ഞാൻ വെറും പോഴൻ

Friday, 7 March 2014

ഈ കഴിഞ്ഞ ആഴ്ചയിലെ "നാല് പെണ്ണുങ്ങള്‍"......


മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരന്‍ തകഴി നാല് ചെറുകഥകളിലായി അവതരിപ്പിച്ച പെണ്ണുങ്ങളെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വെള്ളിത്തിരയില്‍ പുനരാവിഷ്കരിച്ചു 2007-ല്‍ പുറത്തിറങ്ങിയ സിനിമയുടെ പേരായിരുന്നു "നാല് പെണ്ണുങ്ങള്‍". പുരുഷനെ ചുറ്റി ഭ്രമണം ചെയ്യുന്ന സമൂഹത്തിലെ സ്ത്രീയുടെ ജീവിതവും  അവളുടെ പ്രതിരോധവും അടൂര്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിക്കുകയായിരുന്നു നാല് പെണ്ണുങ്ങളിലൂടെ. ഈ സിനിമയില്‍  നാല് സ്ത്രീകളെ കുറിച്ചുള്ള നാല് ചെറിയ ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വ്യത്യസ്തമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരാണെങ്കിലും അവര്‍ക്കെല്ലാം പൊതുവായി ഒന്നുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയില്‍ അസാധാരണമായ കരുത്ത് പ്രകടിപ്പിക്കുന്നവരാണ് അവരെല്ലാം.

എന്നാല്‍ ആഗോള വനിതാ ദിനം ആചരിക്കുന്ന ഈ ആഴ്ച കടന്നു പോകുമ്പോള്‍ നവ സാമൂഹിക മാധ്യമങ്ങളിലും ചുരുക്കം ചില അച്ചടി - ദൃശ്യ മാധ്യമങ്ങളിലും പരാമര്‍ശിക്കപ്പെട്ട നാല് പെണ്ണുങ്ങളെ ഒന്ന് നോക്കിക്കണ്ടാലോ. ഓരോരോ അച്ചായത്തരങ്ങളെ !!!! ഒന്നാം പെണ്ണ്   :   സരിത എസ് നായര്‍

മാസങ്ങള്‍ നീണ്ട തടവറ ജീവിതത്തിനു ശേഷം പുറത്ത്‌ വന്ന സോളാര്‍ വിവാദ നായിക, തന്നെ പല വിധത്തില്‍ ഉപദ്രവിച്ചവരുടെയും ഉപയോഗിച്ചവരുടെയും പട്ടിക ഇംഗ്ലിഷ് അക്ഷരമാലാ ക്രമത്തില്‍ പുറത്തു വിട്ടു തുടങ്ങിയിരിക്കുന്നു. ആയിഷ പോറ്റി, അബ്ദുള്ളക്കുട്ടി. അടുത്തത്‌ ആരാണ് ...?? കാത്തിരിക്കുക.... കാടടച്ചു ഒരു പൊതുവെടി കൂടി അവര്‍ വച്ചിട്ടുണ്ട്. കച്ചവടം (വ്യവസായം) ചെയ്യാന്‍ ഒരുങ്ങി ഇറങ്ങുന്ന വനിതകളെ സാമ്പത്തികമായും ശാരീരികമായും ഇവിടത്തെ രാഷ്ട്രീയക്കാര്‍ ദുരുപയോഗിക്കുന്നു. എല്ലാം കഴിഞ്ഞാലും പീഡനം തന്നെ ബാക്കി. ഞാന്‍ എല്ലാം വെളിപ്പെടുത്തിയാല്‍ അത് കേരളം താങ്ങില്ലെന്നും ആയമ്മ വെച്ച് താങ്ങി. സ്ഥലത്തെ പല പ്രധാന ദിവ്യന്മാരുടെയും തുടര്‍ രാത്രികള്‍ ഉറക്കമില്ലാത്തതാവാനാണ് സാധ്യത. 

രണ്ടാം പെണ്ണ്   :   ഗയില്‍ ട്രെഡ്വെല്‍ 

പതിറ്റാണ്ടുകള്‍ അമ്മയായി, ദൈവമായി കരുതി സേവിച്ച ഗുരുവില്‍ നിന്നും സംഘത്തില്‍ നിന്നും പീഡനങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ എല്ലാം ഉപേക്ഷിച്ചു നാട് വിട്ടു പോയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ചേച്ചി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ദേ, പുസ്തകത്തിലെ ആരോപണങ്ങള്‍ ഉറപ്പിച്ചു കൊണ്ട് ബ്രിട്ടാസിന് വിദേശത്ത് വച്ച് അഭിമുഖവും കൊടുത്തിരിക്കുന്നു. ഒന്ന് പറയണമല്ലോ, ബ്രിട്ടാസിന്റെ പതിവ് മാന്തിയെടുക്കല്‍ വൈഭവം മദാമ്മയുടെ അടുത്ത് അത്രയ്ക്ക് പോകുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. അഭിമുഖത്തിന്റെ പേരില്‍ ചാനല്‍ ലേഖകന്‍ ബ്രിട്ടാസും ചെയര്‍മാന്‍ മമ്മൂട്ടിയും കോടതി കയറേണ്ടി വരുമെന്നാണ് കേള്‍ക്കുന്നത്.

മൂന്നാം പെണ്ണ്  :   റീമാ കല്ലിങ്കല്‍

ഡല്‍ഹി ബലാത്സംഗത്തെ തുടര്‍ന്ന് 'പെണ്‍കുട്ടികള്‍ എന്തിനാണ് ആറുമണിക്ക് ശേഷം പുറത്തിറങ്ങുന്നതെന്ന്'  ഷീല ദീക്ഷിത് ചോദിച്ചതിനെ പരാമര്‍ശിച്ചു കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരോട് റീമ, പരിഹാസം നിറച്ചു ഒരു ഉപദേശം ഫേസ്‌ബുക്കിലൂടെ അങ്ങ് വെച്ച് കാച്ചി "  ഷീല ദീക്ഷിത് വരുന്നുണ്ട്; ജാഗ്രതൈ. ഇനി നിങ്ങള്‍ക്ക് ആറു മണിക്ക് മുന്‍പ് വീടണയേണ്ടി വരും' എന്ന്. വെള്ളാനകളുടെ നാട്ടിലെ പ്രശസ്തമായ "അപ്പത്തന്നെ പി ഡബ്ല്യു ഡി ഞമ്മളെ വിളിച്ച് ഒരവാര്‍ഡും തന്ന്‍" എന്ന ഡയലോഗിന്റെ ഒരു പാരഡിയും ആയമ്മക്ക് നേരെ എടുത്തു വീശി  റീമ ഫേസ്‌ബുക്കന്മാരുടെ കയ്യടി നേടി.
നാലാം പെണ്ണ് :  അമൃതാനന്ദമയി അമ്മ 
പഴയ ശിഷ്യ പണിത പണിയുടെ ആഘാതത്തില്‍ "മുഴുവന്‍ സമയവും ഫേസ്ബുക്ക് നോക്കി ഇരിക്കുന്നവര്‍ തൊട്ടടുത്തുള്ള ആളുടെ ഫേസ് കാണുന്നില്ലെന്നു" പറഞ്ഞു സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റ്‌ വഴി തനിക്കെതിരെയും മഠത്തിനെതിരെയും പറയുന്നവര്‍ക്കിട്ടു ഒരു ഒളിയമ്പങ്ങെയ്തു. മഠത്തിനെതിരേ ചില ശക്തികൾ പരത്തുന്ന ദുഷ്​പ്രചാരണങ്ങളി വികാരം കൊള്ളാതെ സംയമനവും സമാധാനവും പാലിക്കാ  ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു കൊണ്ട് അവര്‍ ഈ വിഷയത്തില്‍ പാലിച്ചിരുന്ന മൌനം വെടിയുകയും ചെയ്തുഅതേസമയം ഗെയില്‍ ട്രെഡ്‌വെല്ലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്‌ത ടിവി ചാനലിനെതിരെ വക്കീല്‍ നോട്ടീസ്‌ അയച്ചു. പല എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്യുന്ന അഭിമുഖം അവസാനിപ്പിച്ചില്ലെങ്കില്‍ കോടതി നടപടികളിലേക്ക്‌ നീങ്ങുമെന്നാണ്‌ നോട്ടീസ്‌. അമര്‍ചന്ദ്‌ മംഗള്‍ദാസ്‌ എന്ന രാജ്യത്തെ പ്രമുഖ അഭിഭാഷക സ്‌ഥാപനം വഴിയാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. 

ഇതൊക്കെ പറഞ്ഞാലും തന്റെ മൈക്ക് ഓഫ്‌ ചെയ്ത പോലീസുദ്യോഗസ്ഥന്റെ തൊപ്പി തെറിപ്പിക്കുമെന്നു ഉറഞ്ഞു തുള്ളി വിളിച്ചു കൂവി ഒരാഴ്ച്ചക്കകം അദ്ദേഹത്തിന്റെ കസേര തെറിപ്പിക്കുകയും ചെയ്ത ബിന്ദു ചേച്ചി തന്നെയാണ് കഴിഞ്ഞ മാസത്തെ പെണ്ണ്.

ഇവരെയെല്ലാം മറന്നേക്കുക....അമ്മയെ ഓര്‍ക്കുക , പെങ്ങളെ ഓര്‍ക്കുക , മകളെ ഓര്‍ക്കുക , സഖിയെ ഓര്‍ക്കുക, ഭാര്യയെ ഓര്‍ക്കുക..... 

വനിതാദിനത്തില്‍ മാത്രമല്ല , എന്നും , എപ്പോഴും ..

ഈ ലോകത്തുള്ള എല്ലാ മഹിളാമണികള്‍ക്കും ലോക വനിതാ ദിന ആശംസകള്‍.ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


No comments:

Post a Comment