുകള്‍, കേരളത്തെയും സ്ത്രീകളെയും ഒക്കെ രക്ഷിക്കാന്‍ തലങ്ങും വിലങ്ങും നടക്കുന്ന യാത്രകള്‍, നേതാക്കന്മാരുടെ അസഹനീയമായ വാക് പ്രയോഗങ്ങള്‍, നിയമ വാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുന്ന നേതാക്കള്‍, കോടികള്‍ ചിലവാക്കിയുള്ള പ്രചാരണ പരിപാടികള്‍, ജനം തള്ളിക്കളഞ്ഞ ഫ്ലക്സ്‌ ഗീര്‍വാണങ്ങള്‍, ജനപ്രതിനിധികളുടെ ധാര്‍ഷ്ട്യം, നാറുന്ന അഴിമതിക്കഥകള്‍, പരസ്യമായ തമ്മില്‍ തല്ല്‌, ഭരണമില്ലായ്മ, പൊളിഞ്ഞു പാളീസ്സാവുന്ന സമരങ്ങള്‍, അഴിമതിക്കേസുകള്‍ക്കെതിരെയുള്ള നിലപാടുകളിലെ അദ്വൈത ഭാവം, 
ഭരണം തന്നെ ശരണം എന്ന് ആയിരത്തൊന്നാവര്‍ത്തിച്ചു ഭരണ പ്രതിപക്ഷങ്ങള്‍ അവതരിപ്പിക്കുന്ന പൊറാട്ട് നാടകങ്ങള്‍, നിന്ന നില്‍പ്പില്‍ മലക്കം മറയുന്ന നിലപാടുകള്‍. ഓന്തിനെ നാണിപ്പിക്കുന്ന നിറം മാറല്‍... അങ്ങനെയങ്ങനെ എന്തെല്ലാം...

ഇനി കൊടി ഏതു നിറമായാലും മത സാമുദായിക പരിഗണന വച്ച് മാത്രമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കൂ. എറണാകുളത്തു ഒരു ലത്തീന്‍ ക്രിസ്ത്യാനി, കോട്ടയത്ത്‌ ഒരു അച്ചായന്‍, തിരുവല്ല ഭാഗത്ത്‌ കോശി, മലപ്പുറം ഭാഗത്ത്‌ ഏതെന്കിലും മുസ്ലിം....എല്ലാ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ നല്ല മെയ്‌വഴക്കമാണ്.  

ഇക്കൂട്ടര്‍ പിന്നെയും പിന്നെയും വോട്ടു ചെയ്യുന്ന പൊതുജനം എന്ന കഴുതയെ നോക്കി ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്നു കാശ് വാരുന്ന മുച്ചീട്ട് കളിക്കാരന്റെ വൈഭവത്തോടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു "വെയ് വെയ് രാജാ വെയ്...ഒന്ന് വച്ചാ രണ്ടു കിട്ടും...രണ്ടു വച്ചാ നാല് കിട്ടും...കണ്ടു നിക്കണ നിങ്ങള്‍ക്കെല്ലാം രണ്ടു ഉണ്ട കിട്ടും". ഇതെല്ലാം കണ്ടു ഗതി കേട്ട് പോയ കേരളത്തിലെ "ചിന്തിക്കുന്ന" പൊതു ജനം എത്തിപ്പെട്ടിരിക്കുന്നത് വലിയ ജനാധിപത്യ പ്രതിസന്ധിയിലാണ്. വോട്ട് ചെയ്യണോ വേണ്ടയോ ? ചെയ്യണമെങ്കില്‍ ആര്‍ക്ക് ചെയ്യും ? വോട്ട് ചെയ്യാതിരിക്കുന്നത് ശരിയാണോ ? കണ്‍ഫ്യൂഷന്‍റെ പാരമ്യമാണത്.

