ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Monday, 24 March 2014

വൈകി വന്ന നീതി...വിവേകവും....ജോസഫ്‌ സര്‍.....സലോമി ചേച്ചി മാപ്പ്....."Justice delayed is justice denied"
 
നീതിയുടെ വൈകല്‍ നീതിയുടെ നിഷേധമാണ്.


വിവേകത്തെ വികാരം കീഴടക്കിയപ്പോള്‍ ഉണ്ടായ അന്ധതയാണ് ചിലര്‍ ആ പ്രൊഫസറുടെ കൈ വെട്ടി മാറ്റിയതിനു കാരണമായത്‌. അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായ തികച്ചും അപക്വം ആയ എഴുത്ത് ആണ് അദ്ദേഹത്തെ ഈ ഗതികേടിലേക്ക് എത്തിച്ചത്. ദൌര്‍ഭാഗ്യകരമായ ആ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് നാല് വര്‍ഷമാകുന്നു. ആ കൃത്യം ചെയ്തവരെക്കാള്‍ ന്രിശംശ്യതയാണ് ഈ ജനാധിപത്യ പൊതു സമൂഹം ആ കുടുംബത്തോട് ചെയ്തത്. 

2010 ലാണ് മതസ്പര്‍ധ വര്‍ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിക്കപ്പെട്ടത്. എന്നാല്‍ താന്‍ അങ്ങനെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കേസ്സില്‍ നിന്ന് ഒ‍ഴിവാക്കണമെന്നും കാണിച്ച് അഡ്വ.രാംകുമാര്‍ മുഖേന നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തൊടുപു‍ഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന്  ഒരു തീരുമാനം ഉണ്ടായത് മൂന്നര വര്‍ഷം കഴിഞ്ഞാണ്. അത്രയും കാലം നീതി ദേവതയുടെ കണ്ണും വായും അടഞ്ഞു തന്നെ ഇരുന്നു. 

പ്രൊഫസറുടെ തുടര്‍ചികിത്സയുടെ ചെലവ്‌ സര്‍ക്കാര്‍ വഹിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വെറും പാഴ്‌വാക്കായിരുന്നു. തുടക്കത്തില്‍ ഇദ്ദേഹത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഇടതു വലത്‌ രാഷ്ട്രീയക്കാര്‍ ആരും തന്നെ അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിരുന്നില്ല. ചികിത്സയ്ക്കായി പത്തുലക്ഷം രൂപയിലധികം ചെലവഴിച്ചതിന്റെ രേഖകള്‍ സമര്‍പ്പിച്ചിട്ടും അധികൃതര്‍ കണ്ണടയ്ക്കുകയായിരുന്നെന്നു പ്രൊഫസറുടെ കുടുംബം തന്നെ മാസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുന്‍ ഇടത്‌ സര്‍ക്കാരാണ്‌ ചെലവുകള്‍ വഹിക്കുമെന്ന്‌ പറഞ്ഞത്‌. തുടര്‍ന്നു വന്ന യുഡിഎഫ്‌ സര്‍ക്കാരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. സര്‍വീസ്‌ കാലത്തെ നാലുലക്ഷം രൂപയ്ക്കായി റീഇംബേഴ്സ്മെന്റിനും അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ട്‌ ദുരവസ്ഥ ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഇതെല്ലാം പ്രൊഫസറുടെ തന്നെ വാക്കുകള്‍ അന്നത്തെ മാധ്യമങ്ങളില്‍ വന്നതാണ്. 

നാല് മാസം മുമ്പ് പ്രൊഫസറെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിച്ച മാനേജ്‌മെന്റ് നിലപാടു മാറ്റിയത് പ്രൊഫസേറയും കുടുംബത്തെയും തളര്‍ത്തി. തൊടുപുഴ സി.ജെ.എം. കോടതി ചോദ്യപേപ്പര്‍ വിവാദ കേസില്‍ പ്രൊഫസറെ കുറ്റവിമുക്തനാക്കിയിരുന്ന സാഹചര്യത്തില്‍ സര്‍വീസില്‍ തിരിച്ചു കയറാമെന്നായിരുന്നു പ്രൊഫസറുടെ പ്രതീക്ഷ. പക്ഷേ ആദ്യം അനുഭാവം പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് നിലപാട് കര്‍ശനമാക്കി. മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യും മുമ്പ് തിരിച്ചു കയറാമെന്ന പ്രതീക്ഷ ഇതോടെ അസ്തമിക്കുകയായിരുന്നു.

മക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിക്ക്‌ ശ്രമിക്കുകയാണെന്ന്‌ പ്രൊഫസര്‍ മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവര്‍ക്ക്‌ ജോലി ലഭിച്ചാല്‍ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ജോസഫും കുടുംബവും.  ഇതിനിടെ അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കോളേജ് മാനേജ്‌മെന്റ് തയ്യാറാകാത്തതില്‍ ഏറെ തകര്‍ന്നത് സലോമിയായിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിനടിമയായി അവര്‍ സെയിന്‍റ് ജോസെഫിന്റെ തിരുന്നാളായ മാര്‍ച്ച് 19 ന് ജീവത്യാഗം ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. വീട്ടിലെ പട്ടിണി മൂലം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പോകാന്‍ വരെ സലോമി തയ്യാറായിരുന്നുവെന്നാണ് അയല്‍ക്കാരും ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞത്. രണ്ടുരൂപായ്ക്ക് കിട്ടുന്ന റേഷന്‍ അരി വാങ്ങിയാണ് ആ കുടുംബം കുറെ നാളുകളായി കഴിഞ്ഞുപോന്നത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും കോളേജ് മാനേജ്‌മെന്റിനെതിരെ സമ്മര്‍ദ്ദമുയര്‍ന്നു.

ഇതോടെ എം.ജി. സര്‍വകലാശാല ഒന്നടങ്കം പ്രൊഫസര്‍ക്കൊപ്പം നിന്ന് മാര്‍ച്ച് 22ന് പ്രമേയം പാസാക്കി. മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നു. ജനപ്രിയ സൈറ്റുകളില്‍ വലിയ ചര്‍ച്ച ഉയര്‍ന്നു. രാഷ്ട്രീയ നേതൃത്വം രംഗത്ത് വന്നു. സഭയില്‍ തന്നെ ഒരു വിഭാഗം പ്രൊഫസര്‍ക്ക് വേണ്ടി കര്‍ശന നിലപാടെടുത്തു. ഇതിനൊടുവില്‍ മാനേജ്‌മെന്റ് പ്രൊഫസര്‍ ജോസഫിന്റെ വക്കീലുമായി സംസാരിക്കുകയും ചെയ്തു. ശനിയാഴ്ച വൈകി രാത്രി 10 മണിയോടെയാണ് കോളേജ് മാനേജര്‍ മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട് പ്രൊഫ. ടി.ജെ. ജോസഫിനെ വിളിച്ച് തീരുമാനം അറിയിച്ചത്. മാര്‍ച്ച് 24ന് രൂപതാധ്യക്ഷന്‍ മാര്‍ ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെ കാണാനും മാനേജര്‍ ഇദ്ദേഹത്തെ അറിയിക്കുകയായിരുന്നു. നടപടി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും റിട്ടയര്‍മെന്റിനു മുമ്പായി ജോലിയില്‍ പുനഃപ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായും കോതമംഗലം രൂപത അറിയിച്ചു. 28ന് ജോലിയില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ച് 31നാണ് ഇദ്ദേഹം വിരമിക്കുന്നത്.

വോട്ടു കുത്ത് പെരുന്നാളിന്റെ പേക്കൂത്തുകള്‍ നടക്കുന്നത് കൊണ്ട് ഈ സംഭവം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. സരിതയുടെ വെളിപ്പെടുത്തലുകള്‍ ഒപ്പിയെടുക്കാന്‍ പാഞ്ഞു പറിച്ചു നടക്കുന്നവര്‍ ഇവിടെ കാണിക്കുന്ന നിസ്സംഗതയെ റീത്ത് വച്ച് സ്തുതിക്കെണ്ടാതാണ്.

ഇവിടത്തെ ഭൂരിപക്ഷം രാഷ്ട്രീയകക്ഷികളും അവയുടെ ഉടമസ്തന്മാരും വക്താക്കളും ചാനല്‍ ചര്‍ച്ചാ തൊഴിലാളികളും ഒന്നും തന്നെ  ഇങ്ങനെയൊരു സംഭവം കണ്ടതായി നടിക്കുന്നു പോലുമില്ല.

മാനുഷിക പരിഗണനയുടെ പേരില്‍ ഇപ്പോള്‍ എടുത്തു എന്ന് പറയുന്ന ഈ തീരുമാനം ഒരു അശ്ലീലം കേള്‍ക്കുന്നത് പോലെയാണ് തോന്നുന്നത്. നീതി നടപ്പാക്കേണ്ടവരുടെ തിമിരം നിറഞ്ഞ കണ്ണൊന്നു തുറപ്പിക്കാന്‍ ഒരു പാവം ആത്മാവിനെക്കൂടി സിദ്ധി കൂടിക്കേണ്ടി വന്നു. എന്തായാലും ആ കുടുംബം മുഴുവനും കൂടി ഈ കടും കൈ ചെയ്യുന്നത് ഒഴിവാക്കി എന്നെങ്കിലും, വേണ്ട സമയത്ത് കണ്ണ് തുറക്കാതിരുന്ന ദൈവങ്ങള്‍ക്ക് മേനി പറയാം. ഇപ്പോള്‍ പുറത്തെടുത്ത മാനുഷിക പരിഗണന അഞ്ചു ദിവസം മുന്‍പ് പുറത്തെടുത്തിരുന്നെന്കില്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ആ സാധുജന്മം ഈ ഭൂമുഖത്തു ജീവിച്ചിരുന്നേനെ. ഇതിപ്പോള്‍ പരസഹായമില്ലാതെ ജീവിക്കാനാവാത്ത ആ മനുഷ്യനും അയാളുടെ കിടപ്പ് രോഗിയായ അമ്മയ്ക്കും ആരാണ് ഒരു കൈസഹായതിനുള്ളത്. സാംസ്കാരിക കേരളമേ ലജ്ജിക്കൂ....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക
2 comments:

  1. This decision is based on the understanding between Bishop house & Political parties... Anyway Oru jeevan bali koduthu neethi pidichu vangi...

    ReplyDelete