കേരളത്തില്‍ സാമാന്യബുദ്ധി കൈമോശം വന്നു പോവാത്ത എല്ലാവരും  ഒരു ബദല്‍ തേടി അലയുമ്പോഴാണ് അവരുടെ മുന്നില്‍ ഒരു ആം ആദ്മി പാര്‍ട്ടി ഉദയം ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ വളരെ അധികം കുറവുകള്‍ ഉണ്ടെങ്കിലും കുറെ നല്ല ആശയങ്ങളും സ്വപ്നങ്ങളും എല്ലാം അവരുടെ കയ്യില്‍ ഉണ്ട്. 
അവര്‍ ഒരു സീറ്റില്‍ പോലും ജയിക്കില്ലായിരിക്കും. പക്ഷെ, ഇത്രയും കാലം അരാഷ്ട്രീയ വാദികള്‍ ആയിരുന്ന കുറെ പേരെ രാഷ്ട്രീയബോധത്തിലേക്കും ജനാധിപത്യ വിശ്വാസത്തിലെക്കും കൊണ്ടുവരാന്‍  അവര്‍ക്ക് കഴിഞ്ഞു. അവര്‍ക്ക് വേണമെങ്കില്‍ ഒരു വോട്ട് കൊടുക്കാം. സമൂഹത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ വിളിച്ചു കൂവി നടക്കാതെ വീണ്ടും വീണ്ടും വലിയ നന്മകള്‍ ചെയ്യുന്ന പല ആളുകളും അവരുടെ സ്ഥാനാര്‍ഥികള്‍ ആണ്. 

ആം ആദ്മികള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ. ഇവിടത്തെ സാമ്പ്രദായിക  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടികൊണ്ടിരുന്ന വോട്ടില്‍ നിന്ന് വരുന്ന ഗണ്യമായ കുറവ് പോലും അവര്‍ക്കൊരു ഷോക്ക്‌ ട്രീറ്റ്മെന്റ് ആയിരിക്കും. തോറ്റാലും വോട്ടെണ്ണത്തിന്റെ സാങ്കേതികയില്‍ പിടിച്ചു തൂങ്ങിയാണല്ലോ അവര്‍ എന്നും ജനങ്ങളെ വിഡ്ഢിയാക്കിക്കൊണ്ടിരുന്നത്. 

ഞാന്‍ ഒരു അരാഷ്ട്രീയ വാദി അല്ല. വ്യക്തമായ രാഷ്ട്രീയ വിശ്വാസങ്ങള്‍ ഉണ്ടായിരുന്ന ആളാണ് താനും. പക്ഷെ, ഇവരെല്ലാവരും കൂടി നമ്മളെ, ......ക്ഷമിക്കണം, നിങ്ങളുടെ കാര്യം എനിക്കറിയില്ല; എന്നെ ആം ആദ്മിയാക്കും...കുറഞ്ഞ പക്ഷം "നോട്ട"ക്കാരന്‍ എങ്കിലും ആക്കും....

ഇന്നാട്ടിലെ  കൊന്നകള്‍ മുഴുവന്‍ മകര മാസത്തിലേ പൂക്കുന്നു....

കൊച്ചിയിലെ കൊതുകുകള്‍ പകല്‍ സമയങ്ങളില്‍ കടിക്കുന്നു.....
മൊത്തത്തില്‍ മാറ്റങ്ങളാണ്...ഇത്തവണ ഇവിടെയും എന്തെങ്കിലുമൊക്കെ നടക്കുമോ.....കാത്തിരുന്നു കാണാം...അല്ലെ ?

വാല്‍ക്കഷണം : ഇത്രയും കാലം ഭരിക്കുന്നവനെ വലിച്ചു താഴെ ഇട്ടിട്ടു പുറത്തു നില്‍ക്കുന്നവനെ അവരോധിക്കുക എന്നതായിരുന്നു പൌരന് ആകെ ചെയ്യാന്‍ പറ്റുമായിരുന്ന കാര്യം. എന്നാല്‍ ഇപ്പോള്‍, ആം ആദ്മി അടക്കം ഒറ്റ ഒരുത്തനും ശരിയല്ല എന്നാണു അഭിപ്രായമെങ്കില്‍ ഞാനാര്‍ക്കും വോട്ടു ചെയ്യുന്നില്ല എന്ന് പറയാന്‍ അവസരം കൈ വന്നിരിക്കുകയാണ്. അപ്പോള്‍ പിന്നെ വോട്ടു ചെയ്യാതെ ഇരിക്കേണ്ട, പകരം നിഷേധ വോട്ട് ("നോട്ട" - None Of The Above) ചെയ്യാനുള്ള ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍ പോരെ.  അങ്ങനെ, നിങ്ങളെ ഞങ്ങള്‍ക്ക് വേണ്ട എന്ന് വിളിച്ചു പറയാം. ജനാധിപത്യത്തോട് മുഖം തിരിക്കാതെ സാമൂഹ്യ ഉത്തരവാദിത്വബോധമുള്ള പൌരനാകാം.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment